ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാസമാലിന്യത്തില്‍മുങ്ങി മുളങ്ങ് ഗ്രാമം ശ്വാസംമുട്ടിപ്പിടയുന്നു


മുളങ്ങ് ഗ്രാമം സമരച്ചൂടിലാണ്

മുളങ്ങ് നിവാസികള്‍ പ്രകടനം നടത്തുന്നു
തൃശൂര്‍ ജില്ലയിലെ പറപ്പൂക്കര പഞ്ചായത്തിലെ മുളങ്ങ് ഗ്രാമത്തിലെ ജനങ്ങള്‍ ജീവന്‍മരണപ്പോരാട്ടത്തിലാണ്. ഗുരുതരമായൊരു അത്യാഹിതത്തിനുമുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കേണ്ടിവരികയാണ് ഈ ജനത. ഉറക്കെ നിലവിളിക്കുകയല്ലാതെ മറ്റൊന്നിനുമാവില്ലെന്നതുപോലൊരു നിസ്സഹായാവസ്ഥയിലാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും. അനുഭവിക്കുന്ന ഘോരമായ രാസമാലിന്യാഘാതത്തെ ചെറുക്കാന്‍ മാര്ഗ്ഗമില്ലാത്ത അബലജനത എന്തുചെയ്യും? ഈയൊരു നിസ്സഹയായാവസ്ഥയില്‍ നിന്നാണ് മുളങ്ങില്‍ ഗ്രാമജനത തങ്ങളുടെ ജീവന്‍ ഹനിക്കുന്ന രാസമാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ മരണംവരെ നിരാഹാരസമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ലേഖനമെഴുതുന്ന ദിവസം നിരാഹാരസമരം 23 ദിവസമാണ്. ഈ ഗ്രാമത്തിലെ മുഴുവന്‍ ജനതയുടെയും ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് അതിമാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുന്ന അലൂമിനിയം ഫാക്ടറി, നിയമത്തെയും നീതിയെയും വെല്ലുവിളിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ പ്രവര്‍ത്തിക്കുന്നു. പേരിനൊരു പഞ്ചായത്തു ലൈസന്‍സുപോലും ഈ ഫാക്ടറിക്കില്ലെന്നതാണ് ആശ്ചര്യകരം. രാജ്യത്തെ നിയമസംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തികളാക്കിക്കൊണ്ടു പ്രവര്‍ത്തിക്കുന്ന കൊലയാളി ഫാക്ടറിയെ, ജനങ്ങള്‍ ഇടതിങ്ങിത്താമസിക്കുന്ന പ്രദേശത്തു സ്ഥാപിക്കുവാനാവശ്യമായ ഒത്താശകള്‍ ചെയ്തുകൊടുത്തതാവട്ടെ ജനപ്രതിനിധിയായ ബഹുമാനപ്പെട്ട പഞ്ചായത്തുപ്രസിഡണ്ടും. ഇതുപോലൊരു വൈരുദ്ധ്യം ലോകത്തെവിടെയെങ്കിലും കാണുവാന്‍ കഴിയുമോയെന്ന കാര്യ സംശയമാണ്.

ജനകീയ സമരങ്ങള്‍ക്കു പേരുകേട്ട ജില്ലയാണ് തൃശൂര്‍. ലാലൂര്‍ എന്ന ഗ്രാമത്തിലെ മാലിന്യനിക്ഷേപത്തിനെതിരെ നടന്ന സമരവും, കാതിക്കുടത്തെ നിറ്റാജലാറ്റിന്‍ വിരുദ്ധ സമരവും, പാലിയേക്കര ടോള്‍ പ്ലാസ വിരുദ്ധസമരവും, മുനിയാട്ടുകുന്ന് മുനിയറ സംരക്ഷണസമരവും, പല്ലിശ്ശേരി കായല്‍ കൃഷിഭൂമി സംരക്ഷണസമരവും, മുരിയാട്ടുകായല്‍ സംരക്ഷണസമരവും എല്ലാം തൃശൂര്‍ ജില്ലയിലാണ് നടന്നുവരുന്നത്. ഈ സമരങ്ങളോടെല്ലാം കാണിക്കുന്ന നിഷേധസ്വഭാവമാണ് ഇപ്പോള്‍ മുളങ്ങ് ഗ്രാമത്തോടും സര്‍ക്കാര്‍ കാണിക്കുന്നത്. ജനങ്ങള്‍ ശ്വാസംമുട്ടിപ്പിടയുമ്പോള്‍ അത് വെറുമൊരു ജനകീയ സമരമല്ലേയെന്ന നിസ്സംഗാവസ്ഥ! തങ്ങളെ അധികാരത്തിന്‍ അപ്പക്കഷണം നുകരാന്‍ തെരഞ്ഞെടുത്തത് ഈ ജനങ്ങള്‍ തന്നെയാണെന്ന സത്യം രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും, അധികാരസ്ഥാനങ്ങളിലിരിക്കുന്നവരും മറന്നുപോവുന്നു. അല്ലെങ്കില്‍ തങ്ങള്‍ക്കു ലഭിക്കുന്ന സര്‍ക്കാര്‍ ശമ്പളം തങ്ങളുടെ തറവാട്ടുസ്വത്തില്‍നിന്നെടുത്തു തരുന്നതല്ലെന്നും, ഈ ജനങ്ങള്‍ നല്‍കുന്ന നികുതിയില്‍ നിന്നുമാണെന്നും ഉദ്യോഗസ്ഥ ദുഷ് പ്രഭുത്വവും മറന്നുപോവുന്നു.

സമരവുമായിബന്ധപ്പെട്ട് പത്രത്തില്‍വന്ന വാര്‍ത്തകള്‍
വെറും രണ്ടുവര്‍ഷം മുമ്പുമാത്രം സ്ഥാപിതമായ മുളങ്ങിലെ സൗപര്‍ണ്ണിക അലൂമിനിയം ഷീറ്റ് ഫാക്ടറിക്കുമുന്നില്‍ മുളങ്ങുജനത ശ്വാസംമുട്ടിപ്പിടയുകയാണ്. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പ്രദേശത്തെ നിരവധിയാളുകളെ കമ്പനി രോഗികളാക്കിമാറ്റിക്കഴിഞ്ഞു. സ്വച്ഛമായ ഗ്രാമപ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ പുറത്തിറങ്ങിനടക്കുന്നത് മാസ്ക് ധരിച്ചുകൊണ്ടാണെന്നത് രാസമാലിന്യം പുറന്തള്ളുന്ന കമ്പനി സൃഷ്ടിക്കുന്ന ഭീകരാവസ്ഥയ്ക്ക് സാക്ഷ്യമാണ്. ഗത്യന്തരമില്ലാതെ കൊലയാളി ഫാക്ടറിക്കെതിരെ ഗ്രാമവാസികള്‍ സംഘടിക്കുകയായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ, മുളങ്ങ് പൗരസമിതിയുടെ നേതൃത്വത്തില്‍ കമ്പനി അടച്ചുപൂട്ടാനാവശ്യപ്പെട്ടുകൊണ്ടുള്ള സമരപരിപാടികള്‍ ആരംഭിച്ചു. നിരാഹാരസമരം ഇരുപത്തിമൂന്നു ദിവസം പിന്നിട്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് ഒരു കൂസലുമില്ലെന്നത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.
മതിയായ കെട്ടിട സൗകര്യങ്ങളില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇവിടെ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന ഒരു ഓയില്‍ മില്‍ കെട്ടിടത്തിലാണ് മാരകമായ രാസവിഷ മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. അലൂമിനിയം ഷീറ്റുകള്‍ നിര്‍മ്മിച്ച്, അനൊഡൈസിംഗ്, പൗഡര്‍ കോട്ടിംഗ്, മുതലായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കമ്പനി വാതകരൂപത്തിലും, ദ്രാവകരൂപത്തിലും മാരകമായ രാസമാലിന്യങ്ങള്‍ പുറന്തള്ളുകയാണ്. അലൂമിനിയം ഹൈഡ്രോക്സൈഡ്, അലൂമിനിയം ക്ലോറൈഡ്, അലൂമിനിയം നൈട്രേറ്റ്, അലൂമിനിയം അമോണിയ, ഡിസ്ഗ്രേഡഡ് സള്‍ഫ്യൂറിക് ആസിഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയ്ക്കുപുറമെ, DYE സീലന്റ്, സോള്‍വെന്റ്, ക്ളീനേഴ്സ് തുടങ്ങിയവയുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാവുന്ന വിവിധയിനം രാസമാലിന്യങ്ങളും അന്തരീക്ഷവായുവിനെയും, മണ്ണിനെയും വെള്ളത്തെയും മലീമസമാക്കുന്നു.

കിണറുകളില്‍ കറുത്ത ജലം

കുറഞ്ഞകാലത്തെ പ്രവര്‍ത്തനംകൊണ്ടുമാത്രം കമ്പനിക്കു തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ ജലം കറുത്തതായി മാറിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കമ്പനി പ്രദേശത്തിനടുത്തു കൃഷിചെയ്തിരുന്ന വാഴകളൊക്കെ അഴുകി നശിച്ചു. തെങ്ങുകള്‍ക്കും, കമുങ്ങുകള്‍ക്കുമൊക്കെ മഞ്ഞനിറം ബാധിച്ചു മൃതപ്രായമായി നില്‍ക്കുന്നു. പ്രദേശത്ത് കാക്കകള്‍ ഒരു കാരണവുമില്ലാതെ ചത്തുവീഴുന്നുവെന്നതും ദയനീയമായ കാഴ്ചയാണ്. കഴിഞ്ഞവര്‍ഷംവരെ ഇവിടുത്തെ ചതുപ്പുകളില്‍ ഡിസംബര്‍, ജനുവരി മാസങ്ങളിലെത്തിക്കൊണ്ടിരുന്ന ദൈശാടനപക്ഷികള്‍ ഈ വര്‍ഷമെത്തിയില്ല. തെരുവുനായ്ക്കള്‍ പോലും എവിടെയോ പോയ് മറഞഞു. ഇത്രയും ഭീകരമായ, ഭയാനകമായ പരിതസ്ഥിതിയിലാണ് കിടപ്പാടമുപേക്ഷിച്ചെങ്ങോട്ടുപോകുമെന്ന ചോദ്യചിഹ്നമായി ഒരുകൂട്ടം മനുഷ്യര്‍ മരണവുമായി മല്ലടിച്ചു ജീവിക്കുന്നത്.

സമരത്തിനു നേരെ രാസാക്രമണം.

കഴിഞ്ഞയാഴ്ച നിരാഹാരസമരം 14 ദിവസം പിന്നിടുമ്പോള് സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി ഈ ലേഖകന്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് കമ്പനി എക്സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ഒരുതരം ദുര്‍ഗന്ധമുണ്ടാക്കുന്ന പൊടിയും പുകയും പുറത്തേക്കു തള്ളിയത്. സമരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന പതിനാലുവയസ്സുകാരന്‍ തല്‍ക്ഷണം കുഴഞ്ഞുവീണു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങള്‍ നിലവിളിയുയര്‍ത്തിയപ്പോഴാണ് ഫാന്‍ ഓഫ് ചെയ്തതും, പുക പുറന്തള്ളുന്നതു നിര്‍ത്തിയതും. ഫാക്ടറി തൊഴിലാളികള്‍ അന്യനാട്ടുകാരായ ബംഗാളികള്‍ ആയതുകൊണ്ട് അവര്‍ ഈയൊരാരോഗ്യപ്രശ്നത്തെക്കുറിച്ച് ബോധവാന്‍മാരല്ല. എങ്കിലും ഇടക്കിടെ കമ്പനിവക വാഹനത്തില്‍ തൊഴിലാളികളെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നത് തൊഴിലാളികള്‍ക്കിടയിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നതിന് തെളിവാണ്.

കമ്പനിയുടെ പ്രവര്‍ത്തനാരംഭത്തില്‍ കമ്പനിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. പ്രസാദ് ജനവികാരം മനസ്സിലാക്കി സമരത്തിനനുകൂലമാണിപ്പോള്‍. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നു കരുതിയാണ് താന്‍ കമ്പനി സ്ഥാപിക്കുന്നതിന് സഹായം ചെയ്തുകൊടുത്തതെന്നും, അതു സൃഷ്ടിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് താന്‍ ബോധവാനായിരുന്നില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. പഞ്ചായത്ത് കമ്പനി അടച്ചുപൂട്ടാനുള്ള സ്റ്റോപ്പ് മെമ്മോ കൊടുത്തുവെങ്കിലും കമ്പനി അധികൃതര്‍ അതു കണക്കിലെടുക്കുന്നില്ല. പോലീസില്‍ നല്‍കിയ പരാതിയനുസരിച്ച് ചേര്‍പ്പ് സി.. യുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം കമ്പനി അടച്ചുപൂട്ടിയെങ്കിലും ഒരാഴ്ചയ്ക്കകം വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണുണ്ടായത്. കോടതിയെ സമീപിച്ച കമ്പനി അധികൃതര്‍ കേസ് തീര്‍പ്പാവുന്നതുവരെ തത്സ്ഥിതി തുടരാനുള്ള ഉത്തരവ് സമ്പാദിച്ച് അതിന്റെ മറവില്‍ പ്രവര്‍ത്തനം തുടരുകയാണ്. പോലീസ് അധികൃതരാവട്ടെ കേസ് കോടതിയാലാണെന്ന ന്യായം പറഞ്ഞ് കയ്യും കെട്ടി നോക്കി നില്‍ക്കുന്നു.
പഞ്ചായത്തിന്റെ ലൈസന്‍സുപോലുമില്ലാതെ, ഒരു തരത്തിലുമുള്ള മലിനീകരണനിയന്ത്രണ ഉപാധിയുമില്ലാതെ, തൊട്ടടുത്ത തോട്ടിലും കനാലിലും മാലിന്യം നിക്ഷേപിച്ച് പ്രവര്‍ത്തിക്കുന്ന അത്യന്തം ഭീകരാവസ്ഥ സൃഷ്ടിക്കുന്ന കമ്പനിയെ നിയന്ത്രിക്കാനും മരണപ്പിടച്ചില്‍ പിടയുന്ന ഗ്രാമജനതയുടെ ദീനരോദനങ്ങള്‍ കേള്‍ക്കാനും അധികൃതര്‍ തയ്യാറാവുന്നില്ലെന്നിരിക്കെ, ജനങ്ങള്‍ അന്തിമ സമരത്തിനൊരുങ്ങുകയാണ്. എല്ലാ പ്രകൃതി സ്നേഹികളുടെയും, മനുഷ്യസ്നേഹികളുടെയും പിന്തുണ ഈ ജീവന്‍മരണപ്പോരാട്ടത്തിനായര്‍ത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പറുകള്‍ :

Shri.Rajan (president, pourasamithy) : +919995891640

Shri. Sandeep (co-ordinator, samara samithy) : +919447381334




അഭിപ്രായങ്ങള്‍

  1. ഞങ്ങള്‍ ഒരു വിഭാഗത്തിന് എന്തും കാണിക്കാം എന്ന ധാര്‍ഷ്ട്യവും മുഷ്ക്കും ഏറി വരികയാണെന്ന്‍ ഇപ്പോള്‍ സംഭവിക്കുന്ന സംഭവങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നമസ്കാരം റാംജി,
      താങ്കളുടെ പിന്തുണ സമരത്തിന് വിലപ്പെട്ടതാണ്. വളരെയധികം നന്ദി.

      ഇല്ലാതാക്കൂ
  2. പ്രകൃതിയേയും ജീവജാലങ്ങളേയും നശിപ്പിക്കുന്ന സംരംഭങ്ങള്‍ക്കെതിരെ വിജയംവരെ പോരാടണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറങ്ങോട്ടുകര സാര്‍,
      പിന്തുണയറിയിച്ചതിന് വളരെയധികം നന്ദി.

      ഇല്ലാതാക്കൂ
  3. ഈ സമരത്തിന് പിന്തുണ നല്‍കുന്നു
    ഭൂമിയെ മനുഷ്യനെ പ്രകൃതിയെ ബാധിക്കുന്ന ഇതുപോലുള്ള പ്രശ്നങ്ങളെ തൃണവല്‍ക്കരിക്കുന്ന ഒരു മുഖ്യധാരാ രാഷ്ട്രീയം നമുക്കിടയില്‍ കരുത്താര്‍ജ്ജിക്കുന്നത് നല്ല ലക്ഷണമല്ല ജീവന്റെ സമരങ്ങളെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയ ബോധം വളര്‍ത്തുന്നവര്‍ ഇത് കാണുക
    ഫൈസല്‍ ബാവ

    മറുപടിഇല്ലാതാക്കൂ
  4. അധികാരവും ഭരണവും വ്യവസായികളുടെ ഭാഗത്താണ്. എപ്പോഴും എവിടെയും. ജനപക്ഷത്ത് ജനം മാത്രം. അവര്‍ക്കാകട്ടെ പല പക്ഷങ്ങളുമാണ്. സമരത്തിനാശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടന്റെ പിന്തുണയ്ക്ക് വളരെയധികം നന്ദി..

      ഇല്ലാതാക്കൂ
  5. ചുരുക്കം ചില ആളുകൾക്ക് ധനമുണ്ടാക്കാനും, സുഖജീവിതം നയിക്കാനും നിസ്സഹായരായ മനുഷ്യരെ കരുവാക്കുന്ന അനീതിയെ ചെറുത്തു തോൽപ്പിക്കേണ്ടിയിരിക്കുന്നു - ദൈർഭാഗ്യവശാൽ ഇത്തരം ജനകീയ സമരങ്ങൾക്കുനേരെ മുഖം തിരിക്കുന്ന നയമാണ് നമ്മുടെ മുഖ്യധാരാരാഷ്ട്രീയപ്പാർട്ടികൾ പിന്തുടർന്നു പോരുന്നത് - ലേഖനത്തിൽ പറഞ്ഞതുപോലെ തൃശ്ശൂർ ജില്ലയിൽ നിലനിൽപ്പിനുവേണ്ടിയുള്ള പ്രതിരോധത്തിന്റെ അലയൊലികൾ പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട് - ഈ അലയൊലികൾ വലിയൊരു ശക്തിയായി മാറി അനീതിക്കെതിരെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ പ്രതിരോധമായി മാറട്ടെ .....

    ബാളോഗെഴുത്തിലൂടെയും, അല്ലാതെയും ഇത്തരം ജനകീയ പ്രശ്നങ്ങളിൽ ശ്രീജിത്ത് നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണ് ......

    അഭിവാദ്യങ്ങൾ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി പ്രദീപ് സാര്‍,
      സമരങ്ങളിലും ജനപക്ഷ, പ്രകൃതിപക്ഷ പ്രവര്‍ത്തനങ്ങളിലും പറ്റുന്നേടത്തോളം ഇടപെടാന്‍ ശ്രമിക്കാറുണ്ട്. കഴിയുന്നത്രയിടങ്ങളില്‍ നേരിട്ടെത്താനും ശ്രമിക്കാറുണ്ട്. നല്ല വാക്കുകള്‍ക്കും പിന്തുണയ്ക്കും വളരെയധികം നന്ദി.

      ഇല്ലാതാക്കൂ
  6. പ്രകൃതിയേയും ജീവജാലങ്ങളേയും നശിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ക്കെതിരെ വിജയംവരെ പോരാടുകതന്നെ വേണം.

    മറുപടിഇല്ലാതാക്കൂ
  7. തൃശൂര്‍ ജില്ലയിലെ ആളോൾക്കാണല്ലൊ
    എല്ലാ തരത്തിലുള്ള പുലിവാലുകളും കിട്ടി കൊണ്ടിരിക്കുന്നത് അല്ലെ
    ബൂലോഗത്തിൽ കൂ‍ടിയും പിന്നെ നേരിട്ട് പോയി നടത്തുന്ന ഇത്തരം പ്രതികരണങ്ങൾക്കെല്ലാം ഒരു ഹാറ്റ്സ് ഓഫ് ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളീ മുകുന്ദന്‍ സാര്‍,
      താങ്കളുടെ പിന്തുണയ്ക്കും നല്ല മനസ്സിനും നന്ദി പറയുന്നു.

      ഇല്ലാതാക്കൂ
  8. പ്രകൃതി - ദൈവീകമാണ്‌..
    പ്രകൃതിസമ്പത്തും ജീവജാലങ്ങളും ദൈവസൃഷ്ടിയും.
    ഇനി, ദൈവം, ദൈവീകം എന്നൊക്കെ പറയാൻ വിസമ്മതിക്കുന്നവർക്ക് കൂടി.
    പ്രകൃത്യാലുള്ള - സത്യസന്തമായ വസ്തുതകൾക്ക് നേരെ കണ്ണടക്കാൻ പറ്റില്ലല്ലോ.
    അഥവാ, കണ്ണടച്ചാൽ, ''വിവരം അറിയും''. വെറുതെ എന്തിനു ''കുറ്റവാളികൾ'' ആകണം?
    പ്രകൃതിയെയും, ജീവജാലങ്ങളെയും ''നല്ല കണ്ണ്'' കൊണ്ട് കാണുക. അല്ലാതവക്ക്/അല്ലാത്തവർക്ക് എതിരെ പ്രതികരിക്കുക.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സമരത്തിന് പിന്തുണയറിയിച്ച് കൂടെനില്‍ക്കുന്നതില്‍ വളരെയധികം നന്ദി...

      ഇല്ലാതാക്കൂ
  9. പ്രകൃതിരമണീയമായ ഗ്രാമപ്രദേശങ്ങളില്‍ പാവം ഗ്രാമീണരെ പ്രലോഭിപ്പിച്ച് പണാര്‍ത്തി പിടിച്ച ചിലര്‍ കാട്ടിക്കൂട്ടുന്ന അതിനീചവും,
    മനുഷ്യത്വരഹിതവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിജയംവരെ
    പോരാടുക തന്നെ വേണം......
    അഭിവാദ്യങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പന്‍ സാര്‍,‌
      താങ്കളുടെ പിന്തുണ സമരത്തിന് വളരെ വിലപ്പെട്ടതാണ്. പിന്തുണയറിയിച്ചതില്‍ വളരെയധികം നന്ദി പറയുന്നു.

      ഇല്ലാതാക്കൂ
  10. Mulangu is very near to my birth place even though now I am at Kochi.. I am sorry to say that I was very much preoccupied with many other issues. For sure I will be there as soon as possible as promised to the activists
    C.R.Neelakandan

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വളരെ നന്ദി സി.ആര്‍. നീലകണ്ഠന്‍ സര്‍,
      സമരത്തിന് താങ്കളുടെ പിന്തുണയറിയിച്ചതിനും സമരപ്പന്തലില്‍ താങ്കള്‍ എത്തുമെന്നറിയിച്ചതിനും വളരെയധികം നന്ദി. ഈ വിവരം ഞാന്‍ സമരപ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. താങ്കളുടെ സന്ദര്‍ശനം സമരത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ല.

      ഇല്ലാതാക്കൂ
  11. ജീവിക്കാന്‍ വേണ്ടി പോലും സമരം ചെയ്യേണ്ടുന്ന അവസ്ഥ...! ഈ പോസ്റ്റ് വായിച്ചപ്പോള്‍ മുളങ്ങുകാരുടെ ദയനീയത കണ്ട് സങ്കടം വന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനശ്വര, വളരെയധികം നന്ദി..
      അനശ്വരയുടെ പിന്തുണ സമരത്തിന് വിലപ്പെട്ടതാണ്.

      ഇല്ലാതാക്കൂ
  12. കേരളത്തിലെമ്പാടും, ചെറുതും വലുതുമായ ഇത്തരം സമരങ്ങള്‍ ഉണ്ടായി വരുന്നുണ്ട്...
    (കേരളം എന്ന് പറഞ്ഞ് ചെറുതാക്കുകയല്ല, ലോകത്താകമാനം തന്നെ ചെറുത്തു നില്പുകള്‍ വളര്‍ന്ന് വരുന്നു)
    പക്ഷെ,കേരളം നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും നാം സ്വീകരിച്ച് പോരുന്ന ജീവിത ശൈലി ഒരു കാരണമായി വരുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ...
    വികസന സങ്കല്‍പ്പം ഏതാണ് എന്നതും ചോദ്യമായി വരുന്നു.
    പ്രദേശിക സമരങ്ങള്‍ ഈ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ബദലുകള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോള്‍ നാശത്തിന്റെ പാതയില്‍ നിന്നള്ള പിന്‍വാങ്ങല്‍ ആരംഭിക്കുകയും ചെയ്യും..
    പ്രതീക്ഷിക്കാം മാഷെ നമുക്ക്...അഭിവാദ്യങ്ങള്‍.
    ആലപ്പുഴ നടക്കുന്ന വേമ്പനാട് സംരക്ഷണ പ്രവര്‍ത്തനത്തെക്കറിച്ചുള്ള ഒരു കുറിപ്പ് എന്റെ ബ്ലോഗിലുണ്ട്.
    http://jyothitagore.blogspot.in
    സമയം പോലെ നോക്കുമല്ലോ...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്