ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അപ്രിയങ്ങളില്‍ മഞ്ഞുറയുമ്പോള്‍...


                             ഭംഗിയായി വെട്ടിനിര്‍ത്തിയ പുല്‍ത്തകിടികളായിരുന്നു ആ ഉദ്യാനത്തെ അവര്‍ക്ക് പ്രിയങ്കരമാക്കിയത്. അതിന്റെ മതില്‍ക്കെട്ടുകളില്‍ പലനിറങ്ങളിലുള്ള ബോഗന്‍വില്ലകള്‍ പൂത്തുലഞ്ഞിരുന്നു. വിളക്കുകാലുകള്‍ സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ സ്വര്‍ഗ്ഗീയപ്രഭ ചൊരിഞ്ഞിരുന്നു. നഗ്നയായ മത്സ്യകന്യകയുടെ ശില്‍പ്പവും അതിനുചുറ്റും കൃത്രിമതടാകത്തില്‍ വിരിഞ്ഞുനിന്ന വെള്ളയാമ്പല്‍പ്പൂക്കളും, രാസലീലാശില്പങ്ങളും, മറ്റ് ബഹുവര്‍ണ്ണപുഷ്പങ്ങളും, ജലധാരകളും, ദീപപ്രഭയുമെല്ലാം ആ ഉദ്യാനത്തിന് സ്വര്‍ഗ്ഗതുല്യമായ ഒരു പരിവേഷം നല്‍കിയിരുന്നു. തോട്ടക്കാരനോട് കടുകിടതെറ്റാതെ അനുസരണകാട്ടുന്ന പട്ടുപോല്‍ മൃദുലമായ പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്ന് മാനത്തെ പഞ്ഞിമേഘക്കെട്ടുകളില്‍ കണ്ണുനട്ടുള്ള പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ സ്വര്‍ഗ്ഗീയമായൊരനുഭൂതിയനുഭവിക്കാറുണ്ടെന്ന് അയാള്‍ അവളോടെന്നും പറയാറുണ്ട്. സായാഹ്നങ്ങളില്‍ ഇണക്കുരുവികളായി ഇവിടെച്ചേക്കേറുന്ന ഇവര്‍ പകലോന്‍ പടിഞ്ഞാറണഞ്ഞ് അലങ്കാരവിളക്കുകള്‍ കണ്ണുതുറന്ന് ദീപപ്രഭയുടെ മായക്കാഴ്ചകൂടെ ആസ്വദിച്ചതിനുശേഷമേ തിരിച്ചുപോവാറുള്ളൂ.
വിവാഹജീവിതാരംഭത്തിലെ മധുതുളുമ്പിയനാളുകളിലെ സുഖകരവും തീഷ്ണവുമായ മുഹൂര്‍ത്തങ്ങള്‍ പലതും ആ പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്നാണ് അവരയവിറക്കാറ്. അത്തരം ദിവസങ്ങളില്‍ നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ നിന്ന് സ്വാദിഷ്ഠമായ വിഭവങ്ങളോടെയുള്ള അത്താഴവും കഴിച്ച് ചിലപ്പോള്‍ വൈകിയായിരിക്കും വീടണയുന്നത്.
                          സായന്തനം പ്രണയതീവ്രമായൊരുദിനം മാനത്തെ ചുവന്നുതുടങ്ങിയ വെണ്‍മേഘങ്ങളെ നോക്കി അയാള്‍ പറഞ്ഞു.
                    “നിന്റെ കവിളുകളുടെ സിന്ദൂരഭംഗി ശരിക്കുമെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു. എനിക്കുവല്ല മാന്ത്രികസിദ്ധിയുമുണ്ടായിരുന്നെങ്കിലെന്നു ഞാനാശിച്ചുപോവുകയാണ്. അങ്ങിനെയെങ്കില്‍ നമുക്കുചുറ്റുമൊരു മഞ്ഞിന്റെ പുകമറസൃഷ്ടിച്ച് നിന്നെ ഞാനിപ്പോള്‍ കടിച്ചുതിന്നേനെ.”
                          ആര്‍ത്തിപൂണ്ട അയാളുടെ കണ്ണുകളില്‍ നിന്നും നാണത്തോടെ മുഖംതിരിച്ച് അവള്‍ പറഞ്ഞു.
                  “നമുക്കുപോവാം...”
അവളെഴുനേറ്റുനടന്നു.
                             തൃപ്തമായൊരു മന്ദഹാസത്തോടെ അയാളുമെഴുനേറ്റു. അവളുടെ കവിളുകളില്‍ നാണത്തിന്റെ ചെഞ്ചായം പുരണ്ടിരുന്നു. കണ്‍പീലികള്‍ എന്തിനോവേണ്ടിത്തുടിച്ചിരുന്നു. ഉടയാടകളില്‍നിന്നും വമിച്ചിരുന്ന വശ്യഗന്ധം മറ്റുസന്ദര്‍ശകരെപ്പോലും ആകര്‍ഷിച്ചിരുന്നു. അവള്‍ ഒരു മന്ദസ്മിതത്തിലൊളിപ്പിച്ചിരുന്ന സംതൃപ്തിയെ അയാള്‍ ഒരു ഗൂഡസ്മിതത്തോടെ ഒളിക്കണ്ണിട്ടുനോക്കി.
                                ഉദ്യാനത്തിന്റ അതിരില്‍ തലയുയര്‍ത്തിനിന്ന കാറ്റാടിമരത്തില്‍ അരിപ്രാവുകള്‍ കുറുകിയണഞ്ഞൊരു ദിനത്തില്‍ അയാള്‍ പറഞ്ഞു.
                     “നമ്മുടെ ജീവിതം ജലഭിത്തിപോലെ സുതാര്യമാവണം. നമുക്കിടയില്‍ രഹസ്യങ്ങളുടെ അതിര്‍ത്തിരേഖകരുത്. ഈ പുല്‍ത്തകിടിയിലെ പുല്‍നാമ്പുകളെ സാക്ഷിനിര്‍ത്തി നമുക്കു നമ്മുടെ വിവാഹപൂര്‍വ്വകാല രഹസ്യങ്ങള്‍ കൈമാറാം..”
                         ബാല്യ കൗമാര യൗവനങ്ങളിലെ പ്രണയാനുഭവങ്ങളെ തീവ്രതയരിച്ചുമാറ്റി, അരികും മൂലയും ചെത്തിമിനുക്കി, അപകടമില്ലാത്തവിധത്തില്‍ അവരിരുവരും പങ്കുവച്ചു. പുല്‍നാമ്പുകള്‍ അവകേട്ട് കോരിത്തരിച്ചു. ഉരുകിപ്പടര്‍ന്നുകിടന്ന മഞ്ഞുകണങ്ങള്‍ വീണ്ടും ഉറഞ്ഞുകൂടി. എല്ലാമൊരു തമാശയായിക്കാണുന്നെന്നമട്ടിലിരുവരും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് പ്രണയചേഷ്ടകള്‍കാട്ടി, അന്തരീക്ഷത്തിലെ ശേഷിച്ചപുകയെ അലിയിച്ചുകളഞ്ഞു. ഇത്തവണയും നാണത്തോടെ അവളെഴുനേറ്റു. അയാള്‍ പിന്നാലെയും. അപ്പോഴും അയാളുടെ ഒളികണ്ണുകള്‍ അവളുടെ കവിളുകളില്‍ വിരിഞ്ഞ സിന്ദൂരപ്പൂക്കളെ ഏറുകണ്ണിട്ടുനോക്കി.

                            പിന്നൊരു ദിവസം പുല്‍നാമ്പുകള്‍ കോരിത്തരിച്ചത് അയാളുടെ ജോലിസ്ഥലത്തെ തമാശകള്‍ കേട്ടായിരുന്നു. പെണ്‍സുഹൃത്തുക്കളുടെ തുറന്നപെരുമാറ്റവും, അവരുടെ ഇടപെടലുകളും, തമാശകളും അതിലെ നിഷ്കളങ്കതയും എല്ലാം അയാള്‍ അരികുകള്‍ ചെത്തിമിനുസപ്പെടുത്തി, മുറിവേല്‍ക്കാതെ പറഞ്ഞൊതുക്കി. അവള്‍ തമാശകള്‍ കേട്ട് കുടുകുടാചിരിച്ചു. അവളുടെ മൂക്കിന്‍തുമ്പും, കവിളുകളും എന്തിനോ ഇത്തവണയും ചുവന്നിരുന്നു. അയാള്‍ കാണാതെ ചേലത്തുമ്പുകൊണ്ട് നാസികാഗ്രത്തിലെ വിയര്‍പ്പുമണികള്‍ ഒപ്പിക്കളഞ്ഞ് അവള്‍ എഴുനേറ്റു. പരിക്കേല്‍ക്കാത്തതിന്റെ ആശ്വാസത്തോടെ, തന്റെ വാഗ്ചാതുരിയില്‍ നിഗൂഢമായി അഭിമാനിച്ച് അയാളും എഴുനേറ്റു.

                            ഐസ്ക്രീം നുണയുന്നതിനിടയില്‍ താഴെയിറ്റിപ്പോയ വെളുത്തതുള്ളികളില്‍ കുനിയനുറുമ്പുകള്‍ അരിച്ചെത്തുന്നതില്‍ ദൃഷ്ടിയുറപ്പിച്ചാണ് അയാള്‍ യൗവനത്തിന്റെ തീഷ്ണതയില്‍ തിളച്ചുമറിഞ്ഞചൂടില്‍ ഞരമ്പുകള്‍ ചുട്ടുപഴുത്തപ്പോള്‍ തനിക്കുപിണഞ്ഞുപോയൊരബദ്ധത്തെപ്പറ്റി അവളോട് പറഞ്ഞത്. അതു വിവരിക്കുമ്പോള്‍ പെയ്തുതോര്‍ന്ന തുലാമഴയുടെ ഈറന്‍ തങ്ങിനിന്ന സന്ധ്യയിലും അയാള്‍ വിയര്‍ത്തൊഴുകിയിരുന്നു. ചുമലില്‍ കൈകള്‍വച്ച് മറ്റെങ്ങോ നോട്ടമുറപ്പിച്ചിരുന്ന അയാളെ തന്നിലേക്ക് തിരിച്ച് അവള്‍ നനുത്ത ചിരിചിരിച്ചു. ആ നനുത്ത ചിരിയില്‍ അവിടെ രൂപപ്പെട്ട കറുത്തമേഘപടലം ഘനീഭവിച്ചു മഞ്ഞുമഴയായി പെയ്തു. അയാളുടെ കണ്ണുകള്‍ പെയ്തുകൊണ്ടേയിരുന്നു. സാരിത്തുമ്പുകൊണ്ട് അയാളുടെ വീര്‍ത്തുതുടുത്ത കവിളുകളിലെ കണ്ണുനീര്‍ച്ചാലുകളെയും നെറ്റിയിലെ വിയര്‍പ്പുതുള്ളികളെയും ഒപ്പിയെടുത്ത് അവള്‍ പറഞ്ഞു.
സാരമില്ല. കഴിഞ്ഞുപോയതല്ലെ? ഞാന്‍ ക്ഷമിച്ചിരിക്കുന്നു.”
അവള്‍ എഴുനേറ്റു. പിന്നാലെ അയാളും.

                                   ഡിസംബറിന്റെ തണുപ്പില്‍ നേരത്തെ പോയ്മറഞ്ഞ സൂര്യനെയോര്‍ക്കാതെ, പരസ്പരം കൈകളില്‍ തലചായ്ച്ച് തെളിഞ്ഞ മാനത്തെ അന്തിശോഭയില്‍ കണ്ണുകളുടക്കി അവര്‍ രഹസ്യങ്ങളുടെ ഭാരങ്ങളെല്ലാമൊടുങ്ങി സ്വച്ഛമായ മനസ്സോടെ പരസ്പരം നോക്കി.
അയാള്‍ പറഞ്ഞു.
                  “നേരമിരുട്ടി. നമുക്കുപോകാം"
                  “എനിക്കൊരു രഹസ്യം കൂടെ പറയാനുണ്ട്”
അവള്‍ മനസ്സിന്റെ തുറക്കാത്ത തുരുമ്പെടുത്ത വിജാഗിരികള്‍ കടുപ്പിച്ച വാതിലുകള്‍ തുറന്നിട്ടു. കെട്ടിനിന്ന വായുവിന്റെ അസ്വസ്ഥ ഗന്ധമാര്‍ന്ന വിറയലോടെ അവള്‍ പറഞ്ഞു.
                   “എല്ലാം മനസ്സുതുറന്നു കൈമാറി സ്ഫടികംപോലെ സുതാര്യമായ ബന്ധം നമുക്കിടയിലുള്ളപ്പോള്‍ എനിക്കതുപറയാതിരിക്കാനാവുന്നില്ല.”
അവള്‍ വിക്കി.
                       “എന്തായാലും പറഞ്ഞോളൂ.. ”
അല്‍പ്പമൊരാശങ്കയുടെ നീരസമുണ്ടായിരുന്നെങ്കിലും അയാള്‍ പ്രോത്സാഹിപ്പിച്ചു.

                                       രാത്രിയുടെ ഇരുട്ടില്‍ ഫാനിന്റെ മുരളിച്ചയാര്‍ന്ന തണുപ്പില്‍ എല്ലാംമറന്നൊന്നുചേരുമ്പോള്‍ തന്റെ മനസ്സിലൊരിക്കല്‍പ്പോലും അയാളുടെ മുഖം തെളിഞ്ഞിരുന്നില്ലെന്ന പരമരഹസ്യം അവള്‍ വെളിവാക്കിയപ്പോള്‍ അയാളുടെ മുഖവും വിളറിയിരുന്നു. സമാഗമങ്ങളില്‍ മനസ്സില്‍ മിന്നിമറയാറുള്ള അഭ്രപാളികളിലും, നിത്യജീവിതത്തിലും പരിചിതങ്ങളായ നിറമാദകത്വങ്ങള്‍ അയാളുടെ മനസ്സിലും മിന്നലുകള്‍ പായിച്ചു. അതിന്റെ പ്രഭയില്‍ അയാള്‍ മുഖത്തൊരു കൃത്രിമഗൗരവം എടുത്തണിഞ്ഞു. രഹസ്യങ്ങള്‍ കേട്ട് കോരിത്തരിച്ചുപോയ പുല്‍നാമ്പുകളില്‍ മഞ്ഞുറഞ്ഞു തുടങ്ങിയിരുന്നു. രഹസ്യത്തിന്റ താക്കോല്‍ വലിച്ചെറിഞ്ഞ ആശ്വാസത്തോടെ അവള്‍ പ്രതീക്ഷയോടെ തിരിഞ്ഞുനോക്കിയപ്പോള്‍ അയാള്‍ കാല്‍മുട്ടുകളില്‍ മുഖം ചേര്‍ത്തിരിക്കയായിരുന്നു. ആശങ്കയുടെ വിറയലോടെ അവള്‍ വിയര്‍ത്തുകുതിര്‍ന്ന കൈകള്‍ അയാളുടെ ചുമലില്‍വച്ചനിമിഷം ഗൗരവമാര്‍ന്ന മുഖത്തോടെ അയാള്‍ എഴുനേറ്റു. അവളും എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം ശങ്കിച്ച്, പിന്നെ സാവധാനമെഴുനേറ്റ് അയാളുടെ പിന്നാലെ നടന്നു.

അഭിപ്രായങ്ങള്‍

  1. സത്യം വദ: എന്നാണെങ്കിലും എല്ലാ സത്യങ്ങളും പറയണമെന്നില്ല. കഥ നന്നായി പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. ithra suthryamaya oru sathyam aaru paranju thannu..

    മറുപടിഇല്ലാതാക്കൂ
  3. പഴയ പ്രണയ അനുഭവങ്ങള്‍ പങ്കുവെക്കാതിരിക്കയാണ് സുസ്ഥിര ദാമ്പത്യജീവിതത്തിന്‌ നല്ലത്. അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക. നല്ല കഥ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. പ്രിയപ്പെട്ട ശ്രീജിത്ത്‌,

    വളരെ നന്നായി തന്നെ പറഞ്ഞു,ഈ കഥ !

    എല്ലാ സത്യങ്ങളും പറയണമെന്നില്ല. സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍ ചില അപ്രിയ സത്യങ്ങള്‍ പറയരുത്.

    ആശംസകള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനു..
      ദീര്‍ഘകാലത്തിനുശേഷമുള്ള ഈ വരവിനും വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി...

      ഇല്ലാതാക്കൂ
  5. നഃ ബൃയാത് സത്യം അപ്രിയം

    (ഈ കഥയും കഴിഞ്ഞ കഥയും ഒരേ തരത്തിലുള്ള കണ്‍സ്ട്രക്ഷന്‍ ആണെന്ന് എനിക്ക് തോന്നി വായനയില്‍)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് അജിത്ജീ..
      ഈ കഥ എഴുതിയശേഷം ഒന്നുകൂടെ ഗൗരവമായ ദാമ്പത്യപ്രശ്നം ചര്‍ച്ചചെയ്യണമെന്നുദ്ദേശിച്ചാണ് മൂര്‍ഖന്‍പാമ്പുകള്‍ എഴുതിയത്. പിന്നെ ഇതിനെ ഒന്നു മോഡിഫൈ ചെയ്ത് പോസ്റ്റി നോക്കാമെന്നുകരുതി. അഭിപ്രായമറിയാമല്ലോ.. എന്ന ഉദ്ദേശ്യത്തില്‍..
      കുറച്ചുമുമ്പെഴുതിയൊരു ദാമ്പത്യകഥ കൂടെ പോസ്റ്റ് ചെയ്യാനുദ്ദേശിക്കുന്നു. അടുത്ത ലക്കത്തില്‍..

      ഇല്ലാതാക്കൂ
  6. സത്യം ചിലപ്പോള്‍ ഇങ്ങനെയുമാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് എച്ച്മൂ..
      സത്യം നമ്മള്‍ മറച്ചുവയ്ക്കണമല്ലേ?

      ഇല്ലാതാക്കൂ
  7. വളരെ നല്ല അവതരണം. പലയിടങ്ങളിലും വാക്കുകളുടെ പ്രയോഗങ്ങള്‍ സുന്ദരമായിരിക്കുന്നു. ആശംസകള്‍ ശ്രീജിത്ത്‌

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജാലിയാഫ്..
      വളരെ നന്ദി..
      വരവിനും അഭിപ്രായത്തിനും..

      ഇല്ലാതാക്കൂ
  8. “എല്ലാം മനസ്സുതുറന്നു കൈമാറി സ്ഫടികംപോലെ സുതാര്യമായ ബന്ധം നമുക്കിടയിലുള്ളപ്പോള്‍ എനിക്കതുപറയാതിരിക്കാനാവുന്നില്ല.”
    വിശ്വാസം രക്ഷിക്കട്ടെ,അല്ലേ?
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്