ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഖാണ്ഡവം

ശ്രീജിത്ത് മൂത്തേടത്ത്‌

ഖാണ്ഡവ വനത്തിനു മുകളില്‍ പാണ്ഡുപുത്രന്‍ സൃഷ്ടിച്ച ശരക്കുടയ്ക്കുകീഴെ അഗ്നിദേവന്‍ അട്ടഹസിച്ചു.
ഹേ.. ഇന്ദ്രാ! നീ എവിടെയാണ്! നിന്റെ മകനെക്കൊണ്ടുതന്നെ ഞാന്‍ നിന്നെ പ്രതിരോധിച്ചിരിക്കുന്നു. കാണൂ. ആനന്ദിക്കൂ. ഹ.. ഹ.. ഹ..
അഗ്നിയുടെ അട്ടഹാസം കേട്ട് കാട് നടുങ്ങി. ഖാണ്ഡവത്തിനുള്‍ത്താരകളിലെ മൃഗങ്ങളും, ഉരഗങ്ങളും, ചെറുജീവികളും ഞെട്ടി വിറച്ചു. ഇത്രനാളും യാതൊരു പോറലുമേല്‍ക്കാതെ സംരക്ഷിച്ചിരുന്ന അമ്മവനത്തിന് ആപത്തു വരാന്‍ പോവുകുന്നു! അമ്മയെ സംരക്ഷിക്കാന്‍ മഴയുടെ ദേവനുമാത്രമേ സാധിക്കൂ. മഴദേവനും തടഞ്ഞുനിര്‍ത്തപ്പെട്ടിരിക്കയാണ്. സംഹാരരുദ്രന്റെ പ്രച്ഛന്നവേഷമിട്ട് അഗ്നിയലറുന്നു. നിരാലംബരായ ജീവികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കേണു.
മൃത്യു മുന്നില്‍ നിന്നും നൃത്തമാടുമ്പോള്‍ നമുക്കൊന്നും ചെയ്യാനില്ല. ഇതായിരിക്കാം നമ്മുടെ വിധി. അതിനു കീഴടങ്ങുക തന്നെ. പക്ഷെ എന്റെ സങ്കടമതല്ല. ഇത്രയും നാള്‍ മറ്റെന്തപകടം വന്നു ഭവിച്ചാലും നമ്മെ പോറ്റാന്‍ ഈ കാടുണ്ടായിരുന്നു. ഇവിടുത്തെ തെളിനീരരുവിയുണ്ടായിരുന്നു. അതിന്റെ തീരത്തെ എണ്ണിയാലൊടുങ്ങാത്ത ഔഷധച്ചെടികളുണ്ടായിരുന്നു. പാറക്കെട്ടുകളില്‍ വീണോ, അറിയാതെ മരച്ചില്ലകളില്‍ നിന്നും നിപതിച്ചോ, അതുമല്ലെങ്കില്‍ ആരെങ്കിലും ഉപദ്രവിച്ചോ നമ്മുടെ ശരീരത്തില്‍ മുറിവേറ്റാലും ഈ തെളിനീരരുവിയുടെ ചാരത്തേക്ക് നമ്മള്‍ വന്നു കിടന്നാല്‍ മതിയായിരുന്നു. ജലം നമ്മെ തഴുകിയുറക്കുമായിരുന്നു. ഔഷധച്ചെടികള്‍ സ്വയം ഇലച്ചാറുകള്‍ മുറിവിലേക്കിറ്റിച്ചുതന്ന് എല്ലാ അസുഖങ്ങളും ഭേദമാക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ നമ്മിലാര്‍ക്കെങ്കിലും ജീവന്‍ വെടിയേണ്ടിവന്നാലും അടുത്ത തലമുറയ്ക്ക് നമ്മുടെ ദൗത്യമേറ്റെടുക്കാനാകുമായിരുന്നു. ഉണങ്ങിപ്പോകുന്ന ഒരു പുല്‍ക്കൊടിക്കു പകരം മറ്റൊരു പുല്‍നാമ്പ്. ഒരു മാമരത്തിനു പകരം മറ്റനേകം മരച്ചെടികള്‍. പക്ഷേ ഇപ്പോള്‍! അഗ്നി നമ്മുടെയമ്മവനത്തെ വിഴുങ്ങുമ്പോള്‍ മണ്ണാഴങ്ങളിലുള്ള വിത്തുകളടക്കം വെന്തുവെണ്ണീറാകും. അനേകം തലമുറയ്ക്കപ്പുറത്തുപോലും ജീവന്റെയൊരു കണികപോലുമിവിടെ കിളിര്‍ക്കില്ല.
മത്തഗജം ദുഃഖം കടിച്ചമര്‍ത്താനാകാതെ പൊട്ടിപ്പൊട്ടി കരഞ്ഞു. മറ്റു മൃഗങ്ങളും ഉരഗങ്ങളും പ്രാണികളും ചുറ്റുമിരുന്നാശ്വസിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തി. ആര്‍ക്കും സാധ്യമായിരുന്നില്ല. കാടുകുലുക്കി സകലരേയും വെല്ലുവിളിച്ച് ആരെയും കൂസാതെ അലറിവിളിച്ചുനടന്നിരുന്നവനാണ് മത്തഗജം. തന്റെ ശക്തിയില്‍ മതിമറന്നഹങ്കരിച്ചിരുന്നവന്‍. എത്രമേല്‍ ശക്തനായിരുന്നിട്ടും ഈയൊരാപത്തിനുമുന്നില്‍ മറ്റേതൊരു ചെറുകീടത്തെയുമെന്നപോലെ താനും നിസ്സഹായനാണെന്നും, ആളുന്ന തീയ്യില്‍ വെന്തുചാകുമെന്നുമുള്ള അവന്റെ തിരിച്ചറിവ് പരമമായ അറിവുമായിരുന്നു. മുമ്പ് മത്തഗജത്തിന്റെ ദ്രോഹങ്ങളേല്‍ക്കേണ്ടിവന്നിട്ടുള്ള ചെറുമൃഗങ്ങള്‍ക്കാര്‍ക്കും പക്ഷെ ഇപ്പോഴവന്റെ കരച്ചിലില്‍ സന്തോഷം തോന്നിയില്ല. എല്ലാവരും നേരിടാന്‍ പോകുന്നത് ഒരേ ദുരന്തമാണ്. ഒന്നിച്ചനുഭവിക്കണം. ഇവിടെ വലിയവനാര്! ചെറിയവനാര്! എല്ലാവരും സമന്മാര്‍. മൃത്യു മാത്രം സത്യം. മറ്റെല്ലാം മിഥ്യ!
ഞാനൊന്നു ശ്രമിച്ചുനോക്കട്ടെ?
ഒരു കുഞ്ഞു ശബ്ദമുയര്‍ന്നപ്പോള്‍ എവിടെനിന്നാണെന്നറിയാതെ, എല്ലാവരും പകച്ചു പരസ്പരം നോക്കി. ശബ്ദത്തിനുടമയെ കാണാനായില്ല.
ഇവിടെ. ദാ, ഞാനിവിടെയുണ്ട്. ഈ ശിംശപാമരത്തില്‍. നോക്കൂ.
ശിംശപാമരത്തിന്റെ താഴ്ന്ന ചില്ലയിലിരിക്കുകയാണ് തിത്തിരിപ്പക്ഷി.
സംശയിക്കേണ്ട. ഞാന്‍ നിങ്ങളുടെ തിത്തിരിപ്പക്ഷി തന്നെയാണ്. ഉപനിഷത്ത് പറഞ്ഞുകൊടുത്തൊരു പാരമ്പര്യമെങ്കിലും എന്റെ വംശത്തിനുണ്ടല്ലോ. സംസ്‌കാരത്തിന്റെ വിത്ത് സംരക്ഷിക്കേണ്ട ചുമതല എന്നിലര്‍പ്പിതമാണെന്നെന്റെ ആദിമ ജ്ഞാനം പറയുന്നു. എന്നെയതു ചെയ്യാനനുവദിക്കൂ.
അപകടത്തിന്റെ മഹാഗ്നിഗോളത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും ജീവജാതികളുടെ ചുണ്ടില്‍ പരിഹാസച്ചിരി വിരിഞ്ഞു.
ഇത്തിരിപ്പോന്ന നീയോ?
സഹജമായ സംശയം അവരില്‍ പുതിയൊരു തമാശ സൃഷ്ടിച്ചു.
എല്ലാവരും പരാജയപ്പെട്ടു നില്‍ക്കുകയല്ലേ? ആര്‍ക്കും അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ സാധ്യമല്ലല്ലോ? പിന്നെന്തിനാണീ തമാശ? പിന്നെന്തിനാണീ കളിയാക്കല്‍? ഈ പരിഹാസത്തില്‍ നിങ്ങളുടെ അഹങ്കാരമുണ്ട്. മറ്റെന്തിനേക്കാള്‍ അഹം ശ്രേഷ്ഠമെന്ന മിധ്യാ ധാരണ. വരാന്‍ പോകുന്ന അഗ്നിപ്രളയത്തില്‍ ചാമ്പലാകാന്‍ പോകുന്നത് ആ അഹങ്കാരം കൂടിയാണ്. പക്ഷെ എനിക്കിതുകണ്ട് വെറുതെയിരിക്കാന്‍ തോന്നുന്നില്ല. ഞാനും നിങ്ങളെപ്പോലെ നിമിഷങ്ങള്‍ക്കകം ഭസ്മമാകും. തീര്‍ച്ചയാണ്. ഒരു ശ്രമം നടത്തുന്നതിന് എന്നെയനുവദിക്കുന്നതിന് എന്താണ് തടസ്സം? ഈ അന്ത്യനിമിഷത്തിലെങ്കിലും അഹങ്കാരത്തില്‍ നിന്നും പുറത്തു വരൂ. അഹംബോധമുണര്‍ത്തൂ.
അവള്‍ പോയി വരട്ടെ.
ചിരപുരാതനവും, നാശമില്ലാത്തതുമായ കൃഷ്ണശിലാഖണ്ഡത്തിനു മുകളില്‍ ധ്യാനനിരതനായിരുന്ന ജീവജാതികളുടെ മഹാരാജകേസരിയുടെ ശബ്ദം എല്ലാവരെയും നിശബ്ദരാക്കി. ശിംശപാമരച്ചില്ലയില്‍ നിന്നും തിത്തിരിപ്പക്ഷി സന്തോഷത്തോടെ പറന്നുവന്ന് കൃഷ്ണശിലയിലിരുന്ന് സിംഹരാജന്റെ പാദത്തില്‍ നമസ്‌കരിച്ച് അനുഗ്രഹം നേടി ദൗത്യപൂര്‍ത്തിക്കായി പറന്നുയര്‍ന്നു.
അഗ്നിദേവന്‍ ദൗത്യനിര്‍വ്വഹണത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കൃഷ്ണാര്‍ജ്ജുനന്‍മാര്‍ ശരകൂടവുമായി ഇരുവശവും നില്‍പ്പുണ്ട്. ഭൂമിയിലെ രണ്ട് അജയ്യ ശക്തികള്‍. ആയുധബലവും, ബൗദ്ധികബലവും. ഇവരൊത്തുചേര്‍ന്നാല്‍ മറ്റൊന്നിനുമതിനെ ഭേദിക്കാനാകില്ല. തന്റെ ഭാഗ്യമാണിവരെ സംരക്ഷണത്തിനായി ലഭിച്ചിരിക്കുന്നത്. സഹായം ചോദിച്ചാല്‍ നിഷേധിക്കില്ലെന്ന ധര്‍മ്മബോധമാണിവരെ ബന്ധിച്ചിരിക്കുന്നത്. ഒരുപക്ഷെ മഹാവനത്തെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരുന്നുവെങ്കിലവരതിന് തയ്യാറാകുമായിരുന്നില്ല.
സഹായമഭ്യര്‍ത്ഥിക്കുന്നവനെ ഏതുവിധേനെയും സംരക്ഷിക്കുകയെന്ന ക്ഷത്രിയ ധര്‍മ്മം. എല്ലാമറിയാവുന്ന കൃഷ്ണന്‍ പക്ഷെ പുഞ്ചിരിക്കുന്നുണ്ട്. യോഗേശ്വരനാണ്. മനസ്സിലും മേനിയിലും കടലാഴത്തിന്റെ നീലിമപേറുന്നവന്‍. അവന്റെ പുഞ്ചിരിക്ക് നൂറല്ല, അന്തകോടിയര്‍ത്ഥതലങ്ങളുണ്ടാകും. വിദൂരതയിലേക്കുറ്റുനോക്കുകയാണ് വാസുദേവന്‍. കൃഷ്ണദൃഷ്ടിയൂന്നിയ മേഘപടലത്തില്‍നിന്നും പതിയെപ്പതിയെ ഒരു ചെറു ബിന്ദു പ്രത്യക്ഷമായി വന്നു. അത് പറന്നു പറന്നുവന്ന് അഗ്നിദേവനെ വണങ്ങി. ഒപ്പം യോഗേശ്വരനെയും ധനുര്‍ധരനെയും.
എന്നെയനുഗ്രഹിക്കണം.
അഗ്നിദേവന്‍ സര്‍വ്വവും മറന്ന് കാരുണ്യനിധിയായി മുന്നില്‍ ശിരസ്സുകുനിച്ചുനില്‍ക്കുന്ന ചെറുപറവയെ അനുഗ്രഹിച്ചു.
പറയൂ. എന്താണ് നിനക്ക് വേണ്ടത്? ഞാന്‍ ഈ വനം ചാമ്പലാക്കാന്‍ പോകുകയാണ്. അഗ്നിപ്രളയത്തില്‍ നിന്നും നിന്റെ പ്രാണനെ രക്ഷിക്കണമെന്നായിരിക്കുമല്ലേ? ആയിക്കോളൂ. നിന്നെ ഞാനതിനനുവദിക്കാം. പറന്നു പോയിക്കോളൂ. എന്റെ ചൂടേല്‍ക്കാത്തവിധമകലത്തില്‍ നീയെത്തിയതിനു ശേഷമേ ഞാന്‍ ജോലി തുടങ്ങുകയുള്ളൂ.
തിത്തിരിപ്പക്ഷി കൃഷ്ണന്റെ മുഖത്തേക്കു ചരിഞ്ഞുനോക്കി പുഞ്ചിരിച്ചു. കൃഷ്ണനയനങ്ങളില്‍ ആര്‍ദ്രത. ഒപ്പം കുസൃതിയും.
എനിക്ക് എന്റെ ജീവനല്ല രക്ഷിക്കാനുള്ളത്. ഈ മഹാവനത്തെയാണ്.
എന്ത്? ഇത്രയ്ക്കഹങ്കാരമോ?
അഹങ്കാരമല്ല. അഹം ബോധമാണ്. ഈ കാട് ഞങ്ങള്‍ക്കമ്മയാണ്. മണ്ണും, ജലവും നല്‍കി സംരക്ഷിക്കുന്നവള്‍. അവളെ നശിപ്പിക്കരുത്.
തിത്തിരിപ്പക്ഷിയുടെ വാക്കുകളിലെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അഗ്നിഹൃദയമൊന്ന് പകച്ചു. താന്‍ പരാജയപ്പെടുകയാണോ? ആരാണിത്? ഉപനിഷദ് ജ്ഞാനവാഹിയായ പറവയെ മനസ്സിലാക്കുന്നതില്‍ ഞാന്‍ അന്ധനായിപ്പോയെന്നോ? കഷ്ടം.
ആയിരിക്കാം. നിങ്ങളുടെയാശ്രയമായിരിക്കാം. പക്ഷെ അഹങ്കാരിയാണവള്‍. ഒന്നിനും കീഴടങ്ങില്ലന്ന അഹങ്കാരം. ആരുടെയും മുന്നില്‍ തലകുനിക്കില്ലെന്ന അഹങ്കാരം. ഞാനെത്രതവണ ശ്രമിച്ചുനോക്കിയെന്നോ ആയഹങ്കാരമൊന്ന് ശമിപ്പിക്കുവാന്‍? ഓരോ തവണ അവളുടെയേതെങ്കിലും ഭാഗം ദഹിപ്പിക്കുമ്പോളവള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇന്ദ്രനെവിളിച്ച് ജലധാരയാലെന്നെ പരാജയപ്പെടുത്തും. പിന്നെ ഞാന്‍ ചാമ്പലാക്കിയയിടത്തെ ചാരക്കൂമ്പാരത്തെ വളമാക്കി പുതിയ സസ്യങ്ങളെ കിളിര്‍പ്പിക്കും. നോക്കി നില്‍ക്കെ പഴയ രൂപം കൈവരിക്കും. രാക്ഷസതുല്യമായൊരഹങ്കാരമാണവള്‍ക്ക്. അതിനെ ദഹിപ്പിച്ചേ തീരൂ.
തിത്തിരി പുഞ്ചിരിച്ചു.
ഇല്ല. അമ്മയ്ക്കഹങ്കാരമില്ല. അമ്മയുടെ മക്കള്‍ക്കുണ്ടാകാം. അത് ശമിപ്പിച്ചോളൂ. അമ്മയ്ക്ക് മക്കളോടുള്ള ഉറവ വറ്റാത്ത സ്‌നേഹത്താലും കരുണയാലുമാണ് അങ്ങ് ഓരോ തവണയും ദഹിപ്പിക്കുമ്പോഴും തല്‍സ്ഥാനത്ത് പുതിയവ മുളപ്പിക്കുന്നത്. അമ്മയുടെത് അഹം ബോധമാണ്. അതിനെ ആര്‍ക്കും നശിപ്പിക്കാന്‍ സാധിക്കുകയുമില്ല.
അഗ്നിദേവന്റെ അകക്കണ്ണ് തുറന്നു. ഈ കുഞ്ഞു കിളി എത്ര പെട്ടെന്നാണ് തന്നെ കീഴടക്കുന്നതെന്നദ്ദേഹം അത്ഭുതപ്പെട്ടു. പുറംകണ്ണടച്ചു ദീര്‍ഘമായി വായു ഉള്ളിലേക്കെടുത്തു. തിത്തിരി ആ പ്രശോഭിത വദനത്തില്‍ നിന്നുമുതിരാന്‍ പോകുന്ന വാക്കുകള്‍ക്കായി കാത്തിരുന്നു.
നീ പറഞ്ഞത് ശരിയാണ്. കാടിന് അഹങ്കാരമില്ല. അഹംബോധം മാത്രമേയുള്ളൂ. അതിനെ ദഹിപ്പിക്കാന്‍ സാധ്യവുമല്ല. പക്ഷെ കാടിനെ സംരക്ഷിക്കുമെന്ന മഴയുടെ അഹങ്കാരമുണ്ട്. മഴയുടെ പിതാവായ ഇന്ദ്രന്റെ അഹങ്കാരമുണ്ട്. മഴയുടെയും, പുഴയുടെയും, കാടിന്റെയും, മണ്ണിന്റെയും സംരക്ഷണത്തില്‍ എല്ലാം മറന്ന് പരസ്പരം കൊന്നും തിന്നും കഴിയുന്ന ജീവജാതികള്‍ക്കും അഹങ്കാരമുണ്ട്. അവയെ ദഹിപ്പിച്ചേ തീരൂ. അതിനെനിക്ക് കാട് കത്തിക്കണം. അമ്മയുടെ അനുഗ്രഹം തേടി മാത്രമേ ഞാനതിനു തുടക്കം കുറിക്കുള്ളൂ.
യോഗേശ്വരകൃഷ്ണന്‍ തിത്തിരിയെ നോക്കി കുസൃതിയോടെ കണ്ണിറുക്കി. അഗ്നിക്കുപോലും സംസാരബന്ധനത്തില്‍ നിന്നും മോചനമല്ലല്ലോ. സ്വന്തം വാക്കുകള്‍ സൃഷ്ടിച്ച പ്രതിജ്ഞാവലയത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന അഗ്നിദേവനെ നോക്കി ധനുര്‍ധരാര്‍ജ്ജുനന്‍ പുഞ്ചിരിച്ചു. തിത്തിരിക്കിളി പറഞ്ഞു.
ശരി. അങ്ങയുടെ തീരുമാനമതെങ്കില്‍ അങ്ങിനെയാവട്ടെ. പക്ഷെ, എല്ലാ ജീവജാതികളുടെയും, മഴയുടെയും, പുഴയുടെയും, മണ്ണിന്റെയുമെല്ലാം അഹംബോധമുറങ്ങുന്ന പ്രാണന്‍ നിലനില്‍ക്കണം. അങ്ങയുടെ താണ്ഡവക്കനലിലതുരുകിപ്പോകരുത്. നശിപ്പിക്കാന്‍ സാധിക്കില്ലെങ്കിലും ഏറെക്കാലമതിനെയുറക്കിക്കിടത്താന്‍ കനല്‍ച്ചൂടിന് കഴിഞ്ഞേക്കാം. അതിനനുവദിക്കരുത്.
അഗ്നിദേവന്‍ വീണ്ടും ധ്യാനത്തിലമര്‍ന്നു. ഇളം കാറ്റ് വീശി. അന്തരീക്ഷത്തിന് ഒരു മധ്യസ്ഥ ചര്‍ച്ചയുടെയും പോംവഴിയുയിര്‍ക്കൊള്ളുന്നതിന്റെയും ഭാവം കൈവന്നു.
നിന്റെ ആഗ്രഹം പോലെ സംഭവിക്കട്ടെ. ദഹിപ്പിക്കുന്നതിനു മുമ്പ് കാടിന്റെയും, പുഴയുടെയും, മഴയുടെയും, മണ്ണിന്റെയും, അവയെയാശ്രയിച്ചുകഴിയുന്ന എണ്ണമറ്റ ജീവജാതികളുടെയും അഹംബോധമെന്ന പ്രാണനെ ഞാന്‍ നിനക്കു തരാം. അവയെ നിന്റെ ചിറകിനുള്ളിലേക്ക് ഒളിപ്പിച്ചു വെക്കുക. അഹങ്കാര ദഹനം കഴിഞ്ഞ്, എല്ലാം ശുദ്ധമായതിനുശേഷം വീണ്ടും നീയീ മണ്ണിലവയെ പുനര്‍ നിക്ഷേപിക്കുക. അഹങ്കാരം ദഹിച്ച്, അഹംബോധമുള്ളൊരു നല്ല നാളെ സാധ്യമാകട്ടെ.
അഗ്നിദേവന്റെ അനുഗ്രഹത്തെ തിത്തിരിപ്പക്ഷി ശിരസ്സിലേറ്റുവാങ്ങി. അകലെ വനനീലിമയില്‍ നിന്നും അഹംബോധകണങ്ങള്‍ പ്രകാശരേണുക്കളായി ഒഴുകിവരുന്നതും, ഒരു ചെറു തണുപ്പായവ തന്റെ ചിറകിലഭയം തേടുന്നതുമവളറിഞ്ഞു. അഹങ്കാരദഹനത്തിന്റെ മൂര്‍ത്തിയായ അഗ്നിയെയും, ബുദ്ധിവൈഭവത്തിന്റെ കാവലായ യോഗേശ്വരകൃഷ്ണനെയും, ശക്തിയുടെയാള്‍രൂപമായ ധനുര്‍ധരാര്‍ജ്ജുനനെയും വണങ്ങി അവള്‍ പറന്നുയര്‍ന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി