സ്കൂള്‍ വിട്ടു കുട്ടികളൊക്കെ മുറ്റത്തുതിക്കിത്തിരക്കി . മുറ്റത്താകെ ചെളിവെള്ളം കെട്ടിക്കിടക്കുന്നു . ചെളിവെള്ളമല്ല . ഇപ്പോഴത് കൊഴുത്തചെളിയാണ് . ചെറിയൊരു മഴചാറിയാല്‍മതി , മുറ്റത്തുചെളികെട്ടാന്‍ . " ഇതിയ്യിസ്കൂളിന്റെ ശാപമാണ് . മുറ്റത്തുതന്നെ വെള്ളക്കെട്ട് " മാഷമ്മാരും കുട്ട്യോളും പ്രാകി . “ അയ്യോ പ്രാകല്ലെ , നാളെയിവിടെ ഞാറുനടാനുള്ളതാ . നമ്മടെ കൃഷിസ്നേഹിയായ ഹെഡ്മാസ്റ്ററാ ഉല്‍ഘാടനം .” സരസനായ മറ്റൊരുമാഷിന്റെ സ്വതസിദ്ധമായ തമാശാപാടവം തലപൊക്കി . കൂടെ ചെളിപ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധസൂചകമായി ഹെഡ്മാസ്റ്റര്‍ക്കിട്ടൊരു കുത്തും . ചിലകുട്ടികളെ സംബന്ധിച്ച് ചെളിയൊരു ഉത്സവമായിരുന്നു . ചെളിയുത്സവം . അവര്‍ പരസ്പരം ചെളിവാരിയെറിഞ്ഞു . പരസ്പരം കാലുകൊണ്ട് ചെളിവെള്ളം തെറിപ്പിച്ചു . തൂവെള്ള ഉജാലാഷര്‍ട്ടുകളില്‍ ഓറഞ്ചു...