ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇനിയും പുഴയൊഴുകണം

പ്രിന്റ്‌ എഡിഷന്‍  ·  May 18, 2017

കേരളത്തിലെ പുഴകള്‍ പലതും ഒഴുകുന്നില്ല. അവ മണല്‍വാരികള്‍ തീര്‍ത്ത വാരിക്കുഴികളില്‍ അകപ്പെട്ടുകിടക്കുകയാണ്. പുഴകളുടെ ഈയൊരു അവസ്ഥാവിശേഷത്തിന് ഏറ്റവുമെളുപ്പത്തില്‍ പലര്‍ക്കും ഉദാഹരണമായെടുത്തുകാണിക്കാന്‍ സാധിക്കുക ഭാരതപ്പുഴയുടെ ആസന്നമരണാവസ്ഥയെയാണ്. അതുകൂടാതെ പല നദികളുടെയുമവസ്ഥ ഇതുതന്നെയാണെന്ന് നമ്മുടെ നദീതീരങ്ങളിലൂടെയൊന്ന് സഞ്ചരിച്ചാല്‍ മനസ്സിലാകും. മലയാളികള്‍ സാഹിത്യവായനയിലൂടെ അറിഞ്ഞ മറ്റൊരു പ്രധാന പുഴയാണ് മയ്യഴിപ്പുഴ. എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന നോവല്‍ വായിക്കാത്ത സാഹിത്യാഭിരുചിയുള്ള മലയാളികള്‍ ചുരുക്കമായിരിക്കും.
മയ്യഴിപ്പുഴയുടെ ഒഴുക്കാരംഭിക്കുന്നത് വാണിമേല്‍പ്പുഴയായിട്ടാണ്. വയനാടന്‍മലനിരകളുടെ താഴ്‌വാരത്തെ കുറ്റ്യാടി, വിലങ്ങാട് മലനിരകളാണ് ഇതിന്റെ പ്രഭവസ്ഥാനം. നരിപ്പറ്റ, വാണിമേല്‍, ഈയ്യങ്കോട്, ഇരിങ്ങണ്ണൂര്‍, തൃപ്പങ്ങത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയൊഴുകി പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയിലൂടെ സാഗരപ്രവേശം ചെയ്യുന്ന പുഴയാണ് മയ്യഴിപ്പുഴ. അമ്പത്തിനാല് കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ നദിയില്‍ ഉത്ഭവം മുതല്‍ പതനംവരെ വെള്ളാരംകല്ലുകളാണുള്ളത്. പാറക്കെട്ടുകളും വെള്ളാരംകല്ലുകളും നിറഞ്ഞ മനോഹരമായ ഇരുകരകളാണ് നദിയില്‍ വെള്ളംകുറയുന്ന വേനല്‍ക്കാലങ്ങളില്‍ കാണാന്‍ സാധിക്കാറുണ്ടായിരുന്നത്. ജലസമൃദ്ധമായിരുന്ന ഈ നദി വറ്റിവരളുമെന്ന് ചുരുങ്ങിയത് അഞ്ചുപത്തുവര്‍ഷംമുമ്പുവരെയെങ്കിലും അധികമാരും ചിന്തിച്ചിരിക്കാനിടയില്ല. പക്ഷെ നരിപ്പറ്റയിലൂടെയും വാണിമേലിലൂടെയും ഈയ്യങ്കോടിലൂടെയുമൊഴുകുന്ന പുഴയുടെ ഭാഗങ്ങളില്‍ നിറയെ ഇപ്പോള്‍ മണലെടുത്ത കുഴികളാണ്. ആ കുഴികളില്‍ ശ്വാസംമുട്ടിപ്പിടയുകയാണ് മയ്യഴിപ്പുഴ. വെള്ളാരങ്കല്ലുകളെ അരിപ്പകൊണ്ട് അരിച്ചുമാറ്റിയാണ് ഇവിടങ്ങളില്‍നിന്ന് മണലൂറ്റുന്നത്. ഇത്തരത്തില്‍ ചെറുതും വലുതുമായ പുഴകള്‍ നമുക്ക് അന്യമായിക്കൊണ്ടിരിക്കയാണ്.
വേനല്‍ക്കാലമാകുമ്പോള്‍ വരള്‍ച്ചയുടെ ആഘാതങ്ങളെക്കുറിച്ചും, മഴക്കാലമാകുമ്പോള്‍ മഴക്കെടുതികളെക്കുറിച്ചും വെള്ളപ്പൊക്കത്തെക്കുറിച്ചും ആശങ്കാകുലരാകുന്നവരാണ് കേരളീയര്‍. ഇത്രയധികം ഉപഭോഗസംസ്‌കാരം പിടിമുറുക്കിയ മറ്റൊരു ഭൂപ്രദേശം ഇന്ത്യയിലുണ്ടോയെന്ന് സംശയമാണ്. എന്തിനെയും തന്റെ സ്വാര്‍ത്ഥതയ്ക്കുവേണ്ടിമാത്രമായി ഉപയോഗിക്കാമെന്ന ആര്‍ത്തിപ്പണ്ടാരങ്ങളായിത്തീര്‍ന്നിരിക്കുന്നു നമ്മള്‍. അല്ലെങ്കില്‍, നമ്മളെ അങ്ങനെയാക്കിത്തീര്‍ത്തിരിക്കുന്നു.
മലഞ്ചെരിവുകളിലൂടെ കുത്തിയൊഴുന്ന പുഴകളെക്കാണുമ്പോള്‍ അവയെയുപയോഗിച്ച് എത്രത്തോളം ഡാമുകള്‍കെട്ടി വൈദ്യുതിയുണ്ടാക്കാമെന്നാണ് നമ്മുടെ ചിന്ത. ജലസമൃദ്ധമായ പുഴയൊഴുകുന്ന മലനിരകളില്‍ സ്വാഭാവികവനം നശിപ്പിച്ച് എത്രത്തോളം റബ്ബര്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കാമെന്നാണ് നമ്മുടെ ചിന്ത. ഉയരംകൂടിയ കുന്നുകളിലൊക്കെ കടുപ്പംകൂടിയ ചായയിലകളാല്‍ സമൃദ്ധമായിരിക്കണമെന്നതാണ് നമ്മുടെ ചിന്ത. പുഴയ്ക്ക് ഉറവയൊരുക്കുന്ന ആഴത്തില്‍ വേരിറങ്ങുന്ന ജൈവവൈവിദ്ധ്യമുള്ള വനങ്ങള്‍ നമുക്ക് വേണമെന്നില്ല. നമ്മുടെ ഭരണാധിപന്മാര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നത് വനങ്ങള്‍ നശിപ്പിക്കപ്പെടണം എന്നാണ്.
പശ്ചിമഘട്ടത്തില്‍ നിന്നാണ് നമ്മുടെ നാല്‍പത്തിനാലു നദികളുമുത്ഭവിക്കുന്നത്. ഈ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, അതില്‍ ആകാവുന്നിടത്തോളം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ചെടുത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ മുഖ്യ രാഷ്ട്രീയകകഷികള്‍ തയ്യാറാകാത്ത ഏകസംസ്ഥാനമാണ് കേരളം.
പശ്ചിമഘട്ടം സംരക്ഷിക്കപ്പെടുകയും, പരിസ്ഥിതിലോലമായി കണക്കാക്കപ്പെട്ട സ്ഥലങ്ങളിലേയെങ്കിലും കാടുകള്‍ സംരക്ഷിക്കപ്പെടുകയും ചെയ്താല്‍ മാത്രമേ നമ്മുടെ പുഴകള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. അവയൊഴുകുകയുള്ളൂ. നമ്മുടെ ദാഹമകറ്റുകയുള്ളൂ. നാല്‍പത്തിനാല് നദികളും സ്വാഭാവികമായൊഴുകിയാലേ, അവയെ ആശ്രയിക്കുന്ന നാല്‍പത്തിനാല് വലിയ നീര്‍ത്തടങ്ങളെയും, ആ നീര്‍ത്തടങ്ങളെയാശ്രയിച്ചു നിലനില്‍ക്കുന്ന ഭൂഗര്‍ഭജലനിരപ്പിനെയും, ആ ഭൂഗര്‍ഭജലനിരപ്പുകളെമാത്രം ആശ്രയിച്ചുള്ള നമ്മുടെയോരോരുത്തരെയും വീട്ടുതൊടികളിലെ കൊച്ചുകൊച്ചുകിണറുകളില്‍ വെള്ളമുണ്ടാവുകയുള്ളൂ. നമ്മളോട് നമ്മുടെ വീടുകളിലെ കിണറുകളില്‍ വെള്ളമുണ്ടാകാനുള്ള വഴിയായി നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപദേശിക്കുന്നത് മഴക്കുഴികള്‍ കുഴിക്കുവാനാണ്. പുഴകളെക്കൊന്ന് മഴക്കുഴികള്‍കൊണ്ട് ഭൂഗര്‍ഭജലനിരപ്പുയര്‍ത്താന്‍ കഴിയുമെന്നു ചിന്തിക്കുന്നേടത്തോളം മന്ദബുദ്ധികളായിപ്പോയല്ലോ നമ്മുടെ സര്‍ക്കാര്‍ സ്‌പോണ്‍സേഡ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാര്‍ എന്ന് അതിശയിച്ചുപോവുകയാണ്.
ഈയവസരത്തില്‍വേണം പുഴയെയും പുഴയൊഴുക്കിനെയും ആരാധിച്ചിരുന്ന നമ്മുടെ യഥാര്‍ത്ഥ പൈതൃകത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ചിന്തിക്കാന്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരാഖണ്ഡിലെ കോടതി ഗംഗാനദിയും, ഗംഗയുടെ പോഷകനദിയായ യമുനാ നദിയും ജീവിക്കുന്ന മനുഷ്യരുടെതായ എല്ലാ പരിഗണനകളും അര്‍ഹിക്കുന്നുവെന്ന് ഉത്തരവിട്ടത് ഇത്തരത്തിലുള്ള സംരക്ഷണശ്രമങ്ങള്‍ക്ക് ഉദാഹരണമായി കണക്കാക്കാം. ഭാരതീയര്‍ ഗംഗാനദിയെ ഗംഗാമാതാവായും യമുനാനദിയെ യമുനാ മാതാവായും കണക്കാക്കുന്നവരാണ്. ജഡ്ജിമാരായ രാജീവ് ശര്‍മ്മ, അലോക് സിംഗ് എന്നിവര്‍ ഈ ഉത്തരവിന് ആധാരമായെടുത്തിരിക്കുന്നത് ന്യൂസിലാന്റിലെ വാന്‍ഗന്വയി നദിയെ അവിടുത്തെ സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ നല്‍കി സംരക്ഷിച്ച നടപടിയെയാണ്. ന്യൂസിലാന്റിലെ മറോയി ട്രൈബല്‍ ജനത അവരുടെ പൂര്‍വ്വികരായി കണക്കാക്കുന്നത് വാന്‍ഗന്വയി നദിയെയാണ്. ഈ പൂര്‍വ്വികാരാധനയെയും ആചാരവിശ്വാസങ്ങളെയും പരിഗണിച്ചാണ് വാന്‍ഗന്വയി നദി ആദ്യത്തെ പൗരാവകാശമുള്ള നദിയായി മാറിയത്. ആചാരവിശ്വാസങ്ങള്‍ പുഴകളോട് എത്രമാത്രം ജനമനസ്സുകളില്‍ സംരക്ഷണ മനോഭാവമുണ്ടാക്കുന്നുവെന്നതിന് ഉദാഹരണങ്ങളായാണ് ഇതിവിടെ സൂചിപ്പിച്ചത്.
കേരളത്തിലെ നിളാനദിക്കും പമ്പാനദിക്കും കുന്തിപ്പുഴയ്ക്കുമൊക്കെ ഇത്തരത്തിലുള്ള വിശ്വാസപരവും ആചാരബദ്ധിതവുമായ വൈകാരികബന്ധം പുഴയോരവാസികളില്‍ ഉണ്ടെങ്കിലും, പുഴകളുടെ ഉത്ഭവസ്ഥാനങ്ങളായ കിഴക്കന്‍ മലകളിലെ കുടിയേറ്റവും വനനശീകരണവും കൈയ്യേറ്റവും കുന്നിടിക്കലും ഒറ്റവിളകൃഷികളുമൊക്കെ പുഴകളെ അവയുടെ ഭ്രൂണാവസ്ഥയില്‍ത്തന്നെ കൊല്ലുന്ന സ്ഥിതിയുണ്ടാക്കുന്നു. ഈയൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കില്‍ കേരളത്തിലെ നാല്‍പത്തിനാലു നദികളും സംരക്ഷിക്കപ്പെടേണ്ടവയാണ് എന്നു ചിന്തിക്കാന്‍ ശേഷിയും വിവേകവുമുള്ള സര്‍ക്കാര്‍ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഇതു സാധ്യമല്ലെങ്കില്‍ കേരളത്തിലെ സാമാന്യജനമനസ്സുകളിലെങ്കിലും ഈ പുഴകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത എത്തിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ട ബഹുജനശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വളര്‍ന്നുവരുന്ന തലമുറയിലെങ്കിലും ഇത്തരമൊരു ബോധം സൃഷ്ടിച്ചെടുക്കേണ്ടിയിരിക്കുന്നു.
പുതിയ തലമുറയിലെ ചെറുപ്പക്കാരുടെയിടയില്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നുവരുന്നത് ആശാവഹമായ കാര്യമാണ്. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പിറവിയെടുത്ത് പ്രവര്‍ത്തിച്ചുവരുന്ന നിളാവിചാരവേദിപോലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ജൂണ്‍മാസത്തില്‍ നിളാനദിക്കരയില്‍ നടക്കാന്‍ പോകുന്ന നദീമഹോത്സവം ഇതിനകംതന്നെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകള്‍ വഴിയും പുഴകളുടെ സംരക്ഷണത്തിനായുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. പതിനാലു ജില്ലകളിലും രൂപീകരിക്കപ്പെട്ട് പ്രവര്‍ത്തനമാരംഭിച്ച റിവര്‍ഗ്രൂപ്പ് എന്ന വാട്‌സ് ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.
ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നദിക്കരകളില്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതും പ്രതീക്ഷ നല്‍കുന്നു. ചെറിയ ശ്രമങ്ങളിലൂടെയായാലും വന്‍തോതിലുള്ള പൊതുജനബോധവത്കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പുഴകളുടെ സംരക്ഷണത്തിനായുണ്ടായാല്‍ മാത്രമേ കേരളത്തെ ജലക്ഷാമത്തില്‍നിന്നും കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.



ജന്മഭൂമി: http://www.janmabhumidaily.com/news624819#ixzz4nJH2z6zS

അഭിപ്രായങ്ങള്‍

  1. ഇത്തരം കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നദിക്കരകളില്‍ ധാരാളം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനും മറ്റുമുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതും പ്രതീക്ഷ നല്‍കുന്നു. ചെറിയ ശ്രമങ്ങളിലൂടെയായാലും വന്‍തോതിലുള്ള പൊതുജനബോധവത്കരണശ്രമങ്ങളും സര്‍ക്കാര്‍ ഇടപെടലുകളും പുഴകളുടെ സംരക്ഷണത്തിനായുണ്ടായാല്‍ മാത്രമേ കേരളത്തെ ജലക്ഷാമത്തില്‍നിന്നും കരകയറ്റുവാന്‍ സാധിക്കുകയുള്ളൂ.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...