ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു വയനാടൻ അപാരത...


മുളങ്കാടുകളുടെ തളിർപ്പുകളിൽ അടക്കിപ്പിടിച്ച തണുപ്പ്. സ്വന്തം നാടിന്റെ കാവലാളായി ദൈവം നിയോഗിച്ച പശ്ചിമഘട്ടത്തിന്റെ അതുല്യ മനോഹാരിത. അനാദിയായ പ്രപഞ്ചത്തിന്റെ നിഗൂഢതയൊട്ടും ചോർന്നുപോകാത്ത മരതക മലനിരകൾ. വീരപഴശ്ശി കേരളവർമ്മത്തമ്പുരാന് ആംഗലേയപ്പടയ്ക്കുനേരെ ഗറില്ല യുദ്ധമുറകൾ ഉപദേശിച്ചുകൊടുത്ത കുറിച്യപ്പടയാളികളുടെ നാട്.

ആ നാട്ടിലേക്കെഴുന്നള്ളിയിരിക്കയാണ് ആധുനിക ഭാരതത്തിലെ ഗണ്ഡി രാജവംശത്തിലെ ഇളമുറത്തമ്പുരാട്ടി. അധോലോക ചക്രവർത്തിയായ വദ്രത്തമ്പുരാന്റെ പട്ട മഹിഷി. സഹ ഉദരന്റെ പാർലമെന്റ് മോഹപൂർത്തിക്കായി ഓല സമർപ്പിക്കുന്ന പുണ്യസംഭവത്തിന് സാക്ഷ്യം വഹിക്കാനാണ് മഹിഷിയുടെ എഴുന്നള്ളത്ത്.

ഓല സമർപ്പണവും, ജയഭേരികളും, പ്രജാദർശനവും കഴിഞ്ഞ് തമ്പുരാട്ടി പള്ളിയുറക്കത്തിനായി സർക്കാർ വക അതിഥിമുറിയിലേക്കെത്തി. വദ്രത്തമ്പുരാന് അധോലോകത്തെന്തോ നേരമ്പോക്കുകളുണ്ടായിരുന്നതിനാൽ തമ്പുരാട്ടിക്ക് കൂട്ടു കിടക്കാനാരുമില്ലായിരുന്നു. അധോലോകത്തമ്പുരാൻ തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ലായിരുന്നെങ്കിലും തമ്പുരാട്ടിക്ക് നവോത്ഥാനദിനങ്ങളായിരുന്നതു കൊണ്ടാണ് കൂട്ടുകിടപ്പിനാരും വേണ്ടെന്നു നിശ്ചയിച്ചതെന്നൊരു പാണൻ പാട്ടുണ്ട്. 

വയനാടിന്റെ പേലവസ്മൃതികളിൽ തലചായ്ച്ചുകിടന്ന്, പരിചാരികമാർ പൊന്നരച്ചുചേർത്ത തെളിനീരിൽ സ്നാനം ചെയ്ത് തമ്പുരാട്ടി പള്ളിയുറക്കത്തിന് തയ്യാറെടുത്തു. അതിഥി മുറിയിൽ പ്രത്യേകം തയ്യാർ ചെയ്ത പട്ടുമെത്തയിൽ മൃദുലമനോജ്ഞമായ രാത്രിവസ്ത്രത്തിൽ തമ്പുരാട്ടി ശയിക്കുന്നതു കണ്ടാൽ ലോകസുന്ദരിമാർ പോലും നാണിച്ചുപോകുമെന്ന് പാണൻമാർ വയറ്റത്തടിച്ചു പാടി. 

വയനാടിന്റെ കാട്ടുഗീതം. മുളങ്കാടുകളുടെ സംഗീതം. മഴകാത്തുകിടക്കുന്ന മലമുഴക്കി വേഴാമ്പലുകളുടെ രാരീരം. ചീവീടുകളും, പലതരം ചെറുജീവികളും, മത്സരിച്ച് വയലിൻ വായിച്ചു. ദൂരെയെങ്ങുനിന്നോ കാട്ടുകൊമ്പന്റെ ചിന്നംവിളി. ഊളൻമാരുടെ നിലാവിനെതിരെയുള്ള പടയൊരുക്കം. 

കെട്ടിലമ്മ ചെരിഞ്ഞും മറിഞ്ഞും കിടന്നു. തീണ്ടാരിദിനങ്ങളായതു കൊണ്ടാണോയെന്നറിയില്ല ഉറക്കം തൊട്ടുതീണ്ടുന്നതുപോലുമില്ല. ആകെയൊരു പരപരപ്പ്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പറുദീസ?തമ്പുരാട്ടിയമ്പരന്നു. അമൈത്തിയിലെ പുല്ലുപുരകൾ ഇതിലുമെത്രഭേദം! തിരിഞ്ഞും മറിഞ്ഞും കിടന്നും ഫൽഗുനൻ പാർത്ഥൻ ജപിച്ചും തമ്പുരാട്ടിയൊരുവിധത്തിലൊന്നു കണ്ണടച്ചു. കാതിൽ ഹെലികോപ്ടറുകളിരമ്പി. ഏതോ ഹോളിവുഡ് സിനിമയുടെ സംഘട്ടനരംഗത്തിന്റെ ശീതളിമ. മാവോയിസ്റ്റ് ഭീകരതയുടെ ചുവപ്പുരാശി സ്വപ്നത്തിന് പശ്ചാത്തലമൊരുക്കി വെടിപൊഴിച്ചു.

പൊടുന്നനെ ഒരു പരതൽ ശബ്ദം. തമ്പുരാട്ടി ഞെട്ടിയുണർന്നു നിലവിളിച്ചു. അംഗരക്ഷകർ പാഞ്ഞെത്തി. എന്താണത്? ആരാണത്? മാവോ വാദി? എൽ.ടി.ടി.ഇ.? അൽ കയ്ത? ജെയ്ഷെ? 

പതുങ്ങിയിരിക്കുന്ന ഭീകരനെ തേടി അംഗരക്ഷകർ എ.കെ.ഫോർട്ടി സെവൻ നീട്ടിപ്പിടിച്ച് അരിച്ചു പെറുക്കി. 

തമ്പുരാട്ടിയുടെ രക്ഷകരല്ലേ. കരിമ്പൂച്ചകളല്ലേ. ഭീകരനെ കണ്ടെത്താതെയെവിടെപ്പോകാൻ? കണ്ടെത്തി. അതാ, അതിഥി മന്ദിരത്തിന്റെ തട്ടിൻ പുറത്ത് ഒരു മ്യാവോ!
മ്യാവോ! മ്യാവോ! കരിമ്പൂച്ചകൾ ആർത്തു വിളിച്ചു.
പക്ഷേ മ്യാവോയ്ക്ക് ഭാവഭേദമില്ല. തട്ടിൻപുറത്തെ തന്റെ വാസകേന്ദ്രത്തിനു കീഴെ പള്ളിയുറക്കത്തിന് വന്നത് ഏത് കോലോത്തെ തമ്പുരാട്ടിയായാലും തനിക്കെന്ത്? എന്ന ആറാം തമ്പുരാൻ ഭാവം. 

കരിമ്പൂച്ചകൾ എ.കെ. ഫോർട്ടി സെവൻ നീട്ടിയപ്പോൾ വിവരമുള്ളയാരോ കാതിൽ മൊഴിഞ്ഞു. അരുത്. മരപ്പട്ടിയാണ്. വംശനാശം നേരിടുന്ന വന്യജീവിയാണ്. വെടിവെച്ചാൽ തമ്പുരാട്ടി അഴിയെണ്ണും. പണ്ടൊരു സൽമാൻ രാജാവ് പേടമാനെ വെടിവെച്ചിട്ട പുകിലോർമ്മയുണ്ടല്ലോ. വെടിവീരൻമാർ അമർഷമൊതുക്കി മാറിനിന്നു. തമ്പുരാട്ടി മറ്റെന്തോ മനസ്സിലുറച്ച് താമസം മാറ്റാനുരചെയ്തു. സാധാരണയങ്ങിനെ സംഭവിക്കാത്തതാണ്. തമ്പുരാട്ടിയുടെ മനസ്സിലെന്താണ്? കാടുമുഴുവൻ കിടന്നു ചിന്തിച്ചു. 

മഹാ ത്രികാലജ്ഞാനികളായ പശ്ചിമഘട്ടത്തിലെ പൂർവ്വികപരമ്പരകൾ സംഗതി മനസ്സിലാക്കി. കാറ്റായി വന്ന് അവർ മരപ്പട്ടിയുടെ കാതിൽ മൊഴിഞ്ഞു.

''ഇറ്റാലിയൻ മാഫിയ ഗ്യാങ്ങിനെ വിളിച്ച് നിന്നെ തട്ടിക്കളയാനാണ് വദ്രത്തമ്പുരാന്റെ പട്ടമഹിഷിയുടെ തീരുമാനം. ജീവൻ വേണേൽ രക്ഷപ്പെട്ടോ. മസിലു പിടിച്ചിട്ട് കാര്യമില്ല.''

മരപ്പട്ടി സംശയത്തോടെ മഹിഷിയെ നോക്കി. ആ വദനത്തിങ്കൽ സുസ്മേരം. രണ്ടാമതൊന്നു ശങ്കിച്ചില്ല. ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

മന്ദസ്മിതത്തോടെ, ആദ്യവിജയം നേടിയ ലഹരിയോടെ, തമ്പുരാട്ടി കരിമ്പൂച്ചകളോട് പോയ്ക്കിടന്നുറങ്ങാൻ പറഞ്ഞ്, ഹോളി വുഡ് സ്വപ്നത്തിങ്കൽ ലയിച്ചു.


രചന : യാജ്ഞവൽക്യൻ

അഭിപ്രായങ്ങള്‍


  1. മഹാ ത്രികാലജ്ഞാനികളായ പശ്ചിമഘട്ടത്തിലെ
    പൂർവ്വികപരമ്പരകൾ സംഗതി മനസ്സിലാക്കി. കാറ്റായി
    വന്ന് അവർ മരപ്പട്ടിയുടെ കാതിൽ മൊഴിഞ്ഞു.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .