ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വെടിയുണ്ട


പാരീസിലെ തെരുവീഥികളിലൂടെ ചാര്‍ലി ഹെബ്‌ദോയുടെ ഓഫീസ് തേടി നടക്കുകയായിരുന്നു കവി. കാലുകള്‍ ഇടറുന്നുണ്ടായിരുന്നു. ഉടുപ്പില്‍ നിന്നും വിയര്‍പ്പ് ഇറ്റുന്നുണ്ടായിരുന്നു. മനസ്സില്‍ ഉരുണ്ടുകൂടിയ ഭയം വലിയൊരു ധൂമകേതുവിനെപ്പോലെ അയാളെ പിന്തുടരുന്നതിനാല്‍ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്നുമുണ്ടായിരുന്നു.
“കവേ...”
പിന്നില്‍നിന്നും അസ്വാഭാവികമായൊരു വിളി. പാരീസില്‍ തന്നെ തിരിച്ചറിയാന്‍ മാത്രമാര്? പിന്നില്‍ നിന്ന് വീണ്ടും ഭീഷണമായൊരു മുരള്‍ച്ചകേട്ട് കവി ഭയന്നു പിന്തിരിഞ്ഞു. പാഞ്ഞുവരുന്നൊരു വെടിയുണ്ട! കവിയുടെ നട്ടെല്ലുകള്‍ യഥാസ്ഥാനത്തുനിന്നും അടര്‍ന്ന്, പലതായിപ്പിരിഞ്ഞ്, കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കി. കൊടുങ്കാറ്റു മൂളുന്ന ഇരുചെവികളും പൊത്തിപ്പിടിച്ച്, കണ്ണുകള്‍ മുറുക്കെച്ചിമ്മി, കവി വിറച്ചുകൊണ്ടു മൊഴിഞ്ഞു.
“മാപ്പാക്കണം.”
“മാപ്പോ?”
വെടിയുണ്ട ഉറക്കെയുറക്കെ അലറിച്ചിരിച്ചു.
“ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയെന്തൊക്കെ ചെയ്തു? എന്നിട്ടുമെന്തിനാണ് ഇപ്പോഴിങ്ങിനെ?”
“ഹ..ഹ..ഹ.. നീ ഞങ്ങള്‍ക്കുവേണ്ടി ചെയ്തതെന്തൊക്കെയെന്നു ഞങ്ങള്‍ക്കു നന്നായറിയാം. നിന്നെ കവിയാക്കിയതും പ്രശസ്തി നേടിത്തന്നതും ഞങ്ങളല്ലേ? അപ്പോള്‍ നീ ഞങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ പറയുന്നതുപോലെ ചെയ്യേണ്ടേ? ഞങ്ങള്‍ നില്‍ക്കാന്‍ പറഞ്ഞാല്‍ നീ കിടക്കണം. ഇരിക്കാന്‍ പറഞ്ഞാല്‍ നീ മുട്ടിലിഴയണം. അറിയില്ലേ നിനക്ക്?”
കണ്ണുകള്‍ തുറക്കാന്‍ കവിക്കു പേടിയായിരുന്നു. വെടിയുണ്ടയുടെ ശബ്ദത്തിലെ പരിഹാസത്തിന്റെയും അധികാരത്തിന്റെയും ഭീഷണിയുടെയും സ്വരം അയാള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു. കവിയുടെ മനസ്സു വിങ്ങിപ്പൊട്ടി. അയാള്‍ ജീവിതത്തിന്റെ യൗവ്വന തീഷ്ണതയിലെന്നോ വെടിയുണ്ടയുമായി പരിചയപ്പെടാനിടയായ സാഹചര്യത്തെ പഴിച്ചു.
അന്നയാള്‍ കലാലയത്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു. കവിയരങ്ങുകളിലെ ത്രസിപ്പിക്കുന്ന സാന്നിദ്ധ്യം. അയാളുടെ കവിതകള്‍ക്ക് വെടിയുണ്ടയെ തോല്‍പ്പിക്കുന്ന ശൗര്യമുണ്ടായിരുന്നു. അനീതികളെ തുറന്നുകാട്ടി, തുണിയഴിച്ചുനിര്‍ത്തുന്ന നീതിബോധം. പ്രതികരിക്കുന്ന യുവതയുടെ പ്രേരണാസ്രോതസ്സ്. അങ്ങിനെ പലതുമായിരുന്നു അയാള്‍. ആയിടെയാണയാള്‍ ‘വെടിയുണ്ട’ മാഗസിനിലേക്ക് ഒരു കവിതയയക്കുന്നതും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതും. തുടര്‍ന്ന് വീണ്ടും വീണ്ടും കവിതകള്‍. സമകാലിക പ്രമുഖരുടെ കവിതകള്‍ക്കൊപ്പം അയാളുടെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. മാഗസിന്‍തന്നെ മുന്‍കൈയ്യെടുത്ത് അവ ചര്‍ച്ചകള്‍ക്കു പാത്രമാക്കി. നിരൂപകര്‍ വാഴ്ത്തി.
“നിങ്ങള്‍ക്ക് വലിയൊരു ഭാവിയുണ്ട്. ഇനിയും കൂടുതലുയരങ്ങളിലേക്ക് നിങ്ങള്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു. ഞങ്ങളതിന് അവസരമൊരുക്കാം. കൂടുതല്‍ എഴുത്തിടങ്ങളൊരുക്കിത്തരാം. ഞങ്ങളോടൊന്നു ചേര്‍ന്നുനിന്നാല്‍ മാത്രം മതി.”
വെടിയുണ്ട മാഗസിന്‍ എഡിറ്ററുടെ സൗഹൃദപൂര്‍ണ്ണവും, സ്‌നേഹമസൃണവുമായ വാക്കുകള്‍ അയാളില്‍ കുളിരുപെയ്യിച്ചു.
“അവസരങ്ങള്‍.. പ്രോത്സാഹനങ്ങള്‍.. പുരസ്‌കാരങ്ങള്‍..”
ലഭിച്ചുകൊണ്ടിരിക്കുന്ന തലോടലുകളില്‍ അയാള്‍ ലഹരി കണ്ടെത്തിത്തുടങ്ങിയിരുന്നു. മാഗസിന്‍ പത്രാധിപരുടെ “ഞങ്ങളോടൊപ്പം കുറച്ചുകൂടി ചേര്‍ന്നുനില്‍ക്കൂ..”
ആവര്‍ത്തിച്ചുള്ള ചിരിച്ചുകൊണ്ടുള്ള അഭ്യര്‍ത്ഥനയില്‍ അയാള്‍ക്ക് ചെറിയൊരലോസരം തോന്നിയെങ്കിലും പ്രലോഭനങ്ങള്‍ അവയൊക്കെ മറികടക്കാന്‍ പോന്നതായിരുന്നു. കൂടുതല്‍ കൂടുതല്‍ മാസികകളിലും വാരികകളിലും അയാളുടെ കവിതകള്‍ അച്ചടിച്ചുവന്നു. പ്രമുഖ പ്രസാധകര്‍ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പിന്നീട് പുരസ്‌കാരങ്ങളുടെയും അംഗീകാരങ്ങളുടെയും പെരുമഴയായിരുന്നു.
കവി ഒന്നുമറിയേണ്ടിയിരുന്നില്ല. കവിതകള്‍ക്കും ലേഖനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കുമൊക്കെയുള്ള വിഷയങ്ങള്‍ വെടിയുണ്ട മാഗസിന്‍ ടീം നിശ്ചയിച്ചുകൊടുക്കുമായിരുന്നു. സാംസ്‌കാരിക സമ്മേളനങ്ങളിലും, ചാനല്‍ ചര്‍ച്ചകളിലും, അഭിമുഖങ്ങളിലും അയാള്‍ എന്തു സംസാരിക്കണമെന്നും, എങ്ങിനെ സംസാരിക്കണമെന്നും പെരുമാറണമെന്നും മാഗസിന്‍ എഡിറ്ററും ഉടമയും അവരുടെ നിഗൂഢസംഘവും തീരുമാനിച്ചു. അഭൂതപൂര്‍വ്വമായിരുന്നു അതിന്റെ പ്രതിഫലം. അക്കാദമി പുരസ്‌കാരങ്ങള്‍, സര്‍ക്കാരിന്റെയും, സര്‍ക്കാരിതരസ്ഥാപനങ്ങളുടെയും സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവികള്‍, ഉയര്‍ന്ന പ്രതിഫലം, ലോകം ശ്രദ്ധിക്കുന്ന അംഗീകാരങ്ങള്‍..
സുഹൃത്തുക്കളും സമകാലിക എഴുത്തുകാരും അയാളുടെ ഈ വളര്‍ച്ചകണ്ട് അത്ഭുതം കൂറി. ഇത്രയും മഹത്തരങ്ങളാണോ അയാളുടെ കവിതകളും, മറ്റ് എഴുത്തുകളുമെന്ന് അവര്‍ അതിശയിച്ചു. പക്ഷെ ആരും വിമര്‍ശനത്തിനോ ചോദ്യംചെയ്യുന്നതിനോ മുതിര്‍ന്നില്ല. അത് തങ്ങള്‍ക്ക് ദോഷംചെയ്യുമെന്ന് അവര്‍ക്കറിയാമായിരുന്നു. അയാളെ പ്രകീര്‍ത്തിക്കുന്നവര്‍ക്ക് വെടിയുണ്ട മാഗസിനിലും, മറ്റ് ആനുകാലികങ്ങളിലും അവസരം ലഭിക്കുമായിരുന്നു. വിമര്‍ശകര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുകയും. സര്‍ഗ്ഗധനരായ മുഴുവന്‍ എഴുത്തുകാരെയും തങ്ങളുടെ പാളയത്തിലെത്തിക്കുവാനുള്ള ചൂണ്ടയായി വെടിയുണ്ട മാഗസിന്‍ അയാളെ ഉപയോഗിച്ചു. അയാള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ടായിരുന്നുവെങ്കിലും ലഭിച്ചുകൊണ്ടിരുന്ന സ്ഥാനമാനങ്ങളും, ധനവും, പുരസ്‌കാരങ്ങളും, പ്രശസ്തിയും ഇല്ലാതാവുമോ എന്ന് ഭയപ്പെട്ട് മിണ്ടാതിരുന്നു.
സ്‌കൂളുകളിലും കോളേജുകളിലും ഭാഷാപഠനത്തിനായുപയോഗിച്ചിരുന്നത് പ്രധാനമായും അയാളെഴുതിയതോ, അയാള്‍ എന്ന ചൂണ്ടയിലൂടെ വെടിയുണ്ടയുടെ പാളയത്തിലെത്തിയവരെഴുതിയതോ ആയ രചനകളായിരുന്നു.
“നമ്മള്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചും, എഴുതുന്നവയെക്കുറിച്ചും നമുക്കോരോരുത്തര്‍ക്കും കൃത്യമായ ധാരണയുണ്ടാവണം. നമ്മുടെ ഉദ്ദേശ്യം എന്തെന്ന് വായനക്കാര്‍ക്കോ, വായനാലോകത്തിനോ ഒരിക്കലും മനസ്സിലാവാന്‍ പാടില്ല. ആ രീതിയിലാവണം എഴുത്തും പ്രവര്‍ത്തനങ്ങളും. മനുഷ്യാവകാശത്തിന്റെയും, മാനവികതയുടെയും, ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും, മേമ്പൊടി പുരട്ടിയതായിരിക്കണം അവ. അപ്പോഴേ നമുക്ക് പൊതു സ്വീകാര്യതയുണ്ടാവൂ. മനസ്സിലുണ്ടാവുമല്ലോ?”
ഇടയ്ക്കിടെ ചേരാറുള്ള രഹസ്യയോഗങ്ങളില്‍ മാഗസിന്‍ എഡിറ്ററും, അവര്‍ക്കറിയാത്ത നിഗൂഢഭാവമുള്ള ഏതൊക്കെയോ ഉന്നതരും എഴുത്തുകാരെ ഓര്‍മ്മിപ്പിച്ചുതുടങ്ങി.
“നമ്മുടെ പാളയം വിട്ട് പുറത്തുപോകണമെന്നോ, ഈ കാര്യങ്ങളെക്കുറിച്ച് പുറത്തുപറയണമെന്നോ തോന്നുന്നവര്‍ക്ക് മരണമായിരിക്കും ശിക്ഷ.”
ഭീഷണിക്കുമുന്നില്‍ എഴുത്തുകാര്‍ മരണഭീതിയോടെ സമ്മതിച്ചു തലകുലുക്കി. പെട്ടുപോയ കെണിയെക്കുറിച്ച് വ്യാകുലപ്പെടുമ്പോഴും, ലഭിച്ചുകൊണ്ടിരുന്ന അംഗീകാരങ്ങളും എഴുത്തിടങ്ങളും സ്ഥാനലബ്ധിയും, പ്രശസ്തിയും അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം പുതിയ പുതിയ എഴുത്തുകാരെയും, കലാകാരന്മാരെയും അവര്‍ ഈ കെണിയിലേക്ക് എത്തിച്ചുകൊണ്ടുമിരുന്നു. കവിക്ക് ഇതിനിടെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുവാനുള്ള അവസരം ചുണ്ടിനും കപ്പിനുമിടയിലാണ് ഇല്ലാതായിപ്പോയത്. അതും വെടിയുണ്ടയുടെയൊരു കളിയായിരുന്നുവെന്നും, പ്രലോഭിപ്പിച്ചു നിര്‍ത്തുവാനുള്ള തന്ത്രമായിരുന്നുവെന്നും പിന്നീട് കവിക്കു മനസ്സിലായെങ്കിലും അയാള്‍ക്ക് ഒന്നും പ്രതികരിക്കുവാനാകുമായിരുന്നില്ല.
“സര്‍, നമ്മള്‍ ഈ ചെയ്യുന്നതൊക്കെ നെറികേടല്ലേ? നമ്മുടെ വായനക്കാരുടെ മനസ്സില്‍ അരാജകത്വം വിതയ്ക്കുകയും സമൂഹത്തെ തെറ്റായ വഴിക്ക് നയിക്കുകയുമല്ലേ നമ്മള്‍ ചെയ്യുന്നത്? ഒരു എഴുത്തുകാരനങ്ങിനെ ചെയ്യാന്‍ പാടുണ്ടോ?”
സുഹൃത്തും പുതുതായി അവസരങ്ങള്‍ ലഭിച്ചുതുടങ്ങിയയാളുമായ ഒരു എഴുത്തുകാരന്‍ കവിയോടു ചോദിച്ചപ്പോള്‍ അയാളുടെ മനസ്സൊന്നുലഞ്ഞു. എങ്കിലും തന്റെഅവസ്ഥയെക്കുറിച്ചുള്ള ബോധം തലച്ചോറില്‍ കൊള്ളിയാനായി മിന്നിയപ്പോള്‍ അയാള്‍ സ്വയം നിയന്ത്രിച്ചു. ബൗദ്ധികജാഡയുടെ മേല്‍ത്തൈലം പുരട്ടി അയാള്‍ പറഞ്ഞു.
“എഴുത്തുകാരന്റെ സമൂഹത്തോടുള്ള ബാധ്യതയെപ്പറ്റി ഒരിക്കലും നല്ലൊരു എഴുത്തുകാരന്‍ വ്യാകുലപ്പെടുവാന്‍ പാടില്ല. അല്ലെങ്കില്‍ എന്തു ബാധ്യതയാണ് എഴുത്തുകാരനുമാത്രമായി ഈ സമൂഹത്തിലുള്ളത്? അവന്റെ സര്‍ഗ്ഗാത്മകതയുടെ പച്ചയായ ആവിഷ്‌കരണമാവണം എഴുത്തുകാരന്‍ നിര്‍വ്വഹിക്കേണ്ടത്. അതിന് സാന്മാര്‍ഗ്ഗികതയുമായോ, സദാചാരവുമായോ ബന്ധമില്ല. എഴുത്തുകാരന്‍ സദാചാരപ്പോലീസാകുകയല്ല ചെയ്യേണ്ടത്.”
“പക്ഷെ ഇവിടെ നമ്മള്‍ സര്‍ഗ്ഗാത്മകതയുടെ ആവിഷ്‌കരണമാണോ നടത്തുന്നത്? ആരൊക്കെയോ പറഞ്ഞുതരുന്നതിനനുസരിച്ച് എഴുതുന്നുവെന്നതല്ലാതെ? വെറും കൂലിയെഴുത്തുകാരായി സര്‍ഗ്ഗാത്മകതയെ വ്യഭിചരിക്കുകയല്ലേ നമ്മള്‍ ചെയ്യുന്നത്?”
സുഹൃത്തിന്റെ ചോദ്യം ചാട്ടുളിപോലെ മനസ്സിന്റെ മൃദുലഭിത്തികളില്‍ പതിക്കുന്നതും, അത് കൊളുത്തിയടര്‍ത്തുന്ന വേദനയില്‍ ഹൃദയം തകര്‍ന്നുപോകുന്നതായും അയാളറിഞ്ഞു. ഒന്നു പൊട്ടിക്കരയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്. പക്ഷെ ആരൊക്കെയോ ചുറ്റുംനിന്ന് തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും, അവരുടെ പിന്നില്‍ക്കെട്ടിയ കരങ്ങളില്‍ മാരകായുധങ്ങള്‍ ഒളിച്ചുവച്ചിട്ടുണ്ടെന്നും ഭയന്ന അയാള്‍ മുരണ്ടു.
“മിണ്ടിപ്പോകരുത്..”
സുഹൃത്ത് അയാളുടെ ഭാവപ്പകര്‍ച്ച കണ്ട് പകച്ച് വായപൊത്തി. പിന്നീട് സുഹൃത്തിന്റെ ഒരു സൃഷ്ടിപോലും ഒരു പ്രസിദ്ധീകരണങ്ങളിലും വെളിച്ചം കണ്ടതുമില്ല. ഭയാനകമാംവിധം ആ ചെറുപ്പക്കാരന്‍ നിശബ്ദനാക്കപ്പെട്ടിരുന്നു.
ആയിടെയായിരുന്നു പാരീസില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ കാര്‍ട്ടൂണിസ്റ്റുകളും എഡിറ്റര്‍മാരും ബുദ്ധിജീവികളുമായ പന്ത്രണ്ടുപേര്‍ ‘ചാര്‍ലി ഹെബ്‌ദോ’ എന്ന പത്രസ്ഥാപനത്തിന്റെ ഓഫീസില്‍വച്ച് വെടിയേറ്റു മരിച്ച വാര്‍ത്തവന്നത്. കവി ഞെട്ടിവിറച്ചു. ലോകം മുഴുവന്‍ ‘ഐ ആം ചാര്‍ലി’ എന്ന് ആര്‍ത്തലച്ച് ആ ക്രൂരതയ്‌ക്കെതിരെ പ്രതിഷേധിച്ചു. തൊട്ടടുത്ത ദിവസങ്ങളില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ അവിജിത്ത് റോയി ഉള്‍പ്പെടെയുള്ള ബ്ലോഗര്‍മാര്‍ തെരുവില്‍ കൊലചെയ്യപ്പെടുകയും ചെയ്തു. സിറിയയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും ആയിരക്കണക്കിന് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിവില്‍പ്പനയ്ക്കു വച്ചിരിക്കുന്നതുമായ വാര്‍ത്തകള്‍ വന്നു. നൂറുകണക്കിനാളുകളെ പരസ്യമായി കഴുത്തറുത്തുകൊല്ലുന്നതിന്റെ ദൃശ്യങ്ങളും ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരുന്നു.
കവിയ്ക്ക് പ്രതികരിക്കുവാനാകുമായിരുന്നില്ല. തിളച്ചുമറിഞ്ഞ രക്തം കവിതയായി പെയ്‌തൊഴുകി. ക്രൂരതകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായും, ഇരകളാക്കപ്പെട്ടവര്‍ക്ക് പിന്തുണയുമായും, കവിതകള്‍ ആനുകാലികങ്ങളുടെ ഡസ്‌കിലെത്തി. സഹ എഴുത്തുകാരും കവിതകളും കഥകളും ലേഖനങ്ങളുമെഴുതിയയച്ചു. പക്ഷെ ആ എഴുത്തുകളൊക്കെ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ട ഒരിടത്തേക്ക് അവരെല്ലാം വിളിക്കപ്പെടുകയാണുണ്ടായത്. അവരുടെ മുന്നില്‍വച്ച് ആ പ്രതിഷേധങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു.
“ലോകത്ത് അങ്ങിനെ പലതും നടക്കും. അതിനെക്കുറിച്ചൊന്നും നിങ്ങളാരും അത്രയൊന്നും വ്യാകുലപ്പെടേണ്ടതില്ല.”
ആ യോഗം നയിച്ച ഗൂഢസംഘത്തിന്റെ തലവനെന്നു തോന്നിച്ചയാള്‍ പറഞ്ഞു. അയാളുടെ ശബ്ദം ഒരു പെണ്ണിന്റേതെന്നതുപോലെ തുളച്ചുകയറുന്നതും, അലോസരമുണ്ടാക്കുന്നതുമായിരുന്നു.
“നിങ്ങള്‍ക്ക് പ്രതികരിക്കണമെന്നു നിര്‍ബ്ബന്ധമാണെങ്കില്‍ അവസരം ഞങ്ങള്‍ ഉണ്ടാക്കിത്തരാം. ആരും നിരാശപ്പെടേണ്ട.”
കരുണാമയമായി ശബ്ദത്തിന്റെ രൂക്ഷത മയപ്പെടുത്തിക്കൊണ്ട് തലവന്‍ തുടര്‍ന്നു.
“അടുത്ത ദിവസങ്ങളില്‍ നമ്മുടെ രാജ്യത്തും ചിലര്‍ കൊലചെയ്യപ്പെടും. അവര്‍ ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളുമായിരിക്കും. എന്തുചെയ്യാം. അവര്‍ക്ക് നീതിബോധം അല്പം കൂടിപ്പോയി. ഞങ്ങള്‍ പറയുന്നത് അനുസരിക്കാനവര്‍ക്കു വയ്യത്രെ! ഞങ്ങളുടെയാളുകള്‍ തന്നെയാണവരെ കൊല്ലുന്നത്. നിങ്ങള്‍ക്ക് ആ കൊലകള്‍ക്കെതിരെ തൂലിക പടവാളാക്കി പ്രതികരിക്കാം.”
കവിയും സഹഎഴുത്തുകാരും രക്തം മരവിച്ചുപോകുന്ന തണുപ്പോടെ ആ വാക്കുകള്‍ കേട്ടു. തങ്ങളില്‍ ആരാണ് കൊലചെയ്യപ്പെടാന്‍ പോകുന്നതെന്നറിയാതെ അവര്‍ പരസ്പരം നോക്കി വിതുമ്പി.
“പേടിക്കേണ്ട. നിങ്ങളിലാരെയുമല്ല കൊല്ലുന്നത്. അയല്‍സംസ്ഥാനങ്ങളിലെ ചിലരെ. ചില പുസ്തകോത്സവങ്ങളിലും സാഹിത്യോത്സവങ്ങളിലും നിങ്ങളവരെ കണ്ടിട്ടുണ്ടാവും എന്നുമാത്രം.”
കവിയും കൂട്ടരും ഒന്നു ദീര്‍ഘമായി നിശ്വസിച്ചു.
“ആ കൊലകള്‍ക്കെതിരെ നിങ്ങള്‍ രൂക്ഷമായി പ്രതികരിക്കണം. നിങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ പരസ്യമായി തിരസ്‌കരിക്കണം. ഇപ്പോള്‍ രാജ്യത്ത് നമുക്ക് അഭികാമ്യമല്ലാത്ത ഭരണകൂടമാണുള്ളതെന്നറിയാമല്ലോ. അവര്‍ നമുക്കെതിരെ നടപടിയെടുത്തേക്കാം. അതിനുമുമ്പ് നമുക്ക് കയറിയാക്രമിക്കണം. രാജ്യത്തെ എഴുത്തുകാരോട് ഭരണകൂടത്തിനെതിരെ കലാപമുയര്‍ത്താനാഹ്വാനം ചെയ്യണം. ഭരണകൂടത്തെ അട്ടിമറിക്കണം.”
മിഴിച്ചുനോക്കുന്ന എഴുത്തുകാരുടെ കണ്ണുകളിലേക്കുറ്റുനോക്കി തലവന്‍ തുടര്‍ന്നു.
“ഞങ്ങളല്ല, ഭരണകൂടമാണ് ആ കൊലകള്‍ നടപ്പിലാക്കിയതെന്ന് നിങ്ങള്‍ സ്ഥാപിച്ചെടുക്കണം. നിങ്ങളുയര്‍ത്തുന്ന കലാപത്തില്‍ ഭരണകൂടത്തിന്റെ കാലുകള്‍ കടപുഴകണം.”
തുടര്‍ന്നുള്ള ഭീഷണമായ നിശബ്ദതയില്‍ കവിയും സഹഎഴുത്തുകാരും മാത്രമായി. മീറ്റിംഗ് നടത്തിയവര്‍ തിരക്കിട്ട് എങ്ങോ പോയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മുന്‍കൂട്ടി സംവിധാനം ചെയ്തതുപോലെ എല്ലാം നടന്നു. എല്ലാറ്റിനുമൊടുവില്‍ കുറ്റബോധംകൊണ്ട് വിമ്മിക്കരഞ്ഞ കവിയെ മാഗസിന്‍ എഡിറ്റര്‍ പുറത്തുതട്ടി ആശ്വസിപ്പിച്ചു.
“ഹേയ്... കവിയിങ്ങിനെ വികാരം കൊണ്ടാലോ? തിരസ്‌കരിച്ച പുരസ്‌കാരങ്ങളൊക്കെ നമുക്ക് തിരിച്ചുപിടിക്കേണ്ടേ? അതിനായി വീണ്ടുമെഴുതേണ്ടേ? എല്ലാം നല്ലതിനെന്നു കരുതി സമാധാനിക്കുക. ഈ ടിക്കറ്റു വാങ്ങൂ. പാരീസിലേക്ക്. സര്‍ഗ്ഗധനരുടെ മോഹനഗരത്തിലേക്ക് പോയി ഒരുമാസം വിശ്രമിച്ചിട്ടുവരൂ. എല്ലാം നേരെയാകും.”
സംശയിച്ചുനിന്ന കവിയുടെ കൈകളില്‍ വിമാനടിക്കറ്റ് വച്ചുകൊടുത്ത് എഡിറ്റര്‍ മുരണ്ടു.
“പോയിവരൂ. മറ്റുള്ളവരൊക്കെ മറ്റുപല രാജ്യങ്ങളിലേക്കുമായി പോയിക്കഴിഞ്ഞു. പാരീസില്‍ നിങ്ങള്‍ സ്വതന്ത്രനായിരിക്കും. ആരുമവിടെ നിങ്ങളെ ശല്യംചെയ്യാന്‍ വരില്ല. പോയി അവധിക്കാലം ആസ്വദിക്കൂ കവേ..”
പാരീസിലേക്കു പറക്കുമ്പോള്‍ ചില കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നു. എല്ലാറ്റില്‍നിന്നും രക്ഷപ്പെടണം. സമാധാനത്തിന്റെയും സമത്വത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും നഗരമല്ലേ. ലോകപ്രശസ്തരായ കലാകാരന്മാരെയും, എഴുത്തുകാരെയും പരിചയപ്പെടണം. എല്ലാം തുറന്നു പറയണം. എല്ലാറ്റില്‍ നിന്നും മോചനം നേടണം. എല്ലാറ്റില്‍ നിന്നുമകന്ന്, പറ്റുമെങ്കില്‍ ഈ രാജ്യത്തുതന്നെ അഭയംപ്രാപിക്കണം. പുറംലോകത്തോട് എല്ലാം തുറന്നുപറയാനുള്ള ഒരു മാര്‍ഗ്ഗമായായിരുന്നു ചാര്‍ലി ഹെബ്‌ദോയെ കാണാന്‍ തീരുമാനിച്ചത്. എന്നിട്ടിപ്പോള്‍?
മുറുക്കെച്ചിമ്മിയ കണ്ണിന്‍മുന്നിലെന്തോ മിന്നുന്നതുപോലെ തോന്നിയ കവി അറച്ചറച്ചു കണ്ണുതുറന്നുനോക്കി. വെടിയുണ്ട നെറ്റിയുടെ മുന്നില്‍നിന്നും ഉറക്കെ ചിരിക്കുകയാണ്.
“നീ നിന്റെ വൃത്തികെട്ട ബുദ്ധി പ്രയോഗിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അതാണ് ഞങ്ങള്‍ നിന്നെ പിന്‍തുടര്‍ന്നുവന്നതും. പിന്നെ നിന്നെ അവസാനിപ്പിക്കുന്നത് ഇവിടെവച്ചാവുമ്പോള്‍ അവിടെ ഇന്ത്യയില്‍ പ്രശ്‌നമൊന്നുമുണ്ടാവുകയുമില്ല. ചാര്‍ലി ഹെബ്‌ദോയുടെ ചുവരില്‍ നിന്റെ കവിത പതിച്ച് ഞങ്ങളെ തോല്‍പ്പിച്ചുകളയാമെന്നാണോ നീ കരുതിയത്?”
അടുത്ത നിമിഷം ഭീതിദമായൊരു നിശബ്ദതയില്‍ വെടിയുണ്ട കവിയുടെ നെറ്റിതുളച്ചു കടന്നുപോയി. നിലത്തുവീണ് ഏതാനും നിമിഷങ്ങള്‍ പിടഞ്ഞ് നിശ്ചലനായ അയാളുടെ മുഷ്ടിക്കുള്ളില്‍ വിയര്‍പ്പിലും ചോരയിലും കുതിര്‍ന്ന കടലാസില്‍ ഒരു കവിത വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍

  1. നവംബര്‍ അവസാനവാരം കേസരി വാരികയില്‍ വന്ന കഥയാണിത്..
    ബ്ലോഗ് വായനക്കാര്‍ക്കായി ഇവിടെ പോസ്റ്റ് ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  2. വെടിയുണ്ട ഭീകരവും,മാരകവും തന്നെ...
    നന്നായി എഴുതി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി തങ്കപ്പന്‍ സാര്‍,
      ഈ വായനയ്ക്കും, പ്രോത്സാഹനത്തിനും.

      ഇല്ലാതാക്കൂ
  3. പാവം കവി. കഷ്ടമായിപ്പോയി.എല്ലാം തുറന്നു പറയാൻ തുടങ്ങുകയായിരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ.. തുറന്നു പറയാന്‍പോലും കഴിയാത്തവിധം ഇല്ലാതാക്കിക്കളഞ്ഞു.
      നന്ദി റോസാപ്പൂവേ.. വരവിനും, വായനയ്ക്കും.

      ഇല്ലാതാക്കൂ
  4. ഭീകരതക്ക് മുന്നിൽ
    എന്ത് കവിത ,ഏത് കവി...അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ..
      ഭീകരത വാടകയ്ക്കെടുക്കുന്ന കവികളാകാതിരിക്കുകയാണ് ചെയ്യാനാകുന്ന ഏക കാര്യം.

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്