“ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .” ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ . " നീയെന്നെ പരിഹസിക്കുകയാണോ ?” ...