ഹിമദളലത ഉദ്യാന മധ്യത്തിലെ ശില്പത്തിൽ നിന്നും ധാരയായൊഴുകുന്ന അമൃതജലത്തിൽ നനഞ്ഞ്, പുഞ്ചിരിച്ച് മന്ദമാരുതനിൽ തലയാട്ടുകയാണ് ഹിമദളപുഷ്പങ്ങൾ. സ്വർഗ്ഗലോകാധിപനായ ദേവേന്ദ്രൻ ഹിമാലയതാഴ്വരയിലെ കൗളഗോത്രാധിപനായ വീരേശദൈത്യനുമായി നടത്തിയ ദശവത്സരയുദ്ധത്തിൽ വിജയശ്രീലാളിതനായതിനെത്തുടർന്ന് കൗളരുടെ ആരാധനാമൂർത്തിയും, ക്ഷിപ്രപ്രസാദിയുമായ മഹാകാളി പ്രത്യക്ഷീഭവിച്ച് സമ്മാനിച്ചതായിരുന്നു ഈ ദിവ്യവല്ലരി. യുദ്ധാനന്തരം കൗളദേശത്തെ തോൽപ്പിച്ച് അജയ്യനായിത്തീർന്ന ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് അതിഗംഭീരമായൊരു സദ്യനടത്തി. അസുരരും ആ ആഘോഷത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. ആയിരത്താണ്ടുകൾ ഹിമപാളികൾക്കിടയിലുറഞ്ഞു പരുവംവന്ന അതിവിശിഷ്ട മദ്യശേഖരങ്ങളും ദേവാംഗനമാരുടെ തളിർമേനിയും തങ്ങൾക്കുകൂടെ കരഗതമാകുന്ന അപൂർവ്വാവസങ്ങളിലൊന്നായിരുന്നു അസുരൻമാർക്ക് ആ ക്ഷണം. മദ്യപിച്ചുൻമത്തരായ ദേവാസുരഗണങ്ങൾക്കു മുന്നിൽ സ്വർഗ്ഗലോകത്തിന്റെ മുഴുവൻ പ്രൗഢിയും കാട്ടും വിധത്തിൽ നൃത്തം ചെയ്യാൻ ഇന്ദ്രനന്ന് ഉർവ്വശിയോട് ഉത്തരവിട്ടു. സ്വർഗ്ഗീയമേനിയഴക് പ്രദർശിപ്പിച്ച് ചുവടുകൾ വെച്ച ഉർവ്വശിയിൽ നിന്നും കണ്ണെടുക്കാൻ ദൈത്യഗുരുവായ ശുക്രാചാര്യർക്കുപോലും സ...