ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

15 ഫെബ്രുവരി, 2012

സുഹൃത്ത്.


                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ്. പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും, നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം. അകലെ കടല്‍സീമയുടെ നീലരേഖ. രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു. നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു. ഇപ്പോള്‍ നട്ടുച്ചയാണല്ലോ. ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ്.
                       നിങ്ങളുടെ ആത്മസുഹൃത്ത് കത്തെഴുതിയറിയിച്ചിരുന്നത് ഇവിടെ കുടപോലെ വിരിഞ്ഞുനില്‍ക്കുന്ന പാറക്കെട്ടിന്റെ തണലില്‍ കാത്തിരിക്കാനായിരുന്നുവല്ലോ. തെരുവുപട്ടിയുടെ വാലില്‍പോലും മൊബൈല്‍ഫോണ്‍ ഞാന്നുകിടക്കുന്ന ഇ – കാലത്ത് അവന് മാത്രമല്ലെ കത്തെഴുതാന്‍ കഴിയൂ. അല്ലെങ്കിലും അവന്‍ പണ്ടുമുതല്‍ക്കുതന്നെ അങ്ങിനെയായിരുന്നുവല്ലോ! കലാലയജീവിതത്തിലെ പ്രണയക്കുസൃതികളില്‍പോലും താല്‍പ്പര്യമില്ലാതിരുന്ന ഒരു തനിനാടന്‍ പച്ചക്കറി. ലൈബ്രറിമുറിയിലെ നിശ്ശബ്ദതയിലും, അക്കേഷ്യാഗാര്‍ഡനിലെ ആളൊഴിഞ്ഞ വീഥികളിലും മാത്രമല്ലേ അവനെക്കാണാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നെ വിദൂരതയില്‍ വെള്ളിയാങ്കല്ല് ദൃശ്യമാവുന്ന ഇവിടുത്തെയീ കുടപ്പാറച്ചുവട്ടിലും. പുസ്തകങ്ങളുടെയും വിഷാദത്തിന്റെയും മാത്രം കൂട്ടുകാരനായിരുന്ന അവന്‍ നിങ്ങളോട് മാത്രമായിരുന്നുവല്ലോ മനസ്സ് തുറന്നിരുന്നത്? അവന്റെ മനോവ്യാപാരങ്ങളുടെ നിലവറസൂക്ഷിപ്പുകാരനായിരുന്നില്ലേ നിങ്ങള്‍?
                            ഇപ്പോള്‍ നീണ്ട പ്രവാസജീവിതത്തിന്റെ ഇടവേളയില്‍ അപ്രതീക്ഷിതമായി ആ കത്ത് നിങ്ങളുടെ കൈവശം കിട്ടിയപ്പോള്‍ തീര്‍ത്തും അതിശയിച്ചുപോയിരുന്നുവല്ലോ. പഠനജീവിതത്തിന്നുശേഷം ആരോടും പറയാതെ എങ്ങോ അപ്രത്യക്ഷനായ സുഹൃത്ത്. അന്ന് ഏറെ അന്വേഷിച്ചിരുന്നുവെങ്കിലും മേല്‍വിലാസംപോലും അവശേഷിപ്പിക്കാതെ കടന്നുകളഞ്ഞ ഒരാള്‍. അന്വേഷിച്ചിരുന്നു പലതവണ അവന്റെ ജന്മനാടായ ഭൂമിവാതുക്കലില്‍. ആളൊഴിഞ്ഞ ബാലന്‍നായരുടെ ചായക്കടയായിരുന്നു അവന്റെ താവളമെന്നറിഞ്ഞ് അവിടെയന്വേഷിച്ചു. പക്ഷെ ബാലന്‍നായര്‍ നിസ്സഹായനായി കൈമലര്‍ത്തുകയാണുണ്ടായത്.
                  “ആകെയുണ്ടായിരുന്നതൊരമ്മയാണ്. കഴിഞ്ഞവര്‍ഷം അതുംകൂടെ മരിച്ചപ്പോള്‍ പിന്നെയവനെയീനാട്ടില്‍ കണ്ടിട്ടില്ല. ഇടക്കെവിടെയോ ബോംബെയിലോ മറ്റോ കണ്ടിരുന്നുവെന്ന് മഠത്തില്‍ ദാമു പറയുന്നതുകേട്ടു. ദാമുവിനോടുചോദിച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലും വിവരമറിയാം.” - ബാലന്‍നായര്‍ തനിക്കറിയാവുന്ന വിവരങ്ങള്‍ പറഞ്ഞു. മഠത്തില്‍ ദാമുവിനെയന്വേഷിച്ചു കണ്ടെത്തിയപ്പോള്‍ ഉണ്ടായിരുന്ന പ്രതീക്ഷയും നഷ്ടമായി.
                 “ബോംബെയില്‍ കഴിഞ്ഞവര്‍ഷം അവനെ കണ്ടുവെന്നത് സത്യമാണ്. പക്ഷേ കൂടുതല്‍ വിവരമൊന്നുമറിയില്ല. അവിടെ തൊഴിലൊന്നുമില്ലാതെ തെണ്ടിത്തിരിഞ്ഞുനടക്കുവാരുന്നെന്ന് തോന്നുന്നു. ധാരാവിയിലാണ് താമസമെന്ന് പറഞ്ഞു. പക്ഷെ പിന്നെ അന്വേഷിച്ചുചെന്നപ്പോള്‍ ധാരാവിയിലൊരിടത്തും അങ്ങിനെയൊരാളെപ്പറ്റി ആര്‍ക്കും വിവരമില്ല.” - എങ്ങിനെയുണ്ടാവാനാണ്? ദിവസവും എത്രയോപേര്‍ വന്നും പോവുകയും ചെയ്യുന്നയിടം. അല്ലെങ്കില്‍ പറഞ്ഞത് സത്യമായിരുന്നുവെന്നതിനെന്താണുറപ്പ്?
                                   കഴിഞ്ഞമാസം നാട്ടിലേക്ക് വരുമ്പോള്‍ ആലോചിച്ചിരുന്നു. എങ്ങിനെയെങ്കിലുമവനെ കണ്ടുപിടിക്കണം. നാട്ടിലെത്തി കൃത്യം ഒരാഴ്ചകഴിഞ്ഞ് അലമാരയില്‍ നിന്നും അവന്റെ കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ സന്തോഷംകൊണ്ട് മതിമറന്നു. ഇതുമാത്രമേ എഴുതിയിരുന്നുള്ളൂ.

                   “ഞാനിപ്പോള്‍ ഭൂമിവാതുക്കലുണ്ട്. വന്നാല്‍ നേരില്‍ക്കാണാം. പറ്റുമെങ്കില്‍ വെള്ളിയാഴ്ച നമ്മുടെ പഴയ പാലാഞ്ചോലമലയിലെ കുടപ്പാറച്ചുവട്ടിലെത്തുക. എനിക്കുമുമ്പ് നീയെത്തുകയാണെങ്കില്‍ കാത്തിരിക്കണം. തീര്‍ച്ചയായും ഞാന്‍ വരും.”

                        സ്ഥിരം വൈകിവരുന്നതവന്റെ ശീലമായിരുന്നുവല്ലോ. കോളേജില്‍ ആദ്യപീരിയേഡ് കഴിഞ്ഞാല്‍ മാത്രമേ അവന്റെ തലവെട്ടം കാണുകയുള്ളൂ. ചിരിച്ചുകൊണ്ട് കത്ത് മടക്കി വീണ്ടും പോക്കറ്റിലിടുമ്പോള്‍ പാലാഞ്ചോലമലയുടെ വിജനതയില്‍ ഒറ്റക്കുനിന്നിരുന്ന കശുമാവില്‍ നിന്നും ഒരു മൂങ്ങ നിങ്ങളെ സൂക്ഷിച്ചുനോക്കുന്നത് നിങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ചിരുന്നില്ല. കുടപ്പാറക്കുചുവട്ടില്‍ സാഗരസീമയിലെ വെട്ടിത്തിളങ്ങുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പില്‍ കണ്ണുനട്ട് നിങ്ങളിരിക്കുകയാണ്.
                                 മൂങ്ങ ഇടക്കിടക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാനെന്നോണം മുക്കിമൂളുന്നുണ്ടായിരുന്നു. അതിന്റെ മുഖത്തെ രൗദ്രതകണ്ട് പേടിച്ച് നിങ്ങള്‍ വീണ്ടും വെള്ളിയാങ്കല്ലിലേക്ക് തന്നെ കണ്ണ്നട്ടിരുന്നു. 'അവന്‍ പറ്റിക്കുമോ വരില്ലേ?' നിങ്ങള്‍ വീണ്ടും പോക്കറ്റില്‍ നിന്നും കത്തെടുത്തു നോക്കി. ശരിയാണ്. തീര്‍ച്ചയായും വരുമെന്നാണ് എഴുതിയിരിക്കുന്നത്. സാരമില്ല. കുറച്ചുനേരംകൂടെ ഇരിക്കാം. ഇവിടെ അവന്റെ മണമുണ്ടല്ലോ. എത്രവട്ടം ഇവിടെ വന്നിരുന്ന് പറങ്കിമാവിന്റെ മാങ്ങതിന്ന് കടലിലേക്ക് കണ്ണുംനട്ടിരുന്നിട്ടുണ്ട്! ആ രുചി ഇന്നും നാവില്‍ നിറഞ്ഞുനില്‍ക്കുന്നു. നിങ്ങള്‍ മാവിലേക്ക് കൊതിയോടെ നോക്കി. കരിഞ്ഞുതുടങ്ങിയ പൂങ്കുലകള്‍ മാത്രം. ഇതിന്നകം മൂങ്ങ അപ്രത്യക്ഷമായിരിക്കുന്നു. ദൂരെ വെള്ളിയാങ്കല്ലിലേക്ക് ഒരു പക്ഷി പറന്നകലുന്നു. പൊട്ടുപോലെ... അപ്പോള്‍..? ശ്ശെ..! അങ്ങിനെയൊന്നുമാവില്ല.
                                   ജനിമൃതികളുടെ ഇടവേളകളില്‍ തുമ്പികളുടെ രൂപം പ്രാപിച്ച് ആത്മാക്കള്‍ വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിനുമപ്പുറത്ത് ആകാശസീമയില്‍ മഞ്ഞച്ചായം പുരണ്ടുതുടങ്ങിയിരുന്നു. “ഇനിയവന്‍ വരില്ല. ഇത്തവണയും പറ്റിച്ചു.” - പരിഭവത്തോടെ മലയിറങ്ങി കല്ലാച്ചി ടൗണിലെത്തി വടകരക്കുള്ള ബസ്സുപിടിക്കുമ്പോള്‍ നേരം സന്ധ്യയോടടുത്തിരുന്നു. വൈകുന്നേരത്തെ തിരക്കിനിടയിലും സീറ്റ് കിട്ടിയത് ഭാഗ്യത്തനാണ്. കിട്ടിയ സീറ്റിലിരുന്ന് നിങ്ങള്‍ ഒന്നുകൂടെ കത്തെടുത്തുവായിച്ചു. അപ്പോഴാണ് കത്തിലെ ഡേറ്റ് ശ്രദ്ധയില്‍പ്പെട്ടത്. വര്‍ഷം നാലുകഴിഞ്ഞിരിക്കുന്നു. ഡേറ്റുമാത്രം ഇന്നത്തേത്!

                    “വീണ്ടുമവന്‍ കബളിപ്പിച്ചുകളഞ്ഞു. കഴിഞ്ഞതവണത്തേതുപോലെത്തന്നെ!”

30 അഭിപ്രായങ്ങൾ:

 1. കൊള്ളാം ശ്രീജിത്ത്‌..പുരോഗമനം ഉണ്ട്...

  മനസ്സിന്റെ വിങ്ങല്‍ ആയി ഒരു സുഹൃത്തിന്റെ ഓര്‍മ്മകള്‍ കൊണ്ടു നടക്കുന്ന ഈ മനസ്സ് കാല്പനികതയുടെ അണിയറ ചിത്രത്തോടെ വതരിപ്പിച്ചിട്ടുണ്ട്...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. ക്ലൈമാക്സ് നന്നായി കൂടുതല്‍ മികവുറ്റ രചനകള്‍ക്കായി കാത്തുകൊണ്ട് ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 3. അലമാരയില്‍ നിന്നെടുത്ത കത്ത് പഴയതാണെന്ന് ആദ്യമേ മനസ്സിലായിപ്പോകുന്നു. അതു കൊണ്ട് തന്നെ കഥാന്ത്യം എന്തായിരിക്കും എന്നും മനസ്സിലായിരുന്നു. എന്നാലും അവസാനം വരെ വായിക്കാന്‍ തോന്നി. നന്നായി ശ്രീജിത്ത്‌.

  മറുപടിഇല്ലാതാക്കൂ
 4. കഥ എന്ന നിലയില്‍ നന്നായി. അവതരണത്തില്‍ പുതുമ കൊണ്ടുവരുവാന്‍ ശ്രമിച്ചു. എങ്കിലും നമ്മളെ എന്നും പിന്തുടരുന്ന ശൈലി ചിലപ്പോള്‍ മേല്‍കൈ നേടും. ആ ശൈലിയാണ് മൂങ്ങയുടെ രൂപത്തില്‍ ഇരുന്ന് മുക്കി മൂളുന്നത്.
  പുതിയ കഥകള്‍ അറിയിക്കുവാന്‍ മറക്കരുത്.

  മറുപടിഇല്ലാതാക്കൂ
 5. കൂടുതൽ മികച്ച രചനകൾ വരട്ടെ.ഇനിയും എഴുതുക, ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. പുതിയൊരു രചനാ ശൈലിയ്ക്ക് ശ്രമിച്ചത് ഇഷ്ടപ്പെട്ടു..അത് എത്രത്തോളം വിജയിച്ചുവെന്നു കൂടി പരിശോധിക്കുക.
  പ്രകൃതി വിവരണത്തോടെ കഥയാരംഭിച്ചതു മനോഹരമായി, ആശംസകള്‍....

  മറുപടിഇല്ലാതാക്കൂ
 7. അവസാനഭാഗത്തെ twist നന്നായി.. ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. കഥയൊക്കെ വളരെ നന്നായി, നല്ല അനുഭവ സുഖത്തോടെ എഴുതി. അതിൽ എനിക്കൊരു അപേക്ഷയുള്ളത്, അവൻ,അവൾ, നിങ്ങൾ, ഞങ്ങൾ എന്നൊക്കെ കഥയിൽ പറയുമ്പോൾ അതാരെയൊക്കെ എപ്പൊഴൊക്കെ സൂചിക്കുന്നു എന്നതിന് വായനക്കാരിൽ ഒരു കൃത്യത വരുത്തക്കത്തക്ക വിധം എഴുത്തിനെ ഒന്ന് സ്റ്റെഡിയാക്കണം. നല്ല കഥ. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 9. 'മണ്ടൂസന്‍....,' എന്ന ബ്ലോഗിന്‍റെ മാഷ് പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.വായന തുടരുമ്പോള്‍
  എനിക്ക്‌ തോന്നിയിരുന്നു.
  രചന നന്നായിരിക്കുന്നു.
  ആശംസകളോടെ

  മറുപടിഇല്ലാതാക്കൂ
 10. പ്രിയപ്പെട്ട ശ്രീജിത്ത്,
  ആകാക്ഷയോടെ തന്നെ അവസാനം വരെ വായിച്ചു. ഈ പോസ്റ്റ്‌ നന്നായിട്ടുണ്ട്. പക്ഷെ എന്തിനാണ് നിങ്ങള്‍ എന്ന് പറയുന്നത്?
  ഇങ്ങിനെ ഒരു സുഹൃത്ത്‌,ശരിക്കും ഉണ്ടോ?കൌതുകം ഉണര്‍ത്തിയ സൗഹൃദം.
  കാത്തിരുപ്പ് തുടരുന്നു,അല്ലെ?
  സസ്നേഹം,
  അനു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സംഭവങ്ങളും, കഥാപാത്രങ്ങളും തികച്ചും ഭാവനാസൃഷ്ടി. അഭിപ്രായത്തിന് നന്ദി.

   ഇല്ലാതാക്കൂ
 11. തുടക്കം ഒരു മടുപ്പ് തോന്നി എന്നത് സത്യം പക്ഷെ പിന്നീടങ്ങോട്ട് ആരെയും പിടിച്ചിരുത്തുന്ന ശൈലി. നല്ലെഴുത്ത് വീണ്ടും തുടരൂ. ആ സുഹൃത്തിന് എന്ത് സംഭവിച്ചു കാണും? ഇപ്പോഴും അവ്യക്തതതന്നെ ഇന്നി അവനും തുമ്പികളുടെ രൂപം പ്രാപിച്ചുവോ ?

  മറുപടിഇല്ലാതാക്കൂ
 12. ശ്രീജിത്ത്...

  അവസാന ഭാഗത്തെ ട്വിസ്റ്റ്‌ നേരത്തെ മനസ്സില്‍ വന്നുവെങ്കിലും ഇഷ്ടായി... അതങ്ങനെ തന്നെയാ വേണ്ടതും....

  പിന്നെ... കഥാഖ്യാനത്തിന്റെ പുതു വഴികള്‍ തേടുമ്പോള്‍ വായനക്കാരെ തെറ്റി ധരിപ്പിക്കും രീതിയില്‍ തേര്‍ഡ് പേര്‍സണെ ഉപയോഗിക്കരുത്.. narrator വായനക്കാരനെ പാലാഞ്ചോല മലയുടെ ഉച്ചിയില്‍ നിര്‍ത്തുന്നതെന്തിന്.... വായനക്കാരന്‍ കഥാകാരന്റെ / കഥാപാത്രത്തിന്റെ കൂടെ താനേ വരുമല്ലോ.. അതല്ലേ അതിന്റെയൊരു ശരി....

  സമാഹരം ഒക്കെ ഇറങ്ങിയതല്ലേ ശ്രീജിത്തേ.. അപ്പൊ എഴുത്തില്‍ ഉത്തരവാദിത്വം കൂടിയിരിക്കുന്നു... ഒട്ടും പിന്നില്‍ പോവാത്ത മികച്ച രചനകള്‍ ... അതും വ്യത്യസ്തമായ, ആരും പറയാത്ത ചിന്തകള്‍ പകരുന്നതാവട്ടെ കഥകള്‍ ...

  എല്ലാ സ്നേഹാശംസകളും നേരുന്നു...

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സന്ദീപ്,
   അഭിപ്രായത്തിന് നന്ദി. പുതിയ ഒരു രചനാരീതി പരീക്ഷിച്ചതാണ്. എത്രത്തോളം സംവേദകമായി എന്നറിയില്ല. അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം.

   ഇല്ലാതാക്കൂ
 13. ആകാംക്ഷ തന്നെ അത് കണ്ടെത്തുവാന്‍ മനസ്സില്‍ ആവേശം വിതക്കുന്നത്.
  വായനയില്‍ ചെറിയൊരു തിരിവ്‌ തോന്നിയെങ്കിലും നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. കഥ അത്ര നന്നായി തോന്നിയില്ല. ആവിഷ്കരണത്തില്‍ ചെറിയ പുതുമ തോന്നി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സര്‍,
   തീര്‍ച്ചയായും അടുത്ത തവണ കൂടുതല്‍ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി.

   ഇല്ലാതാക്കൂ
 15. വളരെ നന്നായിടുണ്ട് ..അവതരണം വളരെ നന്നായി.....ആശംസകള്‍ നന്ദി

  മറുപടിഇല്ലാതാക്കൂ
 16. വര്‍ഷം നാലുകഴിഞ്ഞിരിക്കുന്നു. ഡേറ്റുമാത്രം ഇന്നത്തേത്

  മറുപടിഇല്ലാതാക്കൂ
 17. പുസ്തകങ്ങളുടെയും വിഷാദത്തിന്റെയും മാത്രം കൂട്ടുകാരനായിരുന്ന അവന്‍ നിങ്ങളോട് മാത്രമായിരുന്നുവല്ലോ മനസ്സ് തുറന്നിരുന്നത്? അവന്റെ മനോവ്യാപാരങ്ങളുടെ നിലവറസൂക്ഷിപ്പുകാരനായിരുന്നില്ലേ നിങ്ങള്‍?.." ന്തിനാ ശ്രീ അപവാദം പറയണേ..എനിക്കറിയേം പോലുമില്ലവനെ..!!

  ശൈലി കൊള്ളാം കേട്ടൊ. ഒരു പുതുമ തോന്നി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അനു,
   ഒന്നോര്‍ത്തുനോക്കൂ. അനുവിനറിയാം. വെറുതെ പറയ്യാ അറിയില്ലാന്ന്.

   ഇല്ലാതാക്കൂ
 18. കഥ നന്നായിട്ടുണ്ട്.
  കഥാപാത്രത്തെ മറ്റൊരാളാൽ വിവരിക്കപ്പെടുന്നതിൽ പൂർണ്ണമായും വിജയിച്ചോ?
  കഥ ഇഷ്ട്ടായി
  ആശംസകളോടെ..പുലരി

  മറുപടിഇല്ലാതാക്കൂ
 19. ഒരു സൌഹൃദത്തിന്റെ വിങ്ങല്‍ അക്ഷരങ്ങളില്‍ കണ്ടു ആശംസകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  മറുപടിഇല്ലാതാക്കൂ
 20. കാത്തിരിപ്പിന്റെ അവസാനം വേദന മാത്രം ....വീണ്ടും അവന്‍ വരുമായിരിക്കും എന്ന പ്രതീക്ഷയോടെ ......
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.