ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

26 ഫെബ്രുവരി, 2015

മേധാവിത്വത്തിന്റെ നാള്‍വഴികള്‍


മേധാവിത്വത്തിന്റെ നാള്‍വഴികള്‍..
            വിജ്ഞാനം ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ്. ലോകത്തങ്ങോളമിങ്ങോളം എല്ലാ കാലത്തും ഈയൊരു തത്വം ആയുധപ്രയോഗം ആവശ്യമുള്ളവര്‍ ഉപയോഗിച്ചിട്ടുമുണ്ട്. വിജ്ഞാനത്തെ മേധാവിത്വത്തിനുവേണ്ടി ഉപയോഗിച്ചിരുന്ന, ഉപയോഗിക്കുന്ന ലോകമാണ് നമ്മുടെത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ കുത്തകയുടെ അടിസ്ഥാനത്തിലാണല്ലോ ഇന്ന് ലോകത്ത് ഏതൊരു രാജ്യവും സാമ്പത്തിക വികസിതവും, ഏതൊരു വ്യക്തിയോ സ്ഥാപനമോ സാമ്പത്തികൗന്നത്യത്തില്‍ നില്‍ക്കുന്നതും. അന്തര്‍ദ്ദേശീയ തലത്തില്‍ പേറ്റന്റ് നിയമങ്ങള്‍ക്കൊക്കെ മറ്റെന്തിനേക്കാളും പ്രാധാന്യം വരാന്‍ കാരണവുമിതുതന്നെയാണ്. ലോകത്തിന്റെ എല്ലാ കോണിലും ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഇവിടെ നമ്മുടെ ഭാരതീയ സാഹചര്യത്തില്‍ മേധാവിത്വത്തിനായി വിജ്ഞാനത്തെ എങ്ങിനെ ഉപയോഗിച്ചുവെന്നതും നമ്മുടെ സാമൂഹ്യ ചരിത്ര സാഹചര്യങ്ങളെ അത് എങ്ങിനെ മാറ്റിമറിച്ചുവെന്നുമാണ് ഈ ലേഖനം ചര്‍ച്ചചെയ്യാന്‍ ഉദ്ദേശിക്കുന്നത്.

             ന്യൂനപക്ഷമായിരുന്ന ഉയര്‍ന്ന ജാതിക്കാരെ അടിച്ചമര്‍ത്തി ഭരിക്കുന്നതിനുപയോഗിക്കുന്ന പ്രധാന ആയുധം മേധാവിത്വം (മേധയുടെ ആധിപത്യം) ആയിരുന്നു. അറിവ് / ബൗദ്ധിക നിലവാരം ആണ് മേധയുടെ അടിസ്ഥാനം. അറിവ് ബൗദ്ധിക നിലവാരമുയര്‍ത്തുന്നു. അറിവുള്ളവര്‍ അല്ലെങ്കില്‍ ഉയര്‍ന്ന നിലവാരമുള്ളവര്‍ ഉയര്‍ന്ന മേധയുള്ളവന്‍ ആണെന്നര്‍ത്ഥം. മേധ ആധിപത്യത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടപ്പോള്‍ ആധിപത്യം നിലനിര്‍ത്താനായി മറ്റുള്ളവരെ അറിവില്‍നിന്നും അകറ്റിനിര്‍ത്തുവാനുള്ള ശ്രമങ്ങളും ആസൂത്രണം ചെയ്യപ്പെട്ടു. ജാതി വ്യവസ്ഥയുടെ നിര്‍മ്മാണം ഈ കുടിലമായ മേധയുടെ ആധിപത്യം ഉറപ്പിക്കുന്നതിന്‍റെ ശ്രമങ്ങളുടെ ഭാഗമായി സംഭവിച്ചതാണ്.
               അറിവില്‍നിന്നും അകന്ന, നിത്യനിദാനങ്ങളായ രാജ്യരക്ഷ / ക്രമസമാധാന പാലനം, കച്ചവടം, കാര്‍ഷികവൃത്തി, മറ്റ് നിര്‍മ്മാണ / കൈത്തൊഴിലുകള്‍ തുടങ്ങിയവ ചെയ്യുന്നതിനായി മറ്റുള്ളവരെ നിയോഗിക്കുകയായിരുന്നു "മേധാ"വികള്‍ ആയിത്തീര്‍ന്ന ബ്രാഹ്മണര്‍. പൗരോഹിത്യവേലയും, അനുബന്ധചര്യകളും, ഉയര്‍ന്ന അറിവ് ആവശ്യമായവയാണെന്നും, അറിവ് സംസ്കൃത വേദജ്ഞാനത്തിലാണ് കുടികൊള്ളുന്നതെന്നും ആ അറിവുനേടാന്‍ പ്രാപ്തരായവര്‍ ബ്രാഹ്മണര്‍ മാത്രമാണ് എന്നും ഈ പ്രാപ്തി ജന്മനാ ലഭിക്കുന്നതാണെന്നും, വരുത്തിത്തീര്‍ക്കപ്പെട്ടു. മറ്റുള്ളവരെ അറിവില്‍നിന്നുമകറ്റി. ക്ഷത്രിയര്‍ക്ക് ശസ്ത്രവിദ്യയും, വൈശ്യര്‍ക്ക് വൈശിക തന്ത്രങ്ങളും (വിപണന തന്ത്രങ്ങള്‍) , മാത്രം പ്രാപ്തമാക്കി. ശൂദ്രര്‍ക്കാവട്ടെ, ഒരു അറിവും ആവശ്യമില്ലാത്ത ദാസ്യവൃത്തിയും വിധിച്ചു. ഇവിടെ ക്ഷത്രിയര്‍ക്കും, വൈശ്യര്‍ക്കും പകര്‍ന്നു നല്‍കപ്പെട്ട ശസ്ത്ര വൈശിക വിദ്യകള്‍ പക്ഷെ ചെറിയൊരു പരിധിവരെയുള്ളതുമാത്രമേ, അതായത് തങ്ങളുടെ മേധാവിത്വത്തെ ഒരിക്കലും ഹനിക്കാന്‍ പ്രാപ്തിയില്ലാത്ത വിധത്തില്‍ മാത്രമേ ആയിരുന്നുള്ളൂ എന്നു കരുതണം. കാരണം, വേദ ജ്ഞാനത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്ന വൈമാനിക ശാസ്ത്രവും, മറ്റ് പല ശസ്ത്രവിദ്യകളും ഭാരതീയ രാജ്യരക്ഷകളില്‍ വൈദേശികാക്രമണ കാലങ്ങളിലൊന്നുംതന്നെ ഉപയോഗിക്കപ്പെട്ടതായി കാണുന്നില്ല.
മേല്‍പ്പറഞ്ഞ സാമൂഹ്യവ്യവസ്ഥയുടെ നിര്‍മ്മാണം നടന്നത് വളരെ പെട്ടെന്നായിരുന്നില്ലെങ്കിലും, ചരിത്രത്തിലെ അന്നേവരെയുണ്ടായിരുന്ന സാമൂഹ്യവത്കരണ കാലഗണനയുമായി തട്ടിച്ചുനോക്കുമ്പോള്‍ താരതമ്യേന വളരെ കൂടിയ വേഗതയിലായിരുന്നുവെന്നു മനസ്സിലാക്കാം. ഈ വേഗത മേധാവിത്വ പ്രക്രിയയ്ക്ക് ആവശ്യമായിരുന്നു താനും.
                 മേധയുള്ളവന്‍ / അറിവുള്ളവന്‍ പറയുന്നതാണ് ശരി എന്ന ഒരു ധാരണ അറിവിനെ ആദരിച്ചിരുന്ന അടിയാളരാക്കപ്പെട്ട മനുഷ്യ വിഭാഗത്തിന്റെ മനസ്സിലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ബ്രാഹ്മണനായ മേധാവി നിര്‍ദ്ദേശിച്ച കാര്‍ഷികരീതികളും, ജീവിതരീതികളും, ആചാര പദ്ധതികളും ആണ് ശരിയായതെന്നും, അറിവില്ലാത്ത അടിയാളര്‍ ചെയ്യുന്നതെല്ലാം ശരിയല്ലാത്തവയും ആണെന്ന പൊതുബോധമുണ്ടായിത്തീര്‍ന്നത്. ബ്രാഹ്മണരാവട്ടെ, തങ്ങള്‍ പാരമ്പര്യമായി കൈമാറിവന്ന വൈദികജ്ഞാനം ഉപയോഗിച്ച്, ശരിയായതെന്ന രീതിയില്‍ സാമാന്യ വത്കൃതമായ ചര്യകള്‍ പൊതുബോധത്തിനു മുന്നില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇവിടെ മനസ്സിലാക്കപ്പെടേണ്ട മറ്റൊരു രസകരമായ വസ്തുത ബ്രാഹ്മണര്‍ അവരുടെ മേധാവിത്വത്തിനായി ഉപയോഗിച്ചിരുന്ന വൈദികജ്ഞാനം യഥാര്‍ത്ഥത്തില്‍ അവരുടെതായിരുന്നില്ല എന്നതാണ്.

            കാനനഛായയില്‍, പ്രകൃതിയുടെ ഗന്ധം നുകര്‍ന്ന്, ഏകാന്തമായ ധ്യാനങ്ങളില്‍ മുഴുകി, മുനിമാര്‍ നിര്‍മ്മിച്ചെടുത്തതായിരുന്നു യഥാര്‍ത്ഥത്തില്‍ വൈദിക ജ്ഞാനം. ആരായിരുന്നു ഈ മുനിമാര്‍? അവരുടെ സാമൂഹിക പദവി എന്തായിരുന്നു? ഇതൊന്നും ആര്‍ക്കും നിശ്ചയമില്ല. അല്ലെങ്കില്‍ അത് എവിടെയും പ്രസ്താവ്യവുമല്ല. രാമായണ രചയിതാവായ വാത്മീകിമുനി കാട്ടാളനായിരുന്നുവെന്നും, പ്രകൃതിയുമായിണങ്ങിക്കഴിഞ്ഞ്, രണ്ടു മരങ്ങള്‍ക്കിടയില്‍ മരങ്ങളെ ജപിച്ച്, ധ്യാനം ചെയ്ത്, മണ്ണിനാല്‍ മൂടിപ്പോകപ്പെട്ടപ്പോള്‍ മരത്തില്‍നിന്നും രാമനെന്ന രൂപകത്തെ കണ്ടെടുത്ത് കാവ്യവൃത്തി ചെയ്തിരുന്നയാളാണ് എന്ന് ഇതിഹാസം പറയുന്നു. കാട്ടാളനാണ് മുനിയായതെന്നര്‍ത്ഥം. ഇതിഹാസത്തിലെ പതിരുകള്‍ തല്ലിക്കൊഴിച്ചെടുത്താല്‍ നമുക്കു മുന്നില്‍ അനാവൃതമായി വരുന്ന യാഥാര്‍ത്ഥ്യം ഇതാണ്.

           വേദങ്ങളെ നാലായി ചിട്ടപ്പെടുത്തുകയും, മഹാഭാരതം രചിക്കുകയും ചെയ്ത വേദവ്യാസന്‍ എന്ന മുനി മത്സ്യഗന്ധിയായ കടത്തുകാരിയില്‍ പരാശരമുനിക്കു തോന്നിയ അനുരാഗവല്ലരിയില്‍ വിരിഞ്ഞ പൂവായിരുന്നു. രതിമേളനത്തിന് വിജനമായ ദ്വീപ് തെരഞ്ഞെടുക്കപ്പെടുകയും അവിടെത്തന്നെ ജന്മം കൊള്ളുകയും ചെയ്ത കൃഷ്ണ ദ്വൈപായനനായ (കറുത്ത നിറമുള്ള ദ്വീപ് വാസി) വ്യാസന്‍ ബ്രാഹ്മണനല്ല എന്നതും നിശ്ചയം. വിവാഹേതര ബന്ധങ്ങളിലുണ്ടാവുന്ന കുട്ടികളെ പിഴച്ചുണ്ടായവര്‍ എന്നാണല്ലോ ഇന്നത്തെ പൊതുബോധം വിളിക്കുന്നത്.

              നാമറിയുന്ന ഇതിഹാസ കര്‍ത്താക്കളായ രണ്ടു മുനിമാരും (അതിലൊരാള്‍ വേദവിഭജനം നടത്തിയയാളാണ്) പൗരോഹിത്യ ബ്രാഹ്മണരായിരുന്നില്ല എന്നു മനസ്സിലാക്കുന്നു. പരശുരാമനുള്‍പ്പെടെയുള്ള പല മുനിമാരിലും ബ്രാഹ്മണ്യം ആരോപിക്കാന്‍ പൗരോഹിത്യ ശ്രമം നടക്കുന്നുണ്ട്. ക്ഷാത്ര പാരമ്പര്യമുള്ള രേണുകയില്‍ കാനന ഗോത്രാധിപനായ മുനിവര്യന്‍ ജനദഗ്നിക്ക് പിറന്നവനാണല്ലോ പരശുരാമന്‍. അപ്പോള്‍ ബ്രാഹ്മണം എങ്ങിനെ പരശുരാമനില്‍ ആരോപിക്കാനാവും? അതും ചിന്തനീയമാണ്.

             മനസ്സിലാക്കാന്‍ കഴിയുന്നത്, മുനിപ്രോക്തങ്ങളായ വേദത്തെ അഥവാ പ്രകൃതിയില്‍നിന്നും മനനം ചെയ്തെടുത്ത ജ്ഞാനത്തെ മോഷ്ടിച്ചെടുക്കുകയായിരുന്നു ബ്രാഹ്മണര്‍. ഈ ജ്ഞാന ചോരണത്തിനു ശേഷം മോഷണമുതല്‍ സ്വന്തമാണെന്നഭിമാനിക്കുകയും, മറ്റുള്ളവരില്‍നിന്നുമകറ്റിപ്പിടിച്ച്, മേധാവിത്വത്തിനായി ഉപയോഗിക്കുകയുമാണ് ബ്രാഹ്മണ പുരോഹിത മേധാവികള്‍ ചെയ്തത്. മുനിമാരില്‍ നിന്നുമാര്‍ജ്ജിച്ചെടുത്ത വേദജ്ഞാനത്തെ ആധിപത്യത്തിനിണങ്ങും വിധം ആചാരബദ്ധവും, അനുഷ്ഠാന ബദ്ധവും, യജ്ഞബദ്ധവുമാക്കിയെടുക്കുന്നതിനു വേണ്ടിയുള്ള കാര്യമായൊരു ശ്രമം ആദ്യകാലത്തുതന്നെ നടന്നിട്ടുണ്ട് എന്നത് ബ്രാഹ്മണങ്ങളുടെ പിറവിയില്‍നിന്നും മനസ്സിലാക്കാം.

            വേദങ്ങളുടെ പൗരോഹിത്യ വാഖ്യാനമോ അല്ലെങ്കില്‍ പരപ്രാണ പ്രവേശമോ ആണല്ലോ ബ്രാഹ്മണങ്ങള്‍. ബ്രാഹ്മണങ്ങളുടെ ചിട്ടവട്ടങ്ങള്‍ പരിശോധിച്ചാല്‍ കാനനവാസത്തിനും, ഗ്രാമ്യവാസത്തിനും ശേഷമുള്ള നഗരവാസത്തിനനുഗുണമായ രീതിയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നു മനസ്സിലാക്കാം. നാഗരികതയുടെ ബ്രാഹ്മണങ്ങളില്‍ നിന്നും വനനീലിമയുടെ പവിത്രതയിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ആരണ്യകങ്ങളെങ്കിലും, ആത്മാന്വേഷണത്തിനുള്ള ഉപാധികളായിരുന്നു ഉപനിഷത്തുക്കളെങ്കിലും, അവയൊക്കെ തമസ്കരിക്കുകയോ, പാര്‍ശ്വവത്കരിക്കുകയോ ചെയ്തുകൊണ്ട് വൈദിക ജ്ഞാനത്തിന് യജ്ഞാനുബദ്ധമായ, ആചാരാനുഷ്ഠാന ബദ്ധമായ ഒരു തിരിഞ്ഞ വഴി വെട്ടിയെടുക്കാന്‍ സാധിച്ചു, ആധിപത്യ മനോഭാവികളായ പൗരോഹിത്യ ബ്രാഹ്മണര്‍ക്ക് എന്നു വേണം മനസ്സിലാക്കുവാന്‍.

               മേധാവിത്വത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ട അറിവിനെ ബഹുഭൂരിപക്ഷത്തില്‍നിന്നും അകറ്റി, അതിനെ അതി മഹദ് വത്കരിക്കുകയും, ഭയാശങ്കകള്‍ സൃഷ്ടിക്കുകയും, തദ്വാരാ ദിവ്യത്വം കല്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിനേക്കാളേറെ അപകടകരമായ വസ്തുത അതിനെ കുറഞ്ഞതോതിലുള്ള സംരക്ഷണം പോലും അസാധ്യമാക്കും വിധത്തില്‍ മൃതപ്രായമാക്കിത്തീര്‍ത്തു എന്നതാണ്. ജൈവമായ ജ്ഞാനത്തെ കാറ്റും വെളിച്ചവും കടക്കാത്തവിധം ബന്ധനസ്ഥമാക്കി അജൈവമാക്കിത്തീര്‍ത്തു എന്ന അത്യന്തം ഗുരുതരമായ അപരാധം ചെയ്യപ്പെട്ടു എന്നര്‍ത്ഥം.

              ആദ്യകാലങ്ങളില്‍ മേല്‍ പ്രസ്താവിക്കപ്പെട്ടതുപോലുള്ള പൗരോഹിത്യത്തിനും, മേധാവിത്വത്തിനും വേണ്ടിയാണെങ്കില്‍പ്പോലും ജ്ഞാനമാര്‍ഗ്ഗത്തില്‍ ഒരു വ്യാഖ്യാന ശ്രമം നടന്നിരുന്നു. പക്ഷെ പിന്നീട് അതുണ്ടായില്ല എന്നത് വളരെ ദയനീയമായ വസ്തുതയാണ്. മനനമോ, വ്യാഖ്യാനമോ, പുതിയ അന്വേഷണങ്ങളോ ഇല്ലാത്തവിധം, വെറും നാവില്‍നിന്നും നാവിലേക്കുള്ള "ഓത്ത്" മാത്രമായവ പരിണമിച്ചു. ഓതിക്കനും പഠിതാവിനും അര്‍ത്ഥവ്യാഖ്യാനങ്ങള്‍ സാധ്യമായിരുന്നില്ല. വെറും ചര്‍വ്വിത ചര്‍വ്വണങ്ങള്‍ മാത്രം. അതേവരെ ആധിപത്യത്തിനു വേണ്ടിയുള്ള മേധ / അറിവ് എവിടെയോ കാലവഴികളില്‍ നഷ്ടപ്പെട്ടുപോയി. പകരം നാട്യങ്ങള്‍ മാത്രം ബാക്കിയായി. ചര്‍വ്വിത ചര്‍വ്വണങ്ങള്‍ മാത്രമായി ശബ്ദങ്ങളില്‍ ആരാലും ഗ്രഹിക്കപ്പെടാതെയും, അന്വേഷിക്കപ്പെടാതെയും ഉറങ്ങിക്കിടന്ന ആന്തരാര്‍ത്ഥങ്ങളുടെ ഗരിമയില്‍ മാത്രം അല്‍പ്പാല്‍പ്പം നിലാവെളിച്ചം പരത്തിയിരുന്നത് ഈ നാട്യങ്ങള്‍ക്ക് തുണയായും തീര്‍ന്നു.

            ഇതോടൊപ്പം സമാന്തരമായി സംഭവിച്ചു കൊണ്ടിരുന്ന മറ്റൊരു പ്രക്രിയയും ഇവിടെ പ്രസ്താവ്യപ്രധാനമാണെന്നു തോന്നുന്നു. മുനിപ്രോക്തങ്ങളായ വൈദിക ജ്ഞാനം മോഷ്ടിക്കപ്പെടുകയോ, കവരപ്പെടുകയോ ചെയ്തിരുന്നുവെങ്കിലും, കാനനവാസികളായ മുനിമാരുടെ പരമ്പരയിലൂടെയോ, പാര്‍ശ്വവത്കരിക്കപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന അടിയാള ജനതയുടെയോ പ്രകൃതിയുമായും, ജീവിത യാതനകളുമായും, മണ്ണുമായുമുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും, അന്വേഷണത്തിലൂടെയും വികസിച്ചുവന്നിരുന്ന മറ്റൊരു ജ്ഞാനവഴി ചരിത്രത്താളുകളില്‍ കാണുവാന്‍ കഴിയും. നാട്ടറിവുകള്‍ എന്നാണവ പൊതുവെ പറയപ്പെടുന്നത്. നാട്ടു പാട്ടുകളിലും, നാട്ടു പേച്ചുകളിലും, ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഈ ജ്ഞാന ഗരിമയെ വേണ്ടരീതിയില്‍ ചിട്ടപ്പെടുത്തുവാനും, കരുതി സൂക്ഷിക്കുവാനും മറ്റൊരു വ്യാസ മുനി അടിയാളരുടെയിടയില്‍ പിന്നീടുണ്ടായില്ല എന്നുവേണം കരുതുവാന്‍. അതിനു കാരണം അവരിലര്‍പ്പിതമായിട്ടുള്ള ദാസ്യത്വവുമായിരിക്കാം. അല്ലെങ്കില്‍ മേധാവിത്വമുള്ള ബ്രാഹ്മണര്‍ പറയുന്നതാണ് ശരി എന്ന, അറിവിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന അടിയാള വര്‍ഗ്ഗത്തിന്‍റെ പൊതു ബോധം തങ്ങള്‍ അനുഭവത്തിലൂടെ സ്വാംശീകരിച്ച നാട്ടറിവുകള്‍ ബ്രാഹ്മണ പുരോഹിതരുടെയത്രയും ശരിയായതല്ല എന്നു ഗ്രഹിച്ചിരിക്കണം. നേരത്തെ പറഞ്ഞതു പോലെ ഈ നാട്ടറിവുകളും, ശേഖരിക്കപ്പെടുകയും ചിട്ടപ്പെടുത്തപ്പെടുകയും ചെയ്യാത്തതുകൊണ്ട് പലതും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയിക്കഴിഞ്ഞുവെന്നതും യാഥാര്‍ത്ഥ്യമാണ്. അടിയാളര്‍ക്ക് ജ്ഞാന സമ്പാദനമെന്ന വൃത്തി അനുവദനീയമല്ലാതിരുന്നതും, അവരില്‍ ചുമത്തപ്പെട്ട വിശ്രമമില്ലാത്ത ജോലി ഭാരവും, ജീവസന്ധാരണത്തിനായുള്ള പോരാട്ടങ്ങള്‍ക്കിടയിലും ഈ നാട്ടറിവുകള്‍ ശേഖരിക്കപ്പെടാതെ പോവുകയായിരുന്നു.

                   രണ്ടു തരത്തിലുള്ള ജ്ഞാന വഴികളും, അതായത് വൈദിക ജ്ഞാനവഴിയും, നാട്ടറിവ് ജ്ഞാനവഴിയും രണ്ടുതരത്തില്‍ നഷ്ടപ്പെട്ടുപോയ ശൂന്യതയിലേക്കാണ് വൈദേശിക മേധയുടെ കടന്നുവരവും ആധിപത്യവും സംഭവിച്ചത്. പോര്‍ച്ചുഗീസ് ഭാഷയിലൂടെയും, ഡച്ചു ഭാഷയിലൂടെയും പിന്നീട് ഇംഗ്ലീഷ് ഭാഷയിലൂടെയും കടന്നുവന്ന പുതിയ മേധാവിത്വം നമ്മുടെ തദ്ദേശീയമായ സംസ്കാരത്തെയും, അറിവവഴികളെയും അടിയറ വെക്കുന്നതിലേക്ക് വഴിതെളിയിച്ചു. വിദേശീയരുടെ വികസിത ശസ്ത്രവിദ്യയ്ക്കുമുന്നിലും, സാങ്കേതികത്തികവിനും മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ക്ക് സാധിച്ചില്ല. രാജ്യ രക്ഷാ ചുമതല വഹിച്ചിരുന്ന ക്ഷത്രിയര്‍ക്ക് മുനിപ്രോക്തങ്ങളായ വേദങ്ങളില്‍ പരാമര്‍ശിതമായിരുന്നുവെന്നു പറയപ്പെടുന്ന വൈമാനിക ശാസ്ത്രവും, അഗ്നിവിദ്യയും, ഗോപ്യമായ മറ്റു ശസ്ത്ര വിദ്യകളും അപ്രാപ്യമായിരുന്നുവല്ലോ. ഫലമോ? വൈദേശിക മേധാവിത്വം ജ്ഞാന, ക്ഷാത്ര, വൈശിക രംഗങ്ങളെയാകെ കൈയ്യടക്കുകയും, ആയിരത്താണ്ടുകള്‍ കൊണ്ട് നാമാര്‍ജ്ജിച്ചെടുത്ത ജ്ഞാന വഴികളും അതു പ്രത്യക്ഷമായും പരോക്ഷമായും സൃഷ്ടിച്ചെടുത്ത് സാംസ്കാരികത്തനിമയും ജീവിത രീതിയുമൊക്കെത്തന്നെ വൈദേശിക മേധാവിത്വത്തിനു മുന്നില്‍ പൊടിഞ്ഞുപോവുകയും, നമ്മുടെ നാട്ടിലെ എല്ലാ വിഭാഗങ്ങളും - അതേവരെ മേധാവികളും, അടിയാളരുമായിരുന്നവരെല്ലാം വൈദേശിക മേധാവിത്വത്തിനുമുന്നില്‍ അടിയാളരാക്കപ്പെടുകയുമായിരുന്നു. രാജ്യത്തെ ഭൗതിക സമ്പത്തും, ബ്രാഹ്മണര്‍ ഗോപ്യമാക്കി വച്ച ജ്ഞാന സമ്പത്തുംമുള്‍പ്പെടെ വിലപ്പെട്ടതൊക്കെ കൊള്ളചെയ്യപ്പെട്ടു. ഇന്ന് ഇംഗ്ലണ്ടിലേയും, അമേരിക്കയിലേയും, സര്‍വ്വകലാശാലകളുടെയും, ഗവേഷണ സ്ഥാപനങ്ങളുടെയും, ശാസ്ത്ര സ്ഥാപനങ്ങളുടെയും ആര്‍ക്കൈവുകളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് നമ്മുടെ ഋഷിപ്രോക്തങ്ങലായ ജ്ഞാന ശേഖരങ്ങളും, അല്പമെങ്കിലും ശേഖരിക്കപ്പെട്ടു ചിട്ടപ്പെടുത്തപ്പെട്ട നമ്മുടെ നാട്ടറിവു ശേഖരവുമൊക്കെ. അന്തര്‍ദ്ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലൂടെ അവര്‍ ഈ ജ്ഞാനങ്ങളുടെ മേല്‍ അവകാശമുറപ്പിച്ചുകഴിഞ്ഞു.

              ഇവിടെ ചിന്തനീയവും, രസകരവുമായ മറ്റൊരു വസ്തുത വൈദേശിക ശക്തികളായ ബ്രിട്ടീഷുകാര്‍ അവരുടെ മേധാവിത്വത്തിനു കാരണമായ ശാസ്ത്ര ജ്ഞാനവും, സാങ്കേതിക ജ്ഞാനവും ഭാഷാജ്ഞാനവും നമ്മുടെ ബ്രാഹ്മണ മേധാവികള്‍ ചെയ്തതു പോലെയത്രയും ഗോപ്യമാക്കി വച്ചിരുന്നില്ലെന്നതാണ്. പകരം അവര്‍ക്ക് അവരുടെ ദാസ്യവൃത്തിക്കായി ഒരുകൂട്ടം ജനങ്ങളെയിവിടെ സൃഷ്ടിക്കുന്നതിനായി ഇംഗ്ലീഷ് വിദ്യാഭ്യാസം ഇവിടെ നടപ്പിലാക്കി. ജ്ഞാനവഴികളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടിരുന്ന നമ്മുടെ പൊതു സമൂഹമാകട്ടെ, ഈ അവസരം അമൂല്യമായിക്കരുതി വൈദേശിക ജ്ഞാനം ഝടുതിയില്‍ ആര്‍ജ്ജിച്ചെടുക്കുകയും അതിന്റെ തന്നെ ബലത്തില്‍ പുതിയ രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകള്‍ സൃഷ്ടിച്ചെടുക്കുകയും, വൈദേശിക മേധാവിത്വത്തിനെതിരെ തിരിച്ചടിക്കുകയും, അവരെ തുരത്തി ലോക വ്യവസ്ഥയ്ക്ക് അനുഗുണമായൊരു രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥ ഇവിടെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

                 ചരിത്രത്തിന്റെ ഗതിയില്‍ അറിവ് / ജ്ഞാനം / മേധ പല രീതിയില്‍ പലപ്പോഴായി ആധിപത്യത്തിനു വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇവയൊക്കെത്തന്നെ, ഒരു പക്ഷെ കാലഘട്ടത്തിന്റെ സൃഷ്ടിയാണെന്ന് നാം ഇന്നു നില്‍ക്കുന്ന സാമൂഹിക തലത്തില്‍ നിന്നും, അന്തരീക്ഷത്തില്‍ നിന്നും ഒരു പക്ഷെ പറയുവാന്‍ സാധിക്കും. എങ്കിലും ചരിത്ര വഴികളില്‍ സ്ഥാപിക്കപ്പെട്ട മേധയുടെ ആധിപത്യങ്ങള്‍ക്ക് വിധേയരാവേണ്ടി വന്ന മാഹാഭൂരിപക്ഷം വരുന്ന വിധേയ ജനതദി ഇന്നും പഴയ മേധാവിത്വത്തിന്റെ നിഴലില്‍ കഴിയുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ചരിത്രത്തില്‍ നീതി നടപ്പിലാക്കപ്പെടണമെങ്കില്‍ തീര്‍ച്ചയായും മുന്‍ ഗതിയുടെ തിരിച്ചൊഴുക്കോ, അല്ലെങ്കില്‍ സാര്‍വ്വ ലൗകികമായ രീതിയില്‍ എല്ലാവരിലും മേധാകാരണങ്ങളുടെ വിതരണമോ സംഭവിക്കേണ്ടതുണ്ട്.

15 അഭിപ്രായങ്ങൾ:

 1. ഏറെ കുഴിച്ചുചെന്നാല്‍ നാം പ്രതീക്ഷിക്കാത്തതു പലതുമായിരിക്കും കാണുക. അല്ലേ

  മറുപടിഇല്ലാതാക്കൂ
 2. ചില ഭാഷകള്‍ക്ക് വിശുദ്ധ പദവി നല്‍കുന്നതിലൂടെ അവയുടെ ഉള്ളടക്കം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു.സ്വന്തം ഭാഷയില്‍ മനസ്സിലാക്കുന്നതിനെ സര്‍വ്വാത്മനാ അംഗീകരിക്കപ്പെടുന്നുമില്ല. അപ്പോള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത് അംഗീകരിക്കപ്പെടേണ്ടി വരുന്നു. അവരുടെ നിലനില്‍പ്പിന് സഹായകരമായ രീതിയില്‍ വ്യാഖ്യാനങ്ങളും ഉണ്ടാകുന്നു. മറച്ച് പിടിക്കേണ്ടവ മറച്ച് പിടിക്കുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങള്‍ സാധാരണക്കാ‍ാരന്‍ അപ്രാപ്യമാകുന്നു. ഭൂരിപക്ഷവും കൈമാറിക്കിട്ടിയ വിശ്വാസസംഹിതകള്‍ അതേപടി വിശ്വസിച്ച് ജീവിച്ച് മരിച്ച് പോവുകയാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തുമ്പി പറഞ്ഞത് വലിയ കാര്യമാണ്.
   അതായത് സ്വന്തം ഭാഷയിൽ ലഭ്യമായതിനെ അവഗണിക്കുകയും ഒപ്പം പണ്ഡിതമതത്തെ അംഗീകരിക്കുകയും ചെയ്യുന്ന സാമൂഹിക മനസ്ഥിതി.
   പക്ഷെ എനിക്കു തോന്നുന്നു ഈ അടിമമനസ്സ് സൃഷ്ടിക്കപ്പെട്ടത് ആധിപത്യപാരമ്പര്യത്തിൽ നിന്നാണെന്ന്. ചൂഷണം വളരെയധികം ഇവിടെ പ്രവർത്തിച്ചിരിക്കുന്നു..
   നന്ദി തുമ്പി..

   ഇല്ലാതാക്കൂ
 3. വ്യത്യസ്തതയാണ് പ്രകൃതിയുടെ നിയമം. ഓരോ കാലങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ അവരുടെ രുചിഭേദമാനുസരിച്ചുള്ള കൂട്ടങ്ങളെ സ്വരൂപിക്കാനും ഒന്നിച്ചു നില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. കയ്യൂക്കും ചിന്തകളും സമന്വയിപ്പിച്ച് അത്തരം മേധാവിത്തങ്ങള്‍ എല്ലാ കാലത്തും നിലനില്‍ക്കുന്നു. തികച്ചും പുതിയ രീതിയിലുള്ള ഒരു തിരിച്ചോഴുക്ക് (ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ) കൊണ്ട് മാത്രമേ നീതി നടപ്പാകു എന്നെനിക്ക് തോന്നുന്നു. വ്യത്യസ്തത എന്നത് യാഥാര്‍ത്ഥ്യം എന്നതിനാല്‍ എല്ലാവരിലും മേധാകാരണങ്ങളുടെ വിതരണം ഒന്നുപോലെ സംഭവിക്കും എന്നത് നടപ്പാകാത്തതാണ് എന്ന് കരുതുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അസംഭവ്യമെന്നു തോന്നാമെങ്കിലും,
   മേധാകാരണങ്ങളുടെ സാർവ്വത്രിക വിതരണം മാത്രമേ നീതി കൈവരുത്തുകയുള്ളൂ എന്നും തോന്നുന്നു.
   നന്ദി പട്ടേപ്പാടം റാംജി..

   ഇല്ലാതാക്കൂ
  2. ചിന്തനീയം.നല്ല ഭാഷയില്‍ ശബ്ദമുയര്‍ത്തി.മാറ്റുവിന്‍ ചട്ടങ്ങളെ...

   ഇല്ലാതാക്കൂ
 4. ബ്രാഹ്മണങ്ങളുടെ ചിട്ടവട്ടങ്ങള്‍ പരിശോധിച്ചാല്‍
  കാനനവാസത്തിനും, ഗ്രാമ്യവാസത്തിനും ശേഷമുള്ള
  നഗരവാസത്തിനനുഗുണമായ രീതിയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നു
  മനസ്സിലാക്കാം. നാഗരികതയുടെ ബ്രാഹ്മണങ്ങളില്‍ നിന്നും വനനീലിമയുടെ പവിത്രതയിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു ആരണ്യകങ്ങളെങ്കിലും, ആത്മാന്വേഷണത്തിനുള്ള ഉപാധികളായിരുന്നു ഉപനിഷത്തുക്കളെങ്കിലും,
  അവയൊക്കെ തമസ്കരിക്കുകയോ, പാര്‍ശ്വവത്കരിക്കുകയോ ചെയ്തുകൊണ്ട് വൈദിക ജ്ഞാനത്തിന് യജ്ഞാനുബദ്ധമായ, ആചാരാനുഷ്ഠാന ബദ്ധമായ ഒരു തിരിഞ്ഞ വഴി വെട്ടിയെടുക്കാന്‍ സാധിച്ചു, ആധിപത്യ മനോഭാവികളായ പൗരോഹിത്യ ബ്രാഹ്മണര്‍ക്ക് എന്നു വേണം മനസ്സിലാക്കുവാന്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ മുരളീമുകുന്ദൻ സാർ..
   ഈ ലേഖനം കുറച്ചു കൂടെ മെച്ചപ്പെടുത്തിയ രീതിയിൽ ഈ ലക്കം (2015 ജൂലൈ) ഗുരുശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിട്ടുകയാണെങ്കിൽ വായിക്കുമല്ലോ..

   ഇല്ലാതാക്കൂ
  2. അതെ മുരളീമുകുന്ദൻ സാർ..
   ഈ ലേഖനം കുറച്ചു കൂടെ മെച്ചപ്പെടുത്തിയ രീതിയിൽ ഈ ലക്കം (2015 ജൂലൈ) ഗുരുശബ്ദം മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിട്ടുകയാണെങ്കിൽ വായിക്കുമല്ലോ..

   ഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.