ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സന്തോഷ വാര്‍ത്ത...!! മുളങ്ങ് സമരം വിജയിച്ചു..!!


           മുളങ്ങ് രാസമാലിന്യ വിരുദ്ധ സമരം വിജയിച്ചു.. പിന്തുണയറിയിച്ച ഏവര്‍ക്കും നന്ദി..

സമരത്തിന് പിന്തുണയറിയിച്ച് സംസാരിക്കുന്ന ലേഖകന്‍
                  പ്രിയ പ്രകൃതി-പരിസ്ഥിതി സ്നേഹികളായ സുമനസ്സുകളെ, നിങ്ങളുടെ പിന്തുണയ്ക്ക് ഒരായിരം നന്ദി. തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് പ്രദേശത്ത് ജനങ്ങളുടെ ജീവനു ഹാനികരമായി, പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടു രാസമാലിന്യം പുറന്തള്ളിക്കൊണ്ടു പ്രവര്‍ത്തിച്ചിരുന്ന സൗപര്‍ണ്ണിക അലൂമിനിയം ഫാക്ടറി എന്ന വ്യവസായഭീമന്‍ സമരസമിതിയുടെ സഹനസമരത്തിനുമുന്നില്‍ അടിയറവു പറഞ്ഞ വിവരം ഏവരെയും സസന്തോഷം അറിയിക്കട്ടെ. 44 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവിലാണ് രാസമാലിന്യം വമിപ്പിക്കുന്ന വ്യവസായഭീകരനെ മുട്ടുകുത്തിക്കാന്‍ മുളങ്ങു പൗരസമിതിക്ക് സാധിച്ചത്.

ദുരന്തത്തിനിടയിലും ചോരാത്ത സമരവീര്യം

രാസമാലിന്യഫാക്ടറിക്കെതിരായ സമരം നടന്നുവരുന്നതിനിടയിലാണ് പ്രദേശത്ത് കേരളത്തെ നടുക്കിയ അതിദാരുണമായ ഗ്യാസ് സിലിണ്ടര്‍ ദുരന്തമുണ്ടായത്. എട്ടുപേരുടെ മരണത്തില്‍ കലാശിച്ച സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയിലെ പൊട്ടിത്തെറിയില്‍ സമരസമിതി പ്രവര്‍ത്തകരും കൊലചെയ്യപ്പെട്ടിരുന്നു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ ദുരന്തത്തോടെ സമരം പൊളിയുമെന്നു കരുതി സമാധാനിച്ച് കമ്പനി പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയ അലൂമിനിയം കമ്പനിക്കാര്‍ക്ക് പക്ഷെ തെറ്റിപ്പോയി. ഈയൊരു ദുരന്തത്തിനിടയിലും ഭാവിയില്‍ ഗ്രാമത്തെയാകെ കൊന്നൊടുക്കിയേക്കാവുന്ന വ്യവസായഭീകരന്റെ രാസമാലിന്യപ്പുറന്തള്ളലിനെതിരെ പോരാടാന്‍‌ ഉലയൂതി കനല്‍ ജ്വലിപ്പിച്ച മനസ്സുമായി ജനം തയ്യാറെടുക്കുകയായിരുന്നു. രോഷാകുലമായ മനസ്സിന്റെ സഹനസമരത്തിന്റെ ഗതി ആസന്നഭാവിയില്‍ മാറിയേക്കുമോ എന്ന ഭീതിയാണ് അലൂമിനിയം ഫാക്ടറി അധികൃതരെ കമ്പനി അടച്ചുപൂട്ടാന്‍ പ്രേരിപ്പിച്ചത്.
സമരത്തിന് പിന്തുണയേകി ശശികല ടീച്ചര്‍ സംസാരിക്കുന്നു.

അന്തിമ വിധിക്കായി കോടതി തുറക്കുന്നതും കാത്ത്

കമ്പനിപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും, മുന്‍സിഫ് കോടതിയിലുമായി നിലനില്‍ക്കുന്ന രണ്ടു കേസുകള്‍ ഇനിയും തീര്‍പ്പാവാനുണ്ട്. വേനലവധിക്കാലം കഴിഞ്ഞ് കോടതി ചേരുന്നതും കാത്ത് വിധി അനുകൂലമാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍. തീര്‍ച്ചയായും ഈ വരാനിരിക്കുന്ന വിധികളും ജനങ്ങള്‍ക്കനുകൂലമാവുമെന്നു നമുക്ക് പ്രത്യാശിക്കാം.

പ്രവര്‍ത്തനം നിര്‍ത്തി പൊളിച്ചു തുടങ്ങിയ കമ്പനി

അന്തിമ കോടതിവിധി വരുന്നതിനു കാത്തുനില്‍ക്കാതെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കമ്പനി അടച്ചുപൂട്ടാന്‍ അധികൃതര്‍ തയ്യാറായത് ജനരോഷത്തിനുമുന്നില്‍ മുട്ടുമടക്കിക്കൊണ്ടുതന്നെയായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും, മറ്റ് ധനാഢ്യരുടെയും മധ്യസ്ഥതയില്‍ തെരഞ്ഞെടുപ്പ് കാലത്ത് പലതരത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളും കമ്പനി അധികൃതര്‍ നടത്തിനോക്കിയെങ്കിലും പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും വഴങ്ങാതെ ഉറച്ചുനിന്ന സമരസമിതി നേതാക്കളുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ഒടുവില്‍ കമ്പനിക്ക് പരാജയം സമ്മതിക്കേണ്ടി വന്നു. അവര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. കമ്പനിയോടുചേര്‍ന്നു കെട്ടിയുയര്‍ത്തിയ ഷെഡ്ഡുകള്‍ പൊളിച്ചു മാറ്റിത്തുടങ്ങി.
സമരപ്പന്തലില്‍ സത്യാഗ്രഹികള്‍

മുഖ്യധാരാ ദൃശ്യമാധ്യമങ്ങളുടെ കുറ്റകരമായ അവഗണന

നിരാഹാര സമരം നാല്‍പ്പതു ദിവസങ്ങള്‍ കഴിഞ്ഞ വേളയിലും മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ സമരത്തെ അവഗണിക്കുകയാണുണ്ടായത്. പലതവണ ഈ ലേഖകനുള്‍പ്പെടെയുള്ളവര്‍ മാതൃഭൂമി, മലയാള മനോരമ ചാനല്‍ അധികൃതരെയും റിപ്പോര്‍ട്ടര്‍മാരെയും സമീപിക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിട്ടും വരാമെന്ന് വാക്കുപറഞ്ഞ് വരാതിരുന്ന് അപമാനിക്കും വിധം അവഗണിക്കുകയാണുണ്ടായത്. പരസ്യങ്ങളുടെയും അഭിസാരികമാരുടെയും മാത്രം മണം പറ്റിനടക്കുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ജനങ്ങളുടെ സഹനസമരം ദഹിച്ചിട്ടുണ്ടാവില്ല. സമരം അക്രമത്തിലേക്കും ലാത്തിച്ചാര്‍ജ്ജിലേക്കും രക്തച്ചൊരിച്ചിലിലേക്കും വഴിമാറിയിരുന്നെങ്കില്‍ ഒരുപക്ഷെ അവര്‍ ചോരയുടെ മണം പിടിച്ചെത്തിയേനെ. വാര്‍ത്തകളെ വ്യഭിചരിക്കാന്‍ മാത്രം ശീലിച്ച ചാനലുകളോട് ഞങ്ങള്‍ക്ക് സഹതാപം മാത്രം.
പത്രമാധ്യമങ്ങള്‍ സമരവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായത് ഇവിടെ വിസ്മരിക്കുന്നില്ല.

സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയുടെ പിന്തുണ

മുഖ്യധാരാ മാധ്യമങ്ങളുടെ അവഗണനകള്‍ക്കിടയിലും നവമാധ്യമങ്ങളിലൂടെ ലഭിച്ച പിന്തുണ അപാരമായിരുന്നു. ഫേസ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും, ബ്ലോഗിലൂടെയും, മറ്റ് വെബ് ന്യൂസ് പേപ്പറുകളിലൂടെയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പരിസ്ഥിതി- മനുഷ്യസ്നേഹികള്‍ പിന്തുണയറിയിക്കുകയും സമരത്തിന്റെ ഭാഗമാവുകയും ചെയ്തു. പലരും നേരിട്ടും, ഫോണിലൂടെയും, അല്ലാതെയും പിന്തുണയറിയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേര്‍ണലിസം വിദ്യാര്‍ത്ഥികളു‌ള്‍പ്പെടെ, ചേര്‍പ്പ് എഴുത്തുകൂട്ടം, പശ്ചിമഘട്ട സംരക്ഷണ പ്രസ്ഥാനം, പൂച്ചിന്നിപ്പാടം ശ്മശാന വിരുദ്ധ സമിതി, വല്ലഭച്ചിറ ഗ്രാമസേവാ സമിതി, ഹിന്ദു ഐക്യവേദി, സേവാഭാരതി, ബാലഗോകുലം തുടങ്ങിയ സാംസ്കാരിക, സാഹിത്യ, ആക്ടിവിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തകരും, നേതാക്കളും സമരത്തിനു പിന്തുണയുമായെത്തിയിരുന്നു.

ബ്ലോഗേഴ്സിന്റെ പിന്തുണ

നവമാധ്യമങ്ങളിലൂടെ സമരവാര്‍ത്തയറിഞ്ഞ് സമരത്തിനു പിന്തുണയറിയിച്ച് നിരവധി ബ്ലോഗര്‍മാര്‍ സമരസമിതി നേതാക്കളെ നേരിട്ട് ഫോണില്‍വിളിച്ച സമരത്തിന് എല്ലാവിധ പിന്തുണയുമറിയിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി സമരത്തെ വിജയിപ്പിച്ച ബൂലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സകലമാന ബ്ലോഗര്‍മാര്‍ക്കും പിന്തുണയ്ക്കുള്ള നന്ദി അറിയിക്കുന്നു. ഒപ്പം വിജയാഹ്ലാദവും പങ്കിടുന്നു.

സമര സമിതിയുമായി ബന്ധപ്പെടാനുള്ള നമ്പര്‍ :

ശ്രീ. രാജന്‍ കൊറ്റിക്കല്‍ (പ്രസിഡണ്ട് പൗരസമിതി) : +919995891640

അഭിപ്രായങ്ങള്‍

  1. കച്ചവടതാൽപ്പര്യവും, ഉപരിവർഗ വിധേയത്വവും കൊണ്ട് യഥാർത്ഥ ജനകീയ പ്രശ്നങ്ങളെ തമസ്കരിച്ച്, ജനവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച നമ്മുടെ മുഖ്യധാരാമാധ്യമങ്ങൾ ഇത്തരം സമരമുഖങ്ങളെ എന്നും തമസ്കരിച്ചിട്ടേയുള്ളു.....

    എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് ലക്ഷ്യം നേടിയ സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. വിജയാശംസകളളോടൊപ്പം
    ഈ കൊച്ചു ജനകീയ പട്ടാളത്തിന്
    എല്ലാ വിധ അഭിവാദ്യങ്ങളും കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  3. സമരത്തിന്റെ ഭാഗമായവരും, പിന്തുണയറിയിച്ചവരുമായ ഏവർക്കും നന്ദി ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...

              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു . പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും , വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു . കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും . കുട്ടികളതില്‍ ലയിച്ചിരിക്കും .          “ ഒറ്റപ്പത്തിയിലായിരമുടലുകള്‍           ചുറ്റുപിണഞ്ഞൊരു മണിനാഗം           ചന്ദനലതകളിലധോമുഖ ശയനം           ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍ ...”          മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും . എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും ,...

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും...

മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍...

                മി ടുക്കനായ എഞ്ചിനീയര്‍ പണിത പഴുതുകളില്ലാത്തവിധം കുറ്റമറ്റവീടുപോലെ തന്നെയായിരുന്നു അവരുടെ ജീവിതവും അയാള്‍ നിര്‍മ്മിച്ചെടുത്തത് . അനുവാദം കൂടാതെ ഒരീച്ചക്ക് പോലും കടക്കാന്‍ പറ്റാത്തവിധം സുരക്ഷിതമായായിരുന്നു ആ വീടുപണിതിരുന്നത് . ധാരാളം വായുസഞ്ചാരവും അതിനായി എയര്‍ഹോളുകളുമുണ്ടെങ്കിലും അവയെല്ലാം കനത്ത ഇരുമ്പ്കൊതുകുവലകൊണ്ട് മൂടി ബന്ധവസ്സാക്കിയിരുന്നു . വായുവിലെ അനാവശ്യകണികകള്‍ക്കുപോലും അകത്തുപ്രവേശനമുണ്ടായിരുന്നില്ല . വിവാഹജീവിതവും ഇതേപോലെ കുറ്റമറ്റ ആസൂത്രണത്തിനുശേഷമായിരുന്നു അയാള്‍ ആരംഭിച്ചത് . അശുഭലക്ഷണങ്ങളുടെയും അസ്വാസ്ഥ്യങ്ങളുടെയും കണികകള്‍പോലും തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരരുതെന്നയാള്‍ക്ക് നിര്‍ബ്ബന്ധമുണ്ടായിരുന്നു .                        വിവാഹം കഴിഞ്ഞനിമിഷംമുതല്‍ പുഞ്ചിരിയോടെയല്ലാതയാള്‍ ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നില്ല . ചെറിയൊരു നോട്ടപ്പിശകുപോലും ജീവിതതാളത്തെ ബാധിക്കാതിരിക...