ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

ശ്രീജിത്ത് മൂത്തേടത്ത്

26 സെപ്റ്റംബർ, 2011

നാദാപുരം ബോംബ്

"ഉയ്യെന്റെ റബ്ബെ എന്തായീ കാണ്ന്നത്.."
കുഞ്ഢആമിനുമ്മ മാറത്തടിച്ച് നിലവിളിച്ചു.നാദാപുരത്തങ്ങാടിയി
ല്‍ നിന്നും മരുമോള്‍ക്കുള്ള സാരിയും തുണിത്തരങ്ങളും മറ്റും വാങ്ങി വന്നതായിരുന്നു കുഞ്ഞാമിനുമ്മ. കൊണ്ടുവന്ന ഗീതാഞ്ജലി ടെക്സ്റ്റയില്‍സിന്റെ കവറില്‍ നിന്നും സാരിയും മറ്റുമെടുത്ത് അലമാരയില്‍ വയ്ക്കാനൊരുങ്ങുന്പോഴാണ് പൊതിഞ്ഞ്കെട്ടിയ ഒരു സാധനം കവറില്‍ നിന്ന് മേശപ്പുറത്തേക്ക് വീണത്. ഇങ്ങനൊരു പൊതി ഞാന്‍! വാങ്ങീട്ടില്ലല്ലോ. അവര്‍ ഓര്‍ത്തു നോക്കി. ഹേയ്, ഇല്ല. ആകെ വാങ്ങിയത് കുറച്ച് തുണിത്തരങ്ങള്‍ മാത്രമാണ്.

"ന്റ്യുമ്മോ.." കുഞ്ഞാമിനുമ്മ നിന്ന നില്‍പ്പില്‍ ഒന്ന് ചാടിപ്പോയി. ഇന്നലെ രാത്രി മകള്‍ റാഫിയയുടെ ഭര്‍ത്താവ് സലാമിനൊപ്പം വന്ന മുസല്യാര്‍ പറഞ്ഞ കാര്യം കുഞ്ഞാമിനുമ്മയുടെ മനസ്സില്‍ കൊള്ളിയാന്‍ പോലെ മിന്നി.
"ഹിന്ദുക്കള് നമ്മള്‍ക്കെതിരെ തയ്യാറെട്ക്ക്ന്ന്ണ്ട്. നമ്മളറിയാണ്ട് നമ്മള്ടെ വീട്ടില് ഓര് ബോംബ് കൊണ്ടോന്ന് വയ്ക്കും"
മുസല്യാര്‍ കോലായിലിരുന്ന് മരുമോനോട് പറയുന്നത് വാതിലിന് പിന്നില്‍ മറഞ്ഞ് നിന്നാണ് കുഞ്ഞാമിനുമ്മയും, മകള്‍ റാഫിയയും കേട്ടത്. അവര്‍ നെഞ്ചത്ത് കൈ വച്ചു പോയി.
മകള്‍ റാഫിയക്കൊപ്പമാണ് കുഞ്ഞാമിനുമ്മ രാവിലെ നാദാപുരത്തങ്ങാടിയിലേക്ക് പോയത്. ചുരിദാറും മറ്റും വാങ്ങിക്കൊടുത്ത് അവളെ പുതിയാപ്ലേന്റെ വീട്ടിലേക്ക് എടച്ചേരിക്കുള്ള ബസ്സില്‍ കയറ്റിവിട്ടാണ് അവര്‍ ഗംഗാധരന്‍ ചെട്ട്യാരുടെ 'ഗീതാഞ്ജലി ടെക്സ്റ്റയില്‍സില്‍ കയറിയത്. തനിക്കും മരുമോള്‍ നസീമയ്കും കൂടെ കുറച്ച് തുണിത്തരങ്ങള്‍ വാങ്ങണം. അവള്‍ ഇന്ന് വൈകുന്നേരം വരും. മകന്‍ ജബ്ബാര്‍ ഗള്‍ഫില്‍ നിന്ന് അയച്ച് തന്ന കാശ് കൊണ്ട് മരുമോള്‍ക്കൊന്നും വാങ്ങാതിരുന്നാല്‍ അത് ചിലപ്പോള്‍ പുകിലാവും. ചെട്ട്യാരുടെ തുണിക്കടയില്‍ കയറുന്പോള്‍ തലേ ദിവസം രാത്രി മുസല്യാര്‍ പറഞ്ഞ കാര്യം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു എങ്കിലും 'ചെട്ട്യാരൊരു പാവാണ്. അയ്യാളങ്ങനൊന്നും ചെയ്യില്ല' എന്ന വിശ്വാസമായിരുന്നു. പണ്ടു മുതല്‍ക്കേയുള്ള പരിചയക്കാരന്ണ് ചെട്ട്യാര്‍. പോരെങ്കില്‍ ചെട്ട്യാരുടെ കടയില്‍ വിലയും കുറവാണ്.
"അപ്പഹേന്‍ ഞമ്മള ചതിച്ച് കളഞ്ഞല്ലോ. നാട്ട്കാരേ ഓടി ബരീന്‍.. ഞമ്മളെ ബീട്ടില്‍ ബോംബ്."
കുഞ്ഞാമിനുമ്മ നെഞ്ചത്ത് ഊക്കിലിടിച്ചു. നിലവിളികേട്ട് ആദ്യം ഓടിയെത്തിയത് ഇടവഴിയിലൂടെ പോവുകയായിരുന്ന പൊട്ടന്റെ മീത്തല്‍ നാണുവായിരുന്നു. നാണുവിനെ കണ്ടതും കുഞ്ഞാമിനുമ്മ അലറി.
"അബിട നിക്ക് ഇബിലീസെ.. ഇഞ്ഞിങ്ങോട്ട് കേറര്ത്. ഇങ്ങള് ഹിന്ദുക്കള് ഞമ്മളെ കൊല്ലാന്‍ നടക്കുന്നോരല്ലേ."
കുഞ്ഞാമിനുമ്മയുടെ ചോദ്യം കേട്ട് നാണു അന്തം വിട്ട് നിന്നു പോയി. നാണുവിന് പിന്നാലെ ഓടി വന്ന ചോയിമഠത്തില്‍ സാറയും പോക്കറും മറ്റും വീട്ടിലേക്ക് കയറി. കുഞ്ഞാമിനുമ്മ കാണിച്ചു കൊടുത്ത സ്ഥലത്തേക്കവര്‍ എത്തിച്ച് നോക്കി. ശരിയാണ്. "ബോംബ്" തന്നെ.
"പോലീസിലറിയിക്ക. അവര് വന്ന് നിര്‍വ്വീര്യാക്കും. ആരും അടുത്ത് പോണ്ട. ചെലപ്പോ പൊട്ടിത്തെറിക്കും." ആരോ പറഞ്ഞു. ‌
കുഞ്ഞാമിനുമ്മ അലമുറയിട്ടു.
"എന്റെ റബ്ബേ.. ന്റെ മോളുടെ പൊന്നും പണ്ടോം, പണോമൊക്കെ അയ്യലമാരേലാ.. പൊട്ടിത്തെറിച്ചാല്‍ ഞമ്മന്റെ സന്പാദ്യം മുയുമ്മന്‍ പോവൂല്ലോ".
"നിങ്ങള് മിണ്ടാണ്ടിരി. ഞമ്മക്ക് ബയീണ്ടാക്കാം".
അയല്‍ക്കാരനായ നാസര്‍ പറഞ്ഞു. ഒരു സാഹസികന്റെ പാടവത്തോടെ നാസര്‍ മേശയെ സ്പര്‍ശിക്കാതെ, ബോംബിരിക്കുന്ന മുറിയിലേക്ക് കടന്ന്, അലമാര തുറന്ന്, വിലപിടിച്ച വസ്തുക്കളൊക്കെ മറ്റൊരു മുറിയിലേക്ക് മാറ്റി. അപ്പോഴൊക്കെ കുഞ്ഞാമിനുമ്മ ഗീതാഞ്ജലി ടെക്സ്റ്റയില്‍സ് ഉടമ ഗംഗാധരന്‍ ചെട്ട്യാരെ ശപിക്കുന്നുണ്ടായിരുന്നു.
"ന്നാലും ആ ഇബിലീസ് ഞ​മ്മളോടിങ്ങനെ ചെയ്ത് കളഞ്ഞല്ലോ. ഓനെ ഞമ്മളെത്തര ബിശ്വസിച്ചതാ".
"കാലം അതാ.. ഓല്യാള്‍ക്കാരെ ആരേം ബിശ്വസിച്ചൂടാ.." നബീസ പറഞ്ഞു. ഇന്നലെ രാത്രി നബീസയുടെ വീട്ടില്‍ നിന്നായിരുന്നത്രെ മുസല്യാര്‍ ഭക്ഷണം കഴിച്ചത്.
അപ്പോഴേക്കും പോലീസെത്തി. അവര്‍ എല്ലാവരെയും മാറ്റി നിര്‍ത്തി.
"ആരാ ഇതാദ്യം കണ്ടത് ?."
ഇന്‍സ്പെക്ടര്‍ ചോദിച്ചു.
"ഞമ്മളാ. ആ ചെട്ട്യാര് ഞമ്മളെ കൊല്ലാന്‍ ബേണ്ടി തന്ന് ബിട്ടതാ."
"ഏത് ചെട്ട്യാര് ?."
പോലീസുകാര്‍ ചോദ്യം തുടര്‍ന്നു.
"ആ ഗംഗാധരന്‍ ചെട്ട്യാര്. ഗീതാഞ്ജലി ടെക്സ്റ്റയില്‍സ് ഉടമ. അയാള്‍ക്ക് പരിവാറുമായി ബന്ധമുള്ളതാ."
നാസറാണ് മറുപടി പറഞ്ഞത്.
"ഊം.." ഇന്‍സ്പെക്ടര്‍ അമര്‍ത്തി മൂളി.
"ഒരു ബക്കറ്റ് വെള്ളം കൊണ്ട് വരീന്‍."
ബോംബ് സ്ക്വാഡ് വിദഗ്ധന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം ബക്കറ്റില്‍ വെള്ളമെത്തി. വീടിനുചുറ്റും ആളുകള്‍ തടിച്ചു കൂടിയിരുന്നു. അവര്‍ ജനലിലൂടെയും, വാതില്‍ വിടവിലൂടെയും അകത്തേക്ക് നോക്കി. പോലീസുകാര്‍ ബക്കറ്റിലെ വെള്ളം മേശമേലിരുന്ന ബോംബ് പൊതിക്കു മുകളിലൂടെ ഒഴിച്ചു.നനഞ്ഞ് കുതിര്‍ന്ന പൊതിക്കെട്ട് ശ്രദ്ധാ പൂര്‍വ്വം അവര്‍ മറ്റൊരു ബക്കറ്റിലെ വെള്ളത്തിലേക്കിട്ടു. അരമണിക്കൂര്‍ കഴിഞ്ഞ് പുറത്തേക്കെടുത്ത് സാവധാനത്തില്‍ ബ്ലേഡ് കൊണ്ട് നനഞ്ഞ് കുതിര്‍ന്ന പൊതിക്കെട്ടിന്റെ ചണനാര് അറുത്തു. ആളുകള്‍ അക്ഷമരായി തുടങ്ങിയിരുന്നു. ഇതിനിടയില്‍ പത്രക്കാരുമെത്തി. അവര്‍ കുഞ്ഞാമിനുമ്മയില്‍ നിന്നും അവിടെ കൂടിയ നാട്ടുകാരില്‍ നിന്നും വിവരം ശേഖരിച്ചു.
കുഞ്ഞാമിനുമ്മയുടെ ഗള്‍ഫിലുള്ള മകന്‍ ജബ്ബാറിന് പരിവാറുകാരുടെ ഭീഷണിയുണ്ടായിരുന്നു എന്നും, ഗംഗാധരന്‍ ചെട്ട്യാര്‍ കുഞ്ഞാമിനുമ്മയെ കൊല്ലാന്‍ കരുതിക്കൂട്ടി ബോംബ് വച്ചതാണെന്നും അവര്‍ പറഞ്ഞു. ഇതിന്നിടയില്‍ ബോംബ് നിര്‍വ്വീര്യമാക്കി പോലീസ് പൊതിക്കെട്ടഴിച്ചു കഴഞ്ഞിരുന്നു. പ്രസ്സ് ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറഫ്ലാഷുകള്‍ മിന്നിച്ചു. പത്രക്കാരും നാട്ടുകാരും ആകാംക്ഷയുടെ മുള്‍മുനയില്‍ നിന്ന് എത്തി നോക്കി.
ബോംബ് സ്ക്വാഡ് തലവന്‍ നനഞ്ഞ് കുതിര്‍ന്നഴുകിയ പൊതിക്കെട്ടിനുള്ളില്‍ നിന്നും രണ്ട് ചില്ലുഗ്ലാസ്സുകള്‍ പുറത്തേക്കെടുത്തു. അതിനുമുക്ളില്‍ പ്രിന്റ് ചെയ്തിരുന്നത് സ്ക്വാഡ് വിദഗ്ദന്‍ വായിച്ചു.
"റംസാന്‍ ആശംസകള്‍ - ഗീതാഞ്ജലി ടെക്സ്റ്റയില്‍സ്."
ആളുകള്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ട് കുഞ്ഞാമിനുമ്മയെ നോക്കി. മരുമോള്‍ക്കു സാരി വാങ്ങിയപ്പോള്‍ കിട്ടിയ 'സമ്മാനക്കൂപ്പണ്‍' കുഞ്ഞാമിനുമ്മക്ക് ഓര്‍മ്മ വന്നു. കൂപ്പണ്‍ന്റെ ഒരു ഭാഗം നാണയം കൊണ്ട് ചുരണ്ടി ഗംഗാധരന്‍ ചെട്ട്യാര്‍ പറഞ്ഞ കാര്യവും കുഞ്ഞാമിനുമ്മക്ക് ഓര്‍മ്മ വന്നു.
"ഉമ്മാക്ക് ഭാഗ്യമുണ്ട്. രണ്ട് ചില്ല് ഗ്ലാസ്സ് സമ്മാനമായി അടിച്ചിട്ടുണ്ട്."
അവര്‍ ഒരു മഞ്ഞ ചിരി ചിരിച്ചു.

8 അഭിപ്രായങ്ങൾ:

 1. മല പോലെ വന്നത് എലി പോലെ പോയി എന്ന് പറയും പോലെയായല്ലോ.. :)
  കഥ കുറച്ചു കൂടി ഭംഗിയായി പറയാമായിരുന്നു എന്ന് തോന്നി.. എങ്കിലും നല്ല ഒഴുക്കോടെ വായിക്കാന്‍ പറ്റി.. നന്നായി.. ആശംസകള്‍ .. തുടര്‍ന്നും എഴുതുക.. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുമല്ലോ..

  മറുപടിഇല്ലാതാക്കൂ
 2. നല്ല കഥ സന്ദീപിന്റെ അഭിപ്രായതോട് യോജിക്കാനാവില്ല വര്‍ഗ്ഗീയ വിഷം വിതക്കുന്നവരുടെ മുമ്പില്‍പെട്ടുപോകുന്ന നിഷ്കളങ്കതയുടെ ചിത്രം വരച്ചിട്ടിരിക്കുന്നു ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 3. നല്ല നർമ്മം..ഇഷ്ടപ്പെട്ടു...അക്ഷരത്തെറ്റുകൾ മാത്രം ഒരു പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
 4. ആശംസകള്‍ ...
  ഞാനും പുതിയ ബ്ലോഗ് എഴുത്തുകാരനാണ്. എന്റെ ബ്ലോഗിന് കൂടുതല്‍ വായന സൃഷ്ടിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
  എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന മണ്ടത്തരങ്ങളും വായിച്ച് അഭിപ്രായം പോസ്റ്റ് ചെയ്യുമല്ലോ... :)
  എന്റെ ബ്ലോഗ് അഡ്രസ്സ് http://luttumon.blogspot.com/

  മറുപടിഇല്ലാതാക്കൂ
 5. ഹ ഹ ..എനിക്കിഷ്ട്ടപ്പെട്ടു...മത ജാതീയ വര്‍ഗീയതക്കതിരെ നമുക്ക് ഒരുമിച്ചു മുന്നേറാം...

  മറുപടിഇല്ലാതാക്കൂ
 6. kathayile sthalavum thunikkadayum ellam enikkariyaam enikk nannayi ishtappettu, hasyamayi chithreekarichankilum kure karyangal ithil ninnum manasilakanundu, nammalayal, oliyal, ithokke ippoyum....
  nannai.....ningal nadapurathano...

  മറുപടിഇല്ലാതാക്കൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.