കൃഷ്ണദാസിന്റെ
കടലിരമ്പങ്ങള്‍ എന്ന നോവല്‍
വായിച്ചു. ഇതേവരെയുള്ള
നോവല്‍ വായനാനുഭവങ്ങളില്‍
നിന്നും വ്യത്യസ്തമായ രുചി
നല്കിയ നോവല്‍ എന്ന നിലയില്‍
ഈ നോവലിനെ അഭിനന്ദിക്കുന്നു.
സാധാരണഗതിയില്‍
നോവല്‍ വായനാനുഭവം എന്നതിനെക്കുറിച്ച്
ചില മുന്‍ധാരണകള്‍ മനസ്സില്‍
ഉണ്ടാവാറുണ്ട്. പ്രത്യേകിച്ചും
മലയാള നോവലുകള്‍ വായിക്കുമ്പോള്‍.
പക്ഷെ
കടലിരമ്പങ്ങള്‍ അത്
തകര്‍ത്തുകളയുന്നു.
                      യഥാതഥമാണ്
നോവലിന്റെ പ്രമേയാവതരണ രീതി.
സാധാരണ
ഫിക്ഷന്‍ എഴുത്തുകളിലെ
ഭ്രമാത്മകതയ്ക്കു പകരം ഒരു
വ്യക്തിയുടെ ജീവിതത്തില്‍
നോവലില്‍ പരാമര്‍ശിതമായ
സാഹചര്യത്തില്‍ സംഭവിക്കാനിടയുള്ള
സ്വാഭാവികവും, തികച്ചും
യാഥാര്‍ത്ഥ്യതുലിതവുമായ
അവസ്ഥ നോവലെഴുത്തില്‍ കൃഷ്ണദാസ്
അവലംബിച്ചിരിക്കുന്നു.
ഈ എഴുത്തുരീതി
മലയാളത്തില്‍ അധികം
അനുഭവിച്ചിട്ടില്ലാത്തതാണ്
എന്നതുകൊണ്ടുതന്നെ സാധാരണ
വായനക്കാരനെ ചിലപ്പോള്‍
അങ്കലാപ്പിലാക്കിയേക്കാം.
പക്ഷെ
ലോകസാഹിത്യങ്ങള്‍ വായിക്കുന്ന
ഒരാള്‍ക്ക് തീര്‍ച്ചയായും
നല്ലൊരു അനുഭവം ഈ നോവലിനു
നല്കുവാനാകും.
 നാലു
ഭാഗങ്ങളായാണ് നോവലിന്റെ ഘടന.
ഒന്നാം
ഭാഗത്തിലെ കടല്‍,
ആകാശപ്പയര്‍
മരങ്ങള്‍, വര്‍ഷമേഘങ്ങള്‍
ഒന്ന്, രണ്ട്
എന്നീ അദ്ധ്യായങ്ങള്‍ കടന്ന്
രണ്ടാം ഭാഗത്തിലെ വസന്തത്തിലെ
ശിശിരം എന്ന അദ്ധ്യായത്തിലേക്ക്
പ്രവേശിക്കുമ്പോള്‍ ആണ്
നോവല്‍ ഒരു വ്യത്യസ്താനുഭവമായി
മാറുന്നത്.
             “എന്റെ
ശിരസ്സ് മറ്റേതോ ഭ്രമണപഥങ്ങളിലായിരുന്നു.
രാത്രിമഴയുടെ
അവശിഷ്ടങ്ങള്‍ ആകാശത്ത്
ചിതറിക്കിടന്നിരുന്നു.
കറുത്ത
മേഘങ്ങള്‍ ആകാശക്കോണുകളിലുണ്ടായിരുന്നു.
അന്തരീക്ഷത്തില്‍
വെയില് നാളങ്ങള്‍
പരന്നുതുടങ്ങിയെങ്കിലും
കാര്‍മേഘപടലങ്ങള്‍ സൂര്യനെ
എപ്പോള്‍ വേണമെങ്കിലും
മറയ്ക്കുമെന്നു തോന്നിച്ചു.”
 വായനയ്ക്കും,
മനോവിചാരത്തിനും
ഉതകുന്ന വിഭവങ്ങളായി നോവല്‍
വികസിക്കുകയാണ്.
            “ ചരിത്രാതീതകാലത്തുനിന്ന്
നടന്നുവരുന്ന പ്രാകൃതനെപ്പോലെ
പഴയൊരു ഗ്രൂപ്പ് ഫോട്ടോയും
ഉയര്‍ത്തിപ്പിടിച്ച്
ചന്ദ്രശേഖരന് കടന്നുവരുന്നു.
'ഓ, ഇതാണോ
ഇപ്പോഴത്തെ താങ്കള്‍?
ശോഷിച്ചു
മെലിഞ്ഞ എന്നെ നോക്കി അവന്
പതുക്കെ തലയാട്ടി.
ആപാദചൂഡം
നിരീക്ഷിച്ചു. കാലത്തിലൂടെ
തിരിച്ചറിയാന്‍ ശ്രമിച്ചു.'
             “ഇനി
താങ്കള്‍ താങ്കളെ തിരിച്ചറിയൂ"
             ഓര്‍മ്മകളിലൂടെ
കഥ, അല്ല
അനുഭവങ്ങള്‍, പിന്നിലേക്കു
സഞ്ചരിക്കുന്നു. മരുഭൂമിയിലെ
നീറുന്ന പ്രവാസാനുഭവങ്ങള്‍
എന്നതിലുപരി ഓരോ മനുഷ്യന്റെയും
മനോനിലകള്‍ ജീവിതപരിസരങ്ങള്‍
ഇവിടെ നമ്മള് പരിചയപ്പെടുന്നു.
 നിരവധി
കഥാപാത്രങ്ങള്‍, അല്ല
ജീവിതപാത്രങ്ങള്‍,
നമ്മളിവിടെ
പരിചയപ്പെടുന്നുണ്ട്.
ജോസഫേട്ടന്,
ബോബന്
തുടങ്ങിയ സുഹൃത്തുക്കള്‍,
സ്വവര്‍ഗ്ഗരതിക്കാരായ
അറബികള്‍, തലശ്ശേരിക്കാരന്
റസാക്ക്, കോങ്കണ്ണനായ
മധ്യവയസ്കന്, ഹംസ
തുടങ്ങിയവര്‍, ജയില്‍
ശിക്ഷയനുഭവിച്ചു മരിക്കുന്ന
രാജന്, സുലൈമാന്‍,
അലി,
അമാനുള്ളാഖാന്‍,
റീത്ത,
തുറുകണ്ണു
വന്നു മരിക്കുന്ന ദാമോദരേട്ടന്...
അങ്ങിനെ
നിരവധി നിരവധി കഥാപാത്രങ്ങള്‍..
അവരുടെ
ജീവിതങ്ങള്‍.. അനുഭവങ്ങള്‍..
അവയിലൂടെയാണ്
നോവലിന്റെ വികാസവും പരിണാമവും.
             നോവലിസ്റ്റിന്റെ
വിപ്ലവചിന്തയും,
പ്രത്യയശാസ്ത്രബോധവും,
പ്രതീക്ഷകളും,
സ്വപ്നങ്ങളും,
യാഥാര്‍ത്ഥ്യങ്ങളോടുള്ള
അവയുടെ പൊരുത്തക്കേടുകളും
സംഘര്‍ഷങ്ങളും നോവലിന്റെ
ജീവനായി വര്‍ത്തിക്കുന്നു.
ആ സംഘര്‍ഷങ്ങള്‍
ഉയര്‍ത്തുന്ന ഇരമ്പങ്ങള്‍
കടലിരമ്പങ്ങളായി വായനക്കാരന്റെ
മനസ്സിനെ സ്പര്‍ശിക്കുന്നു.
ഉലയ്ക്കുന്നു.
പലപ്പോഴും
അറിയാതെ കാതുപൊത്തിക്കുന്നു.
ഈയൊരനുഭവം
വായനക്കാരന് നല്കുവാനാകുന്നു
എന്നതാണ് ഈ നോവലിന്റെ ശക്തി.
അതുതന്നെയാണിതിന്റെ
പ്രസക്തിയും.
            മരുഭൂമിയിലെ
ദുരിതങ്ങള്‍ക്കിടയിലും
മനസ്സിലെ കടലിരമ്പങ്ങളും,
സംഘര്‍ഷങ്ങളും
നാടകങ്ങളിലേക്ക് കഥാപാത്രങ്ങളെ
നയിക്കുന്നതും, അവരുടെ
ആത്മാവിഷ്കാരങ്ങള്‍ക്കായി,
നിയമം
വിലക്കുന്നുവെങ്കിലും അവയെ
പ്രതിരോധിച്ചുകൊണ്ട്
നാടകങ്ങള്‍ക്ക് രംഗാവിഷ്കാരങ്ങള്‍
നല്‍കുന്നതും, അവ
നിയമപാലകരാല്‍ തച്ചുടക്ക്പ്പെടുന്നതും,
ചോരതുപ്പുന്നതും,
വീണ്ടുമുയിര്‍ക്കുന്നതുമായ
മാനസിക, പ്രത്യയശാസ്ത്ര
സംഘര്‍ഷങ്ങളുടെ അതിജീവനങ്ങള്‍
വായനക്കാരനില്‍ സ്ഫോടനങ്ങള്‍
സൃഷ്ടിക്കുന്നവയാണ്.
സല്മാന്
റുഷ്ദിയുടെ സാത്താന്റെ
വചനങ്ങള്‍ കൈവശം വെക്കുന്ന
നോവലിസ്റ്റിന്റെ അനുഭവവും
നെഞ്ചിടിപ്പിക്കുന്നവയാണ്.
ജയിലനുഭവങ്ങളുടെ
നേര്‍ച്ചിത്രങ്ങളും,
ജയില്‍
വിവരണങ്ങളും ഭയപ്പെടുത്തുന്നു.
“യാത്രയില്ലാതെ,
യാത്രയയപ്പില്ലാതെ,
ആരോരുമറിയാതെയുള്ള"
മരുഭൂമിയില്‍
നിന്നുമുള്ള വിടവാങ്ങലോടെ
നോവല്‍ പരിസമാപ്തിയിലേക്കടുക്കുന്നു.
             “ഭൂമി
ജലകണങ്ങലെ തന്റെ
ഗര്‍ഭത്തിലേക്കാവാഹിക്കുകയാണ്.
പിന്നെ
ദേവസംഗീതം പോലെ ചീവീടുകള്‍
ആര്‍ക്കുന്നു. ഇരുട്ടിനെ
കീറിമുറിച്ചുകൊണ്ടൊരു
മിന്നല്‍, വസന്തകാലത്തിന്റേതുപോലെ
ഒരു ഇടിമുഴക്കം"
             യഥാതഥമെന്നു
തോന്നിക്കാവുന്ന ജീവിതാനുഭവങ്ങള്‍
പറയുന്ന നോവല്‍ നോവലിസ്റ്റിന്റെ
ജീവിതത്തിന്റെയൊരു
നേര്‍വിവരണമല്ലേയിതിലൂടെ
നല്‍കുന്നത് എന്നൊരു ആശങ്ക
ശരാശരി വായനക്കാരനില്‍
സൃഷ്ടിക്കാം എന്നൊരു വിമര്‍ശനം
മാത്രമേ ഇവിടെ ചൂണ്ടിക്കാട്ടാനുള്ളൂ.
സ്വാഭാവികമായും
ഇത് നോവലിസ്റ്റായ കൃഷ്ണദാസിന്റെ
പ്രവാസ അനുഭവങ്ങളുടെ ഒരു
നേരെഴുത്തു മാത്രമല്ലേ എന്നും
തോന്നിപ്പിക്കാം.
അതെങ്ങിനെ
നോവലാകും എന്ന വിമര്‍ശനവുമുയരാം.
അത് തോന്നലായാലും,
യാഥാര്‍ത്ഥ്യമായാലും,
നോവല്‍
സാങ്കേതികതയുടെ ഭ്രമകല്‍പ്പനകൊണ്ട്
വായനക്കാരനില്‍ അങ്ങിനെയൊരു
ചിന്ത ജിനിപ്പിക്കാനാകുന്നതുതന്നെ
നോവലിസ്റ്റിന്റെ വിജയമാണ്
എന്നാണ് വിലയിരുത്തേണ്ടത്.
നോവലിസ്റ്റ്
മാറിനില്‍ക്കുകയും നോവല്‍
നോവലായി ചിരപ്രയാണം ചെയ്യുകയും
ചെയ്യുന്നിടത്താണ് നോവലിന്റെ
സാര്‍ത്ഥകത.
                    കടലിരമ്പങ്ങള്‍
ഒരു സംഗീതമാണ്.
സ്നേഹത്തിന്റെയും,
യാതനകളുടെയും,
സൗഹൃദങ്ങളുടെയും,
ഹൃദയ
നൊമ്പരങ്ങളുടെയും,
കടപ്പാടുകളുടെയും,
ജീവിതയാത്രയുടെയും
നിലക്കാത്ത സംഗീതം. ആ
സംഗീതം കടലായിരമ്പുകയാണ്.
ബോറിസ്
പാസ്റ്റര്‍നാക്കിന്റെ
കവിതയിലേക്ക് അലയടിച്ചിറങ്ങുന്ന
ജീവിതക്കടലിരമ്പത്തിന്റെ
സംഗീതം അനുഭവവേദ്യമാക്കിയ
കൃഷ്ണദാസിന് നന്ദി.

പുസ്തകം വായിക്കാന്‍ തോന്നിപ്പിക്കുന്ന എഴുത്ത്. ആശംസകള്‍
മറുപടിഇല്ലാതാക്കൂറോസാപ്പൂക്കൾ തീർച്ചയായും പുസ്തകം വായിക്കണം. നല്ല നോവലാണ്.
ഇല്ലാതാക്കൂഎഴുപതുകളുടെ അവസാന കാലത്ത് മലയാളികളുടെ സംഘടനകള്‍ അബുദാബിയില്‍ സജീവമായി തുടങ്ങി.പക്ഷെ ഒരു ഇടതുപക്ഷ സഘടനയുടെ ആവശ്യകത തിരിച്ചറിഞ്ഞ കൃഷ്ണദാസ് അതിനുള്ള ശ്രമത്തില്‍ മുഴുകി.വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.അന്ന് മാലിക് ന്യൂസ് agenciyil 35 ദേശാഭിമാനി പത്രം വരുന്നുണ്ട് എന്നറിയുന്നത്.കൊടും ചൂടിനെ അവഗണിച്ചു പത്രം വാങ്ങാന്‍ വരുന്ന 35 സഖാക്കളുമായി പരിജയപെട്ടു.അങ്ങിനെയാണ് കൃഷ്ണദാസ് പ്രസിഡന്റ് ആയീ ഒരു ഇടതുപക്ഷ സംഘടന അബുദാബിയില്‍ രൂപം കൊള്ളുന്നത്.ഇന്ന് ആ സംഘടന ആയിരക്കണക്കിന് അംഗങ്ങള്‍ ഉള്ള ഒരു പ്രസ്ഥാനമായി വളര്‍ന്നു.പ്രധാനമായും സാഹിത്യ പ്രവര്‍ത്തമായിരുന്നു ആദ്യ കാലത്ത്.ഇന്ന് ഗള്‍ഫ് നാടുകളിലുള്ള എല്ലാ സാംസ്കാരിക പ്രവര്‍ത്തങ്ങള്‍ക്കും കൃഷ്ണാസ് തുടക്കകാരന് ആയിരുന്നു.ആകാല്തുതന്നെയാണ് ദേശാഭിമാനിയില്‍ "മിഡില്‍ ഈസ്റ്റ്" എന്ന പേജും ദാസ് കൈകാര്യം ചെയ്തിരുന്നു.
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനും, വായനയ്ക്കും നന്ദി.
ഇല്ലാതാക്കൂശ്രീ.കൃഷ്ണദാസിന്റെ "കടലിരമ്പങ്ങള്‍" വായിച്ചിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂവായനാനുഭവം നന്നായിട്ടുണ്ട്
ആശംസകള്‍
വളരെ സന്തോഷം.
ഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപുസ്തകം വായിക്കൂ ഉനൈസ്.
ഇല്ലാതാക്കൂഇതുവരെ വായിച്ചിരുന്നില്ല. ഇനി വായിച്ചേക്കാം
മറുപടിഇല്ലാതാക്കൂവായിക്കു മാനസി..
ഇല്ലാതാക്കൂനല്ല പരിചയപ്പെടുത്തൽ
മറുപടിഇല്ലാതാക്കൂനന്ദി മുരളീമുകുന്ദന്‍ ചേട്ടാ.. പുസ്തകം വായിക്കുമല്ലോ?
ഇല്ലാതാക്കൂ