കരിയോയില്‍ പുരണ്ടു കറുത്ത കഴുക്കോലുകളില്‍ പറ്റിപ്പിടിച്ചിരുന്ന മാറാലകള്‍ തീര്‍ത്ത ചിത്രങ്ങള്‍ നോക്കി കോലായിലെ ചാരുതുണിക്കസേരയില്‍ രാമറച്ഛന്‍ മലര്‍ന്നു കിടന്നു . മക്കളും മരുമക്കളും രാവിലെ പടിയിറങ്ങയ ശേഷം ആ വീട് ഉറങ്ങിക്കഴിഞ്ഞിരുന്നു . മുറ്റത്ത് തന്റെ ചുവന്ന അങ്കവാല് വിറപ്പിച്ച് ചിക്കി നടന്നിരുന്ന പൂവന്‍ കോഴി തലയുയര്‍ത്തി രാമറച്ഛനെ നോക്കി ഒന്നു കൊക്കിയതും പൊടുന്നനെ കഴുക്കോലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു പല്ലി പിടിവിട്ട് അയാളുടെ മടിയിലേക്ക് വീണതും ഒരുമിച്ചായിരുന്നു . അയാള്‍ വേദന കൊണ്ടെന്നപോലെ ഒന്ന് കുതറി . മുണ്ടു കുടഞ്ഞു . തെറിച്ചു വീണ " മുറിവാല്‍ " നിലത്തു കിടന്ന് പിടയുന്നത് അയാള്‍ അസഹ്യതയോടെ നോക്കി . അയാളുടെ മനവും പിടയുകയായിരുന്നു . കഴിഞ്ഞ രണ്ടാഴ്ചത്തെ സംഭവ ബഹുലമായ ദിനങ്ങള്‍ക്കു ശേഷം വീണ്ടും ശൂന്യത . കുഞ്ഞിമാളുവും താനും മാത്രം ഈ വീട്ടില്‍ വീണ്ടും തനിച്ച് . ഭിഷഗ്വരന്‍മാര്‍ വിധിച്ച മരണം വീണ്ടുമൊരു പരീക്ഷണത്തിന് വഴിമാറിയതു പോലെ . " ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ല . വീട്ടിലേക്കെടുത്തോളൂ .” ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശുപത്രിയി...