ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
എന്റെ വായന 
ശ്രീജ വാര്യർ

പുസ്തകാവലോകനം

കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത് 

                      കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് . 

                          നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി . ജീവിതത്തിൽ സത്യസന്ധതയുടെ പ്രാധാന്യം അവൻ മനസ്സിലാക്കി .  അതിന്റെ ഫലമോ ? സ്‌കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥിയായി . 

                    അപൂർവ്വമായ  ഈ സ്‌നേഹാസൗഹൃദം  അപൂർവ്വമായ ഭാവനയാണ് . സത്യസന്ധരെ മാത്രം പ്രവേശിപ്പിക്കുന്ന കുരുവിലോകവും അവിടത്തെ  കാഴ്ചകളും ബാലമനസ്സുകളെ മാത്രമല്ല   എല്ലാ ആസ്വാദകമനസ്സുകളെയും   അതിശയിപ്പിക്കും . പുഷ്പസിംഹാസനത്തിലിരിക്കുന്ന  കുരുവിരാജാവും  പടുവൃദ്ധനായ കുരുവിവൈദ്യനും  കുഞ്ഞുങ്ങൾക്ക് നൽകുന്ന  സദ്സന്ദേശം മുതിർന്നവരെയും ഒന്നു ചിന്തിപ്പിക്കുന്നു . 

                           കണ്ടൻപൂച്ചയുടെ  ആക്രമണത്തിൽ പരിക്കേറ്റ കുരുവിയെ മണിക്കുട്ടൻ രക്ഷിക്കുകയായിരുന്നു .   അതിനു പ്രതിഫലമായിട്ടാണ്  അവൾ അവനെ കുരുവികൾക്ക് മാത്രമായുള്ള  ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നത് .   തന്റെ വീട്ടിൽ  തന്റെ കൺവെട്ടത്തുതന്നെ   കൂടുകൂട്ടാൻ   അവൻ കുരുവിയ്ക്ക്   അനുമതി നൽകുന്നു . കുരുവിക്കുഞ്ഞ് വലുതായി  ഇണയെ കണ്ടെത്തുന്നതും കൂട്ടിൽ മുട്ടയിടുന്നതും അതിന് അടയിരിക്കുന്നതുമെല്ലാം മണിക്കുട്ടൻ  കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു  . മുട്ട തിന്നാൻ പാമ്പ് വരുമെന്ന് പറഞ്ഞ് അച്ഛൻ ആ കൂട് നശിപ്പിക്കുവാൻ ശ്രമിച്ചത് അവന്റെ മനസ്സിനെ വല്ലാതെ  ദു:ഖിപ്പിച്ചു . താൻ അഭയം നൽകിയവരെ വീട്ടുകാർ ഉപദ്രവിക്കുമൊ , കുരുവികാരണവർ അച്ഛനെ ശപിക്കുമോ എന്നൊക്കെയോർത്ത് അവൻ  ആധിയെടുത്തു . അത് കടുത്ത പനിയായി മാറി . മാതാപിതാക്കൾ എത്ര ആശ്വസിപ്പിച്ചിട്ടും  അവന്റെ ആധി മാറിയില്ല . ഒടുവിൽ  കുരുവിപ്പെണ്ണ് അവനെ  വീണ്ടും കുരുവിലോകത്തിൽ  കൊണ്ടുപോവുകയും കുരുവി വൈദ്യൻ  തേൻമരുന്ന് നൽകുകയും അതിലൂടെ അവൻ  പൂർണ്ണമായും സുഖപ്പെടുകയും ചെയ്തു . ഈ അതിശയിപ്പിക്കുന്ന കഥകളെല്ലാം കേട്ട് അമ്പരന്നുപോയ മാതാപിതാക്കളെക്കൂടി   കുരുവിലോകത്തിലേയ്ക്കു പ്രവേശിപ്പിക്കുവാൻ  കുരുവിക്കാരണവർ അനുമതി നൽകുന്നു . 

                           വായനക്കാരുടെ മനസ്സിൽ കൗതുകവും  ആകാംക്ഷയും ഒപ്പം നല്ല ചിന്തകളുമുണർത്തുന്ന  ഈ നോവൽ കുഞ്ഞുങ്ങളെ പെട്ടെന്ന് ആകർഷിക്കുമെന്നതിൽ സംശയമില്ല . മണിക്കുട്ടനെപ്പോലെയുള്ള കുസൃതിക്കുരുന്നുകളെ  നല്ലശീലങ്ങൾ പഠിപ്പിക്കുവാൻ  ഇതുപോലുള്ള ഭാവനാത്മകമായ കൃതികൾ  വളരെ സഹായിക്കുന്നു . ഇത്തരം ബാലസാഹിത്യകൃതികൾ  കുട്ടികളെക്കൊണ്ട് വായിപ്പിക്കുവാനായാൽ  അവരിൽ വായനാശീലം താനേയുണരും . നല്ലൊരു അദ്ധ്യാപകൻ കൂടിയായ നോവലിസ്റ്റിന് ഈ മേഖലയിൽ ഇനിയും കർമ്മനിരതനാകാനും  അതിലൂടെ പിഞ്ചുമനസ്സുകളിൽ ചലനങ്ങൾ സൃഷ്ടിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു . ഈ നല്ല  നോവൽ വായനക്കാരിലേയ്ക്കെത്തിച്ച ഗ്രീൻ ബുക്ക്‌സ്  പ്രസാധകർക്കും ആശംസകൾ ..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...