ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുനിയറകളും മനുഷ്യജീവനുകളും രക്ഷിക്കുന്നതിനായി ജനകീയ സമരം


 മുനിയറ സംരക്ഷണവുമായി ബന്ധപ്പെട്ട് ഈലക്കം കേസരി വാരികയില്‍ വന്ന എന്റെ ലേഖനം


ലേഖനത്തിന്റെ ഹൈ ലൈറ്റ്സ് മാത്രം താഴെക്കൊടുക്കുന്നു.
            

    മുനിയറകളെയും മനുഷ്യജീവനുകളെയും രക്ഷിക്കൂ...


                                          തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തിനടുത്ത മുനിയാട്ടുകുന്ന് വനമേഖലയില്‍ നടക്കുന്ന 17 കരിങ്കല്‍ ക്വാറികളുടെ അനധികൃത ഖനനപ്രക്രിയ പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കയാണ്. ഒപ്പം മുനിയാട്ടുകുന്നില്‍ സ്ഥിതിചെയ്യുന്ന മഹാശിലായുഗ സ്മാരകങ്ങളായ 3000 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള മുനിയറകള്‍ ഖനനത്തിന്റെ ആഘാതത്തില്‍ തകര്‍‌ക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ സാമൂഹ്യജീവിത ചരിത്രത്തെക്കുറിച്ചറിവുനല്‍കുന്ന, ഭാവിതലമുറയ്ക്കുവേണ്ടി സംരക്ഷിക്കപ്പെടേണ്ട ചരിത്രാതീതകാല നിര്‍മ്മിതികളായ മഹാശിലാ സ്മാരകങ്ങള്‍‌ ഒരുകൂട്ടം സ്വാര്‍ത്ഥമതികളുടെയും, പ്രകൃതി - പൈതൃക വിരുദ്ധരുടെയും, നിയമ വിരുദ്ധ ഖനന വിക്രിയകള്‍ കാരണം തകര്‍ക്കപ്പെടുകയാണ്. ചരിത്ര പൈതൃകം സംരക്ഷിക്കുന്നതിനും, പതിനായിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനുമായി മുപ്ലിയം ഗ്രാമത്തിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ സമരം ചെയ്യുകയാണ്.

മുനിയറകള്‍ തകര്‍ക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

നവീന ശിലായുഗത്തിന്റെ അന്ത്യപാദത്തിലും, ലോഹയുഗത്തിന്റെ ആദ്യപാദത്തിലുമാണ് കേരളത്തിലും, ദക്ഷിണേന്ത്യയിലും മഹാശിലായുഗ കാലഘട്ടം. ഈ കാലഘട്ടത്തിലെ മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് അറിവുനല്‍കുന്നത് പുരാവസ്തുക്കളുടെ പഠനം മാത്രമാണ്. എഴുത്തുവിദ്യയോ ഭാഷയോ രൂപപ്പെട്ടിട്ടില്ലാതിരുന്ന ആ കാലഘട്ടത്തെക്കുറിച്ച് പഠിക്കുന്നതിന് ഇതല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലതന്നെ.
മുനിയാട്ടുകുന്നിലെ മുനിയറകളിലൊന്ന്
സ്പെയിനിലെ പോള്‍നോബ്രോ മുനിയറ
മനുഷ്യന്‍ കൃഷിചെയ്യാനാരംഭിച്ച്, സമൂഹജീവിതത്തിന് തുടക്കം കുറിച്ചപ്പോള്‍ അവന്റെ പൈതൃകാരാധനാ സങ്കല്പവുമായി ബന്ധമുള്ള മൃതദേഹ സംസ്കരണ രീതിയുമായി ബന്ധപ്പെട്ടതാണ് മുനിയറകള്‍ ഉള്‍പ്പെടെയുള്ള മഹാശിലാ സ്മാരകങ്ങള്‍. കേരളത്തില്‍ നിന്നുമാത്രമല്ല, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും മുനിയറകളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലൊക്കെ സര്‍ക്കാരുകള്‍ അതീവപ്രാധാന്യത്തോടെ ഇത്തരം സ്മാരകങ്ങള്‍ സംരക്ഷിച്ചിട്ടുമുണ്ട്. പക്ഷെ ഇവിടെ മുനിയാട്ടുകുന്നില്‍ അവ ക്വാറി മാഫിയകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു. സര്‍ക്കാരും പുരാവസ്തുവകുപ്പും നോക്കുകുത്തികളായി നില്‍ക്കുന്നു. ഇവിടെയാണ് ഒരുകൂട്ടം പരിസ്ഥിതി സ്നേഹികള്‍ മുനിയറകള്‍ സംരക്ഷിക്കുന്നതിനായി സമരമാരംഭിച്ചിരിക്കുന്നത്. മുനിയാട്ടുകുന്ന് പൈതൃകസംരക്ഷണ സമിതി എന്നപേരില്‍ സമരസമിതി രൂപീകരിച്ച് ഇവര്‍ ജനകീയ സഹനസമരത്തിന്റെ പാതയിലാണ്.

പതിനായിരക്കണക്കിന് മനുഷ്യ ജീവന്‍ അപകടത്തിലാക്കുന്ന ഖനനം

ഖനനം മൂലം രൂപപ്പെട്ട ഗര്‍ത്തം

പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംസ്ഥാന വനംവകുപ്പിന്റെ ചാലക്കുടി ഡിവിഷനില്‍ ഉള്‍പ്പെടുന്ന മുനിയാട്ടുകുന്ന് എന്ന വനപ്രദേശ മലയെ താങ്ങിനിര്‍ത്തുന്നത് ചുറ്റും കോട്ടപോല നിലനില്‍ക്കുന്ന പാറക്കെട്ടുകളാണ്. ഈ പാറകളെ ലക്ഷ്യമിട്ട് വനാതിര്‍ത്തിയില്‍ 17കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പാറമടകള്‍ തുരന്ന്, വനാതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ചിരിക്കുന്ന ഖനനം മലയടിവാരത്തില്‍ നിന്നും കരിങ്കല്‍പ്പാറകള്‍ തുരന്നു മാറ്റുകയാണ്. അമോണിയം നൈട്രേറ്റ് പോലുള്ള മാരക സ്ഫോടകശേഷിയുള്ള നിരോധിത സ്ഫോടകവസ്തുക്കള്‍ ഇതിനായുപയോഗിക്കപ്പെടുന്നു.
മലയടിവാരത്തുനിന്നും മലയെ താങ്ങിനിര്‍ത്തുന്ന പാറകള്‍ തുരന്നുമാറ്റപ്പെടുമ്പോള്‍ പ്രകൃതിജന്യമായ മലയുടെ സംരക്ഷണഭിത്തി ഇല്ലാതാവുകയാണ്. അടുത്ത വര്‍ഷക്കാലങ്ങളില്‍ ഒരു മണ്ണിടിച്ചിലോ, ഉരുള്‍ പൊട്ടലോ ഉണ്ടായാല്‍, മുനിയാട്ടുകുന്നിന്റെ അടിവാരത്ത്, മുപ്ലിയത്തും, നന്തിക്കരയിലുമൊക്കെയായി അധിവസിക്കുന്ന പതിനായിരക്കണക്കിനുവരുന്ന മനുഷ്യര്‍ കൂട്ടത്തോടെ മണ്ണിനടിയിലാവുകയും കഴിഞ്ഞ ഉത്തരാഖണ്ഡ് ദുരന്തത്തെക്കാള്‍ ഭയാനകമായ മരണതാണ്ഡവം ഇവിടെയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭ്രംശമേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഭൂകമ്പ സാധ്യതയും കൂടുതലാണ്.
വരാന്‍പോകുന്ന ദുരന്തത്തെ മുന്നില്‍ക്കണ്ട് മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ അനധികൃത ഖനനത്തിനെതിരെ കച്ചകെട്ടി സമരത്തിനിറങ്ങിയിരിക്കയാണ് മുനിയാട്ടുകുന്നിലെയും, മുപ്ലിയത്തെയും ജനത. ഈയൊരു സമരത്തിന് എല്ലാ മനുഷ്യ സ്നേഹികളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

പ്രിയ പരിസ്ഥിതി-മനുഷ്യ സ്നേഹികളുടെ സമരത്തിനുള്ള പിന്തുണ താഴെക്കാണുന്ന നമ്പറുകളില്‍ വിളിച്ച്

സമരസമിതി പ്രവര്‍ത്തകരെ നേരിട്ടറിയിക്കുന്നത് സമരത്തിന് ഊര്‍ജ്ജം പകരും.

സമര സമിതിയുമായി ബന്ധപ്പെടാനുള്ല ഫോണ്‍ നമ്പറുകള്‍ :

വിജു മറവാഞ്ചേരി : +919745986216
(പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തകന്‍)

വര്‍ഗ്ഗീസ് ആന്റണി : +919526335648
(കവി, പരിസ്ഥിതി പ്രവര്‍ത്തകന്‍‌)

അഭിപ്രായങ്ങള്‍

  1. വികസനമെന്ന പേരിൽ മനുഷ്യനടക്കമുള്ള പ്രകൃതിജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കുന്ന പ്രവർത്തനനങ്ങൾ നിരോധിക്കുക.
    പരിസ്ഥിതി-പൈതൃക സംരക്ഷണത്തിനുവേണ്ടി നടത്തുന്ന സമരത്തിന്‌ എല്ലാവിധ പിൻതുണയും അറിയിക്കുന്നു.
    സമരസമിതിപ്രവർത്തകർക്ക് വിജയാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  2. എതുജനകീയസമരം പോലെയും ഈ സമരവും അവസാനം രാഷ്ട്രീയക്കാർ റാഞ്ചാതിരിക്കട്ടെ . എന്റ്റെ എല്ലാ പിന്തുണയും .

    മറുപടിഇല്ലാതാക്കൂ
  3. പ്രക്ഷോഭ വിജയാശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  4. മനുഷ്യന്റേയും, പ്രകൃതിയുടേയും, മനുഷ്യൻ കടന്നുവന്ന വഴികളുടേയും സംരക്ഷണത്തിനായുള്ള സമരമുഖങ്ങളിൽ നിന്നുള്ള ഈ നേരെഴുത്തിന് അഭിവാദ്യങ്ങൾ ...

    മറുപടിഇല്ലാതാക്കൂ
  5. ഈ സദുദ്യമത്തിന് സന്നദ്ധരായ ഊര്‍ജ്ജസ്വലരായ സമരസമിതി പ്രവര്‍ത്തകര്‍ക്ക് വിജയാശംസകള്‍ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. എല്ലാവരും സന്തുഷ്ടജീവിതം നയിക്കുന്നതാണ് ശരിയായ വികസനമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ കുറഞ്ഞപക്ഷം ഭൂരിപക്ഷജനതയെങ്കിലും സന്തുഷ്ടരായിരിയ്ക്കണം. ഇവിടെ ഒന്നോ രണ്ടോ വ്യക്തികള്‍ സന്തുഷ്ടരാകാന്‍ വേണ്ടി ബാക്കി 99 പേരെ കഷ്ടപ്പെടുത്തുകയാണ്. അന്യായം, അന്യായം!

    മറുപടിഇല്ലാതാക്കൂ
  7. മലയടിവാരത്തുനിന്നും മലയെ താങ്ങിനിര്‍ത്തുന്ന പാറകള്‍ തുരന്നുമാറ്റപ്പെടുമ്പോള്‍ പ്രകൃതിജന്യമായ മലയുടെ സംരക്ഷണഭിത്തി ഇല്ലാതാവുകയാണ്. അടുത്ത വര്‍ഷക്കാലങ്ങളില്‍ ഒരു മണ്ണിടിച്ചിലോ, ഉരുള്‍ പൊട്ടലോ ഉണ്ടായാല്‍, മുനിയാട്ടുകുന്നിന്റെ അടിവാരത്ത്, മുപ്ലിയത്തും, നന്തിക്കരയിലുമൊക്കെയായി അധിവസിക്കുന്ന പതിനായിരക്കണക്കിനുവരുന്ന മനുഷ്യര്‍ കൂട്ടത്തോടെ മണ്ണിനടിയിലാവുകയും കഴിഞ്ഞ ഉത്തരാഖണ്ഡ് ദുരന്തത്തെക്കാള്‍ ഭയാനകമായ മരണതാണ്ഡവം ഇവിടെയുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഭ്രംശമേഖലയായതിനാല്‍ ഇവിടങ്ങളില്‍ ഭൂകമ്പ സാധ്യതയും കൂടുതലാണ്.

    മറുപടിഇല്ലാതാക്കൂ
  8. പാറ ഖനനം വ്യാപകമായിരിക്കുന്ന കേരളത്തില്‍ ക്വാറി മാഫിയകളെ സംരക്ഷിക്കുന്നത് പോബ്സന്‍ ഉള്‍പ്പെടെയുള്ള വന്‍കിട വ്യാപാരികളും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ വ്യാപാരികലുമാണ്. മിക്ക ക്വാറികളും നടത്തുന്നത് ആത്മീയവ്യാപാരികലുടെയോ രാഷ്ട്രീയ നേതാക്കളുടെ ബിനാമികലാണ്. സെല്‍ഫ് പ്രമോഷനില്‍ മാത്രം കണ്ണ് വെക്കുന്ന എഴുത്തുകാരും രാഷ്ട്രീയപ്രവര്ത്ത്തകരും നിലപാട് മാറ്റിയെ മതിയാകൂ. ഇല്ലെങ്കില്‍ വായനക്കാര്‍/ ആസ്വാദകര്‍ നിങ്ങളെ ബഹിഷ്കരിക്കുന്ന കാലം വൈകാതെ വന്നുചേരും. നിശ്ചയം. ചരിത്രപ്രാധാന്യമുള്ള മുനിയറകളും മലകളെ താങ്ങിനിര്‍ത്തുന്ന കൂറ്റന്‍ പാറക്കെട്ടുകളും സംരക്ഷിക്കേണ്ടത് എഴുത്തുകാരുടെ ചുമതല തെന്നെയാണ് . മുനിയറകള്‍ സംരക്ഷിക്കപ്പെടട്ടെ. കേരളത്തിന്‍റെ പൈതൃക സമ്പത്താകെ കൊള്ളയടിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്താന്‍ തീരുമാനിച്ച പരിസ്ഥിതി പ്രവര്ത്തകക്ക് ഐക്യദാര്‍ഢ്യം. പ്രക്ഷോഭം വിജയിക്കട്ടെ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .
എന്റെ വായന   ശ്രീജ വാര്യർ പുസ്തകാവലോകനം കുരുവികളുടെ  ലോകം ...... (  ബാലനോവൽ , ഗ്രീൻ ബുക്ക്‌സ് , വില 70/... )  ശ്രീജിത്ത് മൂത്തേടത്ത്                        കോഴിക്കോട് ജില്ലയിലെ  ഭൂമിവാതുക്കൽ സ്വദേശിയും ഇപ്പോൾ ചേർപ്പ് സി.എൻ.എൻ . ബോയ്സ് ഹൈസ്‌കൂളിൽ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനുമാണ് ശ്രീ . ശ്രീജിത്ത് മൂത്തേടത്ത് . ഒട്ടനവധി അംഗീകാരങ്ങൾ ഇതിനകം  ഈ യുവപ്രതിഭയെ   തേടിയെത്തി . നോവൽ , കഥ , ബാലസാഹിത്യം  എന്നീ മേഖലകളിലൂടെ ഊർജ്ജസ്വലതയോടെ  പ്രയാണം തുടരുന്ന  ഭാവനാസമ്പന്നനായ  എഴുത്തുകാരനാണ് ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് .                            നോവലിന്റെ പേരുപോലെത്തന്നെ കുരുവികളുടെ അത്ഭുതലോകത്തെക്കുറിച്ചുള്ള  വിസ്മയവിവരണങ്ങളാണ്  ഇതിനെ  മനോഹരമാക്കുന്നത് . മണിക്കുട്ടനും കുരുവിപ്പെണ്ണും തമ്മിലുള്ള സൗഹൃദം  അവന്റെ  അലസമായ ജീവിതത്തെ  അടുക്കും ചിട്ടയുമുള്ളതാക്കി മാറ്റി ...
വായനകുറിപ്പ് (ചക്കരപ്പാടം)            ____________________________ പ്രശസ്ത കഥാകൃത്തും ശ്രീ ശ്രീജിത്ത്‌ മൂത്തേടത് എഴുതിയ ചക്കരപ്പാടം എന്ന കുട്ടികളുടെ നോവലാണ് ഞാൻ വായിച്ചത്. പ്രകൃതിയെ സ്നേഹിക്കുന്ന കുട്ടികളുടെ കഥയാണ് ഇത് പ്രകൃതിയെ നശിപ്പിക്കാൻ പോകുന്ന ദുഷ്ടന്മാരായ മനുഷ്യർക്കെതിരെ പോരാടുന്ന കഥ. ഈ കഥയിൽ സാരംഗ് മുഹമ്മദ്‌ സീന സുഹറ തുടങ്ങിയ ഒരു പറ്റം കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നു.അവർ സംഘടന രൂപീകരിക്കുന്നു. ഇന്ന് നാം നേരിടുന്ന വലിയ ഭീഷണിയാണ് വരൾച്ച.മനുഷ്യർ തന്നെയാണ് അതിന് കാരണം. മരങ്ങൾ മുറിച്ച് കെട്ടിടങ്ങൾ പണിയുന്നു. നാം വെള്ളപ്പൊക്ക ഭീഷണിയും നേരിടുന്നു. പാടങ്ങളും കുളങ്ങളും നികത്തുമ്പോൾ വെള്ളത്തിന് ഭൂമിയിലേക്ക് ആഴ്ന്നിറങ്ങാൻ സാധിക്കുന്നില്ല. ഈ കഥയിൽ പാടങ്ങളും തോടുകളും നികത്തി കമ്പനി പണിയാൻ ശ്രമിക്കുന്നു. അതിനായി പാവപ്പെട്ട മനുഷ്യരെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുന്നു. ചതുപ്പും പാടവും തോടും അതുൾപ്പെടുന്ന തണ്ണീർത്തടവും വേറൊരിടത്ത് കൊണ്ടുപോയി നിർമ്മിച്ചെടുക്കാൻ കമ്പനിക്ക് സാധിക്കുമോ എന്ന ഈ കഥയിലെ കഥാ...