ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
എന്റെ വായന 
ശ്രീജ വാര്യർ

പുസ്തകാവലോകനം

കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത് 

                      കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് . 

                          നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി . 

                    അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പിക്കുന്ന കുരുവിലോകവും അവിടത്തെ  കാഴ്ചകളും ബാലമനസ്സുകളെ മാത്രമല്ല   എല്ലാ ആസ്വാദകമനസ്സുകളെയും   അതിശയിപ്പിക്കും . പുഷ്പസിംഹാസനത്തിലിരിക്കുന്ന  കുരുവിരാജാവും  പടുവൃദ്ധനായ കുരുവിവൈദ്യനും  കുഞ്ഞുങ്ങൾക്ക് നൽകുന്ന  സദ്സന്ദേശം മുതിർന്നവരെയും ഒന്നു ചിന്തിപ്പിക്കുന്നു . 

                           കണ്ടൻപൂച്ചയുടെ  ആക്രമണത്തിൽ പരിക്കേറ്റ കുരുവിയെ മണിക്കുട്ടൻ രക്ഷിക്കുകയായിരുന്നു .   അതിനു പ്രതിഫലമായിട്ടാണ്  അവൾ അവനെ കുരുവികൾക്ക് മാത്രമായുള്ള  ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നത് .   തന്റെ വീട്ടിൽ  തന്റെ കൺവെട്ടത്തുതന്നെ   കൂടുകൂട്ടാൻ   അവൻ കുരുവിയ്ക്ക്   അനുമതി നൽകുന്നു . കുരുവിക്കുഞ്ഞ് വലുതായി  ഇണയെ കണ്ടെത്തുന്നതും കൂട്ടിൽ മുട്ടയിടുന്നതും അതിന് അടയിരിക്കുന്നതുമെല്ലാം മണിക്കുട്ടൻ  കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു  . മുട്ട തിന്നാൻ പാമ്പ് വരുമെന്ന് പറഞ്ഞ് അച്ഛൻ ആ കൂട് നശിപ്പിക്കുവാൻ ശ്രമിച്ചത് അവന്റെ മനസ്സിനെ വല്ലാതെ  ദു:ഖിപ്പിച്ചു . താൻ അഭയം നൽകിയവരെ വീട്ടുകാർ ഉപദ്രവിക്കുമൊ , കുരുവികാരണവർ അച്ഛനെ ശപിക്കുമോ എന്നൊക്കെയോർത്ത് അവൻ  ആധിയെടുത്തു . അത് കടുത്ത പനിയായി മാറി . മാതാപിതാക്കൾ എത്ര ആശ്വസിപ്പിച്ചിട്ടും  അവന്റെ ആധി മാറിയില്ല . ഒടുവിൽ  കുരുവിപ്പെണ്ണ് അവനെ  വീണ്ടും കുരുവിലോകത്തിൽ  കൊണ്ടുപോവുകയും കുരുവി വൈദ്യൻ  തേൻമരുന്ന് നൽകുകയും അതിലൂടെ അവൻ  പൂർണ്ണമായും സുഖപ്പെടുകയും ചെയ്തു . ഈ അതിശയിപ്പിക്കുന്ന കഥകളെല്ലാം കേട്ട് അമ്പരന്നുപോയ മാതാപിതാക്കളെക്കൂടി   കുരുവിലോകത്തിലേയ്ക്കു പ്രവേശിപ്പിക്കുവാൻ  കുരുവിക്കാരണവർ അനുമതി നൽകുന്നു . 

                           വായനക്കാരുടെ മനസ്സിൽ കൗതുകവും  ആകാംക്ഷയും ഒപ്പം നല്ല ചിന്തകളുമുണർത്തുന്ന  ഈ നോവൽ കുഞ്ഞുങ്ങളെ പെട്ടെന്ന് ആകർഷിക്കുമെന്നതിൽ സംശയമില്ല . മണിക്കുട്ടനെപ്പോലെയുള്ള കുസൃതിക്കുരുന്നുകളെ  നല്ലശീലങ്ങൾ പഠിപ്പിക്കുവാൻ  ഇതുപോലുള്ള ഭാവനാത്മകമായ കൃതികൾ  വളരെ സഹായിക്കുന്നു . ഇത്തരം ബാലസാഹിത്യകൃതികൾ  കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാനായാൽ  അവരിൽ വായനാശീലം താനേയുണരും . നല്ലൊരു അദ്ധ്യാപകൻ കൂടിയായ നോവലിസ്റ്റിന് ഈ മേഖലയിൽ ഇനിയും കർമ്മനിരതനാകാനും  അതിലൂടെ പിഞ്ചുമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു . ഈ നല്ല  നോവൽ വായനക്കാരിലേയ്ക്കെത്തിച്ച ഗ്രീൻ ബുക്ക്‌സ്  പ്രസാധകർക്കും ആശംസകൾ ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...