ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിശുദ്ധപശു



രാജ്യതലസ്ഥാനത്തെരുവത്രെ!
ഹാ! കഷ്ടം ചീഞ്ഞുനാറുന്നു!
രാജസേവകര്‍, കൊട്ടാരപാലകര്‍
ഹാലിളകിപ്പാഞ്ഞുതിരയുന്നു...!

കൊട്ടാരക്കെട്ടിന്റെ മുക്കിലും മൂലേലും
അന്തപ്പുരത്തിന്റെ മഞ്ചലിലും,
സിംഹാസനത്തിലും ദര്‍ബാര്‍ഹാളിലും
രാജാധിരാജന്റെ ചേലയിലും,

കൊട്ടാരം പൂന്തോട്ട വാതില്‍ക്കലും പിന്നെ
മഹാമന്ത്രിതന്‍ ഗേഹത്തിലും,
സര്‍വ്വ സൈന്യാധിപക്കൂടാരത്തിലും
സര്‍വ്വസൈന്യ സന്നാഹത്തിലും,

കൊട്ടാരക്കെട്ടിന്റെ പൂര്‍വ്വദിക്കിലെ
മഹാരാജപാതയിലും,
പാതയ്ക്കിരുവശം കെട്ടിയുയര്‍ത്തിയ
മഹാപ്രഭുമന്തിരങ്ങളിലും,

രാജകൊട്ടാരക്കുളപ്പുരയിലും
കുളത്തിലെ പായല്‍ വെള്ളത്തിലും,
പാനജലത്തിലും പാന്ധാവിലും പിന്നെ
പട്ടണപ്രാന്തപ്രദേശത്തിലും,

എന്തോ ചീഞ്ഞുനാറുന്നൂ,
നാറ്റത്തിന്‍ ഹേതുവറിയുന്നീലാ!
എല്ലാരും മൂക്കു പൊത്തിനടക്കുന്നു,
വാതുറന്നൊന്നും പറയുന്നീലാ!

മഹാരാജന്റെ മച്ചൂനര്‍ തമ്പ്രാക്കള്‍
സിംഹാസനത്തില്‍ കണ്ണുള്ളവര്‍,
ചെങ്കോലും സ്വപ്നം കണ്ടുനടപ്പവര്‍
ചെഞ്ചേല ചുറ്റി നടക്കുന്നവര്‍,

നാട്ടുപ്രാന്തത്തില്‍ നിവസിപ്പവര്‍ അവര്‍
എന്തു നികൃഷ്ടവും ചെയ്യുന്നവര്‍,
രാജനെത്തട്ടി, കൊട്ടാരം നേടുവാന്‍
നാറ്റക്കഥയവര്‍ പാട്ടാക്കുന്നൂ.

നാറ്റം സര്‍വ്വത്ര നാറ്റം ഹാ.. ഹാ..
രാജപ്രജകള്‍ പരക്കം പാഞ്ഞു.
മൂക്കുകള്‍ മാസ്കിനാല്‍ മൂടിനടന്നൂ
ഓക്കാനത്താല്‍ നഗരം നിറഞ്ഞൂ..



പെട്ടന്നത്രേ.. നഗരമധ്യത്തിലാരോ
കൂകി വിളിച്ചൂ.. "പശുചത്തേ..”
കൊട്ടാരര്‍, നാഗരര്‍ എല്ലാരും ഓടീ
നഗരചതുരത്തില്‍ തിങ്ങിക്കൂടീ...

രാജ്യകൊടിക്കൂറ പാറിക്കളിച്ചൊരാ
നഗരചത്വരത്തിന്‍ നടുവില്‍
ചത്തു, ചീഞ്ഞു നാറിക്കിടക്കുന്നൂ
കൊട്ടാരം പശു, രാജപ്പശു..

രാജന്‍... രാജാധിരാജന്‍ കുലോത്തമന്‍
കോപം കൊണ്ടു വിയര്‍ത്തൊഴുകീ..
അങ്ങോട്ടുമിങ്ങോട്ടുമോടീയൊടുവില്‍
വാളെടുത്തു നാലു വീശു വീശീ..

ചിന്തനയോഗം വിളിച്ചുചേര്‍ത്തൂ രാജന്‍
മന്തിമാരെല്ലാരും വട്ടം കൂടി.
ആരാരുമൊന്നുമുരിയാടിയില്ലാ
രാജമുഖത്തവര്‍ കണ്ണുനട്ടൂ..

പൊട്ടിത്തെറിച്ചൂ രാജാധിരാജന്‍
ഞെട്ടിത്തെറിച്ചൂ മന്ത്രിവൃന്ദം.
നാറ്റമൊടുങ്ങാനെന്തേലും തൈലം
കണ്ടെത്തണം നേരം വെളുക്കും മുമ്പേ...”

രാജാജ്ഞ കേട്ടൂ തലയും കുമ്പിട്ടു
കൊട്ടാരം വിട്ടൂ മന്ത്രി പുംഗര്‍
രാജാജ്ഞയല്ലേ.... കേള്‍ക്കാതിരുന്നാല്‍
തലയുണ്ടാമോ കഴുത്തിനുമേല്‍..?

പിറ്റേന്നു, സര്‍വ്വ നാറ്റനിവാരിണി
തൈലം പൂശീ രാജ്യമാകേ...
നാറ്റത്തിന്‍ മീതേ, മറ്റൊരു നാറ്റം
പാവം ജനത്തിന്റെ കണ്ണുതള്ളി.

കൊട്ടാരം വൈദ്യര്‍ രാജവൈദ്യര്‍
രാജപ്പശുദേഹം വെട്ടിക്കീറി
കീറിമുറിച്ചൂ പരിശോധിച്ചൂ
നാറ്റകാരണവുമവര്‍ നിരൂപിച്ചൂ.

ആരും കേള്‍ക്കാതതീവരഹസ്യം
രാജകര്‍ണ്ണങ്ങള്‍ക്കതു കൈമാറി.
രാജാവു കാതുകള്‍ കൈചേര്‍ത്തടച്ചൂ
അന്തപ്പുരത്തില്‍ തപസ്സിരുന്നൂ!

അന്തപ്പുരവാതില്‍ കേട്ടറിഞ്ഞൂ വാര്‍ത്ത
കേട്ടവര്‍ കേട്ടവര്‍ കാതുമാറി.
അന്തപ്പുരവാര്‍ത്ത അങ്ങാടിപ്പാട്ടായി
രാജശത്രുക്കള്‍ കുരച്ചുതുള്ളീ..!




കൊട്ടാരം പശു വിശുദ്ധപശുവത്
വ്യാജപ്പശുവായിരുന്നുവത്രെ!
വ്യാജനെപ്പോറ്റിയ രാജാവിനെപ്പോലും
വ്യാജനെന്നു വിളിച്ചൂ ജനം.

പാവം രാജന്‍ നഷ്ടമുഖവുമായ്
തലയും കുമ്പിട്ടിരുന്നുപോയി.
രക്ഷിച്ചീടണം രാജമുഖം
ചിന്തനയോഗം പൊടിപൊടിച്ചു.

പശുവിന്റെ ജാതകം തപ്പിയെടുത്തൂ
ഗണിച്ചു പറഞ്ഞൂ കണിയാന്‍മാരും.
വ്യാജനെ വാങ്ങുവാനാലോചിച്ചത്
അമ്മാവന്‍ രാജന്റെ കാലത്തത്രെ!

പ്രതിപക്ഷമച്ചൂനര്‍ തള്ളിയ കണ്ണുമായ്
തെരുവിലിരുന്നുപോയ് ചിന്തയാലെ!
രാജന്‍ രാജാധിരാജന്‍ ത്രിവിക്രമന്‍
തുള്ളിച്ചിരിച്ചുപോയ് മോദത്തോടെ!

അഭിപ്രായങ്ങള്‍

  1. പല വിധ "കുത്തുകള്‍ "...
    ഇന്നിന്റെ ഭരണപുംഗവന്മാര്‍ക്കെതിരേ ..!
    ആക്ഷേപഹാസ്യത്തിന്റെ ശൈലി രുചിച്ചൂ ...
    എല്ലാം കൊണ്ടും തലസ്ഥാനം നാറുന്നുണ്ട് ..
    നമ്മുടേയും , രാജ്യത്തിന്റെയും ...............
    തൈലം പൂശുന്ന , കെട്ടി വയ്ക്കലുകള്‍ ജനത്തിന്
    വീണ്ടും സഹനം തന്നെ ...
    കാലികമായ പലതിലും വരികള്‍ വന്നു മുട്ടുന്നു സഖേ ...!

    മറുപടിഇല്ലാതാക്കൂ
  2. ....മണക്കുന്നല്ലോ കാറ്റേ,നീ വരുമ്പോൾ
    ദർബാറിലേത്തിയോ നീ..?
    കവിളിണ തഴുകിയോ നീ..?? !!

    വിമർശനത്തിന്റെ നേർവരികൾ. നന്നായി.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. ഹഹ
    കൊള്ളാം

    ചെമ്മനം ചാക്കോസാറിന്റെ കവിതകളിലാണിതുപോലെ ആക്ഷേപഹാസ്യം മുമ്പ് വായിച്ചിട്ടുള്ളത്

    മറുപടിഇല്ലാതാക്കൂ
  4. ആക്ഷേപഹാസ്യം!!!
    നന്നായിരിക്കുന്നു വ്യാജന്‍റെ ചരിത്രം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വ്യാജനെ വാങ്ങുവാനാലോചിച്ചത്
    അമ്മാവന്‍ രാജന്റെ കാലത്തത്രെ!

    നാറ്റമെല്ലാം നല്ലതാക്കിയ കണിയാര്‍ നാറ്റവുമവസാനിപ്പിച്ചു.
    എല്ലാം ഇപ്പോള്‍ അവസാനിപ്പിക്കുന്നത് ആരോപിക്കുന്നവന്റെ മേല്‍ കെട്ടിവെക്കുന്ന നല്ല സൂത്രമാണ്.
    രസമായി അവതരിപ്പിച്ച ആക്ഷേപഹാസ്യം ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  6. സര്‍വ്വത്ര നാറ്റം.......വ്യാജമയം
    വിമർശനത്തിന്റെ വരികൾ.

    മറുപടിഇല്ലാതാക്കൂ
  7. കാലോചിതം ഈ ആക്ഷേപ ഹാസ്യം
    ശ്രീജിത്ത്, അഭിനന്ദനങ്ങൾ ....

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് .ഈ ആക്ഷേപ ഹാസ്യം ..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ആക്ഷേപ ഹാസ്യത്തിലൂടെ
    അവതരിപ്പിക്കുവാൻ പോന്ന അസ്സലൊരു
    തുള്ളൽ കവിതയാണല്ലോ ഇത്തവണ അല്ലേ ഭായ്

    മറുപടിഇല്ലാതാക്കൂ
  10. സര്‍വ്വം നാറ്റം തന്നെ ,കഷ്ടം ഈ ലോകം

    മറുപടിഇല്ലാതാക്കൂ
  11. ഇത് കേമമായല്ലോ.അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  12. രാജ്യതലസ്ഥാനത്തെരുവത്രെ!
    ഹാ! കഷ്ടം ചീഞ്ഞുനാറുന്നു!


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. ഇതു കൊള്ളാം ശ്രീജിത്ത്. ആക്ഷേപഹാസ്യത്തിന്റെ ഉയർന്ന നിലവാരമുള്ള കവിത. അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...