ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

31 ഒക്‌ടോബർ, 2011

സ്വപ്നത്തിന്റെ മണം


തിരക്കു പിടിച്ച കവലയില്‍ നിന്ന് തലശ്ശേരിക്കുള്ളബസ്സിലേക്ക് ഓടിക്കയറിയതായിരുന്നു ഗയാനാഥന്‍. കാവിലും പാറ നിന്ന് തലശ്ശേരിക്ക് നേരിട്ട് ബസ്സില്ലല്ലോ എന്ന കാര്യമൊന്നും അപ്പോള്‍ ആലോചിച്ചില്ല. "അബൂവക്കറിക്കയുടെ കാര്യം സീരിയസ്സാണ്, നീ ഉടനെത്തന്നെ വരണ"മെന്ന് സുഹൃത്ത് നൗഷാദ് വിളിച്ച് പറഞ്ഞതനുസരിച്ച് ഉടനെത്തന്നെ പുറപ്പെട്ടതാണ്. പെട്ടന്ന് തന്നെ തലശ്ശേരി ബസ്റ്റാന്റില്‍ എത്തണമല്ലോ ?. അതിനിപ്പോ എന്താണൊരു വഴി ? എന്ന് ആലോചിച്ച് കാവിലുംപാറ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് ദൂരെ 'തലശ്ശേരി' എന്ന് ബോര്‍ഡ് വച്ച ബസ്സ് കണ്ടത്. കാണേണ്ട പാതി, ഒന്നും ആലോചിക്കാതെ ഓടിക്കയറി. അധികം യാത്രക്കാരൊന്നുമില്ല. കൂടുതല്‍ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. ഒഴിഞ്ഞ സീറ്റില്‍ ജാലകത്തിന്നടുത്തിരിക്കുമ്പോഴാണ് എന്തോ അമളി പറ്റിയത് പോലെ തോന്നിയത്.
'തലശ്ശേരിക്ക് കാവിലും പാറ നിന്ന് നേരിട്ട് ബസ്സില്ലല്ലോ.. !! നാദാപുരത്ത് എത്താന്‍ തന്നെ രണ്ട് ബസ്സ് കയറണം.. അവിടുന്ന് കുറ്റ്യാടി - തലശ്ശേരി റൂട്ടിലോടുന്ന ബസ്സില്‍ കയറിയാണ് താന്‍ സാധാരണ തലശ്ശേരിക്ക് പോവാറ്. ഇതിപ്പോ എന്ത് പറ്റ്യതാണാവോ.. ? ഇനി പുതിയ ബസ്സോ മറ്റോ ആണോ.. ? .. എന്തെങ്കിലും കുന്തമാവട്ടെ. ഏതായാലും ബസ്സ് കിട്ടിയല്ലോ.. സമാധാനം..' അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ഗയാനാഥന്‍ സംശയം തീര്‍ക്കാനെന്നവണ്ണം കണ്ടക്ടറോട് ചോദിച്ചു.

"ഈ ബസ്സ് ശരിക്കും തലശ്ശേരിക്ക് പോവില്ലേ ?”

"അതെന്താ സുഹൃത്തേ അങ്ങനെ ചോദിച്ചത് ?”

കണ്ടക്ടര്‍ മറു ചോദ്യം ചോദിച്ചപ്പോള്‍ ഗയാനാഥന്‍ ചമ്മിയ മാതിരിയായി. മറ്റ് യാത്രക്കാരൊക്കെ അവനെ ശ്രദ്ധിക്കുന്നതു പോലെ. അവരുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം അവന്‍ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു. ബസ്സ് മൂളിയും ഞരങ്ങിയും ഏതൊക്കെയോ കുണ്ടും, കുഴിയും നിറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ഇഴഞ്ഞ് നീങ്ങുകയാണ്. പൊടുന്നനെ അത് വലിയ ഒരു കയറ്റം കയറാന്‍ തുടങ്ങി. ഡ്രൈവര്‍ തന്റെ സര്‍വ്വ ശക്തിയുമെടുത്ത് ബസ്സിനെ വലിച്ച് കയറ്റുകയാണെന്ന് തോന്നിച്ചു. കഷ്ടച്ച് ഒരു ബസ്സിന് കടന്നു പോകാവുന്ന റോഡ്. ഇരു വശവും ഉയരം കൂടിയ കൊള്ള്. എതിരെ ഒരു വാഹനം വന്നാല്‍ പെട്ടതു തന്നെ. ഡ്രൈവര്‍ ആക്സിലേറ്ററില്‍ നിന്ന് കാലെടുത്താല്‍ ബസ്സ് ഏതോ അഗാധ ഗര്‍ത്തത്തിലേക്ക് പതിക്കുമെന്ന പ്രതീതിയാണ്. പക്ഷെ അതുവഴി ഒരു വാഹനം പോയിട്ട് ഒരു മനുഷ്യക്കുഞ്ഞ് പോലും വന്നില്ല എന്നത് അത്ഭുതകരമായി തോന്നി. ഉച്ചവയില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് എത്തിയിരിക്കണം. ഭയങ്കര ചൂട്. നന്നായി വിശക്കുന്നുമുണ്ട്. ഇതേത് കാട്ട് മുക്കിലൂടെയാണാവോ പോവുന്നത് ?. ഗയാനാഥന്‍ അടുത്ത സീറ്റുകളിലേക്ക് നോക്കി. ആരുമില്ല. എല്ലാവരും എവിടെയൊക്കെയോ ഇറങ്ങിപ്പോയിരിക്കണം. മുന്‍ സീറ്റിലിരുന്ന് കണ്ടക്ടര്‍ സിഗരറ്റ് പുകച്ച് ചിരിക്കുന്നു. ഏതോ ഒരു മുകുന്ദന്‍ കഥ പോലെ !. അന്തവും കുന്തവുമില്ലാത്ത അവസ്ഥ !. കണ്ണില്‍ പാട കെട്ടിയപോലെ ഒരു മങ്ങല്‍.. ജനലിലൂടെ വീശിയെത്തിയ കാറ്റിന് അഭൗമമായ ഒരു ഗന്ധമുള്ളപോലെ..!

പൊടുന്നനെ പിന്‍ സീറ്റില്‍ നിന്ന് ആരോ തോണ്ടുന്നതുപോലെ തോന്നി ഗയാനാഥന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അബൂവക്കറിക്ക !. ചെറുപ്പത്തിലെപ്പോഴോ നാടുവിട്ട് റങ്കൂണിലേക്ക് പോയ അബൂവക്കറിക്ക !. അബൂവക്കറിക്കായ്ക് സൂഖമില്ലെന്ന് പറഞ്ഞല്ലേ നൗഷാദ് തന്നെ വിളിച്ചത് ?. അബൂവക്കറിക്ക നാട്ടില്‍ വരുന്ന കാര്യം ഇന്നലെ നൗഷാദ് നാദാപുരത്ത് വച്ച് കണ്ടപ്പോള്‍ പറഞ്ഞിരുന്നു. തീരെ സുഖമില്ല, രക്ഷപ്പെടാന്‍ ചാന്‍സില്ലെന്നും പറഞ്ഞു കേട്ടിരുന്നു.

ഗയാനാഥിന്റെ സുഹൃത്ത് നൗഷാദിന്റെ വാപ്പയുടെ അനുജനാണ് അബൂബക്കര്‍. നൗഷാദ് അബൂവക്കറിക്ക എന്ന് വിളിച്ച് ശീലിച്ചത് കൊണ്ട് അത് കേട്ട് ഗയാനാഥനും അങ്ങനെ തന്നെയായിരുന്നു വിളിച്ചിരുന്നത്. അബൂബക്കര്‍ ചെറുപ്പത്തിലേ നാട് വിട്ട് റങ്കൂണിലേക്ക് പോയതാണ്. അതില്‍പ്പിന്നെ തിരിച്ച് വന്നിട്ടില്ലത്രെ!.
അവിടുന്ന് ഒരു റങ്കൂണ്‍ കാരിയെ വിവാഹം ചെയ്ത് കഴിയുകയാണെന്നാണ് കേട്ടത്. ഒരു മകളുമുണ്ട്. നല്ല സുന്ദരിയാണെന്നാണ് നൗഷാദ് പറഞ്ഞ് കേട്ടത്. അവന്‍ ഫോട്ടോ കണ്ടിട്ടുണ്ടത്രെ !. അബൂബക്കറുടെ ഫോട്ടോ ഗയാനാഥിന് കാണിച്ച് കൊടുത്തിട്ടുണ്ട് നൗഷാദ്. നല്ല തുടുത്ത മുഖമുള്ള താടിക്കാരന്‍...!!

"ഞ്ഞ്യെന്താണ്ടാ പന്തം കണ്ട പെര്ച്ചാഴീന്റെ മാതിരി നിക്കണത് ?”

"അബൂവക്കറിക്കാ..!!”

അവന് മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ അയാള്‍ എഴുന്നേറ്റ് ഗയാനാഥന്‍റെ അടുത്ത് വന്നിരുന്നു.

"ഞാന്‍ നൗഷാദ് വിളിച്ചിട്ട് തലശ്ശേരിക്ക് പോവ്വാ..”

അവന്‍ വിക്കി വിക്കി പറഞ്ഞു.

"അതൊക്കെ നിക്കറിയാം ബലാലേ..”

അബൂബക്കര്‍ അങ്ങനെ പറഞ്ഞപ്പോള്‍ നൗഷാദിന്റെ വാപ്പ പറഞ്ഞതു പോലെ തോന്നി ഗയാനാഥന്. എന്തൊരു ശബ്ദ സാദൃശ്യം..!! രൂപവും ഏകദേശം അതുപോലെ തന്നെ..!! എങ്കിലും നൗഷാദിന്റെ വാപ്പയെക്കാള്‍ ഒന്ന് കൂടെ സുന്ദരനാണ് അബൂവക്കറിക്ക. ഇയ്യാളുടെ മോള് സുന്ദരിയായില്ലെങ്കിലല്ലേ പറയാനുള്ളൂ !. അവന്‍ മനസ്സില്‍ പറഞ്ഞു.

ഇനിക്ക് ഞമ്മളെ ബിശ്വാസായിട്ടില്ലേ ?”

അബൂബക്കര്‍ ഗയാനാഥിന്റെ കയ്യില്‍ മൃദുവായി ഒന്ന് നുള്ളിക്കൊണ്ട് പറഞ്ഞു.

അല്ല.. അബൂവക്കറിക്കാക്ക് സുഖംല്ലാന്ന് നൗഷാദ്.. ?”

ഓനങ്ങിന്യൊക്കെ പറയും. സൂക്കേടൊക്കെ പോയില്ലേ. ആ അനക്ക് വെശക്ക്ന്ന്ണ്ടോ ?

ഊം.. ഗയാനാഥന്‍ മൂളി..”

ന്നാ ബാ..”അയാള്‍ ഗയാനാഥന്റെ കൈ പിടിച്ച് എഴുനേല്‍പ്പിച്ചു.

ആളിറങ്ങണം.."

അബൂവക്കറിക്ക വിളിച്ച് പറഞ്ഞപ്പോള്‍ ബസ്സ് നിര്‍ത്തി. വിജനമായ സ്ഥലം. അവര്‍ ബസ്സിറങ്ങി, ചുട്ടുപൊള്ളുന്ന കണ്ണിപ്പാറക്ക് മുകളിലൂടെ നടന്നു. അതിന്നപ്പുറത്ത് ചെറിയ ഒരു കുടില്‍. മുറ്റത്ത് ചുവന്ന ചൂരിദാറിട്ട് സുന്ദരിയായ പെണ്‍കുട്ടി. ആമിന..?!! അബൂവക്കറിക്കാന്റെ മോള്‍..?!! നൗഷാദ് പറഞ്ഞതിനേക്കാള്‍ സുന്ദരി..!! ഗയാനാഥന്‍ അന്തം വിട്ടു.

ഇനിക്കറീല്ലേ ? ഞമ്മളുടെ മോളാ ആമിന..”

അവരിരുവരും കൈ കഴുകി കോലായിലിരുന്നു. ആമിന വിളമ്പി. ഗയാനാഥന്‍ വിശപ്പ് മാറുവോളം വാരി വലിച്ച് കഴിച്ചു. നല്ല മീന്‍ കറി..! ഉഗ്രന്‍ സാമ്പാര്‍...!! ആമിനയെ കെട്ടുന്നോന്റെ ഭാഗ്യം. ദിവസോം ഇതേ പോലെ സാംമ്പാറും മീന്‍കറീം കൂട്ടി ഊണ് കഴിക്കാലോ..!!

ബലാലെ ഇതെന്ത് തീറ്റിയയായിത് ?”

അബൂബക്കര്‍ ഗയാനാഥിനെ കളിയാക്കി. ഭക്ഷണം കഴിഞ്ഞ് തിരിച്ച് ബസ്റ്റോപ്പില്‍ വരെ അബൂബക്കറും അവനെ അനുഗമിച്ചു.

ഇനി നിയ്യ് തനിച്ച് പോയ്കോ ഞമ്മള് വര്ന്നില്ല.”

ബസ്സ് അവരെ കാത്തെന്ന വണ്ണം കിടപ്പുണ്ടായിരുന്നു..! ഗയാനാഥന്‍ പഴയ സീറ്റില്‍ തന്നെ പോയിരുന്ന് അബൂവക്കറിക്കായ്ക്ക് കൈ വീശിക്കാണിച്ചു. ബസ്സ് വീണ്ടും മുരണ്ടുകൊണ്ട് പ്രയാണമാരംഭിച്ചു. ഏതോ നിക്ഷിപ്ത ദൗത്യം നിറവേറ്റാനെന്ന പോലെ. അല്‍പ്പം കഴിഞ്ഞപ്പോള്‍ അത് ഏതോ ചുരമിറങ്ങുന്ന പോലെ മുക്കിയും മൂളിയും ഇറക്കമിറങ്ങാന്‍ തുടങ്ങി. ഗയാനാഥന്‍ ചെറുതായൊന്ന് മയങ്ങി. മയക്കമുണര്‍ന്ന് നോക്കുമ്പോള്‍ സൈതാര്‍ പള്ളി എത്തിയിരിക്കുന്നു. അടുത്ത സ്റ്റോപ്പ് തലശ്ശേരി ആണ്..! അവന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..! അവന്‍ കണ്ണുകള്‍ അമര്‍ത്തി തുടച്ചു. ഇനി മയങ്ങിയപ്പോള്‍ സ്വപ്നം കണ്ടതാണോ ?.ബസ് സ്റ്റാന്റിലെത്തിയപ്പോള്‍ നൗഷാദ് കാത്തു നില്‍ക്കുന്നു.

നീയ്യെന്താ ഇത്ര വൈക്യ ?”

അവന്‍ മറുപടി പറയാന്‍ തുടങ്ങുമ്പോഴേക്കും നൗഷാദ് പറഞ്ഞു.

അബൂവക്കറിക്കാ മരിച്ചു പോയി. ഇവിടെ ജനറലാസ്പത്രീലായിരുന്നു. ഇന്നലെ റങ്കൂണില്‍ നിന്ന് കൊണ്ട് വന്നത് തന്നെ സീരിയസ്സായിട്ടാ. ബോഡി വീട്ടിലേക്ക് കൊണ്ട് പോയിട്ടുണ്ട്. നീ കേറ്.”

കാറിന്റെ ഡോര്‍ തുറന്ന് അകത്ത് കയറിയിട്ടും ഗയാനാഥനൊന്നും പറയാന്‍ കഴിഞ്ഞില്ല. കാറ് കടപ്പുറത്തെ റോഡിലൂടെ, ധര്‍മ്മടത്തെ അബൂബക്കറിന്റെ തറവാട്ട് മുറ്റത്ത് എത്തും വരെ അവന്‍ പിടിച്ച് കെട്ടിയിട്ട പോലെ ഇരുന്നതേയുള്ളൂ. ഒന്നും പറയാന്‍ കഴിഞ്ഞില്ല. നൗഷാദ് ഇടക്കിടെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.

മുറ്റത്ത് ആള്‍ക്കൂട്ടമുണ്ട്. നൗഷാദിന് പിന്നാലെ ഗയാനാഥന്‍ ആള്‍ക്കൂട്ടത്തിന്നിടയിലൂടെ നൂണ്ട് കടന്ന് മയ്യത്ത് കിടത്തിയിരുന്ന തറവാടിന്റെ ബഡാപ്പുറത്തേക്ക് നടന്ന് കയറി. അബൂവക്കറിക്കയുടെ വെള്ളത്തുണി പുതപ്പിച്ച ശരീരത്തെ കെട്ടിപ്പിടിച്ച് ഒരു ചുവന്ന ചൂരിദാര്‍ ധരിച്ച പെണ്‍കുട്ടി അലമുറയിടുന്നു.

ന്റെ വാപ്പാ... ഇനി ഞങ്ങള്‍ക്കാരുണ്ട്..?”

നൗഷാദ് ഗയാനാഥിന്റെ കയ്യില്‍ മുറുകെ പിടിച്ചു.

ആമിനയാണ്. അബൂവക്കറിക്കാന്റെ മോള്‍"

അവന്‍ സങ്കടം കടിച്ചമര്‍ത്തി വിക്കി വിക്കി പറഞ്ഞു. വയറ്റില്‍ നിന്നും തികട്ടി വന്ന ഏമ്പക്കം ഗയാനാഥന്‍ വായ് പൊത്തിപ്പിടിച്ച് അടക്കി. ആമിന വിളമ്പിക്കൊടുത്ത മീന്‍ കറിയുടെ മണം മൂക്കിലൂടെ പുറത്തു വന്നു. അവന് അവന്റെ ശ്വാസത്തിന്റെ മണത്തെ പോലും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

15 അഭിപ്രായങ്ങൾ:

 1. തുടക്കത്തില്‍ കഥയില്‍ ആവശ്യമില്ലാത്ത കുറെ വിവരണങ്ങള്‍ ഉള്ളതായി തോന്നി.. അതായത് സ്ഥലവിവരണങ്ങള്‍ .. ആ സ്ഥലങ്ങളെ കുറിച്ച് വലിയ പരിചയമില്ലാത്ത കണ്ണുരിനു പുറത്തുള്ളവര്‍ക്ക് ആ വിവരണങ്ങള്‍ വിപരീതഫലം ചെയ്യുകയേയുള്ളൂ..
  എന്നാല്‍ അതിനു ശേഷം കഥ ഒഴുക്കോടെ വായിക്കാന്‍ പറ്റി..
  പേരില്‍ തന്നെ കഥയിലുള്ളത് സ്വപ്നമെന്ന് സൂചന വന്നതു കൊണ്ട് സ്വപ്നമോ സത്യമോ എന്നുള്ള ഭ്രാമാത്മകത വരാതെ പോയി കഥയില്‍ .. ഈ കഥ അത്തരം ഒരു സംഗതി ആവശ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.. എഴുത്ത് തുടരൂ.. എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 2. katha nannyittund sahodara.. idayilevideyo Mukundan kathakalil anthavum kunthavum illa ennoru dhwani vannapole thonni. Athenthaanennu manassilayilla ketto. vayichappo oru sukhamund. athukondu nalla katha aanennu parayunnu.

  Sasneham, Suresh

  മറുപടിഇല്ലാതാക്കൂ
 3. നല്ല ബസ്സാണ്. കുണ്ടും കുഴിയും കടന്നുപോകുമ്പോഴുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. ബ്രെഇക് മെല്ലെ ചവുട്ടിയതിനാല്‍ ഓട്ടത്തിന് ഒഴുക്കുണ്ടായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 4. valare nallathayirunnu iniyum kadakal ezhuthanam oru valiya kathaakrethayi theeratta ..........

  BY
  Sincerely
  ARCHANA.R

  മറുപടിഇല്ലാതാക്കൂ
 5. പൊതുവിൽ ഇതിനെ ഒരു കഥയെന്ന് വിളിക്കാം. പക്ഷേ മറ്റ് പുതുമകളൊന്നും ഇതിലില്ല. ഇതു പോലെ അനേകം കഥകൾ വായിച്ചു പോയതുകൊണ്ടായിരിക്കും അങ്ങനെ തോന്നുന്നത്. പരിചയമുള്ള പ്രമേയവും, അവതരണവും. പക്ഷേ നല്ല ഒഴുക്കുണ്ടായിരുന്നു. അതിനിരിക്കട്ടെ മാർക്ക്.
  ആശംസകൾ. പുതിയ പോസ്റ്റ് ഇടുമ്പോൾ ഒരു മെയിൽ അയക്കുക.
  സ്നേഹപൂർവ്വം വിധു

  മറുപടിഇല്ലാതാക്കൂ
 6. തീര്‍ച്ചയായും. അടുത്ത കഥയില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.

  മറുപടിഇല്ലാതാക്കൂ
 7. പറഞ്ഞു പഴകിയ പ്രമേയവും, അവതരണരീതിയും!
  ഭാഷയുടെ ഒഴുക്ക് നന്നാവുന്നു. ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
 8. ക്ലൈമാക്സ് ഉഗ്രൻ ആയിട്ടുണ്ട്ട്ടൊ…സ്വപ്നത്തിൽ കണ്ടത് ആമിനയെ തന്നെയാണെന്ന് പറയാതെ തന്നെ പറഞ്ഞ് വച്ചു. നല്ല വഴക്കം ഉണ്ട്…

  മറുപടിഇല്ലാതാക്കൂ
 9. നല്ല ഒഴുക്കോടെ വായിച്ചു. മെച്ചപ്പെടുത്തണമെന്ന് എല്ലാവരും പറയുന്നു. അതു പറയാന്‍ എനിക്ക് യോഗ്യതയുണ്ടോ എന്നറിയില്ല. കാരണം എന്‍റ രചനകളെങ്ങിനെയാണെന്നറിയില്ലല്ലൊ. എന്നാലും പറയുന്നു. കഥയിലൊക്കെ രചനകള്‍ വന്ന ശ്രീജിത്തിന് ഇതിലും മെച്ചമുള്ള കഥകളെഴുതാന്‍ കഴിയും.

  മറുപടിഇല്ലാതാക്കൂ
 10. ഒരു പാട് കഥകള്‍ക്ക് ഉപയോഗിച്ച ഒരു പഴയ ട്രിക്ക്. വഴിയില്‍ വെച്ചു അബൂബക്കെര്‍ കയറിയപ്പഴെ മനസ്സിലായി കഥയുടെ പോക്ക്

  മറുപടിഇല്ലാതാക്കൂ
 11. വായിക്കാന്‍ സുഖമുണ്ട്.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 12. പ്രിയ സുഹൃത്തേ .....
  നല്ല കഥ ... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒരുപാടു ഇഷ്ട്ടയിട്ടോ .... വീണ്ടും വരാം ... സസ്നേഹം ....

  മറുപടിഇല്ലാതാക്കൂ
 13. കഥയിലേക്ക് നന്നായി ഇറങ്ങിചെന്നിട്ടില്ല കേട്ടൊ ഭായ്.

  പിന്നെ ഈ വാക്ക്തിട്ടപ്പെടുത്തൽ എടുത്തുകളയൂ..

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.