Sunday 6 October 2019 1:50 am IST മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന് 2012ല്‍ വയലാര്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ ആ വാര്‍ത്ത ഏറെ ചര്‍ച്ചയ്ക്ക് പാത്രമായിരുന്നു. അക്കിത്തത്തിന് ഇപ്പോഴാണോ അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു ചോദ്യം. 1977ല്‍ നല്‍കിത്തുടങ്ങിയ വയലാര്‍ അവാര്‍ഡ്, മറ്റ് പലര്‍ക്കും അതിനുമുമ്പ് നല്‍കിയിട്ടും മഹാകവി അക്കിത്തത്തെത്തേടി പുരസ്‌കാരം വരാന്‍ എന്തേയിത്ര വൈകിയെന്ന് പലരും സന്ദേഹിച്ചു. അവാര്‍ഡ് നിര്‍ണ്ണയത്തിലെ അപാകങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയവുമൊക്കെ അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. വയലാര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഞാന്‍ അദ്ദേഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ടെന്നും അതിനെ അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്നുവെന്നും മഹാകവി സരസമായി വിവാദങ്ങളോട് പ്രതികരിച്ചു. 2001ല്‍ എം.വി. ദേവന്റെ ദേവസ്പന്ദനം അവാര്‍ഡ് നേടിയപ്പോള്‍ ദേവന്‍ സാഹിത്യകാരനല്ലല്ലോ, ചിത്രകാരനല്ലേയെന്ന വിവാദവുമുണ്ടായിട്ടുണ്ട്. എഴുത്തുകാരനെ നോക്കിയിട്ടല്ല, കൃതിയെ നോക്കിയിട്ടാണ് അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു അന്ന് വിശദീകരണം നല്‍കപ്പെട്ടത്. ദേവസ്പന്ദനം മികച്ചൊരു സാഹിത്യഗ്രന്ഥമാണെന്നതില്‍ വായിച്ചവര്‍ക്കാര്‍ക്...