അസ്വസ്ഥമായൊരിരുള്‍ മൂടിയ മധ്യാഹ്നത്തിലായിരുന്നു സുമിത്ര ജില്ലാ ആശുപത്രിയുടെ പഴകി ദ്രവിച്ചുപൊട്ടിപ്പൊളിഞ്ഞുതുടങ്ങിയ കല്‍പ്പടവുകള്‍ കയറിയെത്തിയത് . ആശുപത്രിയുടെ മുറ്റത്ത് പടര്‍ന്ന് പന്തലിച്ച തേന്‍മാവിന്‍ചില്ലയില്‍ തിന്നുകൊണ്ടിരുന്ന മാമ്പഴമുപേക്ഷിച്ച് തന്നെ നോക്കി പരിഹാസച്ചിരിചിരിക്കുന്ന അണ്ണാറക്കണ്ണനെ സുമിത്ര ഗൗനിച്ചില്ല . അവള്‍ നേരെ ആശുപത്രി സൂപ്രണ്ടിന്റെ മുറിയന്വേഷിച്ചു ചെന്നു . മുറിയില്‍ അഞ്ചാറുപേര്‍ നില്‍പ്പുണ്ടായിരുന്നു . മുറിക്കുപുറത്തും കുറേപ്പേര്‍ . പലരും പല ആവശ്യങ്ങള്‍ക്കായി വന്നവര്‍ . “ ദയവായി ഇരിക്കുക” എന്ന വെളുത്ത സ്റ്റിക്കറിലെ ചുവന്ന അക്ഷരങ്ങള്‍ക്കുതാഴെ ചുവരോട്ചേര്‍ത്തിട്ടിരുന്ന ചുവന്നയിരിപ്പിടങ്ങളിലൊന്നില്‍ സുമിത്ര ഇരിപ്പുറപ്പിച്ചു . തലയിലൂടെയിട്ട സാരിത്തലപ്പിനിടയിലൂടെ ഒളിക്കണ്ണിട്ട് ചുറ്റും നോക്കി . പരിഹാസത്തിന്റെ കണ്ണുകള്‍...