പണ്ട്.. വളരെ പണ്ട്.. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ, റഷ്യ ഭരിച്ചിരുന്നത് സാർ നിക്കോളാസ് രണ്ടാമൻ എന്ന രാജാവായിരുന്നു. അലക്സാണ്ടർ മൂന്നാമന്റെ മകനായ നിക്കോളാസ് ശക്തനും ആഡംബരപ്രിയനുമായിരുന്നു. തന്റെ ഇരുപത്തിയാറാം വയസിൽ ഹെസ്സെയിലെ രാജകുമാരിയായിരുന്ന അതിസുന്ദരിയായ അലിക്സാണ്ട്ര ഫിയോദോർവിനയുമായുള്ള നിക്കോളാസിന്റെ വിവാഹത്തിന്റെ അതേ വർഷമാണ് അതായത് 1894 നവംബർ ഒന്നിനാണ് നിക്കോളാസ് റഷ്യയുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടത്. സിംഹാസനാരോഹണശേഷം നവംബർ 24ന് ആയിരുന്നു വിവാഹം. ധിക്കാരിയും, ചെറുപ്പത്തിന്റെ തിളപ്പിൽ യുദ്ധക്കൊതിയനുമായിരുന്ന നിക്കോളാസ് പട്ടിണിയിൽ പെട്ടുഴലുന്ന സ്വന്തം പ്രജകളുടെ രോദനം കണക്കിലെടുക്കാതെ അയൽ രാജ്യങ്ങളുമായി യുദ്ധത്തിലേർപ്പെട്ടു. തുടർച്ചയായ വിജയങ്ങളിൽ അമിതമായി ആഹ്ലാദിച്ച രാജാവ് 1905ൽ ജപ്പാനുമായുള്ള യുദ്ധത്തിൽ പരാജയം രുചിച്ചു. ഒരു ചെറുരാജ്യമായ ജപ്പാനോടുപോലും പരാജയപ്പെടാൻ പാകത്തിൽ റഷ്യ സൈനികമായും സാമ്പത്തികമായും തകർന്നിരുന്നു. നിക്കോളാസിന്റെ യുദ്ധക്കൊതിയിലും ദുർഭരണത്തിലും രോഷം പൂണ്ട ജനത വിപ്ലവം നയിച്ചെങ്കിലും അടി...