ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

'ബല്യോട്ടിന്‍കര'യിലെ ചെറിയ കാര്യങ്ങള്‍


-->

"ണ്ണ്യോട്ടെ നാണുനായര്‍ക്കിങ്ങന്യൊര് മോന്ണ്ടാവുംന്ന് ആരെങ്കിലും നീരീച്ചിര്ന്നോ?”
ഓനെന്തേനും പറ്റ്യേത്?”
എന്യെന്ത് പറ്റാനാ? തറവാട്ട് കാരണോന്‍മാരായ്ട്ടുണ്ടാക്കിവച്ച നല്ലപേരെല്ലാം ആ അറാമ്പെറപ്പ് മുടിപ്പിച്ചില്ലേ?”
ങ്ങളെന്താ ചാത്തുണ്യേട്ടാ പറേന്നെ? എനക്കൊന്നും തിരീന്നില്ലാലോ?”
ഇനിക്കൊന്നും തിരിയണ്ട. പാലത്തിമ്മന്ന് ഉര്ണ്ട് വീഴാണ്ട് നോക്കിക്കോ. വീണാ താഴെ നെലകിട്ടാത്ത വെള്ളാ.”
അതുവരെ ചാത്തുണ്യേട്ടന്റെ വര്‍ത്തമാനം പറച്ചിലില് മുഴുകി നടക്കുകയായിരുന്ന ഞാന്‍ താഴേക്ക് നോക്കി. ഹമ്പോ..! ബല്ല്യോട് എന്ന് ഞങ്ങള്‍ ഭൂമിവാതുക്കലുകാര്‍ വിളിക്കുന്ന വലിയതോട് കലങ്ങിമറിഞ്ഞ് ആര്‍ത്തലച്ചൊഴുകുകയാണ്. നിരവുമ്മലോ ചുഴലിക്കുന്നിലോ മഴ പെയ്തിട്ടുണ്ടാവണം. അവിടങ്ങളില്‍ മഴപെയ്യുമ്പോഴാണ് സാധാരണഗതിയില്‍ വലിയതോട് ഇങ്ങനെ കലങ്ങിമറിഞ്ഞൊഴുകാറുള്ളത്. പാലൊഴിച്ച കടുപ്പംകൂടിയ ചായയുടെ നിറത്തില്‍ വന്‍ ചുഴികള്‍ സൃഷ്ടിച്ച് ഒഴുക്കിക്കൊണ്ടുവരുന്ന തേങ്ങകളെയും, കൊതുമ്പിലുകളെയും, പുല്ലിന്‍ കൂട്ടത്തെയും ആ ചുഴികളില്‍ വട്ടംകറക്കുന്ന വലിയതോട് ഞങ്ങളുടെ നാടിനെ കച്ചേരിക്കുനിയെന്നും താഴോട്ടില്‍ താഴെയെന്നും. ഭൂമിവാതുക്കല്‍ താഴെയങ്ങാടിയില്‍നിന്നും കൊപ്രക്കളം വഴി വരുമ്പോഴാണ് വല്യോട്ടില്‍ പാലം കടക്കേണ്ടത്. പാലമെന്നുപറഞ്ഞാല്‍ രണ്ട് കമുങ്ങിന്‍തടികള്‍ തോട്ടിനുകുറുകെയിട്ടിരിക്കുന്നതാണ്. അതാണെങ്കില്‍ ചെറിയൊരു മഴയ്ക്കുശേഷം ചെളിപുരണ്ടു വഴുക്കുന്നു. കമുങ്ങിന്‍തടിപ്പാലത്തിലൂടെ സര്‍ക്കസ് അഭ്യാസിയെപ്പോലെ ഇരുകൈകളും നിവര്‍ത്തിവച്ച് ബാലെന്‍സ് ചെയ്ത് നടക്കുന്നതിനിടയില്‍ ശ്രദ്ധയൊന്നു മാറിപ്പോയാല്‍ തോട്ടിലെ കുത്തിയൊഴുകുന്ന വെള്ളത്തിലാണുണ്ടാവുക. മുന്‍പൊരിക്കല്‍ ഞാന്‍ വീണിട്ടുണ്ട്. ഇതെപോലെ വലിയ വെള്ളമില്ലാതിരുന്ന സമയത്താണ്. നീന്തലറിയാവുന്നതുകൊണ്ട് അന്ന് നീന്തി തോട്ടുവക്കില്‍ വളര്‍ന്നുനില്‍ക്കുന്ന കൈതച്ചെടിയുടെ മിരട്ടില്‍ പിടുത്തംകിട്ടിയതുകൊണ്ട് രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ കഥ കഴിഞ്ഞതുതന്നെയായിരുന്നു. കുറച്ചുവര്‍ഷംമുന്‍പ് മഴക്കാലത്ത് ഇവിടെ രണ്ട് കുട്ടികള്‍ വീണു മരിച്ചിട്ടുണ്ട്. തോട്ടിലൂടെ ഒഴുകിപ്പോയി വാണിമേല്‍പ്പുഴയില്‍ നിന്നാണത്രെ അന്ന് ശവം കിട്ടിയത്. അതിനെക്കുറിച്ച് പല കഥകളും നാട്ടിന്‍പുറത്ത് പരന്നിരുന്നു.
കുട്ടികള്‍ വെള്ളിയാഴ്ച്ച ഉച്ച സമയത്ത് ജിന്നും ചെകുത്താനും മറുതയുമൊക്കെ ഇറങ്ങുന്ന സമയത്താണത്രെ മുതിര്‍ന്നവരാരും ഒപ്പമില്ലാതെ വലിയതോട്ടില്‍ കുളിക്കാനിറങ്ങിയത്. വലിയവര്‍ പോലും വെള്ളിയാഴ്ച്ച ഉച്ചസമയത്ത് അവിടെ കുളിക്കാനിറങ്ങാറില്ല. പ്രത്യേകിച്ചും സ്ത്രീകള്‍. നല്ല ഭംഗിയുള്ള സ്ത്രീകള്‍ കുളിക്കാനിറങ്ങുമ്പോള്‍ അവരുടെ മേനിമിനുപ്പ് കണ്ട് ജിന്നും മറുതയുമൊക്കെ ശരീരത്തില്‍ കയറുമത്രെ. ചോര വലിച്ചുകുടിച്ച് വെള്ളത്തില്‍ മുക്കിക്കൊല്ലും. പടര്‍ന്നുപിടിച്ച പൂക്കൈതക്കാട്ടിന്റെ മിരടുകളിലാണത്രെ മറുതകളും ചെകുത്താനുമൊക്കെ താമസിക്കുന്നത്. കുട്ടിക്കാലത്തുകേട്ട കഥകളാണിതൊക്കെ. അങ്ങിനെയുള്ള സ്ഥലത്താണ് പൂവമ്പഴംപോലെ തുടുത്തുമിനുത്ത രണ്ട് ആണ്‍കുട്ടികള്‍ കുളിക്കാനിറങ്ങിയത്. അവരുടെ ശരീരത്തിന്റെ മിനുപ്പും തുടിപ്പും കണ്ട് ജിന്നിനും മറയ്കുമൊക്കെ സഹിച്ചിട്ടുണ്ടാവില്ല. പിടിച്ചു മുക്കിക്കൊന്നുകളഞ്ഞിട്ടുണ്ടാവും. എല്ലും തോലുമായ എന്നെപ്പോലെയല്ലല്ലോ അവരുടെ കാര്യം.
ഒരുകണക്കിന് പാലം കടന്ന് ചാത്തുണ്യേട്ടന്റെ പിന്നാലെ ഓടിച്ചെന്നു. നാണുനായരുടെ മോന്‍ രമേശന് എന്ത് പറ്റിയെന്നറിയണമല്ലോ. രമേശന്‍ എന്റെ പഴയൊരു കളിക്കൂട്ടുകാരനാണ്. പത്താം ക്ലാസ് പരീക്ഷകഴിഞ്ഞ് അവന്‍ തലശ്ശേരിയിലെ ബ്രണ്ണന്‍കോളേജില്‍ പ്രീ ഡിഗ്രിക്ക് ചേര്‍ന്നതുമുതല്‍ കാര്യമായി കാണാറില്ല. ഇതിനിടെ ഒരു ദിവസം പാന്റും ജുബ്ബയുമൊക്കെയിട്ട് ബാഗും തൂക്കി പാടത്തുകൂടെ പോവുന്നതു കണ്ടിരുന്നു. ഞാന്‍ ലോഗ്യംപറയാനൊന്നും പോയില്ല. അവന്‍ പഠിച്ച് വല്യ ആളായീന്ന ഭാവായിട്ട്ണ്ടാവും. നമ്മളെന്തിനാ ആവശ്യല്ലാത്തിടത്തുപോയി ആസാവുന്നത്? പിന്നെ
നീയിപ്പം ന്താ പഠിക്ക്ന്നേ?” എന്നോ,
എന്താ ജോലി ചെയ്യുന്നേ?” എന്നോ മറ്റോ ചോദിച്ചാല്‍ തീര്‍ന്നില്ലേ നമ്മുടെ മാനം? എന്താ ഉത്തരം പറയാനുള്ളത്?”
ചാത്തുണ്യേട്ടാ രമേശനെന്താ പറ്റ്യേത്?”
ഞാന്‍ വിടാതെ ചോദിച്ചു.
ഓന് എന്ത് പറ്റാനാ? പറ്റ്യത് ബാക്കീള്ളോര്‍ക്കല്ലേ? ഓന്‍ ഒര് പെണ്ണിനേം ബിളിച്ചോണ്ട് പോന്നിക്ക്ന്ന്.”
ഹാ!”
ഞാന്‍ അന്ധാളിച്ചുപോയി. രമേശന്‍ പെണ്ണിനേം വിളിച്ചോണ്ടു പോന്നുവെന്നോ? ഇതെന്ത് കഥ? രമേശന് പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ പ്രമമുണ്ടെന്ന കാര്യം എനിക്കറിയാം. പക്ഷെ അത് ഏതെങ്കിലും ഒരു പെണ്‍കുട്ടിയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതായിരുന്നില്ല. സ്കൂളിലെ സ്റ്റാറായിരുന്ന, സകലകലാ വല്ലഭനായിരുന്ന, പഠനത്തില്‍ ഒന്നാമനായ, സുന്ദര കളേബരനായ രമേശനെ പ്രേമിക്കാന്‍ ഇഷ്ടംപോലെ പെണ്‍കുട്ടികളുണ്ടായിരുന്നുവല്ലോ. അവനാണെങ്കില്‍ ആരെയും നിരാശപ്പെടുത്തിയിരുന്നുമില്ല. ഒരേസമയം പലപെണ്‍കുട്ടികളെ ശ്രീകൃഷ്ണന്‍ തോറ്റുപോവുന്നതരത്തില്‍ പ്രേമിക്കുന്ന രമേശന്റെ പ്രേമവൈഭവത്തോട് ഒരു പെണ്‍കുട്ടിയുടെ മുഖത്തുപോലും ധൈര്യത്തോടെ നോക്കാന്‍ കയ്യുടെയും കാലിന്റെയും വിറയല്‍ അനുവദിക്കാതിരുന്ന എനിക്ക അസൂയ തോന്നിയിരുന്നുവെന്നതൊരു യാഥാര്‍ത്ഥ്യമാണ്.
ചാത്തുണ്യേട്ടന്‍ വീണ്ടും നടന്ന് അകലെയത്തിയിരിക്കുന്നു. ഒപ്പമെത്താന്‍ വീണ്ടും ഓടേണ്ടിവന്നു.
ചാത്തുണ്യേട്ടാ ന്നിട്ട്?”
എന്റെ ആകാംക്ഷ വെറുതെയിരുന്നില്ല.
ന്നിട്ടെന്തുണ്ടാവ്വാനാ? ആ നാണുനായരുടെ തലവിധീന്നെല്ലാണ്ടെന്താ പറയ്യാ?”
ഞാന്‍ വീണ്ടും ചാത്തുണ്ണ്യേട്ടന്‍ എന്തെങ്കിലും പറയുംന്ന് പ്രതീക്ഷിച്ച് ഒപ്പം നടന്നു. ഇല്ല. ചാത്തുണ്ണ്യേട്ടന്‍ ഒന്നും മിണ്ടുന്നില്ല. മൗനവൃതം ദീക്ഷിച്ചവനെപ്പോലെ അയാള്‍ നടക്കുകയാണ്. ഇടക്കൊന്ന് കാലില്‍ മുള്ളുകൊണ്ടപ്പോള്‍പ്പോലും ഒരക്ഷരം മിണ്ടാതെ അയാള്‍ തലയിലെ ഓലമടലിന്റെ കെട്ട് താഴത്തുവച്ച് കാലില്‍ ദര്‍ഭമുനകൊണ്ട ശകുന്തളയെപ്പോലെ എന്നെയൊന്നു തിരിഞ്ഞുനോക്കി ഒരക്ഷരം ഉരിയാടാതെ മുള്ളെടുത്തുകളഞ്ഞ് നടത്തം തുടര്‍ന്നു. അപ്പോള്‍ അയാളുടെ ചുണ്ട് കൂര്‍പ്പിച്ചുവച്ചിരുന്നു. എന്നോട് കൂടുതലൊന്നും ചോദിക്കേണ്ടെന്നാണതിനര്‍ത്ഥം എന്ന് ഞാന്‍ സ്വന്തം നിരൂപിച്ചുണ്ടാക്കി. ഇനി ഒന്നും ചാത്തുണ്ണ്യേട്ടന്റടുത്തുന്നു കിട്ടാനില്ലെന്നു മനസ്സിലായപ്പോള്‍ നേരെ വെള്ളിയോട്ടെ രമേശന്റെ വീട്ടിലേക്ക് വച്ചടിച്ചു. എന്നാലും രമേശന് ഇത്ര ധൈര്യമോ? ഒരു കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ടോ അവന്? ചിലപ്പോള്‍ ആയിട്ടുണ്ടാവും. പണിക്കോട്ടിയില്‍ അന്ത്രുമാന്‍ പറഞ്ഞപോലെയാണെങ്കില്‍ നൂറുതവണ ആയിട്ടുണ്ടാവും. അന്ത്രുമാന്റെ അനിയന്‍ സുബൈര്‍ കല്യാണം കഴിക്കാന്‍ പോവുന്നുവെന്ന് കേട്ടപ്പോള്‍ ഞാന്‍ അന്ധാളിച്ചുപോയിരുന്നു. എന്നെക്കാളും മൂന്ന് വയസ്സ് ഇളപ്പമുണ്ട് സുബൈറിന്. ഞാന്‍ പത്താംക്ലാസ്സില്‍ ഭൂമിവാതുക്കല്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ അവന്‍ എട്ടാം ക്ലാസ്സിലായിരുന്നു. ഇന്നലെവരെ മൂക്കിളയൊലിപ്പിച്ചുനടന്ന ചെക്കന്‍ കല്യാണം കഴിക്കുന്നുവെന്നുകേട്ടാല്‍ അത്ഭുതപ്പെടുകയല്ലാതെന്താ ചെയ്യുക? ഒരു ദിവസം ഭൂമിവാതുക്കല്‍ മീന്‍ചാപ്പയില്‍ നിന്നും മീനുംവാങ്ങിവരുമ്പോള്‍ അന്ത്രുമാനും ഒപ്പമുണ്ടായിരുന്നു. സുബൈറിന്റെ കല്യാണക്കാര്യം വര്‍ത്തമാനത്തിനിടയില്‍ വന്നപ്പോള്‍ മടിച്ചുകൊണ്ടാണെങ്കിലും ചോദിച്ചു.
അന്ത്രൂമാനെ, സുബൈറിന് കല്യാണം കഴിക്കാന്‍മാത്രം വയസ്സായോ?”
എടുത്തപടി അന്ത്രുമാന്റെ ഉത്തരം ഇങ്ങനെയായിരുന്നു.
എന്താ ഓന് ആ സാധനംല്ലേ?”
എന്ത് സാധനം?”
എനിക്ക് അന്ത്രുമാന്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല.
അന്നോടൊക്കെ പച്ചക്ക് പറഞ്ഞാലെ മനസ്സിലാവൂ?..... ###@@$%%##”
അന്ത്രുമാന്‍ വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ചെവിപൊത്തിപ്പോയി. അപ്പോ അതാണോ കല്യാണം കഴിക്കാനുള്ള പ്രായം? അങ്ങിന്യാണെങ്കില്‍ എനിക്കെപ്പോള്‍ത്തന്നെ കല്യാണപ്രായമായിരിക്കുന്നു?
എന്റെ പ്രായം തന്ന്യാണ് രമേശനും. ഇപ്പോ ഇരുപതായിട്ടുണ്ടാവും. അല്ലെങ്കില്‍ ഇരുപത്തിയൊന്ന്. അതുമിതും ആലോചിച്ച് രമേശന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അവിടെയൊരാള്‍ക്കൂട്ടം. ഒരുവിധം നാട്ടുകാരൊക്കെയെത്തിയിട്ടുണ്ട്. ഞാനും അവരിലൊരാളായി തിക്കിത്തിരക്കി ഏന്തിവലിഞ്ഞുനോക്കി. നല്ല പുകിലുതന്നെ. രമേശനും പെണ്ണും വീട്ടുമുറ്റത്തുനില്‍ക്കുന്നു. വീട്ടിന്നകത്തുനിന്നും ഇടക്കിടെ ഓരോ തുണിക്കെട്ടുകളും ബാഗുമൊക്കെ മുറ്റത്തേക്ക് പറന്നുവരുന്നുണ്ട്. ഒപ്പം നാണുനായരുടെ അലറുന്ന ശബ്ദവും.
പോയിക്കോളണം ഇവിടുന്ന്. മേലാലീവീട്ടിന്റെ പടി ചവിട്ടരുത്. അസത്ത്.”
ഞാനുള്‍പ്പെടെയുള്ള നാട്ടുകാരെല്ലാം ശ്വാസംപിടിച്ചുനിന്നു കാഴ്ചകാണുകയാണ്. എന്താ ഇനി സംഭവിക്കാന്‍ പോവുന്നത്?
ഇന്നാണ്വായരക്കെന്താ പിരാന്ത് പിടിച്ചോ? ചെക്കനെ നല്ലത് പറഞ്ഞ് മനസ്സിലാക്കി പെണ്ണിനെ വല്ലിടത്തും കൊണ്ടാക്കാതെ?”
ഞങ്ങളുടെ നാട്ടിലെ ബുദ്ധിജീവിയായ പ്രാദേശിക ലേഘകന്‍ രഘുവേട്ടന്‍ അടുത്തുനിന്ന കൃഷ്ണന്‍ കുട്ട്യേട്ടനോട് സ്വകാര്യം പറഞ്ഞു. ഞാന്‍ എന്റെ ചെവി അങ്ങോട്ട് കൂര്‍പ്പിച്ചു.
അങ്ങിനെ പെണ്ണിനെ എവിടെയെങ്കിലും കൊണ്ടാക്ക്വാനൊന്നും പറ്റൂല്ല. തലശ്ശേരീലെ ഏതോ ഡോക്ടരുടെ മോളാ ഓള്. ഓന്റെ കൂടെ പഠിക്കുന്നതാ.”
അങ്ങിനെ പറ. അപ്പോ ചെക്കന്‍ പുളിങ്കൊമ്പില്‍ തന്ന്യാ കേറിപ്പിടിച്ചത്. ന്നിട്ട് ഈ നാണുനായരക്കെന്തിന്റെ കേടാ?”
പുളിങ്കൊമ്പായാലും പൂങ്കൊമ്പായാലും ചെക്കന്‍ തറവാട്ടിന് മാനക്കേട്ണ്ടാക്കീലെ? നാണു നായര്‍ക്ക് സഹിക്ക്വോ?”
പിന്നേ.. ഒര് മാനക്കേട്. ഇത്തറവാട്ടിന്റെ ചരിത്രോക്കെ എനിക്കറിയാവുന്നതാ.”
ബുദ്ധിജീവി രഘുവേട്ടന്‍ താടിചൊറിഞ്ഞുകൊണ്ട് ചരിത്രത്തിന്റെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊടുന്നനെ ഞങ്ങളെ സകലരേയും ഞെട്ടിച്ചുകൊണ്ട് രമേശന്‍ ഒരു പ്രഖ്യാപനം നടത്തി.
ന്നാ ഞങ്ങള് പോവ്വാ.”
അതുംപറഞ്ഞ് രമേശന്‍ പെണ്ണിന്റെ കയ്യും പിടിച്ച് ഒരൊറ്റ നടത്തം നടന്നു. ഞങ്ങളുടെ നേരെയാണ് അവര്‍ നടന്നുവരുന്നത്. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ ഇരുവശത്തേക്കും മാറിനിന്ന് അവര്‍ക്ക് വഴിയൊരുക്കിക്കൊടുത്തു.
ഇഞ്ഞിയെങ്ങോട്ടാടാ പോന്നെ?”
നാണുനായര് മുറ്റത്തേക്ക് ഇറങ്ങിച്ചോദിച്ചു.
ചാവാന്‍തന്നെ. മുങ്ങിച്ചാവാന്‍.”
പെണ്ണിന്റെ കയ്യും പിടിച്ചുകൊണ്ടുപോവുന്ന രമേശന്റെ ദൃഢപ്രഖ്യാപനം കേട്ട് ഞങ്ങളെല്ലാം ഞെട്ടി. അവര്‍ നടന്നുപോവുന്നത് വലിയതോടിന്റെ ഭാഗത്തേക്കാണെന്നു കണ്ട ഞാന്‍ ഒന്നുകൂടെ ഞെട്ടി. വലിയതോട്ടില്‍ ചാടി മുങ്ങിച്ചാവാനാണവരുടെ പോക്ക്. ഈ വെള്ളംകേറിയ സമയത്ത് വലിയതോട്ടില്‍ ചാടിയാല്‍ ചാവുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഞാനടക്കമുള്ള ജനാവലി അവരെ പിന്തുടര്‍ന്നു. ഞാന്‍ ഇതേവരെ ഒരാള്‍ തോട്ടില്‍ച്ചാടി മുങ്ങിച്ചാവുന്നത് നേരിട്ട് കണ്ടിട്ടില്ല. അതിനുള്ള അവസരമാണ് ഒത്തുകിട്ടിയിരിക്കുന്നത്. പാഴാക്കിയാല്‍ നഷ്ടമാണ്. പിന്നെ പറ്റിയെന്നുവരില്ല. നാട്ടുകാരുടെ കൂടെ ഞാനും വേഗം നടന്നു.
എടാ അറാമ്പെറന്നോനെ നിക്കടാ... ഞാന്‍ പറേന്നത് കേക്കടാ...”
നാണുനായര്‍ പിന്നാലെ ഓടിവരുന്നു. രമേശന്‍ ഒരു കൂസലുമില്ലാതെ പെണ്ണിന്റെ കയ്യും പിടിച്ചുവലിച്ച് നടക്കുകയാണ്. പെണ്ണിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു ജാള്യതയുണ്ട് മുഖത്ത്. അവള്‍ ചാണകത്തില്‍ ചവിട്ടിയമാതിരി കാല് നിലത്ത് ഉരച്ചുകൊണ്ട് നടന്നു.
മോനെ... അവിടെ നിക്കടാ... അച്ഛന്‍ പറയട്ടെ...”
നാണുനായരുടെ ശബ്ദത്തില്‍ പതര്‍ച്ചയുണ്ട്. നായരുടെ ഭാര്യ ഗോമതിയമ്മയും കരഞ്ഞുകൊണ്ട് പിന്നാലെയുണ്ട്. രമേശനും പെണ്ണും മുമ്പിലും, അതിനുപിന്നിലായി നാണ്വായരും ഗോമതിയമ്മയും, അതിനുംപിന്നിലായി ഞങ്ങള്‍ അസംഖ്യം നാട്ടുകാരുമായുള്ള ആ ജാഥ നാട്ടിന്‍പുറത്ത് ഉണ്ടാവാറുള്ള ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ജാഥയെക്കാളും പ്രൗഡഗംഭീരമായിരുന്നു. മുദ്രാവാക്യം വിളികളില്ലായിരുന്നു എന്നേയുള്ളൂ. പക്ഷെ പല അഭിപ്രായങ്ങളും പരദൂഷണങ്ങളുമൊക്കെയായി അതിന്റെ ഇരമ്പല്‍ ഭയാനകമായിരുന്നു. ജാഥയുടെ വാലറ്റത്താണ് ഞാനുള്‍പ്പെടെയുള്ള ചെറിയ സംഘമുള്ളത്. ബുദ്ധിജീവി രഘുവേട്ടന്‍ ഞങ്ങളുടെ സംഘത്തിലാണ്. മുന്നറ്റം ഐരാണിക്കാടും പുത്തന്‍പുരയിലെ കുളവും കഴിഞ്ഞിട്ടുണ്ടാവും. അതുകഴിഞ്ഞാല്‍ വലിയതോടാണ്. ദൂരെനിന്നേ വലിയതോട്ടിന്റെ അലര്‍ച്ച കേള്‍ക്കാം. പതഞ്ഞൊഴുകുന്ന വലിയതോട്ടിലൂടെ രമേശന്റെയും പെണ്ണിന്റെയും ശവം ഏതാനും നിമിഷങ്ങള്‍ക്കകം ഒഴുകിപ്പോവുന്നത് ഞാന്‍ മനസ്സില്‍ കണ്ടു. സുഹൃത്തേ നിനക്കാത്മ ശാന്തി. പ്രണയത്തിനായി വീരാഹുതിചെയ്ത നിന്നെ ഞങ്ങള്‍ എക്കാലവും സ്മരിക്കും. നീ കൊളുത്തിയ തീപ്പന്തം തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും. നിന്റെയും പ്രണയിനിയുടെയും ശരീരങ്ങള്‍ വലിയതോട്ടിലൂടെയും പിന്നീട് വാണിമേല്‍പ്പുഴയിലൂടെയും ഒഴുകി മയ്യഴിക്കടലില്‍ ചേരട്ടെ. ജിന്നും മറുതയുമൊന്നും നിന്റെയും നിന്നെക്കാള്‍ തുടുത്ത നിന്റെ പെണ്ണിന്റെയും ചോരകുടിച്ച് ചുഴിയില്‍ താഴ്ത്താതിരിക്കട്ടെ. നിന്റെ പ്രണയം ഇന്നാട്ടുകാര്‍ക്കൊരു പാഠമാവട്ടെ. സ്നേഹിക്കുന്ന മനസ്സുകളെ ഒന്നിച്ചുകഴിയാന്‍ നാളത്തെ സമൂഹം അനുവദിക്കുമാറാകട്ടെ. സമൂഹത്തിന്റെ മനസ്സുതുറപ്പിക്കുന്ന വിപ്ലവമാകട്ടെ നിന്റെയും പ്രണയിനിയുടെയും ആത്മാഹുതി. നീയുയര്‍ത്തിയ വിപ്ലവത്തീജ്വാലയില്‍ ഈ നാട് വെണ്ണീറാവട്ടെ. ഞാന്‍ വേഗം നടന്നു.
രമേശന്‍ പെണ്ണിനെയുംകൊണ്ട് വലിയതോട്ടിന്റെ കരയിലെത്തിക്കഴിഞ്ഞു. അവരിരുവരും തോട്ടിലേക്ക് നോക്കിനില്‍ക്കുകയാണ്. ഞങ്ങള്‍ നാട്ടുകാരെല്ലാവരും വലിയതോട്ടിന്‍കരയില്‍ തളംകെട്ടിനിന്നു. നാണുനായരും ഗോമതിയമ്മയും ഓടിയും പിടഞ്ഞും രമേശന്റെയടുത്തെത്തി. ഞങ്ങള്‍ ശ്വാസം പിടിച്ചുനിന്നു. രമേശന്‍ ഇപ്പോ ചാടും. കൂടെ പെണ്ണും. ആ അസുലഭനിമിഷം സമാഗതമാവുകയാണ്. ഒന്ന്... രണ്ട്... മൂന്ന്.... ഞാന്‍ മനസ്സില്‍ എണ്ണി. ഇതിനിടയിലാണ് ഞങ്ങളുടെയിടയിലെത്തന്നെ ചില കരിങ്കാലികള് അവര്‍ തോട്ടില്‍ച്ചാടിയാല്‍ നീന്തിപ്പിടിക്കാനായി മുണ്ടും ഷര്‍ട്ടും അഴിച്ചുവച്ച് തോര്‍ത്തുമുടുത്ത് രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറായിനില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. നശൂലങ്ങള്‍. കൊഞ്ഞാണന്‍മാര്‍. ഞങ്ങളുടെ നാട്ടില്‍ അങ്ങിനെയുമുണ്ട് കുറെപ്പേര്‍. മനസ്സമാധാനത്തോടെ തോട്ടില്‍ച്ചാടിച്ചാവാന്‍ സമ്മതിക്കില്ല. അപ്പോഴിറങ്ങും രക്ഷാപ്രവര്‍ത്തനമെന്നും പറഞ്ഞ് എടങ്കോലിടാന്‍. ആ പെണ്ണിന്റെ മുഴുപ്പ് കണ്ടിട്ടാണ്. അല്ലാതെ മറ്റൊന്നുമല്ല. അലവലാതികള്‍. വലിയ ആഴമില്ലാത്ത ചാടാന്‍പറ്റിയ സ്ഥലമേതെന്നതിനെപ്പറ്റിയാണവര്‍ തര്‍ക്കിക്കുന്നത്. തോട്ടിന്‍കരയിലും പരിസരത്തും അക്ഷമ മൂടിക്കെട്ടി.
നാണുനായരും ഗോമതിയമ്മയും രമേശനോടെന്തൊക്കെയോ കാലുപിടിച്ച് കരഞ്ഞുപറയുന്നു. രമേശന്‍ കൂസാതെ, ഭാവവ്യത്യാസമില്ലാതെ തോട്ടിലേക്കുതന്നെ നോക്കിനില്‍ക്കുന്നു. രമേശാ.. അരുത്. പ്രലോഭനങ്ങളില്‍ വഴങ്ങരുത്. എന്റെ മനസ്സ് മന്ത്രിച്ചു. ഇതിനിടയില്‍ ഗോമതിയമ്മ പെണ്ണിനെ രമേശന്റെ പിടിവിടുവിച്ച് കൊണ്ടുവന്നു. രക്ഷാപ്രവര്‍ത്തകരുടെയിടയില്‍ അത് ആശയക്കുഴപ്പം സൃഷ്ടിച്ചു.
ഈ കുരുപ്പുങ്ങളെന്താ ചാടാത്തത്?”
കൃഷ്ണന്‍കുട്ട്യേട്ടനാണ് ചോദിച്ചത്. ഞങ്ങളുടെയെല്ലാവരുടെയും അക്ഷമയായിരുന്നു അതില്‍ പ്രതിഫലിച്ചിരുന്നത്. രഘുവേട്ടന്‍ കൃഷ്ണന്‍കുട്ട്യേട്ടന്റെ കൈ പിടിച്ചമര്‍ത്തി.
മിണ്ടാണ്ടിരി.”
അയാള്‍ നാളത്തെ പത്രത്തില്‍ വരാനുള്ള വാര്‍ത്ത മനസ്സില്‍ മെനയുകയായിരിക്കും. പൊടുന്നനെയാണ് ഞങ്ങളുടെ സകല പ്രതീക്ഷകളെയും തകിടംമറിച്ചുകൊണ്ട് രമേശന്‍ നാണുനായരോടും ഗോമതിയമ്മയോടും പെണ്ണിനോടുംകൂടെ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയത്.
എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. സകലരുടെയും മുഖത്ത് അയ്യടാ എന്നഭാവം. തോട്ടിലേക്ക് ചാടി രക്ഷാപ്രവര്‍ത്തനം നടത്താന്‍ തോര്‍ത്തുമുടുത്ത് തയ്യാറായിനിന്നവര്‍ എന്തുചെയ്യണമെന്നറിയാതെ പരസ്പരം മുഖത്തോടുമുഖം നോക്കി.
വെറ്തെ.. മനുഷ്യനെ മെനക്കെട്ത്താന്‍..”
ആരോ പിറുപിറുത്തു.
എനിക്ക് സകലരെയും കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എല്ലാവരുടെയും ആര്‍ത്തി കണ്ടപ്പഴേ തോന്നിയതാണ്. ഇങ്ങന്യൊക്കയാവുംന്ന്. ആശാഭംഗത്തോടെ ഞാനും വീട്ടിലേക്കു നടന്നു.

അഭിപ്രായങ്ങള്‍

  1. എഴുത്ത് അതീവ രസകരമായി..... എന്നാലും നാട്ടുകാര്‍ക്കുണ്ടായ ആശാഭംഗം....

    ഡോക്ടറുടെ മകളെ ഓര്‍ത്തു പോയി......ഞാനൊരു നിമിഷം.

    അഭിനന്ദനങ്ങള്‍ കേട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടറുടെ മോള് സുഖായിരിക്കുന്നു എച്ച്മ്മ്വോ...
      രമേശന് നല്ല പഠിപ്പ്ണ്ട്. പിന്നെ നല്ല ഭൂസ്വത്തുംണ്ട്.
      പിന്നെ ഡോക്ടറുടെ മോള്‍ക്കെന്ത് പേടിക്കാനാ?

      ഇല്ലാതാക്കൂ
  2. ആരാന്‍റെമ്മയ്ക്ക് പ്രാന്ത് പിടിച്ചാകാണാനെന്തൊരു ചേല്! അല്ലേ!!!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഞാന്‍ ഇതേവരെ ഒരാള്‍ തോട്ടില്‍ച്ചാടി മുങ്ങിച്ചാവുന്നത് നേരിട്ട് കണ്ടിട്ടില്ല. അതിനുള്ള അവസരമാണ് ഒത്തുകിട്ടിയിരിക്കുന്നത്. പാഴാക്കിയാല്‍ നഷ്ടമാണ്!!!!!

    അത് കലക്കീ മൂത്തേടത്ത്..... നന്നായി എഴുതി ട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ..ഹ.. തോട്ടില്‍ ചാടിച്ചാവാനൊരു പ്രത്യേക സുഖാന്നാ പറേന്നത്.

      നന്ദി സുഹൃത്തേ..
      വീണ്ടും വരുമല്ലോ..?

      ഇല്ലാതാക്കൂ
  4. ഞാന്‍ ഇതേവരെ ഒരാള്‍ തോട്ടില്‍ച്ചാടി മുങ്ങിച്ചാവുന്നത് നേരിട്ട് കണ്ടിട്ടില്ല.

    ഒരോ കാര്യത്തിനു പിന്നിലും ഇത്തരം ചില ആഗ്രഹങ്ങള്‍ ഒളിഞ്ഞിരിക്കുന്നതാണ് ഇന്നത്തെ സഹായങ്ങളില്‍ ചിലതിലൊക്കെ ചിലരിലെങ്കിലും കാണാന്‍ കഴിയുന്നത്. കാണാനുള്ള ആഗ്രഹം, സഹായിക്കുന്നതുകൊണ്ട് കിട്ടാവുന്ന മറ്റുള്ളവരുടെ അനുകമ്പയും സ്നേഹവും പിടിച്ചുപറ്റല്‍, ഞാനെന്തൊക്കെയോ ചെയ്യുന്നു എന്ന് പ്രദര്‍ശിപ്പിക്കല്‍ എന്നിവയൊക്കെ. അത്തരം ചില മനോവിചാരങ്ങള്‍ സമ്മാനിക്കുന്ന കഥ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  5. അന്ന് സ്മാർട്ട് ഫോണുകളൊന്നും നാട്ടാരുടെ കയ്യിലില്ലായിരുന്നൂല്ലെ...!!?
    കഥ നന്നായിരിക്കുന്നു..
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇല്ല വീ.കെ,
      അന്തകാലത്ത് ഞങ്ങളുടെ കുഗ്രാമത്തില്‍ അങ്ങിനെയൊന്നും ഉണ്ടായിരുന്നില്ല.

      ഇല്ലാതാക്കൂ
  6. മറുപടികൾ
    1. അറങ്ങോട്ടുകര സാര്‍,
      ആശംസകള്‍ക്കഭിനന്ദനങ്ങള്‍..

      ഇല്ലാതാക്കൂ
  7. നല്ല കഥയായിരുന്നു. ആശംസകൾ. ഭൂമിവാതുൽക്കൽ എന്ന സ്ഥലപ്പെർ എങ്ങനെ വന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഭൂമിവാതുക്കല്‍ എന്റെ ജന്മദേശമാണു മുല്ലാ?
      എന്താ അറിയുമോ?
      ഭൂമിവാതുക്കല്‍ എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ട് വളരെ രസകരമായ ഒരു കഥയുണ്ട്. പിന്നീടൊരു പോസ്റ്റില്‍ പറയാം.

      ഇല്ലാതാക്കൂ
  8. തുടക്കം മുതല്‍ ഒടുക്കം വരെ നിര്‍ത്താതെ ഒറ്റ വായനയായിരുന്നു
    നല്ല രസകരമായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ,
      നിര്‍ത്താതെയുള്ള വായനയ്ക്ക് എന്റെ കഥ പ്രേരിപ്പിച്ചുവെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി അജിത്തേട്ടാ, കൃതാര്‍ത്ഥനായി.
      വളരെ നന്ദി.

      ഇല്ലാതാക്കൂ
  9. കഥ നന്നായിട്ടുണ്ട്, ഖണ്ഡിക തിരിച്ച് എഴുതിയാൽ നന്നായിരിക്കും എന്നെനിക്ക് തോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍ച്ചയായും മിനി,
      തിരക്കുപിടിച്ച് ഒരു ഇന്റര്‍വെല്ലിന്റെ ഇടവേളയില്‍ പോസ്റ്റ് ചെയ്തതാണ്. അതുകൊണ്ടാണ് ഖണ്ഡിക തിരിക്കാന്‍ പറ്റാതെ പോയത്.
      അടുത്ത തവണ ശരിയാക്കാം.

      ഇല്ലാതാക്കൂ
  10. ചെറിയ കാര്യങ്ങളിലൂടെ
    ബല്യേ നാട്ടുമ്പുറം തൊട്ടുകാണിച്ചിരിക്കുന്നൂ..
    കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളീ മുകുന്ദന്‍ സാര്‍,
      വളരെ നന്ദി...
      വീണ്ടും വരുമല്ലോ?

      ഇല്ലാതാക്കൂ
  11. ഏനും തോട്ടില് ചാടാന്‍ റെഡിയായി നിക്ക്വാരുന്നു.
    തോര്‍ത്തുടുത്തത് വെറുതെയായി.
    ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ..ഹാ..
      ചേനപ്പാടി മാഷുടെ തമാഷ ഇശ്ടപ്പെട്ടു.
      തോര്‍ത്തഴിച്ചുവച്ച് വീട്ടിപ്പോവാന്നോക്ക് മാഷേ...

      ഇല്ലാതാക്കൂ
  12. എല്ലാവരുടെയും ആര്‍ത്തി കണ്ടപ്പഴേ തോന്നിയതാണ്. ഇങ്ങന്യൊക്കയാവുംന്ന്.
    kashtamaayippoyi!

    മറുപടിഇല്ലാതാക്കൂ
  13. മറുപടികൾ
    1. മലയാളവേദി ഇനിയും ഇതുവഴി വരുമല്ലോ?
      സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

      ഇല്ലാതാക്കൂ
  14. വായിക്കാന്‍ സുഖമുള്ള കഥ. നാട്ടുകാരന് എല്ലാ വിധ ആശംസകളും..

    മറുപടിഇല്ലാതാക്കൂ
  15. ജെഫൂ... വളരെ നന്ദി..
    വീണ്ടും വരിക..

    മറുപടിഇല്ലാതാക്കൂ
  16. ഞാൻ ആ നാട്ടിൻപുറവും മനുഷ്യരേയും കാണുകയായിരുന്നു......
    വായനക്കാരെ കഥയുടെ ലോകത്തേക്ക് അനയാസം കൂട്ടിക്കൊണ്ടു പോവാനാവുന്നു....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മാടമ്പിന്റെ മനസ്സ് Sunday 10 February 2019 3:06 am IST തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ മാടമ്പിന്റെ മന. സമയം ഉച്ചതിരിഞ്ഞ് മൂന്നുമണി. മദ്ധ്യാഹ്നസൂര്യന്‍ പടിഞ്ഞാറുചായുന്നതിന്റെ ആലസ്യമുï് മനപ്പറമ്പിലും മുറ്റത്തും കോലായയിലും. നീളന്‍ കോലായയിലെ കസേരയിലിരിക്കുകയാണ,് ചെറുചിരിയോടെ, മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍. അവിഘ്‌നമസ്തു, ഭ്രഷ്ട്, അശ്വത്ഥാമാവ്, എന്തരോ മഹാനുഭാവലു, പോത്ത്, നിഷാദം, സാധനാലഹരി, ആ.. ആ.. ആനക്കഥകള്‍, ആര്യാവര്‍ത്തം, എന്റെ തോന്ന്യാസങ്ങള്‍, വാസുദേവകിണി, അമൃതസ്യ പുത്രഃ, ഗുരുഭാവം, പൂര്‍ണ്ണമിദം തുടങ്ങിയ അനശ്വരകൃതികള്‍ വായനക്കാര്‍ക്കു നല്‍കിയ, മലയാളസാഹിത്യത്തിലെ ഉന്നതശീര്‍ഷനായ, വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത തലയെടുപ്പുള്ള എഴുത്തുകാരനാണ് മാടമ്പ് കുഞ്ഞുകുട്ടന്‍. എഴുത്തുകാരന്‍ മാത്രമല്ല, സിനിമാക്കാരനും ആനക്കാരനും കൂടിയായ അദ്ദേഹം മലയാളികളോട് മനസ്സുതുറക്കുകയാണ്. ശ്രീജിത്ത് മൂത്തേടത്ത്, സി.സി. സുരേഷ് എന്നിവര്‍ മാടമ്പുമായി നടത്തിയ അഭിമുഖം മലയാളസാഹിത്യരംഗത്തെ ഇപ്പോഴത്തെ പ്രവണതകളെ മാടമ്പ് എങ്ങനെ നോക്കിക്കാണുന്നു? അങ്ങനെയെന്തെങ്കിലും പ്രവണതകളുണ്ടോ? അറിയില്ല. പു
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി .                      അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പി

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം

 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.                  മു നിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...                                           തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ് . ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു . മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന , ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും , പ്രകൃതി - പൈതൃക വിരുദ്ധരുടെയും , നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ് . ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും , പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്