മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ് മുളങ്ങ് നിവാസികള്‍ പ്രകടനം നടത്തുന്നു തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍മരണപ്പോരാട്ടത്തിലാണ് . ഗുരുതരമായൊരു അത്യാഹിതത്തിനുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കേണ്ടിവരികയാണ് ഈ ജനത . ഉറക്കെ നിലവിളിക്കുകയല്ലാതെ മറ്റൊന്നിനുമാവില്ലെന്നതുപോലൊരു നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും . അനുഭവിക്കുന്ന ഘോരമായ രാസമാലിന്യാഘാതത്തെ ചെറുക്കാന്‍ മാര്ഗ്ഗമില്ലാത്ത അബലജനത എന്തുചെയ്യും ? ഈയൊരു നിസ്സഹയായാവസ്ഥയില്‍ നിന്നാണ് മുളങ്ങില്‍ ഗ്രാമജനത തങ്ങളുടെ ജീവന്‍ ഹനിക്കുന്ന രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്നത് . ഈ ലേഖനമെഴുതുന്ന ദിവസം നിരാഹാരസമരം 23 ദിവസമാണ് . ഈ ഗ്രാമത്തിലെ മുഴുവന്‍ ജനതയുടെയും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അതിമാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന അലൂമിനിയം ഫാക്ടറി , നിയമത്തെയും നീതിയെയും വെല്ലുവിളിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ പ്രവര്‍ത്തിക്കുന്നു . പേരിനൊരു പഞ്ചായത്തു ലൈസന്‍സുപോലും ഈ ഫാക്ടറിക്കില്ലെന്നതാണ് ആശ്ചര്യകരം . രാജ്യത്തെ നിയമസംവിധാ...