ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാടമ്പിന്റെ മനസ്സ്

Sunday 10 February 2019 3:06 am IST
തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം
മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു?
അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പുതിയ എഴുത്തുകള്‍ കാണുന്നുണ്ട്. ശ്രദ്ധിക്കുന്നുണ്ട്. നല്ല കഥകളുണ്ട്. കോലം കെട്ടലുകളുമുണ്ട്. എഴുത്തില്‍ കാമ്പുണ്ടാവുകയെന്നതാണ് കാര്യം. അല്ലാതെ കോലംകെട്ടലുകള്‍കൊണ്ട് കാര്യമൊന്നുമില്ല. അതൊന്നും നിലനില്‍ക്കില്ല. 

മലയാളത്തില്‍ നിന്ന് വിശ്വോത്തരമായ സാഹിത്യങ്ങള്‍ ഉണ്ടായിട്ടില്ലെന്ന അഭിപ്രായമുണ്ടോ?
അങ്ങനെയൊരഭിപ്രായമില്ല. മലയാള ഭാഷയുണ്ടായിട്ട് അധികം കാലമായിട്ടില്ലല്ലോ. തമിഴ് പോലെയും, സംസ്‌കൃതം പോലെയും വലിയ പാരമ്പര്യവും പഴക്കവുമുള്ള ഭാഷയല്ലല്ലോ നമ്മുടേത്. ലോക നിലവാരത്തിലുള്ള കഥകളൊക്കെ മലയാളത്തിലുണ്ടായിട്ടുണ്ട്. ഇനിയുമുണ്ടാവും. ധാരാളം സമയമുണ്ടല്ലോ.

എഴുത്തുകാരന്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ആളാവേണ്ടതുണ്ടോ?
എഴുത്തുകാരന് മാത്രമായി അങ്ങനെ പ്രതിബദ്ധതയുടെ ആവശ്യമൊന്നുമില്ല. സമൂഹത്തിലെ എല്ലാവര്‍ക്കും പ്രതിബദ്ധതയുണ്ട്. അതുപോലെയേ എഴുത്തുകാരനുമുള്ളൂ. ചിത്രകാരന്‍ പിക്കാസോ ഗൂര്‍ണിക്കയിലൂടെ യുദ്ധത്തിന്റെ അവസ്ഥകളെയെടുത്തുകാണിക്കുന്നുണ്ട്. ചിത്രരചനയില്‍ അതുപോലെയുള്ള ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. വാന്‍ഗോഗിന്റെയും നമ്മുടെ രാജാരവിവര്‍മ്മയുടെയുമൊക്കെ ചിത്രങ്ങളുണ്ട്. പിക്കാസോയുടെ ചിത്രങ്ങളുടെതന്നെ ചെറിയ പകര്‍പ്പുകളേ നമ്മള്‍ കണ്ടിട്ടുള്ളൂ. യഥാര്‍ത്ഥത്തിലുള്ളത് കാണാനുള്ള അവസരം നമുക്കുണ്ടായിട്ടില്ല. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുടെ പ്രതിഫലനം കലയിലുണ്ടാകുന്നതുപോലെ സാഹിത്യത്തിലുമുണ്ടാകും. അല്ലാതെ എന്റെയഭിപ്രായത്തില്‍ എഴുത്തുകാരന് മാത്രമായി സാമൂഹ്യ പ്രതിബദ്ധതയൊന്നുമില്ല.

മാടമ്പിന്റെ രചനകളിലൂടെ അത്തരം സാമഹ്യവിമര്‍ശന ശ്രമങ്ങളുണ്ടായിട്ടില്ലേ?
ഞാനങ്ങന്യൊന്നും വിചാരിച്ചിട്ടില്ല. ഞാനങ്ങിന്യൊന്നും ഉദ്ദേശിച്ചിട്ടേയില്ല. അതിനിടെ കമ്മ്യൂണിസ്റ്റുകാര്‍ പറഞ്ഞുനടക്കുന്നത് കേട്ടു, മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനകള്‍ സമൂഹത്തിനെ അമ്പതുകൊല്ലം പിന്നോട്ട് വലിക്കുന്നുവെന്ന്. ഞാന്‍ വിചാരിച്ചാല്‍ സമൂഹം അമ്പതുകൊല്ലം പിന്നാക്കം പോവുന്നൂന്ന് വെച്ചാ പരമബോറല്ലേയത്? ഒരു മാടമ്പ് കുഞ്ഞുകുട്ടന്‍ വിചാരിച്ചാല്‍ ഏത് സമൂഹാ അങ്ങനെ അമ്പതുകൊല്ലം പുറകോട്ട് പോവുന്നത്? എന്തു വിഡ്ഢിത്തമാണവര്‍ പറയുന്നത്? 

താങ്കളുടെ 'ഭ്രഷ്ട്' എന്ന നോവല്‍ സമൂഹവിമര്‍ശനം ലക്ഷ്യമിട്ട രചനയായിരുന്നില്ലേ?
ഭ്രഷ്ടിലൂടെ സാമൂഹ്യവിമര്‍ശനമൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. എന്റെ രണ്ട് മുത്തപ്പന്‍മാര്‍ ഭ്രഷ്ടായിട്ടുണ്ട്. 1905-ലാണ് ഭ്രഷ്ടുണ്ടായിട്ടുള്ളത്. എന്റെ കുടുംബത്തിലെ ചിലരും ഭ്രഷ്ടായിട്ടുണ്ട്. കുറിയേടത്ത് താത്രി എന്ന സുന്ദരിയായ സ്ത്രീ നമ്പൂതിരി സമുദായത്തിലുണ്ടാക്കിയ ചലനങ്ങളായിരുന്നു അവ. അതൊക്കെയുണ്ടായതാണ്. ആ വിചാരണയും കാര്യങ്ങളുമൊക്കെ ഞാന്‍ നോവലിലെഴുതിയിട്ടുണ്ട്. 

ഏറ്റവുമിഷ്ടപ്പെട്ട വിശ്വസാഹിത്യകാരനാരാണ്? 
ടോള്‍സ്റ്റോയിയെയാണ് ഏറ്റവുമിഷ്ടം. ദസ്തയേവ്‌സ്‌കിയെയുമിഷ്ടമാണ്. പക്ഷേ, ദസ്‌തേവ്‌സ്‌കിയുടെതിനേക്കാള്‍ മികച്ച എഴുത്ത് ടോള്‍സ്റ്റോയിയുടേതാണ്. ടോള്‍സ്റ്റോയിയൊരു പ്രഭുവായിരുന്നു.

അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം എന്നീ നോവല്‍ത്രയങ്ങള്‍ രചിക്കാനിടയായ സാഹചര്യമെങ്ങനെയായിരുന്നു? ശ്രീരാമകൃഷ്ണ ആശയങ്ങള്‍ അത്രയധികം സ്വാധീനിച്ചിട്ടുണ്ടോ?
ഉണ്ട്. ശ്രീരാമകൃഷ്ണദേവനെ മനസ്സിലാക്കുക എളുപ്പമല്ല. ബുദ്ധിയുണ്ടെങ്കില്‍ നമുക്ക് വിവേകാനന്ദനെ മനസ്സിലാക്കാം. പക്ഷേ പരമഹംസരെ മനസ്സിലാക്കുന്നത് ഒരു ആത്മീയ അനുഭൂതിയാണ്. ഒരു ലയനമാണത്. രമണമഹര്‍ഷിയെക്കുറിച്ചു മനസ്സിലാക്കുന്നതും അതുപോലെയാണ്. പരമഹംസരെക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്. ഏറെ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പരമഹംസരെക്കുറിച്ച് അരുണ്‍ഷൂരിയുടെ രണ്ട് പുസ്തകങ്ങളുണ്ട്. രമണമഹര്‍ഷിയെക്കുറിച്ചും ഷൂരി എഴുതിയിട്ടുണ്ട്. നല്ല പുസ്തകങ്ങളാണ്.

ഒരു എഴുത്തുകാരന്‍ മുഴുവന്‍ സമയ എഴുത്തുകാരനാവേണ്ടതുണ്ടോ? അതെത്രത്തോളം പ്രായോഗികമാണ്? മാടമ്പ് ഒരു മുഴുവന്‍ സമയ എഴുത്തുകാരനാണോ?
മുഴുവന്‍ സമയവും എഴുതാന്‍ പറ്റ്വോ? ഞാനങ്ങനെ മുഴുവന്‍ സമയ എഴുത്തുകാരനൊന്ന്വല്ല. ഉപജീവനത്തിനുവേണ്ടി എഴുതുന്നു. മടിയന് പറ്റിയ പണിയാണ് എഴുത്തെന്ന് ഞാന്‍ പറയും. (ചിരിക്കുന്നു.) പക്ഷേ ഇപ്പോള്‍ എഴുത്തുകൊണ്ട് ജീവിക്കാന്‍ പറ്റും.

എഴുത്തിലെ സുഹൃത്തുക്കളാരൊക്കെയായിരുന്നു? എഴുത്തുകാരുടെ കൂട്ടങ്ങളിലൊക്കെയുണ്ടായിരുന്നോ?
ഇല്ല. എനിക്കങ്ങനെ കൂട്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കോവിലനായിരുന്നു അടുത്തുള്ളത്. എനിക്കക്കാലത്ത് ഒരു എഴുത്തുകാരനെ കാണാന്‍ കിട്ടുന്നത് കോവിലനെയാണ്. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചെന്നു പറയാം. ഒ.വി. വിജയനെ ഇഷ്ടമായിരുന്നു. നല്ല എഴുത്താണ് വിജയന്റേത്. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ് ഇഷ്ടപ്പെട്ടത്. വിജയനുമായി അടുപ്പമുണ്ടായിരുന്നു. മുകുന്ദന്‍ ദല്‍ഹിയിലായിരുന്നല്ലോ. വലിയ അടുപ്പമുണ്ടായിട്ടില്ല. പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായി നല്ല ബന്ധമുണ്ടായിരുന്നു. വി.കെ.എന്നുമായും അടുപ്പമുണ്ടായിരുന്നു. രാഷ്ട്രീയം ഉള്ളംകൈയിലുള്ളയാളായിരുന്നു വി.കെ.എന്‍. വി.ടി.ഭട്ടതിരിപ്പാടുമായും അടുത്ത ബന്ധമുണ്ടായിരുന്നു. വി.ടി.യുടെ നാടകങ്ങളിലൊക്കെ ഞാനഭിനയിച്ചിട്ടുണ്ട്. 'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' നാടകത്തില്‍ ആദ്യം പകരക്കാരനായാണ് നിന്നത്. പിന്നെ അഭിനേതാവായി. പ്രേംജിയുടെ പ്രേരണയുണ്ടായിട്ടുണ്ട്. പ്രേംജിയാണ് പറഞ്ഞത്, താനഭിനയിച്ചാല്‍ മതിയെന്ന്. പിന്നെ നാട്ടിലെ നാടകങ്ങളിലൊക്കെ അഭിനയിക്കും. സ്‌കൂള്‍ നാടകങ്ങളിലുമൊക്കെ.

സ്‌കൂള്‍ വിദ്യാഭ്യാസമെങ്ങനെയായിരുന്നു?
സ്‌കൂളില്‍ ഞാന്‍ മൂന്നു വര്‍ഷം മാത്രേ പഠിച്ചിട്ടുള്ളൂ. പിന്നീട് സ്വയം പഠനമായിരുന്നു. സംസ്‌കൃതം പഠിച്ചു. കൊടുങ്ങല്ലൂരെത്തിയപ്പോള്‍ പഠിക്കാന്‍ ധാരാളം സൗകര്യം കിട്ടി. നല്ല ലൈബ്രറിയുണ്ടായിരുന്നു അവിടെ. കൊടുങ്ങല്ലൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്നു. സംസ്‌കൃതമാണ് പഠിപ്പിച്ചത്. പിന്നീടാണ് ആകാശവാണിയിലേക്ക് വന്നത്. അന്ന് അക്കിത്തം കോഴിക്കോട് ആകാശവാണിയിലാണ്. ബന്ധമുണ്ടായിരുന്നു. പിന്നെ തൃശൂര്‍ ആകാശവാണിയില്‍ എസ്. രമേശന്‍ നായര്‍ വന്നു.
അടിയന്തരാവസ്ഥക്കാലത്ത് ഞാനും കുഞ്ഞുണ്ണിമാഷും മൂകാംബികയിലേക്കു പോയി. അവിടുന്ന് ഗോകര്‍ണ്ണത്തേക്ക് പോയി. മാഷ് പറഞ്ഞിട്ടും ആ സമയത്ത് ഇങ്ങോട്ട് തിരിച്ചുവരാന്‍ ഞാന്‍ തയ്യാറായില്ല. ഇവിടെ നിന്നാല്‍ അറസ്റ്റ് ചെയ്യുംന്ന് പേടിയുണ്ടായിരുന്നു. ഹിന്ദുവെന്ന് പറയുന്നവരെയൊക്കെ പോലീസ് പിടിച്ചുകൊണ്ടുപോകുന്ന കാലമല്ലേ. എന്റെയളിയനെയന്ന് പോലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയുണ്ടായിട്ടുണ്ട്. അളിയന്‍ ആര്‍എസ്എസ് ആയിരുന്നുവെന്നതായിരുന്നു പോലീസ് പിടിച്ചുകൊണ്ടുപോകാന്‍ കാരണം. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കൂടുതലും വേട്ടയാടിയത് ആര്‍എസ്എസുകാരെയാണ്.

സിനിമയിലേക്ക് വരുന്നതെങ്ങനെയാണ്?
ആദ്യസിനിമ അശ്വത്ഥാമാവാണ്. പി.ടി. കുഞ്ഞുമുഹമ്മദും കെ.ആര്‍. മോഹനും കൂടിയാണ് അശ്വത്ഥാമാവ് സിനിമയാക്കുന്നതിനെക്കുറിച്ച് പറയാനിവിടെ വന്നത്. തിരക്കഥയും അഭിനയവുമൊക്കെയായി എട്ടോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. ചെയ്ത സിനിമകളിലെല്ലാം തൃപ്തിയാണ്.

 എഴുത്തുകാരന്‍, സിനിമാക്കാരന്‍, ആനക്കാരന്‍ ഇതില്‍ ഏതുവിശേഷണമാണ് മാടമ്പിന് ഇഷ്ടം?
വിശേഷണം നാമത്തിന്റെ ശത്രുവാണ്. ഹെമിംഗ്‌വേ പറഞ്ഞതാണത്. എനിക്ക് മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന വിശേഷണം മതി. മറ്റൊന്നും വേണ്ട.

ആനക്കമ്പം ഉണ്ടാകുന്നതെങ്ങനെയാണ്?
ഇവിടെ മനയില്‍ പണ്ടുമുതലേ ആനയുണ്ട്. പിന്നെ ആറാം തമ്പുരാന്റെയടുത്ത് പഠിച്ചിട്ടുണ്ട്. പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെയാണ് ആറാം തമ്പുരാനെന്നു പറഞ്ഞത്. മാതംഗലീല പഠിച്ചിട്ടുണ്ട്.

എഴുത്തിനെ പെണ്ണെഴുത്ത്, ആണെഴുത്ത് എന്നൊക്കെ വേര്‍തിരിക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?
സാഹിത്യം നന്നാവണം. എഴുതുന്നത് നന്നായാല്‍ മാത്രമേ കാര്യമുള്ളൂ. അതില്‍ ആണ് പെണ്ണ് എന്നൊന്നുമില്ല. ആണുങ്ങള്‍ എഴുതിയാല്‍ കേമാവൂന്നോ, പെണ്ണുങ്ങള്‍ എഴുതിയാല്‍ കേമാവൂന്നോ, മോശാവൂന്നോ എന്നൊന്നുമില്ല. എഴുത്തില്‍ കാമ്പുണ്ടെങ്കില്‍ ശ്രദ്ധിക്കപ്പെടും. വായിക്കപ്പെടും. നന്നായി എഴുതുന്ന പെണ്ണുങ്ങളുമുണ്ട്. മോശം രചനകളുമുണ്ട്. ഇപ്പോള്‍ ആരാണ് നന്നായി എഴുതുന്നത്? സാറാ ജോസഫിന്റെ ബുധിനിയൊക്കെ വായിക്കണമെങ്കില്‍ ഇങ്ങോട്ടു പണംതരേണ്ടിവരും. അത്രയ്ക്ക് ബോറാണത്. ആലാഹയുടെ പെണ്‍മക്കളെന്നോ മറ്റോ പറഞ്ഞൊരെണ്ണമെഴുതിയിട്ടുണ്ടവര്‍. അതും ഇതുപോലെത്തന്നെയാണ്.

ഭാരതീയമായ എന്തിനെയും തള്ളിപ്പറയുക, അപഹസിക്കുക, ദേശീയതയെ അപനിര്‍മ്മിക്കുക തുടങ്ങിയവ ഇപ്പോഴത്തെയൊരു പ്രവണതയായിട്ടുണ്ട്. അതിനെയെങ്ങനെ കാണുന്നു?
അതൊക്കെ താല്‍ക്കാലിക പരസ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങളാണ്. എന്തുചെയ്തും പ്രശസ്തനാവാനുള്ള വിദ്യയാണത്. അത്തരക്കാരെയൊക്കെ കാലം തള്ളിക്കളയും. അച്ഛനെ തല്ലിയാലും, അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ടെന്ന് കേട്ടിട്ടില്ലേ? അതുപോലെയാണത്. എഴുത്തുകാരൊന്നുമല്ല അവര്‍. എഴുത്തുകാര്‍ക്കങ്ങനെ ദേശീയതയോട് വിരോധമുണ്ടാകേണ്ട കാര്യമൊന്നുമില്ല. അങ്ങനെയുള്ളവരെ ദേശത്തുനിന്നും പുറത്താക്കണം. 

ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളെക്കുറിച്ച് എന്താണഭിപ്രായം?
കച്ചവടം തന്നെയാണ് ഉദ്ദേശ്യം. അതിലൂടെ പലരും പ്രശസ്തരാവുന്നുണ്ടല്ലോ. ചിലര്‍ക്കത് താത്കാലികമായിരിക്കും. സാഹിത്യത്തിന് ഗുണംചെയ്യുമായിരിക്കും. പുസ്തകങ്ങള്‍ വിറ്റുപോകുന്നുണ്ടല്ലോ. ബെസ്റ്റ് സെല്ലര്‍ എന്നൊക്കെ പറയുന്നത് എത്രത്തോളമുണ്ടെന്നറിയില്ല. മൂവായിരം കോപ്പിയടിച്ചാല്‍ ബെസ്റ്റ് സെല്ലറായി എന്നാണ് പറയുന്നത്. ഇംഗ്ലീഷിലെഴുതിയാല്‍ മഹത്തരമാണ് എന്നൊരു വിചാരമുണ്ടിപ്പോള്‍.
വരേണ്യഭാഷയായതിനാല്‍ അതിലെന്തെഴുതിയാലും പ്രശസ്തിയും കിട്ടുന്നുണ്ട്. ലോകസാഹിത്യത്തില്‍ ഇംഗ്ലീഷില്‍ നിന്ന് മികച്ചവയെന്ന് പറയാന്‍ അധികമൊന്നുമുണ്ടായിട്ടില്ല. ഷേക്‌സ്പിയറുടെ രചനകള്‍ മികച്ചതാണ്. ശക്തമായ ഭാഷ ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് പ്രത്യേകത. ഇന്നും ത്രസിപ്പിക്കുന്ന ഭാഷയാണത്. പഴയ ഇംഗ്ലീഷാണ് ഷേക്‌സ്പിയര്‍ ഉപയോഗിച്ചിട്ടുള്ളത്.
നമ്മുടെ ചമ്പുവൊക്കെപ്പോലെ പഴയരൂപം. ഗദ്യത്തിന് പ്രാന്ത് പിടിക്കുന്നതാണ് പദ്യം എന്നു കേട്ടിട്ടില്ലേ? സഞ്ജയന്‍ മികച്ച ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ഭാഷയിലെ മികവിനെക്കുറിച്ച് ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് വന്ന മെക്കാര്‍ത്തെ എന്ന പ്രൊഫസര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. മികച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. സഞ്ജയനെയൊന്നും നമ്മള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. എഴുത്തില്‍ ദേശീയതയുണ്ടാകുന്നത് നല്ലതാണ്. നമ്മുടെയൊക്കെയുള്ളില്‍ അതുണ്ടല്ലോ. എഴുതുമ്പോള്‍ സ്വാഭാവികമായിത്തന്നെ ദേശീയത വരും. 

ഇപ്പോള്‍ എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്?
പുതിയ പുസ്തകത്തിന്റെ രചനയിലാണ്. 'പിഴച്ച പന്ത്രണ്ട്' എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് വാള്യങ്ങളായാണ് ഉദ്ദേശിക്കുന്നത്. ഒന്നാമത്തേത് ദാ, ഇന്ന് കഴിഞ്ഞു. നിങ്ങള് വരുന്നതിനു മുമ്പ് എഴുതിത്തീര്‍ന്ന് അടിയില്‍ ശുഭം എന്ന് വരച്ചതേയള്ളൂ. ഇനിയത് പ്രസിദ്ധീകരണത്തിന് കൊടുക്കണം. അശ്വത്ഥാമാവ് കോളേജില്‍ പഠിക്കാനുണ്ടായിരുന്നു. പിന്നെ സ്‌കൂള്‍കുട്ടികളുടെ പാഠപുസ്തകത്തില്‍ ചെറിയ കഥകളൊക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലഭിച്ച പുരസ്‌കാരങ്ങള്‍?
കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡ് തിരക്കഥയ്ക്കാണ് കിട്ടിയത്. പിന്നെ 'തപസ്യ'യുടെ സഞ്ജയന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

പ്രകൃതിയോടുള്ള മാടമ്പിന്റെ കാഴ്ചപ്പാടെന്താണ്?
പ്രകൃതി സംരക്ഷിക്കപ്പെടണം. വൃക്ഷങ്ങളോടും, ജീവികളോടും നമുക്ക് ആദരവുണ്ടാകണം. പണ്ടൊക്കെയിവിടെ ആശാരിമാര്‍ വീടുപണിക്കൊക്കെ മരം മുറിക്കാനായി വരുമ്പോള്‍ മരങ്ങളോട് മാപ്പുപറയുമായിരുന്നു. എനിക്കൊരു കാമുകിയുണ്ട്. മുരുക്കുമരമാണ് എന്റെ കാമുകി. ഞാനവളെ ചേലയൊക്കെയുടുപ്പിച്ചിട്ടുണ്ട്. ഞാനടുത്തേക്കു ചെല്ലുമ്പോഴവള്‍ ശരീരത്തിലെ മുള്ളൊക്കെ ഉള്ളിലേക്ക് വലിച്ച്, പ്രേമത്തോടെ മൃദുഭാവിയായി നില്‍ക്കും. മറ്റുള്ളവര്‍ വരുമ്പോള്‍ മുള്ളുകള്‍ കൂര്‍പ്പിച്ച് പ്രതിരോധിക്കും. (മാടമ്പിന്റെ സ്വതഃസിദ്ധമായ ചിരി.)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...