ശ്രീജിത്ത് മൂത്തേടത്ത്

26 ജനുവരി, 2012

ഫ്ലാറ്റ്ജീവിതം                              കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും. മുന്നോട്ടുതന്നെ.”

                 ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി. പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു. മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം. അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ.

                 "നീയെന്നെ പരിഹസിക്കുകയാണോ?”

                  സാരംഗി ഗംഗാതീര്‍ത്ഥിന്റെ ചുമലുകളില്‍ പിടിച്ചുലച്ചു.

                  “നോ... ഹല്ല ഡിയര്‍...” - ചില്ലുഭിത്തിയില്‍നിന്നും മുഖം അടര്‍ത്തിയെടുത്ത് ചിരിയൊതുക്കി അവന്‍ പറഞ്ഞു. - “തന്റെ സംസാരം കേട്ടാല്‍തോന്നും നമ്മള്‍ ഒരുപാട് വൈകിപ്പോയെന്ന്. ഇല്ല മാഡം... നാം വൈകിയിട്ടില്ല..”

                   “പിന്നെ? നീയെന്തിനാണ് മുഖംപൊത്തിയത്?... ചിരിച്ചത്?... നിന്നെ ഞാന്‍...” - സാരംഗി ഗംഗാതീര്‍ത്ഥിന്റെ മാറില്‍ ഒരു ഭ്രാന്തിയെപ്പോലെ ഇരുകൈകളാലും ആഞ്ഞടിക്കാന്‍തുടങ്ങി. അവന്‍ തടുക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പൊടുന്നനെ അവള്‍ അവന്റെ മാറോട്ചേര്‍ന്നു.

                   “ഗംഗാ... നീയെന്റേതാണ്... എന്റേതുമാത്രം... നിന്നെ ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല.”

                   വികാരവായ്പ്പോടെ അവന്‍ അവളെ വരിഞ്ഞുമുറുക്കി. നെറുകയിലും, നെറ്റിയിലും, മുഖത്തും, കഴുത്തിലും ആഞ്ഞാഞ്ഞ് ചുംബിച്ചു. പ്രഭാതത്തിന്റെ കുളിരകറ്റാന്‍ അവള്‍ പുതച്ചിരുന്ന കമ്പിളിഷാളിനുള്ളില്‍ അവരൊന്നായതുപോലെ തോന്നിച്ചു. പിന്നെ അതൂര്‍ന്നുവീണ് അവര്‍ അനാവൃതരായെങ്കിലും ലജ്ജ അവരെത്തെല്ലും തീണ്ടിയിരുന്നില്ലെന്ന് തോന്നി.

                    “മാഡം...” ഗംഗാതീര്‍ത്ഥിന്റെ വാക്കുകള്‍ സാരംഗിയുടെ ചുംബനത്താല്‍ മുറിഞ്ഞു.

                    “വേണ്ട... ഒന്നുംപറയണ്ട.. ഇങ്ങനൊരുദിവസത്തിനുവേണ്ടി എത്ര കൊതിച്ചതാണ്? നീയൊഴിഞ്ഞുമാറുകയായിരുന്നില്ലേ? എനിക്കറിയാം.” - അവള്‍ കൊഞ്ചി.

                    “ഇല്ല ഡിയര്‍.. അങ്ങിനെയായിരുന്നെങ്കില്‍ ഞാനിന്ന് സാറിനൊപ്പം ജോഗിംഗിനുപോവാതെ തലവേദനയെന്ന് കള്ളംപറഞ്ഞ് ഇവിടെ നില്‍ക്കുമായിരുന്നോ? തന്റെ ഏതാഗ്രഹവും ഞാന്‍ നിറവേറ്റിത്തരും. ഉടനെത്തന്നെ. വൈകിയിട്ടില്ല. സമയമാവുന്നതേയുള്ളൂ... നമുക്കുപോകാം. എല്ലാം മറന്നൊന്നാവാന്‍...”

                    “ഇല്ല.. നീ കള്ളംപറയുകയാണ്. എവിടെയാണ് നീയെന്നെക്കൊണ്ടുപോവുക?”

                   “അങ്ങുദൂരെ... മലകള്‍ക്കപ്പുറത്ത്...”

                    അവന്‍ കൈചൂണ്ടി. സാരംഗിയുടെ കണ്ണുകള്‍ അവന്റെ വിരല്‍ ലക്ഷ്യമാക്കിയ വഴിയേ സഞ്ചരിച്ചു. നഗരത്തിനതിരിട്ട മലനിരകള്‍ മഞ്ഞില്‍ക്കുളിച്ചിരുന്നു. വെളുത്തപുകപോലെ കോടപുതച്ചുകിടന്ന മലന്തലപ്പുകളില്‍ നേരിയ നീലനിറം തങ്ങിനിന്നപോലെ. താഴെ നഗരവീഥികളില്‍ ആള്‍പ്പെരുമാറ്റം കൂടിവരുന്നു. സൂര്യരശ്മികള്‍ക്ക് കനവും ചൂടും ഏറിവരുന്നത് പരസ്പരം ചൂടുപകര്‍ന്നുനിന്ന സാരംഗിയും, ഗംഗാതീര്‍ത്ഥും അറിഞ്ഞിരുന്നില്ലെന്നതുപോല തോന്നിച്ചു. പൊടുന്നനെ താഴെ ഗേറ്റില്‍ വിനായക്ചന്ദ്രയുടെ തലവെട്ടംകണ്ട് ഗംഗാതീര്‍ത്ഥ് കുതറിമാറി.

                  “ചന്ദ്രസാര്‍ വരുന്നുണ്ട്. ഞാന്‍ പോണു.”

                   സമര്‍ത്ഥയായ ഒരു കള്ളിയെപ്പോലെ സാരംഗി തന്റെ വസ്ത്രങ്ങള്‍ നേരെയാക്കി ഊര്‍ന്നുവീണ ഷാളെടുത്തു പുതച്ചു.

                 “നാളെയും വരണം.. പറ്റിക്കരുത്" - കൊഞ്ചിക്കൊണ്ട് അവള്‍ കുണുങ്ങി.

                  നാളെ ചന്ദ്രസാറിനോട് എന്തു കള്ളംപറഞ്ഞ് ജോഗിംഗില്‍ നിന്നൊഴിയാമെന്ന് ചിന്തിച്ചുകൊണ്ട് അവന്‍ സാരംഗിയുടെ നേരെ എതിര്‍ ഫ്ലാറ്റിന്റെ ഡോര്‍ തുറന്നകത്തുകയറി.

                  ഇതിന്നകം വിനായക്ചന്ദ്ര ചുറുചുറുക്കുള്ള ഒരു കുട്ടിയപ്പോലെ സ്റ്റപ്പുകള്‍ ഓടിക്കയറിവന്നു.

                 “ചന്ദ്രാ... ഇന്നെന്തേയിത്രവൈകിയത്? ഞാനെത്ര സമയമായീത്തണുപ്പത്ത് തനിച്ചെന്നറിയാമോ? യൂ ഡോണ്ട് ഹാവെനി തോട്ടെബോട്ട് മീ..”

                  സാരംഗി പരിഭവത്തോടെ തെല്ലൊന്നു മുഖം കറുപ്പിച്ച് വിനായക്ചന്ദ്രയുടെ തോളിലൂടെ കയ്യിട്ടു.

                “സോറി ഡിയര്‍.. ടുഡേ അയാമെ ബിറ്റ് ലേറ്റ്... ഫോര്‍ ഗിവ്മീ..”

                 അവരിരുവരും മധ്യവയസ്സിലും ഇണക്കുരുവികളെപ്പോലെ, സ്നേഹമിറ്റിച്ചുകൊണ്ട് അവരുടെ ഫ്ലാറ്റിലേക്ക് നീങ്ങുന്നത് ഗംഗാതീര്‍ത്ഥ് വാതില്‍വിടവിലൂടെ ഒളിഞ്ഞുകണ്ടു. ഒരു കുസൃതിച്ചിരിയോടെ..

48 അഭിപ്രായങ്ങൾ:

 1. അഭിനേതാക്കളെ കൊണ്ട് ജീവിതം നിറഞ്ഞിരിക്കുകയാണ് ...ഒരാളെ ഒരു പത്തു കൊല്ലത്തില്‍ കൂടുതലൊന്നും ഇനിയുള്ള കാലം ആരും സഹിക്കില്ലെന്നു തോന്നുന്നു ..ഒളിച്ചു കളികള്‍ അവസാനിക്കുന്ന കാലവും വരുമായിരിക്കും

  മറുപടിഇല്ലാതാക്കൂ
 2. എന്താ പറയുക, പുതിയ കാലത്തിന്റെ സത്യങ്ങൾ നിസ്സാരമായ് പറഞ്ഞപോലെ....
  നന്നായിറ്റുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. ഫ്ലാറ്റില്‍ മാത്രമാണോ ഇതൊക്കെ നടക്കുന്നത്? നാട്ടിന്‍പുരങ്ങള്‍ നന്മകളാല്‍ സമ്രിദ്ധം എന്നൊക്കെ പറയുമെങ്കിലും അവിടെയും കാണാം ഇതുപോലെയുള്ള ജീവിതങ്ങള്‍. ..കഥ കൊള്ളാം..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ഫ്ലാറ്റ് ആവട്ടെ വില്ല ആവട്ടെ ..ജീവിതം
  ഫ്ലാറ്റ് ആവുന്നത് ഇപ്പൊ ഒരു പുതുമ അല്ല ..
  ഇതൊരു മിനിക്കഥ ആക്കാമായിരുന്നു ..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 5. നന്നായി പറഞ്ഞു...എങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാനെനിയ്ക്കിഷ്ടം. നാട്ടിൻപുറത്താണു ഇക്കാലത്ത് അഭിനെതാക്കൾ അധികം എന്നാണെനിയ്ക്ക് തോന്നിയിട്ടുള്ളത്.

  അത് കഥയുടെ മനോഹാരിത ഒട്ടും കുറയ്ക്കുന്നില്ലാട്ടോ... അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ
 6. താങ്കളുടെ മറ്റു കഥകളോട് താരതമ്യം ചെയ്യാന്‍ കഴിയാത്ത ഒന്നു എന്ന് പറയാം. ഒരുപാട് കൈകാര്യം ചെയ്യപ്പെട്ട, എന്നാലും കേള്‍ക്കുമ്പോള്‍ ആരിലും ഒരു ഇക്കിളി ഉണ്ടാക്കുന്ന (ആ ഇക്കിളി ആണോ ഈ കഥയിലേക്ക് ആളുകളെ ആകര്‍ഷിക്കും എന്ന തോന്നല്‍ ഉണ്ടാക്കുന്നത്?) ഒരു സബ്ജക്റ്റ് ആണല്ലോ ഇത്. അതുകൊണ്ട് തന്നെ പുതുമ താങ്കളും അവകാശപ്പെടില്ല എന്ന് കരുതട്ടെ?

  മറുപടിഇല്ലാതാക്കൂ
 7. കഥയില്ലായ്മയുടെ കാലത്ത് പറഞ്ഞത് വീണ്ടും പറയാനാണ് കഥപറച്ചില്കാരന് വിധി......

  good narration

  മറുപടിഇല്ലാതാക്കൂ
 8. ജീവിതം തന്നെ നാടകമാണ് എന്നല്ലേ ഷേക്സ്പിയര്‍ സ്വാമി പറഞ്ഞത്. അപ്പൊ പിന്നെ അഭിനയിക്കുന്നവരെ കുറ്റം പറയേണ്ട. വേണേല്‍ ആ സ്വാമിയെ തന്നെ നാല് നല്ലത് പറഞ്ഞോ!

  (ലളിതമായി പറഞ്ഞതിനാല്‍ എളുപ്പം വായിക്കാന്‍ പറ്റുന്നത്. ഇഷ്ട്ടായി മാഷേ)

  മറുപടിഇല്ലാതാക്കൂ
 9. കാലം മാറുകയാണ് .നമ്മളും ,കൂടുതല്‍ പ്രതീക്ഷിക്കുന്നു ,ഇനിയും വരാം ..

  മറുപടിഇല്ലാതാക്കൂ
 10. പുതുമ താങ്കളും അവകാശപ്പെടില്ലെന്നു തോന്നുന്നു
  കഥ കൊള്ളാം..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 11. ശ്രീജിത്ത്,,ഫ്ലാറ്റ്ജീവിതം മാത്രമല്ല, മനുഷ്യജന്മം തന്നെ ഇത്തരത്തിലുള്ള നാടകങ്ങൾ കൊണ്ട് സമ്പുഷ്ടമാണല്ലോ..അതിന് നാട്ടിൻപുറവും നഗരവും എന്നുള്ള വ്യത്യാസമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല..പലരും പറഞ്ഞുപോയ ആസയമെങ്കിലും ലളിതമായും, അല്പം വ്യത്യസ്തമായും പറഞ്ഞിരിക്കുന്നു. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 12. ഭാര്യ ഭര്‍ത്താവിനെ വഞ്ചിക്കുന്ന, ചിലപ്പോള്‍ തിരിച്ച് അതിലേറേയും. ഇത്തരക്കാര്‍ക്കൊക്കെ വലിയൊരു മുഖംമൂടിയുണ്ട്

  മറുപടിഇല്ലാതാക്കൂ
 13. കഥയായ് നാം കരുതിയതൊക്കെ ജീവിതത്തിലേക്ക് വരുമ്പോൽ ഒരു ചങ്കിടിപ്പ് .സത്യം അധികകാലം മൂടിവക്കാനാവില്ല.ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
 14. വായിച്ചു ഇഷ്‌ട്ടായി,,,മുഖമൂടി അണിഞ്ഞ ലോകത്തെ നന്നായി അവതരിപ്പിച്ചു ,,ഇനിയും എഴുതുക...
  http://lekhaken.blogspot.com/

  മറുപടിഇല്ലാതാക്കൂ
 15. ഫ്ലാറ്റ് ജീവിതം നന്നായിട്ടുണ്ട്,,,

  മറുപടിഇല്ലാതാക്കൂ
 16. കറുത്ത ഒരു ലോകത്തെ അനുയോജ്യമായ വാക്കുകള്‍ കൊണ്ട് വായനക്കാരന്റെ മുന്നില്‍ സത്യസന്ധമായി പ്രദര്‍ശിപ്പിച്ചു.അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 17. മുഖം മൂടി അണിയുന്ന നാടക ജീവിതം....അതാണല്ലോ ഇന്ന് എവിടെയും.

  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 18. ചുരുക്കം വരികളിൽ നന്നായി പറഞ്ഞു.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 19. പറഞ്ഞ് പഴകിയ വിഷയത്തെ ഭംഗിയോടെ അവതരിപ്പിച്ചു....ചതി ഇല്ലാതെ ഉലകമേ ഇല്ലാ എന്നായിട്ടുണ്ട്..ഹ്മ്മ്...

  മറുപടിഇല്ലാതാക്കൂ
 20. കഥ നന്നായി പറഞ്ഞു.. ഇതെന്നും കഥ മാത്രമായിരിക്കണേ എന്നാഗ്രഹിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 21. കുഴപ്പല്ലാതെ പറഞ്ഞു..!ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 22. ചില സത്യങ്ങളൊക്കെ ഈവിധം ദഹിക്കാത്തതായിരിക്കും എന്നാലും യാഥാർഥ്യങ്ങളുടെ നേരെ മുഖം തിരിക്കാനും വയ്യ..
  പക്ഷേ നാ‍ട്ടിൻപുറങ്ങളിൽ ഇത്തരം കള്ളനാണയങ്ങൾ പെട്ടെന്നു മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെടുന്നു പാവപ്പെട്ടവന്റേയും...... നഗരത്തിലും,പണക്കാരനും ഇതിനൊക്കെ നിശബ്ദമായ ലൈസൻസ് ഉള്ള സാഹചര്യമാണുഇവിടെ നിലനിൽക്കുന്നത്

  കഥ നന്നായിട്ടുണ്ട് പെട്ടെന്നു വായിച്ചു കഴിഞ്ഞു പോയ പോലെ തോന്നി

  മറുപടിഇല്ലാതാക്കൂ
 23. വളരെ നന്നായിടുണ്ട് ........പെട്ടെന്ന് തീര്‍ന്നതുപോലെ തോന്നി .....?

  മറുപടിഇല്ലാതാക്കൂ
 24. നല്ല ഒഴുക്കുള്ള വരികൾ.വായനാസുഖം തരുന്ന ഭാഷ...പിന്നെ വിഷയം.ഒരുപാട് പറഞ്ഞു കേട്ടതണ് എങ്കിലും ഒരിക്കലും പുതുമ നഷ്ട് പ്പെടുന്നും ഇല്ല.(കമന്റ്സ് കണ്ടില്ലേ??) അത് എന്താ???എല്ലാവരുടെയും ഉള്ളിൽ അവർപോലും അറിയാതെ ഈവക വിഷയങ്ങളൊക്കെ ഉണ്ട്. സമൂഹം, സദാചാരം, ഇങ്ങനെയൊക്കെയുള്ള ചില വാക്കുകൾ അല്ലെ എല്ലാവരെയും നിയന്ത്രിക്കുന്നേ??ആ വാക്കുകൾ ഇല്ലായിരുന്നേൽ കാണാാരുന്നു...ഹി ഹി ഹി ...

  ഓ:ടോ: ആദ്യമായിട്ടാ ഞാൻ ഈ സദസ്സിൽ. എന്റെ കഥപ്പെട്ടിയിൽ വന്ന് എന്നെ ഇങ്ങോട്ട് വരാൻ വഴികാട്ടിയതിനു നന്ദി.ഇനി ഈ സദസ്സിൽ ഞാനും ഉണ്ടേ...

  മറുപടിഇല്ലാതാക്കൂ
 25. "അവരിരുവരും മധ്യവയസ്സിലും ഇണക്കുരുവികളെപ്പോലെ, സ്നേഹമിറ്റിച്ചുകൊണ്ട് അവരുടെ ഫ്ലാറ്റിലേക്ക് നീങ്ങുന്നത് ഗംഗാതീര്‍ത്ഥ് വാതില്‍വിടവിലൂടെ ഒളിഞ്ഞുകണ്ടു. ഒരു കുസൃതിച്ചിരിയോടെ.."

  നാടകമേ ഉലകം..
  നല്ല കഥ

  മറുപടിഇല്ലാതാക്കൂ
 26. ഇത് ഫ്ലാറ്റിൽ മാത്രമല്ല എന്നൊരു വിയോജിപ്പ്...

  മറുപടിഇല്ലാതാക്കൂ
 27. വിഷയത്തില്‍ പുതുമയിലെങ്കിലും. കഥ പറഞ്ഞ രീതി നന്നായി....

  മറുപടിഇല്ലാതാക്കൂ
 28. ഫ്ലാറ്റ് ജീവിതം ഒരുതരത്തിൽ പറഞ്ഞാൽ നന്നായി, വളരെ നന്നായി. പിന്നെ മറ്റൊരു തരത്തിൽ 'ആടുജീവിതം' വായിച്ച് പോലൊരു അനുഭവം, അല്ല ഫീലിംഗ്. നന്നായി, ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 29. ആവര്‍ത്തിക്കുന്ന പഴയ കഥ ..അത് മനുഷ്യന്‍ ഉള്ള കാലത്തോളം ആവര്‍ത്തിക്കും എന്ന് തോന്നുന്നു ....നല്ല അവതരണം

  മറുപടിഇല്ലാതാക്കൂ
 30. കുഞ്ഞുകഥ, ലളിതമായ് അവതരിപ്പിച്ചു. ഇഷ്ടപ്പെട്ടു-

  ആദ്യഭാഗത്തെ സാഹിത്യമൊന്നല്‍പ്പം കൂട്ടീതാണോ? ഹ്ഹ്ഹി

  മറുപടിഇല്ലാതാക്കൂ
 31. തീര്‍ത്തും സാധാരമായേക്കാവുന്ന കഥ പക്ഷെ അവസാനത്തെ ഒരു വരി കൊണ്ട് സുന്ദരമാക്കി..

  മറുപടിഇല്ലാതാക്കൂ
 32. പലരുടെയും ഫ്ലാറ്റ് ആയിക്കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ മറ്റൊരു പകര്‍പ്പ്
  സംഭവം സുലഭമെങ്കിലും, കേട്ടു പഴകിയതെങ്കിലും ഇവിടെ ആക്കാത കഥ നല്ല
  ഒഴുക്കോട് പറഞ്ഞു വീണ്ടും വരാം എന്റെ പേജില്‍ വന്നതിലും കമന്റു തന്നതിലും നന്ദി
  --

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.