ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

06 ഡിസംബർ, 2011

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.
                 പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും മൂലയിലും ഉഴറി നടന്നു. ഒടുവില്‍ അവ, കാലുകള്‍ ഉള്‍വലിഞ്ഞ് ചിറകുകള്‍ മുളച്ച് നീല കര്‍ട്ടനിട്ടലങ്കരിച്ചിരുന്ന ജനലിലൂടെ പറന്നകന്ന് പഞ്ഞി മേഘക്കെട്ടുകള്‍ക്കിടയില്‍ ലയിച്ചു.
                 ഇന്ന് വൈകിട്ട് അവളുടെ പിറന്നാള്‍ വിരുന്നില്‍ പങ്കെടുക്കാന്‍ പോവുമ്പോള്‍ തന്റെ കയ്യിലുണ്ടാവേണ്ടതാണീ ചിത്രം. മനോഹമായ പായ്ക്കിംഗ് പേപ്പറില്‍ പൊതിഞ്ഞ് നീല റിബണ്‍ കൊണ്ട് കെട്ടി...
                 “ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടാവും എന്റെ കയ്യില്‍... നിനക്കായി മാത്രം സൃഷ്ടിക്കപ്പെട്ടത്..”
                  ഇന്നലെ വൈകിട്ട് മെയില്‍പ്പെട്ടി തുറന്നപ്പോള്‍ കണ്ട ഇന്‍വിറ്റേഷന്‍ മെയിലിന് റിപ്ലേ ചെയ്യുമ്പോള്‍ ടൈപ്പ് ചെയ്തത് അത്രമാത്രമായിരുന്നു. അല്ലെങ്കില്‍ അതിലെല്ലാം ഒതുങ്ങയിരുന്നുവല്ലോ..! ഇത്രയും ഭംഗിയായി, ഇത്രയും ചുരുങ്ങിയ വാക്കുകളില്‍ ഒരു മെയില്‍ ചെയ്യാന്‍ കഴി‍ഞ്ഞുവെന്നത് അവന് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.
‍                 അല്ലെങ്കില്‍ അഴളുടെ ബര്‍ത്ത് ഡേയ്ക്ക് എന്തിന് പോണം ? എല്ലാം മറക്കാമെന്ന് പറഞ്ഞ് ഒരുനാള്‍ പിരിഞ്ഞ് പോയവളല്ലേ..? പിന്നെ യാതൊരു വിവരവുമില്ലാതെ കുറെക്കാലം... ഓര്‍ക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഒടുവില്‍ ഓര്‍മ്മയില്‍ നിന്നും മറവിയുടെ കയത്തിലേക്ക് ഏതാണ്ട് മുങ്ങിക്കഴിഞ്ഞപ്പോഴാണ് കഴിഞ്ഞമാസം ഫേസ്ബുക്കില്‍ അലസമായി സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്തിരിക്കവെ, 'പീപ്പിള്‍ യൂ മെ നോ'  എന്ന ശീര്‍ഷകത്തിന് താഴെ അവളുടെ മുഖം പ്രത്യക്ഷപ്പെട്ടത്. ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞപ്പോഴാണ് ചെയ്തത് മണ്ടത്തരമായിപ്പോയി എന്ന് തോന്നിയത്. പിന്നീടിങ്ങോട്ട് ചില മെസേജുകള്‍.. ഒടുവിലിന്നലത്തെ മെയില്‍...
                   “ടുമാറോ ഈസ് മൈ ബര്‍ത്ത് ഡേ. എക്സ്പെക്റ്റ് യൂ വില്‍ കം ഫോര്‍ ദ പാര്‍ട്ടി, അറ്റ് ഫൈവ് ഇന്‍ ദ ഈവനിംഗ്"
                   റിപ്ലേ ചെയ്തതിന് ശേഷം ഭ്രാന്തമായൊരാവേശത്തോട് കൂടി ക്യാന്‍വാസെടുത്തുരപ്പിച്ച് പെയിന്റിംഗ് ആരംഭിക്കുകയായിരുന്നു. മനസ്സില്‍ തോന്നിയ സമ്മിശ്ര വികാരങ്ങള്‍ അമൂര്‍ത്ത രൂപങ്ങളായി നിറങ്ങള്‍ക്കിടയില്‍ ഒളിഞ്ഞു നിന്നു. വിദ്വേഷത്തിന്റെ കനലും, പരിഭവത്തിന്റെ തെളി നീരും ഒക്കെയായി....
    അനാധത്വത്തിന്റെ കയത്തില്‍ നിന്നും തന്നെ പിടിച്ചുയര്‍ത്തിയതാണഴളുടെ കയ്യുകള്‍... എല്ലാം നേടി എന്ന ആത്മവിശ്വാസത്തില്‍ ഒരുപാട് പ്രതീക്ഷകളുമായി കുറെ നാളുകള്‍ ഒരുമിച്ച്... പിന്നീടൊരുനാള്‍ പ്രത്യേകിച്ചൊരു കാരണവും പറയാതെ, പ്രത്യേക വികാരവായപ്പൊന്നും കൂടാതെ,
                “നമുക്ക് പിരിയാം സൂരജ്... എല്ലാം നല്ലതിനെന്ന് കരുതി മറക്കുക.. സൂരജിന് നല്ല ഭാവിയുണ്ട്.. ഒരു നല്ല കലാകാരനാവണം... എനിക്ക് സൂരജിനോട് തോന്നിയത് സ്നേഹത്തേക്കാളുപരി സഹതാപമായിരുന്നു.. സഹതാപത്തില്‍ മുളക്കുന്ന സ്നേഹത്തിന് ആയുസ്സില്ല... എല്ലാം താനെ, പിന്നെ മനസ്സിലായിക്കൊള്ളും.. ഗുഡ് ബൈ.. എന്നോട് ക്ഷമിക്കൂ..”
                 നടന്നകലുന്ന അവളെ നോക്കി ഒരു വാക്കുപോലുമുരിയാടാനാവാതെ, നിന്നുപോയ തന്നെ സൂരജിനോര്‍മ്മവന്നു. ജീവിതമവസാനിപ്പിക്കാന്‍ അന്ന് തോന്നിയതാണ്. പക്ഷെ അധൈര്യം അനുവദിച്ചില്ല. പാതി കൂമ്പിയ മിഴികള്‍ വലിച്ച് തുറന്ന് സൂരജ് തന്റെ ചിത്രത്തിലേക്ക് ഒന്നുകൂടെ നോക്കി.
                കുതിരകള്‍ വളുപ്പും കറുപ്പും, ചുവപ്പും പച്ചയുമൊക്കെയായി നിരവധി.. ഇവയൊക്കെ അവളോടുള്ള തന്റെ പല നിറങ്ങളിലുള്ള അഭിനിവേശത്തിന്റെ പ്രതീകങ്ങളല്ലേ..? പാടില്ല.. ഒരിക്കലും പാടില്ല.. സൂരജ് വീണ്ടും ഇടതുകയ്യില്‍ പാലറ്റില്‍ ചായങ്ങളും, വലതുകയ്യില്‍ ബ്രഷുമായി വീണ്ടും ചിത്രത്തെ സമീപിച്ചു. അഭിനിവേങ്ങള്‍ ഓരോന്നായി മായ്ക്കാന്‍ ശ്രമിച്ചു. ചുവപ്പിനെ കറുപ്പ് കൊണ്ടും, വെളുപ്പിനെ ചുവപ്പു കൊണ്ടുമൊക്കെയായി... ഒടുവിലത് കുതിരകളൊക്കെ മാഞ്ഞ് ഒരൊറ്റ രൂപമായി മാറിയിരുന്നു. വലിയ കണ്ണുകളും ഗഹ്വരം പോലെ തുറന്ന വായുമായി ആര്‍ത്തടുക്കുന്ന ഭീകര സത്വം പോലെ...!!
            സൂരജ് ഭയന്ന് പിന്നോട്ട് മാറി. കയ്യിലിരുന്ന പാലറ്റ് ആ സത്വത്തിന് നേരെ വലിച്ചെറിഞ്ഞു. വേണ്ട.. അവള്‍ തന്ന കയ്യില്‍ ബര്‍ത്ത് ഡേ ഗിഫ്റ്റുമായി കാണേണ്ട..
            കടും നിറങ്ങളാല്‍ പണിപെട്ട് മായ്ച്ചുകളഞ്ഞ അഭിനിവേശത്തിന് പകരം മറ്റൊന്ന് അവനില്‍ പിടി മുറുക്കി തുടങ്ങിയിരുന്നു. അഴള്‍ അകന്ന് പോവുമ്പോള്‍ സൂരജിന്റെ മനസ്സിലുദിച്ച ആത്മഹത്യയെന്ന ചിന്ത അവന്റെ മനസ്സിനെ മദിച്ചു. ജനാലകള്‍ക്ക് പുറത്ത്, നേരത്തെ കണ്ട പഞ്ഞി മേഘങ്ങള്‍ ഇരുണ്ട് തുടങ്ങിയിരുന്നു. അവയില്‍ നിന്നും മരണത്തിന്റെ കറുത്ത കുതിരകള്‍ ചിറക് വിടര്‍ത്തി തന്നെ മാടി വിളിക്കുന്നതായി സൂരജിന് തോന്നി. അവന്‍ ജനാലയിലൂടെ അവയ്ക്ക് നേരെ പറന്നടുത്തു. ഇരുണ്ട് കനത്ത മേഘങ്ങള്‍ ദിഗന്തം നടുങ്ങുമാറ് പൊട്ടിപ്പിളര്‍ന്നു. അതില്‍ നിന്നും, പ്രളയജലം ധാരയായി പെയ്തിറങ്ങി.
            ഇരുപതു നില ഫ്ലാറ്റിന്റെ താഴെ പാര്‍ക്കിംഗ് ഏരിയയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ചുവന്ന ചിത്രവും അത് മായ്ച്ച് കളഞ്ഞു.

37 അഭിപ്രായങ്ങൾ:

 1. "ഇരുപതു നില ഫ്ലാറ്റിന്റെ താഴെ പാര്‍ക്കിംഗ് ഏരിയയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ചുവന്ന ചിത്രവും അത് മായ്ച്ച് കളഞ്ഞു."

  ഈ അവസാനം എനിക്കിഷ്ടമായി.... ബാക്കിയെല്ലാം കേട്ടുമറന്ന കഥയുടെ അവശേഷിപ്പുകള്‍ ...

  അയാള്‍ വരച്ച ആ ചിത്രത്തിനു ഞാന്‍ പേരിടട്ടെ.. "അശ്വമേധം" എന്ന്..... :)

  മറുപടിഇല്ലാതാക്കൂ
 2. ഒടുവിലത് കുതിരകളൊക്കെ മാഞ്ഞ് ഒരൊറ്റ രൂപമായി മാറിയിരുന്നു. വലിയ കണ്ണുകളും ഗഹ്വരം പോലെ തുറന്ന വായുമായി ആര്‍ത്തടുക്കുന്ന ഭീകര സത്വം പോലെ...!!

  മറുപടിഇല്ലാതാക്കൂ
 3. ശ്രീജിത്..കഥയുടെ ഉള്ളടക്കം പലരീതിയിൽ പറഞ്ഞുകേട്ടിട്ടുള്ളതാണെങ്കിലും, വ്യത്യസ്തമായ താങ്കളുടെ രചനാശൈലി ഈ കഥയെ ആകർഷകമാക്കിയിരിക്കുന്നു..ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. ശ്രീജിത്ത്..

  ഭാഷ എനിക്കിഷ്ടമായി.
  കഥയുടെ പ്രമേയം നന്ന്. എങ്കിലും അത് വേണ്ട പോലെ വായനക്കാരനിൽ എത്തിയില്ല എന്നു തോന്നുന്നു. നായകൻ മരിക്കാൻ തീരുമാനിച്ചതിന് വേണ്ട ന്യായീകരണം ഇല്ലാതെ പോയ പോലെ.

  മറുപടിഇല്ലാതാക്കൂ
 5. മുന്‍പത്തെ എഴുത്തുകലെക്കാള്‍ ഒതുക്കമുണ്ട്. ഒരു പാടു വായിച്ച പ്രമേയം. അവസാനത്തെ വാചകം പ്രത്യകമായി വേറിട്ട്‌ നില്‍ക്കുന്നു - അതാണ്‌ ഇതിലെ സ്പെഷ്യല്‍ എന്ന് പറയാവുന്നത്.

  മറുപടിഇല്ലാതാക്കൂ
 6. നല്ല ശൈലി..നല്ല ഭാഷ..
  കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങളിലെല്ലാം ഒരു ആവര്‍ത്തനവിരസത അനുഭവപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 7. സഹതാപം, അടുക്കല്‍, വേര്‍പിരിയല്‍, ചിത്രത്തിന്റെ രൂപവ്യത്യാസം, ആത്മഹത്യ... ഇതിനു കാരണങ്ങള്‍ ഒന്നും കാണുന്നില്ല. ആ ഒരു മിസ്സിംഗ്‌ ശരിക്കും ഉണ്ട്. എഴുതിയ ശൈലി മനോഹരം.. അഭിനന്ദനങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 8. Dear sreejith
  Good attempt. The Language used was good. But imagery used are not so clear. Please see the comment by Jefu Jailaf. You are a good writer. no doubt. (sorry, my malayalam editor is not working)

  മറുപടിഇല്ലാതാക്കൂ
 9. @സന്ദീപ് എ കെ. : അഭിപ്രായത്തിന് നന്ദി അറിയിക്കുന്നു. അശ്വമേധം.. പേര് എനിക്കും ഇഷ്ടപ്പെട്ടു.
  @ കുസുമം : ചേച്ചീ, ഒരുപാട് നന്ദി... വന്നതിനും കമന്റിയതിനും.

  @ ഷിബു തേവാള : പുതിയ പ്രമേയമാണെന്ന സങ്കല്‍പ്പത്തിലാണ് എഴുതിയത്. പഴയതായിപ്പോയി അല്ലേ ? അടുത്ത തവണ നന്നാക്കാം.

  @ സേതുലക്ഷമി : നായകന്‍ നിരാശയും പുനസ്സമാഗമത്തിന്റെ അര്‍ത്ഥമില്ലായ്മയും സൃഷ്ടിച്ച ഭ്രാന്തമായ അവസ്ഥ കാരണം മരിച്ചതാവാമല്ലോ.

  @ അമിനേഷ് : നന്ദി.. അമിനേഷ്.

  @ വരുണ്‍ : നന്ദി.

  മറുപടിഇല്ലാതാക്കൂ
 10. @ മുഹമ്മദ് : കൂടുതല്‍ ശ്രദ്ധിക്കാം.
  @ സ്വന്തം സുഹൃത്ത്, ഹക്കീം : നന്ദി.
  ജെഫു ജയിലാഫ് ; ;ചില പ്രത്യേക വികാരങ്ങളുടെ പുറത്ത് എഴുതിയ കഥയാണ്. വായനക്കാരനോട് സംവദിക്കുന്നില്ല എന്നത് പ്രസിദ്ധീകരിച്ച ശേഷമാണ് മനസ്സിലായത്. അവ്യക്തതയില്‍ നിന്നും ചിലതൊക്കെ ഊഹിക്കാന്‍ കഴിയില്ലേ ?
  @ സി. വി. തങ്കപ്പന്‍, മനോജ് : നന്ദി.
  @ കണക്കൂര്‍ : സാര്‍, ചില കണക്കുകൂട്ടലുകള്‍ വേണ്ട പോലെ ഏറ്റില്ല എന്ന് തോന്നുന്നു. എല്ലാം പറയണമെന്നുദ്ധേശിച്ചില്ല. ഉദ്ദേശിച്ചതൊക്കെ പറഞ്ഞിട്ടുണ്ട്. കുറച്ചൊക്കെ സങ്കല്‍പ്പങ്ങളാവാമല്ലോ. കഥയല്ലേ ?
  അഭിപ്രായത്തിന് നന്ദി.

  അഭിപ്രായങ്ങള്‍ ഈയുള്ളവന് കടയ്കല്‍ തളിക്കുന്ന ജലം പോലെയോ, ഊതുന്ന ഉലയിലെ കാറ്റ് പോലെയോ ഒക്കെയാണ്. എല്ലാ അഭിപ്രായങ്ങളും വില മതിക്കുന്നതാണ്. അമൂല്യവും എല്ലാവര്‍ക്കും നന്ദി.
  ശ്രീജിത്ത് മൂത്തേടത്ത്.

  മറുപടിഇല്ലാതാക്കൂ
 11. പ്രമേയമൊക്കെ നല്ലതാണെങ്കിലും അവതരണംഇനിയുമേറെ മെച്ചപ്പെടാനുണ്ട് കേട്ടൊ ശ്രീജിത്ത്

  മറുപടിഇല്ലാതാക്കൂ
 12. നല്ല ശൈലിയും ഭാവനയും നിങ്ങളെ വ്യത്യസ്തനാക്കുന്നു.ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 13. ആദ്യ ഭാഗം കുറച്ചു അലസമായെങ്കിലും പിന്നീട് നല്ല ഒഴുക്കായിരുന്നു നല്ല ഭാഷ .....ഇനിയും എഴുതുക എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 14. ആകാംക്ഷയോടെ അവസാനം വരെ വായിച്ചു. വായനക്ക് ശേഷവും ആ ആകാംക്ഷ ശമിച്ചില്ല എന്നുള്ളതാണ്‌...കഥ അപൂര്ണ്ണം.
  ഭാഷയുടെ മനോഹാരിത കൊണ്ട് വായനക്ക് സുഖം ഉണ്ടാരുന്നു ...

  മറുപടിഇല്ലാതാക്കൂ
 15. കഥ നന്ന്, ശൈലിയും കൊള്ളാം. എന്നാലും എന്തിനാണ് എല്ലാവരും ഇങ്ങനെ ആത്മഹത്യയില്‍ അഭയം തേടുന്നത്. ഒന്നു മാറിചിന്തിച്ചൂടെ...

  മറുപടിഇല്ലാതാക്കൂ
 16. സാധാരണത്വത്തെ തകര്‍ക്കാന്‍ കഥയ്ക്ക് കഴിഞ്ഞില്ല ശ്രീജിത്.പലരും പറഞ്ഞുകഴിഞ്ഞ വിഷയങ്ങള്‍ കഥകള്‍ക്ക് പ്രമേയമാക്കരുത്.ഇനിയും എഴുതുക.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 17. ഭാവന ശക്തിപ്പെടുന്നു. ശൈലിയും.. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 18. വായിച്ചു സുഹൃത്തേ...
  നന്നായി എന്നു പറയുന്നതിനേക്കാൾ ഇനിയും നന്നായിട്ടെഴുതൂ എന്നുപറയാനാണ്‌ ഇഷ്ടപെടുന്നത്...

  മറുപടിഇല്ലാതാക്കൂ
 19. കഥ വായിച്ചു
  കൂടുതല്‍ പുതുമയുള്ളതും കരുതുള്ളതുമായ കഥകള്‍ പ്രതീക്ഷിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 20. അവതരണം നന്നായിട്ടുണ്ട്.
  നല്ല തീമുകൾ കൊണ്ടുവരിക. അഭിനന്ദനം

  മറുപടിഇല്ലാതാക്കൂ
 21. ഞാനിവിടെ വന്നില്ലെന്നോ!
  ഞാനിത് കണ്ടില്ലെന്നോ!

  ഹീശ്വരാ..
  ഞാനെത്ര മണ്ടന്‍!

  (കഥ കൊള്ളാം കേട്ടോ)

  മറുപടിഇല്ലാതാക്കൂ
 22. ഹൃദയം എത്ര ചഞ്ചലം! ഒരു ഇമോഷണല്‍ ബ്ലാക്ക്മൈല്‍ പോലെ! മരിക്കുവാന്‍ ഒരു കാരണം ഇല്ലാത്തതായി തോന്നി. വെറും തോന്നലാവാം!
  നല്ല ശൈലി. ഭാവുകങ്ങള്‍.!!.. !

  മറുപടിഇല്ലാതാക്കൂ
 23. …നന്നായിരുന്നു..നല്ല അവതരണം.. ഇടയിൽ ചില തെറ്റുകൾ കടന്നു കൂടിയിട്ടുണ്ട്..ശ്രദ്ധിക്കുമല്ലോ ഉദാഹരണത്തിന് അഴൽ അല്ലേ..?നോക്കൂ തെറ്റുകൾ..

  അഴള്‍ അകന്ന് പോവുമ്പോള്‍ ---
  അനാധത്വത്തിന്റെ --
  അല്ലെങ്കില്‍ അഴളുടെ ബര്ത്ത്ു ഡേയ്ക്ക് എന്തിന് പോണം ? ---
  വികാരവായപ്പൊന്നും..
  അവള്‍ തന്ന കയ്യില്‍ ബര്ത്ത്് ഡേ ഗിഫ്റ്റുമായി കാണേണ്ട..??
  -------
  തെറ്റു ചൂണ്ടിക്കാട്ടിയതിനു മുഖം കറുപ്പിക്കുകയോ, മൂക്കു പിഴിയുകയോ വേണ്ട.. !വല്യ വിവരശാലിയായതു കൊണ്ട് പറയുന്നതല്ല… എല്ലാവർക്കും തെറ്റു പറ്റും... കണ്ടതു പറഞ്ഞതാണ്.. ..തെറ്റുകൾ കാണാത്തതാണെങ്കിൽ പറ്റുമെങ്കിൽ തിരുത്തിക്കോട്ടെ എന്നു കരുതി കുറിച്ചതാണ്..
  -----------
  .. ഇരുപതു നില ഫ്ലാറ്റിന്റെ താഴെ പാര്ക്കിം ഗ് ഏരിയയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ ചുവന്ന ചിത്രവും അത് മായ്ച്ച് കളഞ്ഞു…
  ---------
  പുതിയ തലമുറ പോനാൽ പോകട്ടും പോടാ എന്നാണത്രെ!..hmmm
  ----
  നല്ലഒഴുക്കുണ്ടായിരുന്നു..ഭാവുകങ്ങൾ..!

  മറുപടിഇല്ലാതാക്കൂ
 24. വ്യത്യസ്തമായ ശൈലിയില്‍ കഥ നന്നായി പറഞ്ഞു, ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 25. @മുരളീ മുകുന്ദന്‍ : മെച്ചപ്പെടുത്താന്‍ വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കുന്നു.. നല്ല നിര്‍ദ്ദേശങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹായകരമാവും..
  @ പരപ്പനാടന്‍, കുഞ്ഞുമയില്‍പ്പീലി: വളരെ നന്ദി...

  @അനശ്വര : നന്ദി.. അപൂര്‍ണ്ണതയിലാണ് സൗന്ദര്യമെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സൃഷ്ടികളെല്ലാം അപൂര്‍ണ്ണമെന്നും. എന്റെ കാര്യത്തില്‍ അതെങ്ങിനെയാണെന്ന് പറയേണ്ടത് നിങ്ങളാണ്.. പ്ലീസ്.. തെറിപറയരുത്..

  @മുല്ല : ആത്മഹത്യ ഒരു ഇഷ്ടവിഷയമാണ്. മുമ്പ് വളരെ ഗൗരവത്തോടെത്തന്നെ അതിനെപ്പറ്റി ആലോചിച്ചിരുന്നു... ഇപ്പോള്‍ അതില്ല. മാറിച്ചിന്തിക്കാം..

  @വി. കെ : നന്ദി.
  @സുസ്മെഷ്, സീയെല്ലെസ്,എളയോടന്‍, ബെഞ്ജാലി,പ്രയാണ്‍,അഷ്റഫ്, നികു, റഷീദ്, കേരളദാസനുണ്ണി : അഭിനന്ദനങ്ങള്‍ക്ക് നന്ദി...

  മറുപടിഇല്ലാതാക്കൂ
 26. @ കണ്ണൂരാന്‍ : വന്നതില്‍ സന്തോഷം.. അഭിപ്രായം പറഞ്ഞതിനും.
  @ മാധവധ്വനി : തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒന്ന് വായിച്ച് നോക്കി തെറ്റുകള്‍ തിരുത്തുന്ന ശീലം ഇല്ലായിരുന്നു. ആരും ശ്രദ്ധിക്കില്ല എന്നായിരുന്നു കരുതിയത്. ഇനി നല്ലോണം ശ്രദ്ധിച്ചോളാം..

  മറുപടിഇല്ലാതാക്കൂ
 27. നല്ല വാചകങ്ങള്‍..കഥ എഴുതിയ രീതി, വളരെ ഇഷ്ടം ആയി...

  കഥ മനസ്സിലേക്ക് ഒട്ടും കയറിയില്ല...
  സഹതാപവും ആല്മഹത്യയും ഒന്നും
  ന്യായീകരിക്കപ്പെടുന്നില്ല കഥയില്‍..
  അല്ലെങ്കില്‍ അത് വായന്ക്കരോട സംവദിക്കുന്നതില്‍ വിജയിച്ചില്ല..നന്നായി എഴുതാന്‍ ഇനിയും കഴിയട്ടെ...ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.