കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും . “ ഒറ്റപ്പത്തിയിലായിരമുടലുകള്‍ ചുറ്റുപിണഞ്ഞൊരു മണിനാഗം ചന്ദനലതകളിലധോമുഖ ശയനം ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...” മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...