ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എഴുത്തുകാരന്റെ രാഷ്ട്രീയം

Monday 19 February 2018 2:30 am IST
ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും സിപിഎമ്മിനെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ മടിയില്ലാതെ ന്യായീകരിക്കുവാന്‍ തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക?
എഴുത്തുകാരന്‍ സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ അറിയുന്നവനായിരിക്കണം. ലോക പ്രശസ്ത കവിയും നൊബേല്‍ സമ്മാനജേതാവുമായ പാബ്ലോ നെരൂദ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു. ഇതേപോലെ എഴുത്തുകാരില്‍ പലരും അവരുടെ കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ കാണിച്ചിരുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്നും എടുത്തുകാണിക്കാവുന്നതേയുള്ളൂ. മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരനും, നോവലിസ്റ്റും ജ്ഞാനപീഠ ജേതാവുമായ എസ്.കെ. പൊറ്റെക്കാട്ട് ഒരു രാഷ്ട്രീയകക്ഷിക്കുവേണ്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും, പാര്‍ലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ എഴുത്തുകാരന്‍ എപ്പോഴും മനുഷ്യപക്ഷത്തായിരുന്നുവെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതുകൊണ്ടാണ് താന്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ചെയ്യുന്ന കൊള്ളരുതായ്മകള്‍ക്ക് കൂട്ടുനില്‍ക്കാതിരിക്കാനുള്ള മനുഷ്യത്വം അവര്‍ കാണിച്ചിരുന്നത്. കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ക്കപ്പുറത്ത് ചിന്തിക്കാനും പ്രവൃത്തിക്കാനുമുള്ള ഹൃദയ വിശാലത എഴുത്തുകാരനുണ്ടായിരിക്കുമെന്ന് സമൂഹം കരുതുന്നു. അല്ലെങ്കില്‍ അങ്ങനെ ആഗ്രഹിക്കുന്നു. ഇതില്‍നിന്നും വ്യത്യസ്തമായ നിലപാടുകള്‍ എഴുത്തുകാരനില്‍നിന്ന് ഉണ്ടാകുമ്പോഴാണ് പൊതുസമൂഹം എഴുത്തുകാരന്റെ നിലപാടുകളെ ചോദ്യം ചെയ്യുന്നത്. അതും അപൂര്‍വ്വമല്ല. 
ഈയിടെ ഫെയ്‌സ് ബുക്കില്‍ ഗോപിനാഥ് ഹരിത എന്നൊരാളുടെ പോസ്റ്റ് ഈയൊരു കാര്യത്തില്‍ ഏറെ ചിന്തിപ്പിച്ചതായിരുന്നു. “അശോകന്‍ ചരുവില്‍ പിണറായി വിജയന്റെ തൂലികാനാമമാണോ എന്നതായിരുന്നു ആ പോസ്റ്റ്. എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു ചോദ്യമുണ്ടായത് എന്നതിനെക്കുറിച്ച് അശോകന്‍ ചരുവിലിന്റെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളെ ശ്രദ്ധിക്കുന്നവര്‍ക്ക് ആശങ്കപ്പെടുകയുണ്ടായില്ല. പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമാണ്. സിപിഎം എന്ന പാര്‍ട്ടിയുടെ നേതാവായിക്കൊണ്ട് പിണറായി വിജയന് ആ പാര്‍ട്ടിയുടെ നിലപാടുകളെയും, പോരായ്മകളെയും ന്യായീകരിച്ചേ മതിയാവുകയുള്ളൂ. സ്വാഭാവികമാണത്. പക്ഷേ, എഴുത്തുകാരനായ അശോകന്‍ ചരുവില്‍ പിണറായയെപ്പോലെ ആ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ മുന്നിട്ടിറങ്ങിയാലോ? അപ്പോള്‍ സ്വാഭാവികമായും മുകളിലുയര്‍ന്നതുപോലുള്ള സംശയങ്ങള്‍ പൊതുജനത്തിന് ഉണ്ടാകും. 
ഏറ്റവുമടുത്ത് അശോകന്‍ ചരുവിലിന്റെ രാഷ്ട്രീയ പോസ്റ്റ് വിവാദമുണ്ടാക്കിയത് പി. പരമേശ്വരന് രാജ്യം പത്മവിഭൂഷന്‍ പുരസ്‌കാരം നല്‍കി ആദരിച്ചപ്പോഴായിരുന്നു. “പി. പരമേശ്വരന് പത്മവിഭൂഷണ്‍! മതവിരോധവിഷം മലയാളത്തില്‍ കലര്‍ത്താന്‍ ശ്രമിച്ചു എന്നതാവും യോഗ്യത!”  ഇതായിരുന്നു അശോകന്‍ ചരുവിലിന്റെ പോസ്റ്റ്. പി. പരമേശ്വരന്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരകനായതുകൊണ്ടും, ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയതുകൊണ്ടും മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശയപ്രചാരകര്‍ക്കും രാഷ്ട്രീയമായ എതിര്‍പ്പുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ധിഷണാ വൈഭവത്തെ ആരും വിലകുറച്ചുകാണുമെന്ന് തോന്നുന്നില്ല. വൈചാരികമണ്ഡലത്തിലും, വിജ്ഞാനസാഹിത്യമേഖലയിലും പി. പരമേശ്വരന്റെ സംഭാവനകളെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാകുമെന്നും തോന്നുന്നില്ല. സമാജസേവനത്തിനായി സ്വജീവിതം സമര്‍പ്പിച്ച ആ ധിഷണാശാലിയെ അവമതിക്കാന്‍ ബുദ്ധിയും ബോധവുമുള്ളവരാരും തയ്യാറാവുമെന്നും തോന്നുന്നില്ല. കേരളത്തിലെ കക്ഷിരാഷ്ട്രീയ തിമിരാവസ്ഥ കാരണം മാത്രമാണ് പി.പരമേശ്വരനെ ഇക്കാലമത്രയും ഇത്തരമൊരു പുരസ്‌കാരം തേടിയെത്താതിരുന്നത് എന്നതും വ്യക്തമാണ്. അശോകന്‍ ചരുവിലിന്റെ അഭിപ്രായ പ്രകടനവും രാഷ്ട്രീയ തിമിരം ബാധിച്ചതുതന്നെയെന്നതില്‍ സംശയമില്ല. പക്ഷേ ഒരു എഴുത്തുകാരനില്‍നിന്ന് ഇത്രയും അമാന്യമായൊരു പരാമര്‍ശം പൊതുജനം പ്രതീക്ഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ടി.പി. ചന്ദ്രശേഖരന്‍ വധം പോലെയുള്ള രാഷ്ട്രീയ കൊലപാതകങ്ങളില്‍പ്പോലും പാര്‍ട്ടിയെ ന്യായീകരിക്കാന്‍ ചാവേറിനെപ്പോലെ പൊരുതിയിരുന്ന ആളാണ് അശോകന്‍ ചരുവില്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടിനെ ആരും വിലവയ്ക്കാന്‍ തയ്യാറാകുമെന്നു തോന്നുന്നില്ല. പ്രശസ്തമായൊരു വാരികയില്‍ നല്‍കിയ അഭിമുഖത്തിലും, ലേഖനത്തിലുമൊക്കെയായാണ് അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയ അടിമത്തം തുറന്നുകാട്ടിയത്. പാര്‍ട്ടിയുടെ ഏതുതരത്തിലുള്ള കൊള്ളരുതായ്മകളെയും യാതൊരു മടിയുമില്ലാതെ ന്യായീകരിക്കുവാനും അതിനുവേണ്ടി വീറോടെ  വാദിക്കുവാനും തയ്യാറാകുന്ന എഴുത്തുകാരന്‍ ഏതുതരത്തിലുള്ള ആശയമായിരിക്കും തന്റെ വായനക്കാര്‍ക്കു നല്‍കുന്നുണ്ടാവുക? സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിച്ചുള്ള അഭിപ്രായ പ്രകടനങ്ങളും, ബജറ്റ് അവതരണവേളയിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ ശൈലിയെ പ്രശംസിച്ചും, ഏറെ വിമര്‍ശനവിധേയമായ മന്ത്രിമാരുടെ കണ്ണടവാങ്ങല്‍ വിവാദങ്ങളെ “മരുന്നും കണ്ണടച്ചില്ലും ഏത് ഇനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കണമെന്ന് ന്യായീകരിച്ചുമൊക്കെ എഴുത്തുകാരന്‍ മുന്നേറുമ്പോള്‍, സ്വാഭാവികമായും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ വായനക്കാരനായ ഹരികൃഷ്ണന്‍ കെ.യു. നടുവേലി ചോദിക്കുന്നത്; അശോകന്‍ ചരുവിലിനെപ്പോലൊരു എഴുത്തുകാരന് എങ്ങനെ ഇത്ര വിധേയത്വം പുലര്‍ത്താന്‍ കഴിയുന്നു?”  അതിന് എഴുത്തുകാരന്‍ നല്‍കുന്ന മറുപടിയാണ് ഏറെ രസകരം. “എഴുത്തുകാര്‍ എല്ലാ കാലത്തും കയ്യാലപ്പുറത്ത് ഇരുന്നോളണം എന്നില്ല” എന്നതായിരുന്നു മറുപടി. അതായത് താന്‍ തീര്‍ച്ചയായും പാര്‍ട്ടി വിധേയത്വം പുലര്‍ത്തുമെന്നതിന്റെ പ്രഖ്യാപനം.
വടയമ്പാടി വിഷയത്തില്‍ അശോകന്‍ ചരുവിലിന്റെ പാര്‍ട്ടി ന്യായീകരണത്തെ രാഷ്ട്രീയ നിരീക്ഷകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ പരിഹസിക്കുന്നത് ഈ വിഷയത്തില്‍ ചരുവിലിനേക്കാള്‍ മികച്ചൊരു വിശദീകരണം കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ടാണ്. അതായത് പാര്‍ട്ടി സെക്രട്ടറിയെപ്പോലെ അഭിപ്രായപ്രകടനം നടത്തുന്നയാളാണ് ഈ എഴുത്തുകാരന്‍ എന്നര്‍ത്ഥം. എഴുത്തുകാരന്‍ എല്ലാക്കാലത്തും കയ്യാലപ്പുറത്ത് ഇരുന്നോളണമെന്നില്ലെന്നു പറഞ്ഞുകൊണ്ട് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിന് തുനിഞ്ഞിറങ്ങി, രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളെ എഴുത്തുകാര്‍ ന്യായീകരിക്കാന്‍ തുടങ്ങിയാല്‍ പാവം വായനക്കാര്‍ എന്തു ചെയ്യും? ജനാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായും എഴുത്തുകാരന് തന്റെ ചുറ്റുപാടുകളില്‍നിന്നും, രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, രാഷ്ട്രീയ നിലപാടുകളുണ്ടായാലും, രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കുമപ്പുറത്ത് സ്വന്തമായൊരഭിപ്രായവും, മനുഷ്യത്വപരമായൊരു സമീപനവും എഴുത്തുകാരനുണ്ടാകേണ്ടതുണ്ട്‌.

അഭിപ്രായങ്ങള്‍

  1. ജനാധിപത്യ വ്യവസ്ഥയില്‍ സ്വാഭാവികമായും എഴുത്തുകാരന് തന്റെ ചുറ്റുപാടുകളില്‍നിന്നും, രാഷ്ട്രീയ പശ്ചാത്തലത്തില്‍നിന്നും മാറിനില്‍ക്കാന്‍ സാധിക്കില്ല. പക്ഷേ, രാഷ്ട്രീയ നിലപാടുകളുണ്ടായാലും, രാഷ്ട്രീയ വിധേയത്വങ്ങള്‍ക്കുമപ്പുറത്ത് സ്വന്തമായൊരഭിപ്രായവും, മനുഷ്യത്വപരമായൊരു സമീപനവും എഴുത്തുകാരനുണ്ടാകേണ്ടതുണ്ട്‌.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .