ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആവിഷ്കാരം ചിലമ്പണിയുമ്പോൾ...

കലാകാരന് സത്യം വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം വേണം. നഗ്നമായ യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം കലാകാരനും, എഴുത്തുകാരനും ഉണ്ടായേ തീരൂ. എങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ.

കലാകാരന്റെയും, എഴുത്തുകാരന്റെയും വാക്കുകളെയും, ആശയങ്ങളെയും ഭയക്കുന്നത് യാഥാസ്ഥിതിക മനസ്ഥിതിയുടെ ഭാഗമാണ്. ഈ യാഥാസ്ഥിതികത ഒരുകൂട്ടം വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്. ജ്ഞാനവുമായി അതിന് ബന്ധമില്ല. ഭാരതീയത ജ്ഞാനാധിഷ്ഠിതമാണ്. വിശ്വാസാധിഷ്ഠിതമല്ല. ജ്ഞാനമുള്ളവന് വിശ്വസിക്കേണ്ടതില്ല. ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളിലുള്ളതോ അല്ലാത്തതോ ആയ വിശ്വാസാധിഷ്ഠിതമായ സംഘടിത മതങ്ങളുടെയും, സംഘടനകളുടെയും യാഥാസ്ഥിതിക മനോഭാവം കലാകാരന്റെയും, സാഹിത്യകാരന്റെയും, ശാസ്ത്രകാരന്റെയും ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട ചരിത്രം ലോകചരിത്രത്തിലെമ്പാടും കാണാന്‍ സാധിക്കും. പ്രോമിത്യൂസ് എന്ന മിത്തും, കോപ്പര്‍നിക്കസ് എന്ന ശാസ്ത്രകാരന്റെ വിധിയുമൊക്കെ ഈ ശബ്ദനിഷേധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് യാഥാസ്ഥിതിക വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ മതഭാവങ്ങളുടെ ഭാഗമായിരിക്കുന്നു. ടിയാനന്‍മന്‍ സ്ക്വയറും, ഷാര്‍ലി ഹെബ്ദോയും സംഭവിക്കുന്നത് അതുകൊണ്ടാണ്.  കൈവെട്ടും, കാല്‍വെട്ടും, തലവെട്ടുമൊക്കെ നമ്മുടെ നാട്ടിലും പരിചിതമായിക്കഴിഞ്ഞു. കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാഷും, കാല്‍ വെട്ടിമാറ്റപ്പെട്ട സദാനന്ദന്‍ മാഷും, തലവെട്ടിമാറ്റപ്പെട്ട ടി.പി. ചന്ദ്രശേഖരനുമൊക്കെ അവയുടെ പ്രതീകങ്ങളായി മാറുന്നത് അങ്ങിനെയാണ്. ജ്ഞാനഗരിമയില്‍ അധിഷ്ഠിതമായ ചിന്താപദ്ധതികളില്‍ ഇത്തരത്തിലുള്ള ശാരീരികാക്രമണങ്ങള്‍ ഒരിക്കലും കടന്നുവരാന്‍ പാടില്ല. ഈ കഴിഞ്ഞ ആഗസ്റ്റ് പതിനഞ്ചിന് ഗ്രീന്‍ ബുക്സ് സംഘടിപ്പിച്ച ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെമിനാറില്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ എം.കെ. സാനുമാഷ് പറയുകയുണ്ടായി, ചില മതങ്ങളെപ്പറ്റിയും, രാഷ്ട്രീയക്കാരെപ്പറ്റിയും പറയാന്‍ തയ്യാറായാല്‍ എഴുത്തുകാരന്‍  സ്വന്തം അവയവങ്ങള്‍ അവിടെത്തന്നെയുണ്ടോയെന്ന് തപ്പിനോക്കേണ്ടിവരുമെന്ന്. ഈയൊരു സാഹചര്യത്തില്‍ എന്തു ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നതെന്നും സാനുമാഷ് ചോദിച്ചു. സുരക്ഷിതയിടങ്ങളിലിരുന്ന് വിമര്‍ശിച്ചാലും, ആക്ഷേപിച്ചാലും പ്രതികരണങ്ങളുണ്ടാവില്ലെന്നുറപ്പുള്ളയിടത്തേക്കു നോക്കി മാത്രം ആവിഷ്കാരം പ്രസംഗിക്കുന്നതും അനീതിയാണെന്ന് സാനുമാഷ് പറഞ്ഞു. അതവരേയും മുന്‍മാതൃകകളെ നോക്കി അക്രമത്തിലേക്ക് നയിക്കാനേ സഹായിക്കുകയുള്ളൂ.

സത്യം വിളിച്ചുപറയാനുള്ള പരമമായ സ്വാതന്ത്ര്യം എഴുത്തുകാരനും, കലാകാരനുമുണ്ടാകണം എന്നു പറയുമ്പോള്‍, ആ സ്വാതന്ത്ര്യമുണ്ടെങ്കിലേ സമൂഹത്തില്‍ സാംസ്കാരിക പുരോഗതിയുണ്ടാകൂ എന്നു പറയുമ്പോള്‍, എഴുത്തുകാരന്റെ ശബ്ദത്തിലും സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമായ സഭ്യതയും, ആശയ ശുദ്ധതയുമുണ്ടാകണം. ചലച്ചിത്രകാരന്‍ ജോയ് മാത്യു പറഞ്ഞതുപോലെ ഗുഹായുഗമനുഷ്യന്റെ ഭാഷയും, സംസ്കാരവുമാകരുത് അതിന്.

അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തി, ശ്രദ്ധനേടാന്‍ ശ്രമിക്കുന്നവന്‍ ഉള്ളിലെ കല വറ്റിപ്പോയവനായിരിക്കും. ഹൃദയത്തില്‍ കലയുള്ളവന് അത്തരമൊരു അസഭ്യ പ്രസ്താവന നടത്താന്‍ കഴിയില്ല. അങ്ങിനെ അസഭ്യവര്‍ഷം നടത്തുന്നവന്‍ കലാകാരന്‍ എന്ന വിശേഷണത്തിന് യോഗ്യനുമല്ല.

പക്ഷേ, അങ്ങേയറ്റം ഹീനമായ അസഭ്യവാക്യങ്ങള്‍ക്കുനേരയുള്ളതായാല്‍പ്പോലും, നേരത്തെ പറഞ്ഞതുപോലെയുള്ള യാഥാസ്ഥിതിക മതരാഷ്ട്രീയക്കാര്‍ പിന്തുടരുന്ന ശാരീരികാക്രമണങ്ങളാവാന്‍ പാടില്ല അതിനുള്ള മറുപടി. ജ്ഞാനത്തിന്റെ, സര്‍ഗ്ഗാത്മകതയുടെ, ചിന്തയുടെ, പാതയിലേക്ക് ഒരിക്കലും അക്രമം കടന്നുവരാന്‍ അനുവദിക്കരുത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .