ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

20 ജൂലൈ, 2017

ഇനിയും പുഴയൊഴുകണം

പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017

കേരളത്തിലെ പുഴകള്‍ പലതും ഒഴുകുന്നില്ല. അവ മണല്‍വാരികള്‍ തീര്‍ത്ത വാരിക്കുഴികളില്‍ അകപ്പെട്ടുകിടക്കുകയാണ്. പുഴകളുടെ ഈയൊരു അവസ്ഥാവിശേഷത്തിന് ഏറ്റവുമെളുപ്പത്തില്‍ പലര്‍ക്കും ഉദാഹരണമായെടുത്തുകാണിക്കാന്‍ സാധിക്കുക ഭാരതപ്പുഴയുടെ ആസന്നമരണാവസ്ഥയെയാണ്. അതുകൂടാതെ പല നദികളുടെയുമവസ്ഥ ഇതുതന്നെയാണെന്ന് നമ്മുടെ നദീതീരങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മനസ്സിലാകും. മലയാളികള്‍ സാഹിത്യവായനയിലൂടെ അറിഞ്ഞ മറ്റൊരു പ്രധാന പുഴയാണ് മയ്യഴിപ്പുഴ. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ വായിക്കാത്ത സാഹിത്യാഭിരുചിയുള്ള മലയാളികള്‍ ചുരുക്കമായിരിക്കും.
മയ്യഴിപ്പുഴയുടെ ഒഴുക്കാരംഭിക്കുന്നത് വാണിമേല്‍പ്പുഴയായിട്ടാണ്. വയനാടന്‍മലനിരകളുടെ താഴ്‌വാരത്തെ കുറ്റ്യാടി, വിലങ്ങാട് മലനിരകളാണ് ഇതിന്റെ പ്രഭവസ്ഥാനം. നരിപ്പറ്റ, വാണിമേല്‍, ഈയ്യങ്കോട്, ഇരിങ്ങണ്ണൂര്‍, തൃപ്പങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊഴുകി പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സാഗരപ്രവേശം ചെയ്യുന്ന പുഴയാണ് മയ്യഴിപ്പുഴ. അമ്പത്തിനാല് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ നദിയില്‍ ഉത്ഭവം മുതല്‍ പതനംവരെ വെള്ളാരംകല്ലുകളാണുള്ളത്. പാറക്കെട്ടുകളും വെള്ളാരംകല്ലുകളും നിറഞ്ഞ മനോഹരമായ ഇരുകരകളാണ് നദിയില്‍ വെള്ളംകുറയുന്ന വേനല്‍ക്കാലങ്ങളില്‍ കാണാന്‍ സാധിക്കാറുണ്ടായിരുന്നത്. ജലസമൃദ്ധമായിരുന്ന ഈ നദി വറ്റിവരളുമെന്ന് ചുരുങ്ങിയത് അഞ്ചുപത്തുവര്‍ഷംമുമ്പുവരെയെങ്കിലും അധികമാരും ചിന്തിച്ചിരിക്കാനിടയില്ല. പക്ഷെ നരിപ്പറ്റയിലൂടെയും വാണിമേലിലൂടെയും ഈയ്യങ്കോടിലൂടെയുമൊഴുകുന്ന പുഴയുടെ ഭാഗങ്ങളില്‍ നിറയെ ഇപ്പോള്‍ മണലെടുത്ത കുഴികളാണ്. ആ കുഴികളില്‍ ശ്വാസംമുട്ടിപ്പിടയുകയാണ് മയ്യഴിപ്പുഴ. വെള്ളാരങ്കല്ലുകളെ അരിപ്പകൊണ്ട് അരിച്ചുമാറ്റിയാണ് ഇവിടങ്ങളില്‍നിന്ന് മണലൂറ്റുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ പുഴകള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കയാണ്.
വേനല്‍ക്കാലമാകുമ്പോള്‍ വരള്‍ച്ചയുടെ ആഘാതങ്ങളെക്കുറിച്ചും, മഴക്കാലമാകുമ്പോള്‍ മഴക്കെടുതികളെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും ആശങ്കാകുലരാകുന്നവരാണ് കേരളീയര്‍. ഇത്രയധികം ഉപഭോഗസംസ്‌കാരം പിടിമുറുക്കിയ മറ്റൊരു ഭൂപ്രദേശം ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. എന്തിനെയും തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിമാത്രമായി ഉപയോഗിക്കാമെന്ന ആര്‍ത്തിപ്പണ്ടാരങ്ങളായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. അല്ലെങ്കില്‍, നമ്മളെ അങ്ങനെയാക്കിത്തീര്‍ത്തിരിക്കുന്നു.
മലഞ്ചെരിവുകളിലൂടെ കുത്തിയൊഴുന്ന പുഴകളെക്കാണുമ്പോള്‍ അവയെയുപയോഗിച്ച് എത്രത്തോളം ഡാമുകള്‍കെട്ടി വൈദ്യുതിയുണ്ടാക്കാമെന്നാണ് നമ്മുടെ ചിന്ത. ജലസമൃദ്ധമായ പുഴയൊഴുകുന്ന മലനിരകളില്‍ സ്വാഭാവികവനം നശിപ്പിച്ച് എത്രത്തോളം റബ്ബര്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നാണ് നമ്മുടെ ചിന്ത. ഉയരംകൂടിയ കുന്നുകളിലൊക്കെ കടുപ്പംകൂടിയ ചായയിലകളാല്‍ സമൃദ്ധമായിരിക്കണമെന്നതാണ് നമ്മുടെ ചിന്ത. പുഴയ്ക്ക് ഉറവയൊരുക്കുന്ന ആഴത്തില്‍ വേരിറങ്ങുന്ന ജൈവവൈവിദ്ധ്യമുള്ള വനങ്ങള്‍ നമുക്ക് വേണമെന്നില്ല. നമ്മുടെ ഭരണാധിപന്മാര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വനങ്ങള്‍ നശിപ്പിക്കപ്പെടണം എന്നാണ്.
പശ്ചിമഘട്ടത്തില്‍ നിന്നാണ് നമ്മുടെ നാല്‍പത്തിനാലു നദികളുമുത്ഭവിക്കുന്നത്. ഈ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, അതില്‍ ആകാവുന്നിടത്തോളം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ മുഖ്യ രാഷ്ട്രീയകകഷികള്‍ തയ്യാറാകാത്ത ഏകസംസ്ഥാനമാണ് കേരളം.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുകയും, പരിസ്ഥിതിലോലമായി കണക്കാക്കപ്പെട്ട സ്ഥലങ്ങളിലേയെങ്കിലും കാടുകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ നമ്മുടെ പുഴകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അവയൊഴുകുകയുള്ളൂ. നമ്മുടെ ദാഹമകറ്റുകയുള്ളൂ. നാല്‍പത്തിനാല് നദികളും സ്വാഭാവികമായൊഴുകിയാലേ, അവയെ ആശ്രയിക്കുന്ന നാല്‍പത്തിനാല് വലിയ നീര്‍ത്തടങ്ങളെയും, ആ നീര്‍ത്തടങ്ങളെയാശ്രയിച്ചു നിലനില്‍ക്കുന്ന ഭൂഗര്‍ഭജലനിരപ്പിനെയും, ആ ഭൂഗര്‍ഭജലനിരപ്പുകളെമാത്രം ആശ്രയിച്ചുള്ള നമ്മുടെയോരോരുത്തരെയും വീട്ടുതൊടികളിലെ കൊച്ചുകൊച്ചുകിണറുകളില്‍ വെള്ളമുണ്ടാവുകയുള്ളൂ. നമ്മളോട് നമ്മുടെ വീടുകളിലെ കിണറുകളില്‍ വെള്ളമുണ്ടാകാനുള്ള വഴിയായി നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപദേശിക്കുന്നത് മഴക്കുഴികള്‍ കുഴിക്കുവാനാണ്. പുഴകളെക്കൊന്ന് മഴക്കുഴികള്‍കൊണ്ട് ഭൂഗര്‍ഭജലനിരപ്പുയര്‍ത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നേടത്തോളം മന്ദബുദ്ധികളായിപ്പോയല്ലോ നമ്മുടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ എന്ന് അതിശയിച്ചുപോവുകയാണ്.
ഈയവസരത്തില്‍വേണം പുഴയെയും പുഴയൊഴുക്കിനെയും ആരാധിച്ചിരുന്ന നമ്മുടെ യഥാര്‍ത്ഥ പൈതൃകത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കാന്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരാഖണ്ഡിലെ കോടതി ഗംഗാനദിയും, ഗംഗയുടെ പോഷകനദിയായ യമുനാ നദിയും ജീവിക്കുന്ന മനുഷ്യരുടെതായ എല്ലാ പരിഗണനകളും അര്‍ഹിക്കുന്നുവെന്ന് ഉത്തരവിട്ടത് ഇത്തരത്തിലുള്ള സംരക്ഷണശ്രമങ്ങള്‍ക്ക് ഉദാഹരണമായി കണക്കാക്കാം. ഭാരതീയര്‍ ഗംഗാനദിയെ ഗംഗാമാതാവായും യമുനാനദിയെ യമുനാ മാതാവായും കണക്കാക്കുന്നവരാണ്. ജഡ്ജിമാരായ രാജീവ് ശര്‍മ്മ, അലോക് സിംഗ് എന്നിവര്‍ ഈ ഉത്തരവിന് ആധാരമായെടുത്തിരിക്കുന്നത് ന്യൂസിലാന്റിലെ വാന്‍ഗന്വയി നദിയെ അവിടുത്തെ സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ നല്‍കി സംരക്ഷിച്ച നടപടിയെയാണ്. ന്യൂസിലാന്റിലെ മറോയി ട്രൈബല്‍ ജനത അവരുടെ പൂര്‍വ്വികരായി കണക്കാക്കുന്നത് വാന്‍ഗന്വയി നദിയെയാണ്. ഈ പൂര്‍വ്വികാരാധനയെയും ആചാരവിശ്വാസങ്ങളെയും പരിഗണിച്ചാണ് വാന്‍ഗന്വയി നദി ആദ്യത്തെ പൗരാവകാശമുള്ള നദിയായി മാറിയത്. ആചാരവിശ്വാസങ്ങള്‍ പുഴകളോട് എത്രമാത്രം ജനമനസ്സുകളില്‍ സംരക്ഷണ മനോഭാവമുണ്ടാക്കുന്നുവെന്നതിന് ഉദാഹരണങ്ങളായാണ് ഇതിവിടെ സൂചിപ്പിച്ചത്.
കേരളത്തിലെ നിളാനദിക്കും പമ്പാനദിക്കും കുന്തിപ്പുഴയ്ക്കുമൊക്കെ ഇത്തരത്തിലുള്ള വിശ്വാസപരവും ആചാരബദ്ധിതവുമായ വൈകാരികബന്ധം പുഴയോരവാസികളില്‍ ഉണ്ടെങ്കിലും, പുഴകളുടെ ഉത്ഭവസ്ഥാനങ്ങളായ കിഴക്കന്‍ മലകളിലെ കുടിയേറ്റവും വനനശീകരണവും കൈയ്യേറ്റവും കുന്നിടിക്കലും ഒറ്റവിളകൃഷികളുമൊക്കെ പുഴകളെ അവയുടെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലുന്ന സ്ഥിതിയുണ്ടാക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ കേരളത്തിലെ നാല്‍പത്തിനാലു നദികളും സംരക്ഷിക്കപ്പെടേണ്ടവയാണ് എന്നു ചിന്തിക്കാന്‍ ശേഷിയും വിവേകവുമുള്ള സര്‍ക്കാര്‍ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഇതു സാധ്യമല്ലെങ്കില്‍ കേരളത്തിലെ സാമാന്യജനമനസ്സുകളിലെങ്കിലും ഈ പുഴകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്തിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ട ബഹുജനശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വളര്‍ന്നുവരുന്ന തലമുറയിലെങ്കിലും ഇത്തരമൊരു ബോധം സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു.
പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയിടയില്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത് ആശാവഹമായ കാര്യമാണ്. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പിറവിയെടുത്ത് പ്രവര്‍ത്തിച്ചുവരുന്ന നിളാവിചാരവേദിപോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ജൂണ്‍മാസത്തില്‍ നിളാനദിക്കരയില്‍ നടക്കാന്‍ പോകുന്ന നദീമഹോത്സവം ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ വഴിയും പുഴകളുടെ സംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പതിനാലു ജില്ലകളിലും രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച റിവര്‍ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.
ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നദിക്കരകളില്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതും പ്രതീക്ഷ നല്‍കുന്നു. ചെറിയ ശ്രമങ്ങളിലൂടെയായാലും വന്‍തോതിലുള്ള പൊതുജനബോധവത്കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പുഴകളുടെ സംരക്ഷണത്തിനായുണ്ടായാല്‍ മാത്രമേ കേരളത്തെ ജലക്ഷാമത്തില്‍നിന്നും കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.ജന്മഭൂമി: http://www.janmabhumidaily.com/news624819#ixzz4nJH2z6zS

09 മാർച്ച്, 2017

ദളിതരെ പിഴുതുമാറ്റുന്നവര്‍            ഒരു സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്തുന്നതിനുള്ള എളുപ്പവഴി അവിടെ വിഭാഗീയത വളര്‍ത്തുകയെന്നതാണെന്നും, വിഭാഗീയത വളര്‍ത്തുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം ഒരുവിഭാഗം ആളുകള്‍ അനര്‍ഹമായ നേട്ടമുണ്ടാക്കുന്നുവെന്ന് മറുപക്ഷത്തെ വിശ്വസിപ്പിക്കുകയോ, അല്ലെങ്കില്‍ ഒരുവിഭാഗം മറ്റേ വിഭാഗത്തിനര്‍ഹമായ സ്ഥാനമാനങ്ങള്‍ അനര്‍ഹമായി നേടുന്നുവെന്നോ, അവഗണിക്കപ്പെടുന്നുവെന്നോ, മറുവിഭാഗത്താല്‍ ചതിക്കപ്പെടുന്നുവെന്നോ, നശിപ്പിക്കപ്പെടുന്നുവെന്നോ, അല്ലെങ്കില്‍ ഇവയെല്ലാറ്റിനും മറുവിഭാഗത്തിനാല്‍ വിധേയരാക്കപ്പെടുന്നുവെന്നോ വിശ്വസിപ്പിക്കുന്നതാണെന്നും പറഞ്ഞത് കേണല്‍ മെക്കാളെയാണ്. ഒരു കള്ളം നൂറുവട്ടം ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് സത്യമായിത്തീരുന്നുവെന്ന ഗീബല്‍സിയന്‍ തന്ത്രം പോലെ, ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മുതലാളിത്ത അധിനിവേശശക്തികളും മതശക്തികളും ഒരേരീതിയില്‍ ഉപയോഗിച്ചുവരുന്ന തന്ത്രമാണിത്.
ഈയിടെയൊരു വാരികയില്‍ സ്വാമി സന്ദീപാനന്ദഗിരിയുമായുള്ള അഭിമുഖത്തില്‍ കെ. കണ്ണന്‍ ഇത്തരത്തിലുള്ള ഒരു തന്ത്രം ആവര്‍ത്തിച്ചു പ്രയോഗിക്കുന്നതായി കണ്ടു. മഹാത്മാ ഗാന്ധിയുടെയും, അംബേദ്കറുടെയും ആശയങ്ങള്‍ പരസ്പരവിരുദ്ധമായിരുന്നുവെന്നും, ഗാന്ധിജി സവര്‍ണ്ണഹിന്ദു പക്ഷത്തും, അംബേദ്കര്‍ ദളിതുപക്ഷത്തുമായിരുന്നു നിലയുറപ്പിച്ചത് എന്നും, അതുകൊണ്ട് അംബേദ്കറുടെ രീതിയായിരുന്നു ഗാന്ധിജിയുടെതിനെക്കാള്‍ ശരി എന്നുമുള്ള കെ. കണ്ണന്റെ വാദത്തിന്, സ്വാമി സന്ദീപാനന്ദഗിരി, അങ്ങനെ പറയാനാകില്ലെന്നും, ഗാന്ധിജിയും അംബേദ്കറും ഒരുപോലെ ശരിയാണെന്നും മറുപടി നല്‍കുന്നു.
തുടര്‍ന്ന് ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ദളിതന്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നും, ഹിംസിക്കപ്പെടുന്നുവെന്നും, ദളിതനായതിനാല്‍മാത്രം പീഡിപ്പിക്കപ്പെടുന്നുവെന്നുമൊക്കെ കണ്ണന്‍ ആവര്‍ത്തിച്ചു പറയുമ്പോള്‍, മനുഷ്യരാകെ പീഡനമനുഭവിക്കപ്പെടുന്നുവെന്നതാണ് ശരിയെന്നും, ദളിതര്‍ എന്നല്ലാതെ മനുഷ്യര്‍ എന്ന് നമുക്ക് പറയാമെന്നും, പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ജാതിയും മതവും നോക്കി പീഡിതനെ വിവേചിക്കുന്നത് ശരിയല്ലെന്നും, അങ്ങനെ ഏതെങ്കിലുമൊരു പക്ഷത്തുനില്‍ക്കാന്‍ കഴിയില്ലെന്നും, ദളിതന്റെ വേദനയും മറ്റവന്റെ വേദനയും ഒക്കെ വേദനതന്നെയാണെന്നും, ദളിതന്റെ പീഡനം മാത്രമല്ല, മനുഷ്യന്റെ പീഡനം മാത്രമല്ല, ഒരു പീഡയും ഒരു ഉറുമ്പിനുപോലും വരുത്തരുത് എന്നതാണ് ശരി എന്ന സ്വാമിയുടെ ആവര്‍ത്തിച്ചുള്ള മറുപടിയില്‍ തൃപ്തനാകാതെ, മനുഷ്യന്‍ എന്ന സാമാന്യവത്കരണത്തില്‍ പ്രശ്‌നമുണ്ടെന്നും, ദളിതത്വത്തെ മറച്ചുപിടിക്കാനാണ് ഈ സാമാന്യവത്കരണം ഉപയോഗിക്കുന്നത് എന്നും കെ. കണ്ണന്‍ ആരോപിച്ചുകൊണ്ടേയിരിക്കുന്നു.
മനുഷ്യനില്‍നിന്നും ദളിതനെ പിഴുതുമാറ്റി, വിവേചിച്ചുനിര്‍ത്തി അപമാനിക്കുന്ന, ഈയൊരു മാനസികരോഗം കെ. കണ്ണനുമാത്രമായുള്ളതല്ലെങ്കിലും, സമീപകാലത്ത് ഏറെ ശക്തമായൊരു ഗൂഢാലോചനയുടെ വക്താവെന്ന നിലയിലുള്ളതാണ് ഈ പരാമര്‍ശങ്ങള്‍. നേരത്തെ പറഞ്ഞ, സമൂഹത്തില്‍ അന്തഃഛിദ്രം വളര്‍ത്താനാഗ്രഹിക്കുന്നവരുടെ വിഭാഗീയത എന്ന വൃത്തികെട്ടതും, നാണംകെട്ടതുമായ സൃഗാലതന്ത്രമാണിതിനുപിന്നില്‍. സാമൂഹ്യപരമായ കാരണങ്ങളാലും, ധനപരമായതും, അധിവസിക്കുന്ന ഭൂപ്രദേശങ്ങളുടെ പ്രത്യേകതകളുടെതുമായ കാരണങ്ങളാലും, സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും, ഒറ്റപ്പെട്ടുപോവുകയോ, പാര്‍ശ്വവത്കരിക്കപ്പെട്ടുപോവുകയോ ചെയ്ത ഒരു ജനതയെ, സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുപകരം, ദളിതരെന്നു വേര്‍തിരിച്ചുവിളിച്ച്, മനുഷ്യനെന്ന സാമാന്യപദത്തില്‍പ്പോലുമുള്‍പ്പെടുത്താതെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നറിയുമ്പോഴേ അതിന്റെ ഭീകരാവസ്ഥ ബോധ്യമാകൂ.
വനവാസി കല്യാണാശ്രമം പോലുള്ള സംഘടനകള്‍ ഭാരതത്തിലങ്ങോളമിങ്ങോളം, ഈ മാറ്റിനിര്‍ത്തപ്പെടുകയോ, ഒറ്റപ്പെട്ടുപോവുകയോ ചെയ്ത ജനതയെ മുഖ്യധാരയിലെത്തിക്കാന്‍ അവര്‍ക്കായി ആയിരക്കണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിയും, മുഖ്യധാരാസംരംഭങ്ങളുടെ ഭാഗമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ അക്ഷീണമേറ്റെടുത്തുനടത്തുമ്പോഴാണ്, ഇടതുപക്ഷമേലങ്കിയണിഞ്ഞ മതഛിദ്രശക്തികളുടെ ഇത്തരം വിവേചനശ്രമങ്ങള്‍ ഈയടുത്തകാലത്ത് ഇത്രയും രൂക്ഷമായിട്ടുള്ളത്. രോഹിത് വെമുല ആത്മഹത്യചെയ്യുന്നതിനോടടുത്തദിവസങ്ങള്‍വരെ അദ്ദേഹത്തിന്റെ സ്വന്തം ഫേസ്ബുക്ക് വാളില്‍ എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ നടത്തുന്ന അക്രമങ്ങളെക്കുറിച്ചിട്ട പോസ്റ്റുകളെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാതെ, വെമുലയുടെ മരണത്തെ ദളിത് മരണമാക്കി ആഘോഷിച്ചവര്‍ ഇവിടെ, കേരളത്തിന്റെ തലസ്ഥാനത്ത്, ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ച പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റിനെയും ന്യായീകരിക്കുവാനും, സംരക്ഷിക്കുവാനുമായിരുന്നു ശ്രമിച്ചത്. കോളജ് പ്രിന്‍സിപ്പലുടെ കസേര കത്തിച്ചും, വിരമിക്കുന്ന പ്രിന്‍സിപ്പലിന് ചിതയൊരുക്കിയും ഇന്‍സ്റ്റലേഷന്‍ ബിനാലെകള്‍ ഏറ്റെടുത്തുനടത്തുന്നവര്‍തന്നെയാണ് ദളിതരെ സമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തി, അന്തഃഛിദ്രം വളര്‍ത്തുന്നത്.
പാലക്കാട് ഒരു കുടുംബത്തെ ചുട്ടുകൊന്നപ്പോഴും, കേരളത്തിലങ്ങോളമിങ്ങോളം രാഷ്ട്രീയത്തിന്റെ പേരില്‍ കൊലപാതക പരമ്പരകള്‍ നടത്തുമ്പോഴും, പെരുമ്പാവൂരില്‍ ജിഷയെന്ന പെണ്‍കുട്ടിയെ ക്രൂരമായി കൊലചെയ്തപ്പോഴുമൊന്നും ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന മട്ടില്‍ മാറിനില്‍ക്കുകയും, നിസ്സംഗതപുലര്‍ത്തുകയും ചെയ്യുന്നവരാണ് ദളിതരുടെ സംരക്ഷകരാണ് ഞങ്ങള്‍ എന്ന വ്യാജക്കുപ്പായമണിഞ്ഞ് ദളിതരെ മനുഷ്യസാമാന്യതയില്‍നിന്നും മാറ്റിനിര്‍ത്തുന്നത്. ദളിതനായതിന്റെ പേരില്‍മാത്രം പീഡിപ്പിക്കപ്പെടുന്നുവെന്നു വാദിക്കുന്ന കെ. കണ്ണനെപ്പോലുള്ളവര്‍, ദളിതനായതുകൊണ്ടാണോ കഴിഞ്ഞദിവസം തൃശൂരില്‍ പട്ടികജാതിക്കാരനായ വിദ്യാര്‍ത്ഥി നിര്‍മ്മലിനെ കൊലചെയ്തത്, പെരുമ്പാവൂരില്‍ ജിഷ ക്രൂരമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്, പാലക്കാട് വിക്‌ടോറിയ കോളജിലെ പ്രിന്‍സിപ്പലിന് ചിതയൊരുക്കിയത്, മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പലിന്റെ കസേരയ്ക്ക് തീക്കൊളുത്തിയതെന്നതിനും, പാലക്കാട്ട് ഒരു കുടുംബത്തെയൊന്നാകെ തീക്കൊളുത്തി ചുട്ടുകൊന്നതിനും, കോളജ് ഹോസ്റ്റലുകളില്‍ പുലയക്കുടില്‍ എന്നെഴുതിയൊട്ടിച്ച് ദളിത് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ട്.
എതിര്‍ രാഷ്ട്രീയ പക്ഷത്തുനില്‍ക്കുന്നവരെന്ന കാരണത്താല്‍ മാത്രം ദിനംപ്രതിയെന്നോണം കേരളത്തില്‍ മനുഷ്യര്‍ അരിവാള്‍ക്കൊലകള്‍ക്കിരയാവുന്നത് കാണാന്‍ സമൂഹത്തില്‍ വിഘടനവാദമുയര്‍ത്തുന്ന, ഒപ്പം സ്വയം മുഖ്യധാരാബുദ്ധിജീവിമേല്‍ക്കുപ്പായമിടുന്നവര്‍ കണ്ണുതുറക്കുന്നില്ല. കാരണം, അവരുടെ ഉദ്ദേശ്യം മനുഷ്യസാമാന്യതയില്‍നിന്നും ദളിതരെന്നുവിളിച്ച് ഒരുവിഭാഗം ജനതയെ മാറ്റിനിര്‍ത്തുകയും, പീഡിതരായി നിലനിര്‍ത്തുകയുമാണ് എന്നതാണ്.
വിഭാഗീയത സൃഷ്ടിച്ച് മുതലെടുക്കുകയെന്ന പഴയ കൊളോണിയല്‍ ശക്തികള്‍ അനുവര്‍ത്തിച്ചുവന്ന തന്ത്രത്തിന്റെ ആവര്‍ത്തനമാണ് ഇവര്‍ നടത്തുന്ന ദളിത് അന്യവത്കരണമെന്നതും, ദളിതരെ മാറ്റിനിര്‍ത്തി സമൂഹത്തെ അസ്ഥിരപ്പെടുത്തി, രാജ്യത്ത് അസ്വസ്ഥതകളും അസഹിഷ്ണുതയും വളര്‍ത്തുക എന്ന ദേശദ്രോഹപരമായ കുറ്റകൃത്യമാണിവര്‍ ചെയ്യുന്നതെന്നും മനസ്സിലാക്കി, വിഭാഗീയശക്തികള്‍ നടത്തുന്ന ഈ കുത്സിതശ്രമങ്ങളെ കേരളീയസമൂഹം പ്രതിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news569749#ixzz4aqIaZWIS