ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമന്‍മാഷുടെ പ്രേമോം... ശേഖരന്റെ ചോദ്യോം...


              കണക്ക് രാമന്‍മാഷും സാവിത്രിടീച്ചറും തമ്മിലുള്ള പ്രേമം സ്കൂളിലെ കുട്ട്യോള്‍ക്കിടയലെ സംസാരവിഷയമായിരുന്നു. പഠിപ്പിക്കുന്ന വിഷയം കണക്കാണെങ്കിലും രാമന്‍മാഷ് ചങ്ങമ്പുഴയുടെയും, വൈലോപ്പിള്ളിയുടെയും ഇടപ്പള്ളിയുടെയുമൊക്കെ ഒരാരാധകനായിരുന്നു. കണക്കുക്ലാസ്സില്‍ ക്രിയകളെല്ലാം കഴിഞ്ഞ് കിട്ടുന്ന ഇത്തിരി സമയങ്ങളില്‍ മാഷ് ഈണത്തില്‍ മനസ്വിനിയും മാമ്പഴവുമൊക്കെ ചൊല്ലും. കുട്ടികളതില്‍ ലയിച്ചിരിക്കും.
         “ഒറ്റപ്പത്തിയിലായിരമുടലുകള്‍
          ചുറ്റുപിണഞ്ഞൊരു മണിനാഗം
          ചന്ദനലതകളിലധോമുഖ ശയനം
          ചന്ദമൊടങ്ങിനെ ചെയ്യുമ്പോള്‍...”
         മാഷ് മനസ്വിനി ചൊല്ലുമ്പോള്‍ കുട്ടികള്‍ മുകളിലത്തെ വിട്ടത്തിന്‍മേലേക്ക് നോക്കും. എലിയെപ്പിടിക്കാന്‍ കേറുന്ന ചേരകള്‍ ഇടക്കിടെ കഴുക്കോലുകളിലും, ഉത്തരത്തിലുമൊക്കെ തൂങ്ങിയാടാറുണ്ട്. അപ്പോഴൊക്കെ കുട്ടികള്‍ പേടിച്ചും അല്ലാതെയും കൂക്കിവിളിച്ചു് ഓടാറുണ്ട്. പക്ഷെ രാമന്‍മാഷ് കവിതചൊല്ലുമ്പോള്‍ ഇനി ചേരവന്നാല്‍ത്തന്നെയും കുട്ടികള്‍ വീര്‍പ്പടക്കിയിരിക്കുകയേയുള്ളൂ. അത്രക്കിഷ്ടമായിരുന്നു കുട്ടികള്‍ക്ക് മാഷിനെ. കണക്കില്‍ വട്ടപ്പൂജ്യം വാങ്ങുന്ന ശേഖരനുപോലും മാഷെ ഇഷ്ടായിരുന്നൂന്ന് പറഞ്ഞാല്‍ മതിയല്ലോ.
             കുട്ടികള്‍ക്കിടയിലെ ആദര്‍ശ പ്രണയജോടികളായിരുന്നു കണക്ക് രാമന്‍മാഷും, സാവിത്രിടീച്ചറും. അവരില്‍പ്പലരും മാഷെയും ടീച്ചറെയും മാതൃകകളാക്കി പ്രണയം നട്ടുനനച്ചുവളര്‍ത്തി. ഉച്ചസമയങ്ങളില്‍ സ്റ്റാഫ്റൂമിലോ ലൈബ്രറി മുറിയിലോ മ്യൂസിക് ടീച്ചറായ സാവിത്രിടീച്ചറുടെ പാട്ടുംകേട്ട് താളത്തില്‍ തലയാട്ടി ലയിച്ചിരിക്കുന്ന മാഷെ പിള്ളാര്‍ ഒളിഞ്ഞും തെളിഞ്ഞും നോക്കി നെടുവീര്‍പ്പിടാറുണ്ട്.
           ഈ സമയത്താണ് സ്കൂളിനെ ഞെട്ടിച്ചുകളഞ്ഞ ഒരുസംഭവമുണ്ടാവുന്നത്. സ്കൂളിലെ സകലസമരങ്ങളുടെയും, കുണ്ടാമണ്ടികളുടെയും നേതൃസ്ഥാനമലങ്കരിക്കുന്ന വണ്‍ ഏന്റ് ഓണ്‍ലി ശേഖരന്‍, എട്ടാം ക്ലാസ് ബി.യില്‍ പഠിക്കുന്ന, സുന്ദരിയും സുശീലയും പഠനത്തില്‍ ഒന്നാമയും സര്‍വ്വോപരി മൂക്കത്തു കണ്ണടയും ശുണ്ഡിയും ഒരുമിച്ച് ഫിറ്റ്ചെയ്ത് സദാ കയ്യിലൊരു ചൂരലുമായി നടക്കുന്ന മലയാളം ആനന്ദവല്ലിടീച്ചറുടെ മകളുമായ സവിതയ്ക്ക് പ്രേമലേഖനം നല്‍കി സ്കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തു. സുന്ദരിയായ സവിത സ്കൂളില്‍ വന്നുചേര്‍ന്ന ദിവസം മുതല്‍ സകല ആണ്‍പിള്ളാരുടെയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. പക്ഷെ അവള്‍ക്കൊരു പ്രേമലേഖനം കൊടുക്കാന്‍മാത്രമുള്ള ധൈര്യമൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. ആനന്ദവല്ലിട്ടീച്ചറുടെ ചൂരലിന്റെ കാര്യമോര്‍ത്താല്‍ത്തന്നെ മൂത്രം പോവും. പിന്നെയാ പ്രേമലേഖനം.
          ശേഖരന്‍ പ്രശ്നക്കാരനും, കണക്കില്‍ സംപൂജ്യനുമൊക്കെയായിരുന്നുവെങ്കിലും ആള് സുന്ദരനായിരുന്നു. ഏതു പെണ്ണും തലചുറ്റിവീണുപോവുന്ന ഉണ്ടക്കണ്ണിനുടമയായിരുന്നു ശേഖരന്‍. പക്ഷേ ശേഖരന്റെ ഉണ്ടക്കണ്ണിനൊന്നും സവിതയെ വളക്കാനാവില്ലെന്നായിരുന്നു സാമാന്യം വിവരമുള്ള സഹപഠിതാക്കളുടെയൊക്കെ ധാരണ. മാത്രമല്ല അവള്‍ ആനന്ദവല്ലിടീച്ചറോട് കാര്യംപറഞ്ഞ് ശേഖരന്റെ കഥകഴിക്കും. സ്കൂളിലെ ശേഖരന്റെ എതിരാളികള്‍ കൈനഖമുരച്ചു. പക്ഷെ സകലധാരണകളെയും തകിടംമറിച്ച് സവിതയും ശേഖരന്റെ ഉണ്ടക്കണ്ണിനുമുന്നില്‍ തലചുറ്റിവീണു. അവര്‍ മാവിന്‍ചുവട്ടിലും കിണറ്റിന്‍കരയിലും സല്ലപിച്ചുനടന്നു. അവരുടെ സല്ലാപത്തിലസൂയപൂണ്ട ചില കുബുദ്ധികള്‍ സ്കൂളിന്റെ വെള്ളപൂശിയ മതിലില്‍ കരികൊണ്ട് ചുവരെഴുത്തുനടത്തി.
         “സവിത + ശേഖരന്‍”
                     ശേഖരന്‍ അതുകണ്ട് അഭിമാനപുളകിതനായി. പക്ഷെ, സ്കൂളില്‍ പ്രശ്നം ആളിപ്പടര്‍ന്നു. ചുവരെഴുത്തുവൃത്താന്തം ആനന്ദവല്ലിട്ടീച്ചറുടെ ചെവിയിലുമെത്തി. ടീച്ചര്‍ വിറച്ചു. സ്കൂളാകെ വിറച്ചു. തെമ്മാടച്ചെക്കനായ ശേഖരനെ ഹെഡ് മാസ്റ്റര്‍ വിളിപ്പിച്ചു. ഹെഡ്ഡിന്റെ മുന്നിലിട്ട് ടീച്ചര്‍ ശേഖരന്റെ ചന്തിയില്‍ ചൂരലുകൊണ്ട് അരിശം തീര്‍ത്തു. പൊടുന്നനെയാണ് ശേഖരന്‍ അടുത്ത ബോംബ്പൊട്ടിച്ചത്.
                 “കണക്കുമാഷക്ക് സാവിത്രിട്ടീച്ചറെ പ്രേമിക്കാമെങ്കി എനിക്കെന്താ?”
                 തികച്ചും അര്‍ത്ഥവത്തായ ചോദ്യമായിരുന്നു അത്. ഹെഡ് മാസ്റ്റര്‍ ചിന്തിച്ചു. ആനന്ദവല്ലിടീച്ചറുടെ തീപ്പാറുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ ഹെഡ് മാസ്റ്റര്‍ ഒന്നും പറഞ്ഞില്ല. ആ കണ്ണുകള്‍ തന്നെ ഭസ്മമാക്കിക്കളയുമോയെന്ന് രാമന്‍മാഷ് ഭയന്നു. സാവിത്രിടീച്ചര്‍ ബാത്ത്റൂമില്‍ അഭയം തേടി.
                “ഇതിവിടവസാനിക്കണം”
                   ആനന്ദവല്ലി ആനയെപ്പോലെ ചിന്നംവിളിച്ചു.
                “മാഷമ്മാര്തന്ന്യാ പിള്ളാരെ ഓരോരോ തോന്ന്യാസം പഠിപ്പിക്കുന്നെ..”
                   രാമന്‍മാഷുടെ മേശപ്പുറത്തുണ്ടായിരുന്ന ചങ്ങമ്പുഴയും, ഇടപ്പള്ളിയും, വൈലോപ്പിള്ളിയുമൊക്കെ ആനന്ദവല്ലിടീച്ചറുടെ കയ്യിലൂടെ പുറത്തേക്ക് പറന്നു. ചൂളിനില്‍ക്കുന്ന രാമന്‍മാഷെ ശേഖരന്‍ പുച്ഛത്തോടെ നോക്കി.
              അന്ന് വൈകിട്ട് സ്കൂള്‍വിട്ട് പുറത്തേക്ക്പോകുമ്പോള്‍ കണക്ക് രാമന്‍മാഷ് സാവിത്രിടീച്ചറോട് ഇങ്ങനെ പറഞ്ഞു.
             “പാടില്ലാ പാടില്ലാ നമ്മെനമ്മള്‍....”

അഭിപ്രായങ്ങള്‍

  1. നന്നായിരിക്കുന്നു ശ്രീ നര്‍മ്മം, ചിരിചൂട്ടോ...

    മറുപടിഇല്ലാതാക്കൂ
  2. കണക്കുമാഷക്ക് സാവിത്രിട്ടീച്ചറെ പ്രേമിക്കാമെങ്കി എനിക്കെന്താ?

    മറുപടിഇല്ലാതാക്കൂ
  3. പ്രിയപ്പെട്ട ശ്രീജിത്ത്,

    അധ്യാപകര്‍ മറ്റുള്ളവരുടെ കണ്ണില്‍ മാതൃകമനുഷ്യരാകണം. അതാണ്‌ അലിഖിത നിയമം.

    നര്‍മം ശ്രീജിത്തിനു വഴങ്ങുന്നുണ്ട്. ആശംസകള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  4. ഇപ്പോള്‍ ഇതൊരു ബ്ലോഗ്‌ ആയി .കൊള്ളാം ,കിടി എന്നൊക്കെ കമന്റ്‌ ഇട്ടിരിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  5. പോസ്റ്റ്‌ അവസാനിക്കുന്ന ഭാഗത്ത് ഒരു സുഖക്കുറവ് കാണുന്നു ശ്രീജിത്ത്. ശ്രമിച്ചാല്‍ നര്‍മ്മം വരും. വരാതെ എവിടെ പോകാന്‍.. :)ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. രസകരമായി ശ്രീജിത്ത് , ക്ലൈമാക്സ് ഒരൽപ്പം കൂടി നന്നാക്കാമായിരുന്നു. ഇനിയും പോരട്ടെ

    മറുപടിഇല്ലാതാക്കൂ
  7. കഥ നന്നായിട്ടുണ്ട്... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................

    മറുപടിഇല്ലാതാക്കൂ
  8. രസകരമായ വായനാ സുഖമുള്ള രചന. എന്നാലും നര്‍മ്മം എന്ന ലേബല്‍ വേണമായിരുനോ എന്ന് തോന്നിപ്പോയി ട്ടൊ. പ്രത്യേകിച്ച് പര്യവസാനത്തിലെത്തിലെത്തിയപ്പോള്‍. കൂടുതല്‍ നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  9. കൊള്ളാം കേട്ടോ..പണ്ട് എന്‍റെ സ്കൂളിലും ഉണ്ടായിരുന്നു ഒരു അധ്യാപക ജോഡിടെ തീപാറുന്ന പ്രണയം..പക്ഷെ അവര്‍ "പാടില്ല പാടില്ല" എന്ന് പാടീല്ല കേട്ടോ..കല്യാണം കഴിഞ്ഞു കുട്ടികളുമായി സസുഖം കഴിയുന്നു. :)
    എഴുതിഷ്ടായി..
    മനു.

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. “പാടില്ലാ പാടില്ലാ നമ്മെനമ്മള്‍....”

    ഇഷ്ടമായി കഥ
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  12. പെട്ടെന്ന് തീര്‍ന്ന പൊലെ ...ശ്രീ ..
    നര്‍മ്മം ഇനിയും വിശാലമായി പൊരട്ടേട്ടൊ ..
    ശേഖരന്റെ ചോദ്യം സത്യത്തില്‍ പ്രസക്തം തന്നെ ..
    അവര്‍ക്കായാല്‍ ഇവര്‍ക്കെന്താ ആയികൂടേ ..?
    സ്ക്കൂള്‍ പ്രണയങ്ങളും , ഇന്നു യൂടൂബില്‍ വരും പൊലെ
    അന്നു ചുമരില്‍ നിറയുന്ന പേരുകളും എല്ലാം ..
    ഒന്നാലൊചിച്ചാല്‍ ഗൃഹാതുരത്വത്തിന്റെ മണമുണ്ട് ..
    സ്നെഹാശംസ്കള്‍ ..

    മറുപടിഇല്ലാതാക്കൂ
  13. കൊള്ളാം നല്ല ചിരിക്കു വകയായി ! ഒരു പുതിയ കഥബ്ലോഗ് തുടങ്ങി...ക്ഷണിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  14. കണക്കുമാഷക്ക് സാവിത്രിട്ടീച്ചറെ പ്രേമിക്കാമെങ്കി എനിക്കെന്താ

    മറുപടിഇല്ലാതാക്കൂ
  15. നര്‍മ്മം നന്നായി.
    പാടില്ല പാടില്ല..... :)
    http://drpmalankot0.blogspot.com

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ചിത്രങ്ങള്‍....!!!!

                അക്രിലിക് പെയിന്റിന്റെ കടും നിറപ്പൊലിമയില്‍ സ്പോഞ്ചും, ബ്രഷും, പെയിന്റിംഗ് നൈഫും ഒക്കെയായി ഏകാഗ്രതയോടെ തീര്‍ത്ത ചിത്രത്തിന്റെ മൂലയില്‍ 'സൂരജ്' എന്ന കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ ചിത്രത്തില്‍ നിന്ന് എന്തൊക്കെയോ നൂറ് നൂറ് 'ഭാവങ്ങള്‍' ഉണരുന്നതുപോലെ തോന്നി അവന്. മഞ്ഞയും, നീലയും, ചുവപ്പും കടും നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞ് വരുന്ന നിരവധി കുതിരകള്‍.. ബഹുവര്‍ണ്ണങ്ങളില്‍... അവയുടെ കുളമ്പടിയൊച്ച മനോഹരമായി അലങ്കരിച്ച ആ മുറിയില്‍ മുഴങ്ങുന്നതുപോലെ തോന്നി.                  പെയിന്റും, പാലറ്റും, ബ്രഷും ടേബിളിലെ ട്രേയില്‍ ഒതുക്കി വച്ച്, ചാരുകസേരയിലേക്ക് ചായ്ഞ്ഞ അവന്റെ ക്ഷീണിച്ച കണ്ണുകളില്‍ ഉറക്കം കൂടണയാനെത്തിയതുപോലെ കൂമ്പി നിന്നു. ധരിച്ചിരുന്ന നീല ജീന്‍സിലും, തൂവെള്ള ജൂബയിലും അവിടവിടെയായി നിറങ്ങള്‍ പൂങ്കാവനം തീര്‍ത്തിരുന്നു. സൂരജിന്റെ ചിന്തകള്‍ അമൂര്‍ത്തമായ കുളമ്പടിയൊച്ചകളില്‍ നിന്നുണര്‍ന്ന് സമൂര്‍ത്തങ്ങളായ വെള്ളക്കുതിരകളായി മുറിയുടെ മുക്കിലും മൂലയിലും ഉഴറി നടന്നു. ഒടുവില്‍ അവ, കാലുകള്‍ ഉള്‍വലിഞ്ഞ് ചിറകുകള്‍ മുളച്ച് നീല കര്‍ട്ടനിട്ടലങ്കരിച്ചിരുന്ന ജനലിലൂടെ പറന്നകന്ന് പഞ്ഞി

പുസ്തകപ്രകാശനം

എന്റെ ആദ്യ കഥാസമാഹാരമായ "ജാലകങ്ങള്‍" പ്രശസ്ത നിരൂപകനും, സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ ശ്രീ. ബാലചന്ദ്രന്‍ വടക്കേടത്ത് സീനിയര്‍ ജേണലിസ്റ്റ് കെ.പി. ആന്റണിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം നിര്‍വ്വഹിക്കുന്നു. പ്രശസ്ത തിരക്കഥാകൃത്തും, ബാലസാഹിത്യകാരനുമായ ഭരതന്‍ പല്ലിശ്ശേരി, പി.ഐ.സോമനാഥന്‍(മാനേജര്‍, സി.എന്‍.എന്‍.സ്കൂള്‍സ്),എഴുത്തുകാരായ രാമചന്ദ്രന്‍ വല്ലച്ചിറ, ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, സുരേഷ്ബാബു ഞെരുവിശ്ശേരി, ജോണ്‍സണ്‍ ചിറമ്മല്‍ തുടങ്ങിയവര്‍ സമീപം.