ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശുചിത്വ വിദ്യാഭ്യാസം അനിവാര്യം

ശ്രീജിത്ത് മൂത്തേടത്ത്
Thursday 31 January 2019 3:04 am IST
ഈയിടെ വായിച്ചൊരു കഥയില്‍ ജപ്പാനിലെ ജീവിതരീതിയെക്കുറിച്ച് വിവരിക്കുന്നുണ്ട്. കഥാകൃത്തായ അമല്‍ ജപ്പാനില്‍ നിന്നും വിവാഹം കഴിച്ചയാളാണ്. അദ്ദേഹം തന്റെ ജപ്പാന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കഥയാണ് എന്നതുകൊണ്ടുതന്നെ അതിലെ പശ്ചാത്തല വിവരണത്തെക്കുറിച്ച് അവിശ്വസിക്കേണ്ട കാര്യമില്ല. കഥയിലെ വിവരണം ഇങ്ങിനെയാണ്.
ജപ്പാനിലെ ജനങ്ങള്‍ പൊതു സ്ഥലങ്ങള്‍ മലിനമാക്കുന്നില്ല. ഒരു കരിയില കണ്ടാല്‍പ്പോലും എടുത്തുമാറ്റുകയും, പൊതുവിടങ്ങള്‍ വളരെ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നു. റോഡിലോ, വഴികളിലോ തുപ്പി വൃത്തികേടാക്കുകയോ, മാലിന്യങ്ങള്‍ വലിച്ചെറിയുകയോ ചെയ്യുന്നില്ല. കഥയില്‍ ഒരു സ്ത്രീ വളര്‍ത്തുനായയുമായി സഞ്ചരിക്കുന്ന വേളയില്‍ നായ വിസര്‍ജ്ജിക്കുകയും സങ്കോചമില്ലാതെ ആ സ്ത്രീ വിസര്‍ജ്ജ്യം എടുത്തുമാറ്റുകയും ചെയ്യുന്നതായൊരു സന്ദര്‍ഭമുണ്ട്. ഇത് പൊതുവിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള അവരുടെ ശുചിത്വബോധത്തെ വ്യക്തമാക്കുന്നു. കൂടാതെ ആളുകള്‍ അറിയാതെ മറ്റൊരാളുടെ ശരീരത്തില്‍ തട്ടിയാലോ, മറ്റുള്ളവര്‍ക്ക് എന്തെങ്കിലും അസൗകര്യം സൃഷ്ടിച്ചാലോ വളരെ താഴ്മയോടെ പലവട്ടം ക്ഷമ ചോദിക്കുന്നതും അവിടുത്തെ ജനങ്ങളുടെ രീതിയാണെന്ന് കഥാകൃത്ത് പറയുന്നു.
ജപ്പാനിലെ ഈ സാഹചര്യവും നമ്മുടെ നാട്ടിലെ സാഹചര്യവും ഒന്നു താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. നമ്മുടെ പ്രധാന പട്ടണങ്ങളിലൂടെ നടന്നുപോകുമ്പോഴും, ഏത് തെരുവോരങ്ങളിലൂടെ കടന്നുപോകുമ്പോഴും എത്രത്തോളം മലിനമായ കാഴ്ചകളാണ് നമുക്ക് കാണേണ്ടിവരുന്നത്! തെരുവുകളും, പൊതുവിടങ്ങളും മലിനമാക്കുന്നതിന് ഒരു മടിയുമില്ലാത്തവരാണ് നമ്മളെന്ന യാഥാര്‍ത്ഥ്യം നമുക്ക് അംഗീകരിച്ചേ മതിയാവൂ. ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവരില്‍പ്പോലും ഈ മാലിന്യ ശീലങ്ങള്‍ കാണുന്നുവെന്നത് നാണം കെടുത്തുന്നതാണ്.
എന്തുകൊണ്ടായിരിക്കും നമ്മുടെ ജനത ഇങ്ങിനെ ശുചിത്വബോധമില്ലാത്തവരായി മാറിയത്? നിയമങ്ങള്‍ അനുസരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലംഘിക്കുന്നതിനും, വിനയത്തോടെ പെരുമാറുന്നതിനേക്കാള്‍ കൂടുതല്‍ ധാര്‍ഷ്ട്യത്തോടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിലേക്ക് നമ്മുടെ ജനത മാറിയതെന്തുകൊണ്ടായിരിക്കും? എന്തുകൊണ്ട് പൊതുജീവിതം സുഗമവും, സമാധാനപരവും ആക്കുന്നതിന് ആവശ്യമായ നിയമങ്ങള്‍ അനുസരിക്കുന്നതിനും, പൊതുവിടങ്ങള്‍ ശുചിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനും, രാജ്യത്തെ സ്വന്തമെന്ന് കരുതി സംരക്ഷിക്കുന്നതിനും നമ്മുടെ ജനതയ്ക്ക് ശ്രദ്ധയില്ലാതെ പോകുന്നു? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം, ഇവിടെ ലഭിക്കുന്ന വിദ്യാഭ്യാസത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു മനസ്സിലാക്കാം.
നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാഭ്യാസ പദ്ധതിയില്‍, പൊതുവിടങ്ങള്‍ ശുചിയായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനായുള്ള പൊതുബോധം ഉണ്ടാവേണ്ടതിന്റെ ആവശ്യത്തേക്കുറിച്ചും, സമൂഹത്തിലും, ഗൃഹാന്തരീക്ഷത്തിലും എങ്ങിനെ പെരുമാറണമെന്നതിനെക്കുറിച്ചും ഉള്ള വ്യക്തമായ ദിശാബോധം നല്‍കുന്ന പാഠ്യരീതിയുടെ അഭാവം ദൃശ്യമാണ്. അല്ലെങ്കില്‍ കേവലമായ പാഠപുസ്തകങ്ങളില്‍ മാത്രമായി അവ ചുരുങ്ങിപ്പോകുന്നു. അടിസ്ഥാനപരമായി ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യന്‍ പാലിക്കേണ്ട ജീവിത നിയമങ്ങളും, ജീവിത നൈപുണികളും നേടുന്നതിനുള്ള വിദ്യാഭ്യാസപദ്ധതി നമുക്കന്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. മറ്റു വിഷയങ്ങളുടെ ബാഹുല്യത്തിനിടയില്‍ അടിസ്ഥാനപരമായി ഒരു വ്യക്തിയിലുണ്ടായിരിക്കേണ്ട ഗുണങ്ങളേയും, നിയമബോധത്തേയും, രാഷ്ട്രബോധത്തെയും, മൂല്യങ്ങളെയും അവഗണിക്കുന്ന തരത്തിലായിപ്പോയിരിക്കുന്നു നമ്മുടെ വിദ്യാഭ്യാസം.
വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വീക്ഷണംതന്നെ മാറേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ മുന്നോട്ടുവെച്ച മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസമെന്ന ഭാരതീയതത്വം വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഈ പൂര്‍ണ്ണതയുടെ ആവിഷ്‌കാരത്തില്‍ വ്യക്തിനിര്‍മ്മാണമെന്ന ലക്ഷ്യം അടങ്ങിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറന്നുകൂട. ഏറ്റവും അടിസ്ഥാനപരമായ മാറ്റമുണ്ടാകേണ്ടത് പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിലാണ്. ആദ്യം കുട്ടിയെ പഠിപ്പിക്കേണ്ടതും, ശീലിപ്പിക്കേണ്ടതും ശുചിത്വപൂര്‍ണ്ണവും, സമൂഹത്തിനും, രാഷ്ട്രത്തിനും അനുഗുണമായ ജീവിതപാഠങ്ങളാണ്. ഓരോ വ്യക്തിയും അവനവന്റെ ജീവിതത്തിലും, സമൂഹത്തിലും പാലിക്കേണ്ട നിഷ്ഠകളെക്കുറിച്ചും, ശീലങ്ങളെക്കുറിച്ചും, അനുസരിക്കേണ്ട നിയമങ്ങളെക്കുറിച്ചുമുള്ള ബോധം പ്രാഥമിക ഘട്ടത്തില്‍ത്തന്നെ ലഭ്യമാക്കേണ്ടിയിരിക്കുന്നു. ഒപ്പം ഇതിന്റെ തുടര്‍ച്ച ഉന്നതവിദ്യാഭ്യാസ രംഗത്തും ഉണ്ടാകേണ്ടിയിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വച്ഛഭാരത് അഭിയാന്‍ പോലുള്ള ശുചിത്വപദ്ധതികള്‍ ഈയൊരു രംഗത്തെ അടിയുറച്ച കാല്‍വെപ്പാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത്തരം ആശയങ്ങള്‍ വിദ്യാഭ്യാസ രംഗത്തിലൂടെ പകരാന്‍ സാധിച്ചാല്‍ മാറ്റമുണ്ടാകും. വ്യക്തിജീവിതത്തില്‍ ശുചിത്വവും, അച്ചടക്കവും ശീലിക്കുന്നതിനും, ഒരാളെ ഉന്നതമായ പെരുമാറ്റശീലങ്ങള്‍ പിന്തുടരുന്ന സമൂഹജീവിയാക്കി മാറ്റുന്നതിനുമുള്ളതായിരിക്കണം വിദ്യാഭ്യാസം.
രാഷ്ട്രത്തോടും, സമൂഹത്തോടും തനിക്കുള്ള കടമകളെക്കുറിച്ചും അവന് വ്യക്തമായ ബോധമുണ്ടായിരിക്കണം. ഈ ശേഷി കൈവരിക്കുന്നതിലൂടെ മാത്രമേ ഒരു വികസിത സമൂഹമായി നമുക്കുയരാനും, ജീവിതനിലവാരം ഉയര്‍ത്താനും സാധിക്കുകയുള്ളൂ. അടിസ്ഥാനപരമായി ഉന്നതമായ ജീവിത നൈപുണികള്‍ കൈവരിക്കുന്നതോടൊപ്പം അവനവന്റെ അഭിരുചിക്കനുസരിച്ച് ജീവിതസന്ധാരണത്തിനാവശ്യമായ ഏതെങ്കിലുമൊരു തൊഴില്‍ പരിശീലിക്കുന്നതിനുള്ള സംവിധാനവും ആവശ്യമാണ്. ഈ ശേഷികള്‍ സ്വായത്തമാക്കിയതിനുശേഷം അവരവരുടെ അഭിരുചിക്കനുസരിച്ച്, ഭാഷാ-ശാസ്ത്ര-ചരിത്ര-സാങ്കേതിക വിഷങ്ങളില്‍ തുടര്‍പഠനങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ചെയ്യണം.
ഈ കാര്യങ്ങള്‍ എളുപ്പത്തില്‍ സാധിക്കുന്നതല്ല. വിദ്യാഭ്യാസത്തിന്റെ കരിക്കുലം പദ്ധതികളില്‍ മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. ഇതിനായി ശക്തമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാകേണ്ടിയിരിക്കുന്നു. ഒപ്പം ശക്തമായ പൊതുബോധം സൃഷ്ടിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും, സാമൂഹ്യസംവിധാനങ്ങളുടെയുമൊക്കെ സര്‍ഗ്ഗാത്മകമായ ഇടപെടലിലൂടെ മാത്രമേ സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാഭ്യാസം എന്ന പദ്ധതി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ പോലുള്ള പദ്ധതികള്‍ അതിനുള്ള തുടക്കമാകട്ടെയെന്ന് ആശംസിക്കുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...