അതിരപ്പിള്ളിയെ കൊല്ലരുത്
ബഹുതലത്തില്‍, മനുഷ്യന്റെയും പ്രകൃതിയുടെയും മറ്റുജീവജാലങ്ങളുടെയും നാശത്തിനു വഴിവെക്കുന്ന, ചാലക്കുടിപ്പുഴയെ കൊല്ലുന്ന, പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നാണ് കേരളത്തിലെ സാംസ്‌കാരികലോകം ആഗ്രഹിക്കുന്നത്.

തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയില്‍, ലോകപ്രശസ്തിയാര്‍ജ്ജിച്ച പ്രകൃതിരമണീയമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനുനേരെ, ഈ പ്രകൃതിവിരുദ്ധരുടെ കണ്ണുപതിഞ്ഞിട്ട് നാളുകളേറെയായെങ്കിലും, പ്രകൃതിസ്‌നേഹികളുടെ ശക്തമായ എതിര്‍പ്പുകാരണം, ആ പദ്ധതി ഏതാണ്ടുപേക്ഷിച്ചമട്ടായിരുന്നു. പക്ഷെ, ഇപ്പോള്‍ മന്ത്രി പറയുന്നത്, പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുമെന്നും, ആര്‍ക്കും തടയാനാവില്ലെന്നുമാണ്. പുഴയെ കൊല്ലുന്നതിന്റെ ആദ്യപടിയായി നൂറ്റിമുപ്പത്തിയാറേക്കറോളം വ്യാപിച്ചുകിടക്കുന്ന പുഴയോരക്കാടുകളിലെ മരങ്ങള്‍ വെട്ടിമാറ്റാനുള്ള അനുമതി തേടിയിരിക്കുകയാണ് സംസ്ഥാന ഭരണകൂടം.
ചാലക്കുടിപ്പുഴ ഇപ്പോള്‍ത്തന്നെ മൃത്യുവുമായി പൊരുതിക്കൊണ്ടിരിക്കുകയാണ്. അത് ഇന്ന് ഒഴുകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അപ്പര്‍ ഷോളയാര്‍, ഷോളയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം, പെരിങ്ങല്‍ക്കുത്ത് എന്നിങ്ങനെ ആറ് അണക്കെട്ടുകളിലെ ജലസംഭരണികളിലായി പുഴ ഇപ്പോള്‍ ശരശയ്യയിലെന്നവണ്ണം മൃതികാത്തുകിടക്കുകയാണ്. അവസാനത്തെ അണക്കെട്ടായ പെരിങ്ങല്‍ക്കുത്തിനു ശേഷമായിരുന്നു അല്‍പമെങ്കിലും ഒഴുകുന്നുണ്ടായിരുന്നത്. ആ ഒഴുക്കാണ് ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്ന തരത്തില്‍ അതിമനോഹരികളായ രണ്ട് വെള്ളച്ചാട്ടങ്ങളെ സൃഷ്ടിക്കുന്നു. വാഴച്ചാലിലും, അതിരപ്പിള്ളിയിലുമുള്ള ആ വെള്ളച്ചാട്ടങ്ങളുടെ സൗന്ദര്യംകണ്ട് മോഹിച്ച് ബോളിവുഡിലേയും ഹോളിവുഡിലേയും സിനിമാസംവിധായകര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് പശ്ചാത്തലമൊരുക്കാന്‍ ഇവിടേക്ക് പറന്നെത്തുന്നുണ്ട്. സിനിമകളിലെ ദൃശ്യഭംഗിയിലാകൃഷ്ടരായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് നിരവധി വിനോദസഞ്ചാരികള്‍ ഇവിടെയത്തുന്നുണ്ട്. പഠനം ലക്ഷ്യമാക്കി വരുന്നവരുമുണ്ട്. ലോകത്ത് ഇന്നു നിലനില്‍ക്കുന്നവയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥകൂടിയാണ് വാഴച്ചാല്‍-അതിരപ്പിള്ളി മേഖലയും, വെള്ളച്ചാട്ടങ്ങളോടുചേര്‍ന്നുകിടക്കുന്ന പുഴയോരക്കാടുകളും. ആ കാട്ടിലെ വന്യതയുടെ മാന്ത്രികലോകം സൃഷ്ടിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനാണ് കേരളസര്‍ക്കാര്‍ അനുമതിതേടിയിരിക്കുന്നത്.
അശാസ്ത്രീയമായ ജലവിനിയോഗം നിമിത്തം, വേനലോടെ, കേരളത്തിലെ പുഴകള്‍ വറ്റിവരണ്ടുതുടങ്ങിയപ്പോള്‍ നേരിടുന്ന വൈദ്യുതക്ഷാമം പരിഹരിക്കാനെന്ന വ്യാജേനയാണ് അതിരപ്പിള്ളി പദ്ധതി ഇപ്പോള്‍ അവതരിപ്പിക്കപ്പെടുന്നത്. അതിരപ്പിള്ളിയില്‍ അണക്കെട്ടി 163 മെഗാവാട്ട് വൈദ്യുതി നിര്‍മ്മിക്കാനാവശ്യമായ ജലം ചാലക്കുടിപ്പുഴയിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ ആറ് അണക്കെട്ടുകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന ജലസംഭരണികളിലെ ജലമൊഴിച്ചുള്ള നീരൊഴുക്കില്‍നിന്നുവേണം ഈ വൈദ്യുതിയുണ്ടാക്കാന്‍. വാഴച്ചാല്‍ വെള്ളച്ചാട്ടത്തില്‍ നിന്ന് കേവലം 400 മീറ്റര്‍ മുകളില്‍ സ്ഥാപിക്കുന്ന 23 മീറ്റര്‍ ഉയരവും, 311 മീറ്റര്‍ വീതിയുമുള്ള അണക്കെട്ടിന്റെ താഴെ സ്ഥാപിക്കുന്ന നാല് പവര്‍ ഹൗസുകളില്‍നിന്നാണ് ഈ വൈദ്യുതി നിര്‍മ്മിച്ചെടുക്കേണ്ടത്. സാങ്കേതികമായി ഈ പവര്‍ഹൗസുകള്‍ക്ക് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന 163 മെഗാവാട്ട് വൈദ്യുതി നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നു പറയാമെങ്കിലും, പവര്‍ഹൗസുകളുടെ ശേഷിയല്ലല്ലോ വൈദ്യുത ഉല്‍പ്പാദനത്തെ നിര്‍ണ്ണയിക്കുന്നത്. പകരം അണക്കെട്ടില്‍ ശേഖരിക്കപ്പെടുന്ന ജലമല്ലേ? ജലം നദിയിലില്ലെങ്കിലോ? എങ്ങനെ വൈദ്യുതി നിര്‍മ്മിക്കും?
ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ട് പവര്‍ഹൗസുകള്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനു മുകളിലും, 80 മെഗാവാട്ട് ശേഷിയുള്ള രണ്ട് പവര്‍ഹൗസുകള്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെയുള്ള കണ്ണങ്കുഴിത്തോട്ടന്റെ കരയിലുമായി സ്ഥാപിക്കുമെന്നാണ് പദ്ധതിരേഖ പറയുന്നത്. ഈയൊരു അകലത്തിനിടയിലും ഉയരവ്യത്യാസത്തിനിടയിലും 163 മെഗാവാട്ട് വൈദ്യുതിയുല്‍പ്പാദനത്തിനാവശ്യമായ ഹെഡ്ഡ് (അണക്കെട്ടിനും പവര്‍ഹൗസിനുമിടയിലെ ഉയരവ്യത്യാസമാണ് ഹെഡ്ഡ്. നീരൊഴുക്കിന്റെ തോതും ഹെഡ്ഡുമാണ് വൈദ്യുതി ലഭ്യത നിര്‍ണ്ണയിക്കുന്നത്) ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനും മുകളില്‍ അണക്കെട്ടിനോട് ചേര്‍ന്ന് സ്ഥാപിക്കപ്പെടുന്ന ഒന്നര മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചശേഷം 78 ശതമാനം ജലം ഭീമാകാരമായ ടണല്‍ വഴി പുഴയെ ഗതിമാറ്റിയൊഴുക്കി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെയുള്ള കണ്ണങ്കുഴിത്തോട്ടിന്‍കരയിലെ 80 മെഗാവാട്ട് ശേഷിയുള്ള രണ്ട് പവര്‍ഹൗസുകളിലേക്കെത്തിക്കുമെന്നാണ് പ്രഖ്യാപിക്കപ്പട്ടിട്ടുള്ളത്. ബാക്കിവരുന്ന 21 ശതമാനം ജലം വെള്ളച്ചാട്ടത്തിനായി തുറന്നുകൊടുക്കുമെന്ന് പരിസ്ഥിതിവാദികളുടെ മുറവിളി പരിഗണിച്ച് അധികൃതര്‍ പറയുന്നുണ്ട്.
ഫലത്തില്‍ അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് യാഥാര്‍ത്ഥ്യം. പവര്‍ഹൗസിലേക്കാവശ്യമായ ജലം ലഭിക്കാതെ എങ്ങനെ വെള്ളച്ചാട്ടത്തിലേക്കുള്ള ജലം തുറന്നുവിടും? സര്‍ക്കാര്‍ പറയുന്ന 21 ശതമാനം ജലം തുറന്നുവിട്ടാലും, ഇപ്പോള്‍ വേനല്‍ക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കാണുന്ന നീരൊഴുക്കിന്റെ പകുതി മാത്രമേ മഴക്കാലത്തുപോലും വെള്ളച്ചാട്ടത്തിനായി ലഭിക്കുകയുള്ളൂ. അപ്പോള്‍ മഴക്കാലത്ത് നേരിയൊരു കണ്ണീരൊഴുക്കായിമാത്രം വെള്ളച്ചാട്ടത്തിലെത്തുന്ന ജലം വേനലാവുമ്പോഴേക്കും വറ്റിവരളും. അതിരപ്പിള്ളിയും, വാഴച്ചാലും വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി പരിണമിക്കുകയും ചെയ്യും.
അതിരപ്പിള്ളി പദ്ധതി വരാന്‍പോകുന്ന പുഴയുടെ ഭാഗം, വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനുകീഴിലുള്ളതാണ്. ഈ സംരക്ഷിതവനപ്രദേശത്ത് 947 ആനകളുണ്ട്. ദിവസവും അറുപതുമുതല്‍ എഴുപതുവരെ കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നവയാണ് ആനകള്‍. വാഴച്ചാല്‍ മേഖലയിലൂടെയാണ് ആനകളും മറ്റുമൃഗങ്ങളും പുഴ മുറിച്ചുകടക്കുന്നത്. പുഴയുടെ ഉത്ഭവം മുതല്‍ പെരിങ്ങല്‍ക്കുത്ത് വരെയുള്ളയിടങ്ങളില്‍ എല്ലായിടത്തും അണക്കെട്ടുകളായതിനാല്‍, ജലസംഭരണികളാല്‍ ഈ മൃഗങ്ങളുടെ സ്വാഭാവിക സഞ്ചാരപാത മുറിഞ്ഞുപോയിട്ടുണ്ട്. ഇനിയവശേഷിക്കുന്നത് വാഴച്ചാല്‍ മേഖല മാത്രം. അതുകൂടെയടഞ്ഞാല്‍ ഈ മൃഗങ്ങളൊക്കെ നാട്ടിലേക്കിറങ്ങുമെന്നതില്‍ സംശയം വേണ്ട. ഈ സഞ്ചാരപാത നിലനില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ജനവാസമേഖലകളിലേക്ക് ആനകളുടെ ആക്രമണം ഇപ്പോഴുണ്ടാകാത്തത്.
ആനകള്‍ മാത്രമല്ല കടുവകള്‍, പുള്ളിപ്പുലികള്‍, കരടികള്‍, സിംഹവാലന്‍ കുരങ്ങുകള്‍, നീലഗിരി കരിങ്കുരങ്ങുകള്‍ തുടങ്ങിയ മൃഗങ്ങളെയൊക്കെ ഈ മേഖലയില്‍ കണ്ടുവരുന്നുണ്ട്. കാടുവെട്ടുന്നതോടെ ഈ മൃഗങ്ങള്‍ക്കൊക്കെ അവയുടെ ആവാസവ്യവസ്ഥ നഷ്ടമാവുകയും, വംശനാശഭീഷണി നേരിടുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതല്‍ വംശനാശഭീഷണി നേരിടുന്ന ചൂരലാമകളുടെ വിഹാരകേന്ദ്രം കൂടിയാണ് വാഴച്ചാല്‍ മേഖല. ഈ മേഖല ജലസംഭരണിക്കുള്ളിലാകുന്നതോടെ ചൂരലാമകളും അപ്രത്യക്ഷമാകും. 246 ഇനം പക്ഷികളുണ്ട് വാഴച്ചാല്‍ മേഖലയില്‍. ഇരുപതുവര്‍ഷത്തെ ബേര്‍ഡ് സര്‍വ്വേ നടത്തിയതിന്റെ ഫലമായി കണ്ടെത്തിയതാണിവയെ. ഇവിടുത്തെ കാലാവസ്ഥയും കാടും പുഴയുമൊക്കെയാണ് ഈ പക്ഷികള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നത്. അത് പൂര്‍ണ്ണമായും തകരുകയും പക്ഷികള്‍ കൂട്ടത്തോടെ വംശനാശം സംഭവിച്ച് അപ്രത്യക്ഷരാവുമെന്നതും മറ്റൊരു ഭീതിദമായ യാഥാര്‍ത്ഥ്യമാണ്.
പ്രാക്തന ഗോത്രവര്‍ഗ വിഭാഗമായ കാടര്‍ വിഭാഗത്തില്‍പ്പെടുന്ന ആയിരത്തിയഞ്ഞൂറ് മനുഷ്യരുണ്ട് ഈ പ്രദേശത്ത്. അവര്‍ അധിവസിക്കുന്നത് ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പ്രദേശത്താണ്. അവര്‍ ഈ പുഴയെയും കാടിനേയും ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇവരെ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിക്കുക അസാധ്യമാണ്. അങ്ങനെ ചെയ്താല്‍ അപൂര്‍വ്വമായ അവരുടെ സംസ്‌കൃതിയെയാണത് നശിപ്പിക്കുക. ആധുനിക മനുഷ്യന്റെ കടന്നാക്രമണത്താല്‍ തകരുന്ന പ്രാക്തനസംസ്‌കൃതികളുടെ ഒടുവിലത്തെ ഉദാഹരണമായിത്തീരും വാഴച്ചാലിലേതും അതിരപ്പിള്ളിയിലേതും. ലോകത്ത് വേറെയെങ്ങും കാണാനാവാത്ത, ആന്ത്രപ്പോളജിസ്റ്റുകള്‍ നെഗ്രിറ്റോ കുള്ളന്‍ വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള, മനുഷ്യവര്‍ഗ്ഗവിഭാഗമാണിവര്‍.
അതിരപ്പിള്ളി പദ്ധതി വന്നുകഴിഞ്ഞാല്‍ അപ്രത്യക്ഷമാകാന്‍ പോകുന്ന മൂഴിക്കുളം ജലസേചനപദ്ധതിയെ ആശ്രയിക്കുന്ന കൃഷിയെ പൂര്‍ണ്ണമായി നശിപ്പിക്കുമെന്നതും, തൃശൂര്‍, എറണാകുളം ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുമെന്നതും മറ്റൊരു യാഥാര്‍ത്ഥ്യമാണ്. ഇങ്ങനെ ബഹുതലത്തില്‍, മനുഷ്യന്റെയും പ്രകൃതിയുടെയും മറ്റുജീവജാലങ്ങളുടെയും നാശത്തിനു വഴിവെക്കുന്ന, ചാലക്കുടിപ്പുഴയെ കൊല്ലുന്ന, പദ്ധതിയില്‍നിന്നും സര്‍ക്കാരും വൈദ്യുതമന്ത്രിയും പിന്‍വാങ്ങണമെന്നാണ് പ്രകൃതിസ്‌നേഹികളും മനുഷ്യസ്‌നേഹികളുമുള്‍പ്പെടുന്ന കേരളത്തിലെ സാംസ്‌കാരികലോകം ആഗ്രഹിക്കുന്നത്.
ഫലത്തില്‍ അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് യാഥാര്‍ത്ഥ്യം. പവര്‍ഹൗസിലേക്കാവശ്യമായ ജലം ലഭിക്കാതെ എങ്ങനെ വെള്ളച്ചാട്ടത്തിലേക്കുള്ള ജലം തുറന്നുവിടും? സര്‍ക്കാര്‍ പറയുന്ന 21 ശതമാനം ജലം തുറന്നുവിട്ടാലും, ഇപ്പോള്‍ വേനല്‍ക്കാലത്ത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കാണുന്ന നീരൊഴുക്കിന്റെ പകുതി മാത്രമേ മഴക്കാലത്തുപോലും വെള്ളച്ചാട്ടത്തിനായി ലഭിക്കുകയുള്ളൂ. അപ്പോള്‍ മഴക്കാലത്ത് നേരിയൊരു കണ്ണീരൊഴുക്കായിമാത്രം വെള്ളച്ചാട്ടത്തിലെത്തുന്ന ജലം വേനലാവുമ്പോഴേക്കും വറ്റിവരളും. അതിരപ്പിള്ളിയും, വാഴച്ചാലും വെറും പാറക്കൂട്ടങ്ങള്‍ മാത്രമായി പരിണമിക്കുകയും ചെയ്യും.
മറുപടിഇല്ലാതാക്കൂ