ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രതിപുഷ്പതിലകം (അദ്ധ്യായം ഒന്ന്)

 ഹിമദളലത

ഉദ്യാന മധ്യത്തിലെ ശില്പത്തിൽ നിന്നും ധാരയായൊഴുകുന്ന അമൃതജലത്തിൽ നനഞ്ഞ്, പുഞ്ചിരിച്ച് മന്ദമാരുതനിൽ തലയാട്ടുകയാണ് ഹിമദളപുഷ്പങ്ങൾ. സ്വർഗ്ഗലോകാധിപനായ ദേവേന്ദ്രൻ ഹിമാലയതാഴ്വരയിലെ കൗളഗോത്രാധിപനായ വീരേശദൈത്യനുമായി നടത്തിയ ദശവത്സരയുദ്ധത്തിൽ വിജയശ്രീലാളിതനായതിനെത്തുടർന്ന് കൗളരുടെ ആരാധനാമൂർത്തിയും, ക്ഷിപ്രപ്രസാദിയുമായ മഹാകാളി പ്രത്യക്ഷീഭവിച്ച് സമ്മാനിച്ചതായിരുന്നു ഈ ദിവ്യവല്ലരി.

യുദ്ധാനന്തരം കൗളദേശത്തെ  തോൽപ്പിച്ച് അജയ്യനായിത്തീർന്ന ദേവേന്ദ്രൻ സ്വർഗ്ഗലോകത്ത് അതിഗംഭീരമായൊരു സദ്യനടത്തി. അസുരരും ആ ആഘോഷത്തിൽ ക്ഷണിക്കപ്പെട്ടിരുന്നു. ആയിരത്താണ്ടുകൾ ഹിമപാളികൾക്കിടയിലുറഞ്ഞു പരുവംവന്ന അതിവിശിഷ്ട മദ്യശേഖരങ്ങളും ദേവാംഗനമാരുടെ തളിർമേനിയും തങ്ങൾക്കുകൂടെ കരഗതമാകുന്ന അപൂർവ്വാവസങ്ങളിലൊന്നായിരുന്നു അസുരൻമാർക്ക് ആ ക്ഷണം. മദ്യപിച്ചുൻമത്തരായ ദേവാസുരഗണങ്ങൾക്കു മുന്നിൽ സ്വർഗ്ഗലോകത്തിന്റെ മുഴുവൻ പ്രൗഢിയും കാട്ടും വിധത്തിൽ നൃത്തം ചെയ്യാൻ ഇന്ദ്രനന്ന് ഉർവ്വശിയോട് ഉത്തരവിട്ടു. സ്വർഗ്ഗീയമേനിയഴക് പ്രദർശിപ്പിച്ച് ചുവടുകൾ വെച്ച ഉർവ്വശിയിൽ നിന്നും കണ്ണെടുക്കാൻ ദൈത്യഗുരുവായ ശുക്രാചാര്യർക്കുപോലും സാധിച്ചില്ല. 

തന്റെ വിജയാഹ്ലാദത്തിനും പ്രൗഢിക്കും ചേരും വിധം നൃത്തം വെച്ച ദേവരാജൻ ഒരു സമ്മാനം നൽകി. കൗളയുദ്ധാനന്തരം മഹാകാളി സമ്മാനിച്ച മന്ത്രശക്തിയുള്ള ഹിമലതയെന്ന വിശിഷ്ട വല്ലരി. ആ ലതയിൽ ഹിമദളപുഷ്പങ്ങൾ മൊട്ടിടുംകാലം നിനക്ക് മനസ്സിനിണങ്ങിയൊരു ബലിഷ്ഠ യുവ കോമളഗാത്രം ഭൂമിയിൽനിന്നും വന്നുചേരുമെന്നും ദേവേന്ദ്രൻ അനുഗ്രഹിച്ചു. ഉർവ്വശിയത് അവൾക്കായി പണികഴിക്കപ്പെട്ട നാലുകെട്ടുമാളികയുടെ മദ്ധ്യത്തിലെ ത്രൈലോക്യങ്ങളിലും അപൂർവ്വങ്ങളായ പുഷ്പങ്ങൾ വിരിയുന്ന ഉദ്യാനത്തിൽ ആ വിശിഷ്ടസസ്യം നട്ടു പരിപാലിച്ചു. അത് മൊട്ടിട്ട ദിനത്തിലാണ് രംഭയുമായി നൃത്തമത്സരം കുറിക്കപ്പെട്ടത്. മൊട്ട് വിടരാറായപ്പോഴാണ് വിക്രമാദിത്യ മഹാരാജൻ ഇന്ദ്രസന്നിധിയിലെത്തിയത്. 

ശ്രേഷ്ഠ സൗരഭം പരത്തുന്ന ഹിമദളപുഷ്പങ്ങൾക്ക് സംസാരശേഷിയുണ്ടായിരുന്നു. തങ്ങളെ ശല്യപ്പെടുത്തുന്ന വണ്ടുകളെ ഇലകൾ കുടഞ്ഞകറ്റി ഒന്നാമത്തെ പുഷ്പം പറഞ്ഞു.

''അറിഞ്ഞോ, ഭൂമിയിലെ ഏറ്റവും പ്രഗത്ഭനായ വിക്രമാദിത്യ രാജാവ് നമ്മുടെ ഉർവ്വശിത്തമ്പുരാട്ടിയുടെ ഈ കൊട്ടാരത്തിൽ താമസിക്കുന്നുണ്ട്.''

''ഇന്നലെ ഞാനൊരു നോക്കു കണ്ടു. എന്തൊരു തേജസ്സാണ് ആ മുഖത്തിനും ശരീരത്തിനും. നമ്മുടെ തമ്പുരാട്ടി അദ്ദേഹത്തെ മോഹിച്ചുപോയതിൽ തെറ്റൊന്നും പറയാനില്ല.''

''എന്തിനു തെറ്റു പറയണം? ഇന്ദ്രമഹാരാജന്റെ ധർമ്മപത്നി ഇന്ദ്രാണി റാണിപോലും ആ സുദൃഢഗാത്രം കണ്ടാൽ മോഹിച്ചുപോകും. ഒരുപക്ഷെ അങ്ങിനെ സംഭവിക്കാതിരിക്കാൻ ദേവേന്ദ്രരാജൻ ബോധപൂർവ്വം ഉർവ്വശിത്തമ്പുരാട്ടിയെ അദ്ദേഹത്തെ പരിചരിക്കാനായി ഏൽപ്പിച്ചതുമാകാം. ദേവേന്ദ്രന്റെ ഇക്കാര്യത്തിലെ കൗശലം കേമമാണ്.''

''അതുമാത്രമല്ല. കഴിഞ്ഞ ദിവസം ഇന്ദ്രസദസ്സിൽ ഉർവ്വശിത്തമ്പുരാട്ടിയും രംഭത്തമ്പുരാട്ടിയും തമ്മിലൊരു ഗംഭീര നൃത്തമത്സരം നടന്നിരുന്നു. അതിൽ വിജയിച്ചത് നമ്മുടെ തമ്പുരാട്ടിയാണ്. ഉർവ്വശിത്തമ്പുരാട്ടിയുടെ നൃത്തവൈഭവത്തിൽ മയങ്ങിയാണത്രെ വിക്രമാദിത്യ മഹാരാജാവ് പ്രേമകേളികളിൽ മുഴുകാൻ ഈ കൊട്ടാരത്തിലേക്ക് വന്നത്.''

''കണ്ടോ... കണ്ടോ... രണ്ടുപേരും ചിരിച്ചുകൊണ്ട് വരുന്നുണ്ട്. പൂർണ്ണചന്ദ്രനും ആമ്പൽപ്പൂവും പോലെ ചേർച്ചയുള്ള മിധുനങ്ങളുടെ പ്രണയചേഷ്ടകൾ കണ്ട് എനിക്ക് നാണം വരുന്നു.''

രണ്ടാം പുഷ്പം നാണത്താൽ മിഴികൂമ്പി.

''ശ്..ശ്.. അവരിങ്ങോട്ടാണ് വരുന്നത്. ഈ പുൽത്തകിടിയിൽ നമ്മുടെ ചാരെയിരിക്കാനാണെന്നു തോന്നുന്നു ഉദ്ദേശം. അവരെന്താണ് പറയുന്നതെന്ന് നമുക്ക് കേൾക്കാം.''

വിക്രമാദിത്യ മഹാരാജാവും ഉർവ്വശിയും ഉദ്യാനത്തിലേക്ക് പ്രവേശിച്ചു. വിശ്രമവസ്ത്രത്തിലാണെങ്കിലും രാജാവിന്റെ ശരീരം സൂര്യകാന്തിയിൽ സ്വർണ്ണം പോലെ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. രത്നമാല ധരിച്ച അദ്ദേഹത്തിന്റെ വക്ഷസ്സിൽ കൈചേർത്തു പിടിച്ചു കൊണ്ടായിരുന്നു ഉർവ്വശി നടന്നിരുന്നത്. അർദ്ധതാര്യമായ കമനീയ പട്ടുവസ്ത്രങ്ങൾ ധരിച്ചിരുന്ന അവളുടെ അംഗഭംഗി താമരമുകുളങ്ങൾ പോലെ മുഴച്ചുനിന്നു. രാജാവിനെ പ്രകോപിപ്പിക്കും വിധമായിരുന്നു നടത്തം. രാജാവാകട്ടെ എന്തോ അഗാധ ചിന്തയിലകപ്പെട്ടതു പോലെ ചുറ്റുപാടുകളിൽ ശ്രദ്ധിക്കാതെ അലസമായി തന്റെ കാമുകിയിൽ ശരീരഭാരമർപ്പിച്ച് നടകൊള്ളുന്നു.

''നോക്കൂ കുമാരീ, നമുക്ക് സമൃദ്ധമായി വായുവും വെളിച്ചവും ശാന്തതയും ലഭിക്കുന്ന എവിടെയെങ്കിലുമിരിക്കാം. എന്റെ ഹൃദയത്തിലെന്തൊക്കെയോ തിങ്ങിവിങ്ങുന്നു.''

''എന്താണ് പ്രഭോ? എന്താണങ്ങയുടെ തിരുവുള്ളത്തെ മഥിക്കുന്നത്? എന്തുതന്നെയായാലും എന്നോട് പറയൂ.''

''ഒന്നുമില്ല സുന്ദരീ, അതങ്ങിനെ ആരോടും പറഞ്ഞാൽ മനസ്സിലാവില്ല. കഴിഞ്ഞ ദിവസം ഭവതിയുടെയും രംഭയുടെയും നൃത്തം കണ്ടപ്പോൾ മുതൽ മനസ്സിലുടക്കിയ ഒരു വികാരമാണ്.''

ഉർവ്വശിയുടെ ഹൃദയത്തിലൊരു പനീർമുള്ള് തട്ടി വേദനിച്ചു. രാജഹൃദയത്തിലിപ്പോഴും രംഭയുണ്ടോ! നൃത്തത്തിൽ താനാണ് കേമിയെന്ന് പറഞ്ഞുവെങ്കിലും സൗന്ദര്യത്തിൽ രംഭയാണ് മുന്നിലെന്ന് അദ്ദേഹം ഇന്ദ്രസദസ്സിൽ വെച്ചൊരു അഭിപ്രായം പറഞ്ഞിരുന്നു. പരാജിതയായ രംഭയെ സന്തോഷിപ്പിക്കാനായിരിക്കും അങ്ങിനെ പറഞ്ഞതെന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ അങ്ങിനെയല്ലെന്നു തോന്നുന്നു. തന്നേക്കാൾ രതിഭാവം രംഭയ്ക്കാണെന്ന് ഇന്ദ്രദേവനും മദ്യപിച്ച് മദോന്മത്തനാകുമ്പോഴൊക്കെ പറയാറുണ്ട്. അപകർഷതയോടെയവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി. ഇല്ല. ഭൂമിയിൽ ജനിച്ച ഏതു പുരുഷനെയും കൊതിപ്പിക്കുന്ന സൗന്ദര്യം തന്റെ അവയവങ്ങൾക്കുണ്ട്. അവളുറപ്പുവരുത്തി. പക്ഷെ വിക്രമാദിത്യ രാജാവിനെ മോഹിപ്പിക്കാൻ ഇതു മതിയോ?

''ഉർവ്വശീ, നമുക്കിവിടെയിരിക്കാം.''

 ഹിമദളലതയുടെ ചാരെയെത്തിയപ്പോൾ വിക്രമാദിത്യൻ പറഞ്ഞു. ഉർവ്വശിയുടെ മടിയിൽ തലചായ്ച്ച് രാജാവ് അവളുടെ ശരീരകാന്തിയിലേക്ക് ദൃഷ്ടിയർപ്പിച്ചു കിടന്നു.

''നിന്റെ സൗന്ദര്യവും, ഈ ഉദ്യാനസൗരഭവും, എന്റെ ആശങ്കയുമെല്ലാം ചേർന്ന് മനസ്സിലൊരു കവിത ജനിപ്പിക്കുന്നു. അതെവിടെയെങ്കിലും പകർത്തിവെക്കാതെ വയ്യ.''

രാജാവ് അസ്വസ്ഥതയോടെ എഴുന്നേറ്റു. ഉദ്യാനമദ്ധ്യത്തിലെ പൊയ്കയിൽ നിന്നും താമരയില പറിച്ചെടുത്ത് ആമ്പൽപ്പൂത്തണ്ട് തൂലികയാക്കി ഉർവ്വശി അദ്ദേഹത്തിന് നൽകി.

''രാജൻ, അങ്ങയുടെ മനസ്സിനെ ശല്യം ചെയ്യുന്ന ആ കാവ്യം ഈ പങ്കജപത്രത്തിലെഴുതൂ. വിരോധമില്ലെങ്കിൽ ഈയുള്ളവളും കാണട്ടെ.''

''എന്തു വിരോധം?''

അലസമായ ചോദ്യത്തോടെ പത്രവും തൂലികയും വാങ്ങി ത്രൈലോക്യങ്ങളിലും സർവ്വ കലാ സാഹിത്യനിപുണനെന്ന് പുകൾപെറ്റ വിക്രമാദിത്യ മഹാരാജൻ തന്റെ മനസ്സിൽ തിങ്ങുന്ന കാവ്യത്തിന്റെ തലക്കെട്ട് കുറിച്ചു.

''രതിപുഷ്പതിലകം.''

(തുടരും...)


അഭിപ്രായങ്ങള്‍

  1. അലസമായ ചോദ്യത്തോടെ പത്രവും തൂലികയും വാങ്ങി ത്രൈലോക്യങ്ങളിലും സർവ്വ കലാ സാഹിത്യനിപുണനെന്ന് പുകൾപെറ്റ വിക്രമാദിത്യ മഹാരാജൻ തന്റെ മനസ്സിൽ തിങ്ങുന്ന കാവ്യത്തിന്റെ തലക്കെട്ട് കുറിച്ചു.

    ''രതിപുഷ്പതിലകം.''

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...