ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രോമിത്യൂസ്


കഴുത്തില്‍ കുരുക്കുകള്‍
വീണിടും മുമ്പേ ശതം
ശാഖികള്‍ ഛേദംചെയ്തു
നഗ്നനായ് നിര്‍ത്തീനിന്നെ.

അംഗഛേദ്യത്തിന്‍ മുറി -
വായയില്‍നിന്നും നിണം
നേര്‍ത്തചാലുകള്‍ തീര്‍ത്തു
ഒഴുകിപ്പരക്കുന്നു.

നീതന്നോരക്ഷരത്താല്‍,
നീ തന്നോരഗ്നിയാലും
ജഗത്തിന്‍ ഗര്‍വ്വശൈലം
താണ്ടി രമിപ്പോര്‍ ഞങ്ങള്‍.

കീഴ്ക്കാം തൂക്കാം ശിലാ -
ഭിത്തിയില്‍‌ പിടഞ്ഞൊരാ
നിന്‍കരള്‍ കാര്‍ന്നു കാര്‍ന്നു
കഴുകന്‍ ഭുജിച്ചപോല്‍,

പ്രാണപീഡയാല്‍ തളര്‍ -
ന്നാധിയാല്‍ ദൂരെമാറി,
മൃത്യുതന്നഞ്ജിപോലും
അകന്നു കഴിയുന്ന,

നിന്നുടലനുവാരം
മഴുതന്‍ മൂര്‍ച്ചയാലെ
മടികൂടാതെ ഞങ്ങള്‍
പിളര്‍ക്കാന്‍ ശ്രമിക്കുന്നു.

ഏകമാം പ്രഹരത്താല്‍
പ്രാണനും പറിയുന്ന
മനുഷ്യപ്രാണികള്‍തന്‍
ഭാഗ്യത്തിന്‍‌ വിഭിന്നമായ്,

ദേവശ്രേഷ്ഠനാം തവ
പ്രാണനാശം പോലും
സാവധാനത്തിന്‍ ശപ്ത
പ്രകര്‍‌ഷണത്താലല്ലോ.

കടയ്ക്കല്‍ ദുര്‍ദര്‍ശന
യന്ത്രത്താല്‍ മുറിപറ്റി
കഴുത്തില്‍ കുരുക്കിട്ട
കയറിന്‍ ദിശനോക്കി

മല്‍ദേഹം നിപതിക്കെ ,
മറ്റാര്‍ക്കും മുറിയാതെ,
ശ്രദ്ധിച്ചു നെടുനീളെ
നിവര്‍ന്നു കിടന്നു നീ.

പ്രപഞ്ച പ്രാണവായു
പൊഴിക്കും നിന്‍പത്രങ്ങള്‍‌
പൊഴിഞ്ഞുകിടപ്പതിന്‍
പഴിയാരിതുപേറും!

ദാഹാര്‍ത്തി ശമിപ്പിക്കാന്‍
ശീതളസുഖംനല്‍കാന്‍‌
സ്വച്ഛമാം പാനപാഥം
പരിത്രാണം ചെയ്തനിന്‍

വേരിന്‍ ജടാജാല
പടലങ്ങളെപ്പോലും
യന്ത്രനഖമൂര്‍ച്ചയാല്‍
പിഴുതുകളഞ്ഞല്ലോ!

സ്വദേഹം നാനാജൈവ
ഗേഹമായ് നിര്‍ത്തിയോന്‍ നീ
മന്നിടം മഹാബിലം
നിന്റെ ‌ഔദാര്യം മാത്രം.

നിന്‍ഹത്യ പേറിത്തന്ന
ഭ്രാതൃഹത്യതന്‍ പാപം
ശമിപ്പാനെന്തുവേണം
തുഷാഗ്നിയില്‍ ദഹിക്കാതെ!

അഭിപ്രായങ്ങള്‍

  1. വെട്ടിവീഴ്ത്തുമ്പോള്‍ പ്രാണവേദനയോടെ.......
    ശക്തമായ വരികള്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ
  2. വളരെ നല്ല കവിത. ഇഷ്ടമായി
    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. പണ്ട് , ഒരൊ മരം വെട്ടുമ്പൊഴും
    അനുവാദം ചോദിക്കണം എന്നാണ് ..
    വൃക്ഷ പൂജയും , അതില്‍ വസിക്കുന്ന
    സകല ജീവജാലകങ്ങളൊടും അനുവാദവും
    ചോദിച്ചിട്ടാണ് അതിനെ വെട്ടി മാറ്റുക ,
    അതും പുതിയൊരു തൈ നട്ടു കൊണ്ട് .
    ഇന്ന് ആവശ്യത്തിനും അനാവശ്യത്തിനും
    പ്രാണവായു പേറുന്ന മരങ്ങള്‍ മൃത്യു പുല്‍കുന്നു ..
    മിഴികള്‍ കീശയിലേക്ക് മാത്രം , വെള്ളം തേടിയ
    വേരുകള്‍ പൊലും വലിച്ചെറിഞ്ഞ് കളയുമ്പൊള്‍ ..
    ഒരൊ ആവാസ വ്യവസ്ത്ഥിതിക്കും മേലെയുള്ള
    കറ്റന്നു കയറ്റം , ഭൂമി ചുട്ടു പൊള്ളുമ്പൊഴും
    നിലവിളിക്കുന്നോര്‍ , ഇതെന്തേ ചിന്തിക്കാതെ പൊകുന്നുവല്ലെ ..
    കവിത ശക്തം സഖേ .. വരികള്‍ മനസ്സിനെ മാറ്റിയിരുന്നെകില്‍

    മറുപടിഇല്ലാതാക്കൂ
  4. പ്രകൃതിയെ മറന്നുപോയവര്‍ക്കുള്ള താക്കീതാണ് ശക്തമായ ഈ വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. നൂറ് മരം നട്ടിട്ടൊന്ന് വെട്ടിക്കൊള്ളൂ.

    മല്‍ദേഹം നിപതിക്കെ ,
    മറ്റാര്‍ക്കും മുറിയാതെ,
    ശ്രദ്ധിച്ചു നെടുനീളെ
    നിവര്‍ന്നു കിടന്നു നീ.

    ഈ വരികളിലൊരു സാങ്കേതികപ്പിഴവുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  6. വാക്കുകൾ മനസ്സിൽ തൊടുമ്പോൾ പൊള്ളുന്നു,,,

    മറുപടിഇല്ലാതാക്കൂ
  7. സ്വദേഹം നാനാജൈവ
    ഗേഹമായ് നിര്‍ത്തിയോന്‍ നീ
    മന്നിടം മഹാബിലം
    നിന്റെ ‌ഔദാര്യം മാത്രം.

    മറുപടിഇല്ലാതാക്കൂ
  8. “പ്രപഞ്ച പ്രാണവായു
    പൊഴിക്കും നിന്‍പത്രങ്ങള്‍‌
    പൊഴിഞ്ഞുകിടപ്പതിന്‍
    പഴിയാരിതുപേറും!“

    നമുക്ക് പഴിയേക്കാൾ പ്രധാനം കിഴി തന്നെ ..!

    മറുപടിഇല്ലാതാക്കൂ
  9. നിന്‍ഹത്യ പേറിത്തന്ന
    ഭ്രാതൃഹത്യതന്‍ പാപം
    ശമിപ്പാനെന്തുവേണം
    തുഷാഗ്നിയില്‍ ദഹിക്കാതെ!
    നല്ല വരികള്‍

    മറുപടിഇല്ലാതാക്കൂ
  10. കവിതയിലെ സന്ദേശം വളരെ നല്ലത്...... സാധാരണ പ്രയോഗത്തിലില്ലാത്ത അപരിചിതമായ പദങ്ങള്‍ ഉപയോഗിച്ച് കാവ്യഭംഗി ഉണ്ടാക്കുന്ന ശീലങ്ങള്‍ ഇപ്പോള്‍ അത്ര പ്രചാരത്തിലില്ല എന്നു തോന്നുന്നു. പുതിയ ഭാഷയും, ഭാവുകത്വവുമൊക്കെ മലയാള കവിതയില്‍ വന്നുകഴിഞ്ഞു.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശീലമാണൊ അളവുകോല്‍?
      അതിശയം തന്നെ///////ശീലമാണൊ അളവുകോല്‍?
      അതിശയം തന്നെ///////
      പ്രൊമിത്യൂസിനെ കുറിച്ച് കവിതയൊഴുതുന്നതിനെ കുറിച്ച് എനിക്കൊരു സങ്കല്‍പ്പമുണ്ട്.ശരിയാണൊ എന്നറിയില്ല.ഏതു സമൂഹത്തിലും,പ്രൊമിത്യൂസ് സങ്കല്പം ചര്‍ച്ചാവിഷയമാകുന്നത് അതിന്‍റെ പരിണാമത്തിനുള്ള മുന്നോടിയാണെന്ന് ആണത്.

      ഇല്ലാതാക്കൂ
  11. കഴുത്തില്‍ കുരുക്കുകള്‍
    വീണിടും മുമ്പേ ശതം
    ശാഖികള്‍ ഛേദംചെയ്തു
    നഗ്നനായ് നിര്‍ത്തീനിന്നെ.

    നമ്മുടെ മനോമുകുരത്തില്‍......
    തെളിയുന്ന ചിത്രങ്ങള്‍....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. ഒരു സ്പാർക്കിങ്ങുണ്ട് വരികളിൽ....................

    മറുപടിഇല്ലാതാക്കൂ
  13. മനുഷ്യനെ വെട്ടാന്‍ മടിയില്ലാത്തവരോടു നമ്മള്‍ മരത്തെപ്പറ്റി പറയുന്നു..... :(

    മറുപടിഇല്ലാതാക്കൂ
  14. ഓരോ മരത്തിനും സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

    നല്ല ഭാഷയുടെ തിളക്കമുണ്ട് ഓരോ വരികൾക്കും. അഭിനന്ദനങ്ങൾ ശ്രീജിത്ത്

    മറുപടിഇല്ലാതാക്കൂ
  15. നല്ല സന്ദേശം നൽകുന്ന കവിതകൾ.. പരിചിതമല്ലാത്ത ചില മലയാള പദങ്ങൾ...
    കവിതകളുടെ ക്ലാസ്സിക് ശൈലിയെ പുതു ശൈലിയിലേക്ക് സന്നിവേശിച്ച പോലെ..

    മറുപടിഇല്ലാതാക്കൂ
  16. കഴുത്തില്‍ കുരുക്കുകള്‍
    വീണിടും മുമ്പേ ശതം
    ശാഖികള്‍ ഛേദംചെയ്തു
    നഗ്നനായ് നിര്‍ത്തീനിന്നെ. ആദ്യ നാലുവരി വായിക്കുമ്പോള്‍ തന്നെ മനസ്സിലായി ശ്രേഷ്ഠം . നല്ല പദാവലികള്‍. ഒരു വൃക്ഷത്തിന്റെ പതനം ഒരു കൊലപാതകത്തിന്റെ പാപം അവശേഷിപ്പിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  17. നല്ല ചിന്ത.പല പദങ്ങളും ഈയുള്ളവള്‍ക്ക് മനസ്സിലായില്ലെങ്കിലും ഒന്നു പറയാം.താങ്കള്‍ നല്ലൊരു കവിയാണ്.

    മറുപടിഇല്ലാതാക്കൂ
  18. കവന കൌശലവും കൈയ്യടക്കവും തികഞ്ഞ ഭാവനയും .....നന്നായിരിക്കുന്നു ശ്രീജിത്ത്‌ ...ഭാവുകങ്ങൾ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായങ്ങള്‍... അതെന്തുതന്നെയായാലും രേഖപ്പെടുത്തുന്നത് ഈയുള്ളവന് മുന്നോട്ടുള്ള കാഴ്ചയ്ക്ക് ഒരു വെളിച്ചമാവും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഹൃത്ത്.

                 നിങ്ങളിപ്പോള്‍ ഭൂമിവാതുക്കലങ്ങാടിയില്‍ നിന്നും വളരെയകന്ന് കല്ലാച്ചിപട്ടണത്തിന്റെ പ്രാന്തപ്പദേശത്തുള്ള പാലാഞ്ചോല മലയുടെ നെറുകയിലാണ് . പച്ചപ്പകന്ന് മൊട്ടയായ അവിടുത്തെ കൂറ്റന്‍ കരിമ്പാറക്കെട്ടിന് മുകളില്‍ കയറിനിന്നാല്‍ കല്ലാച്ചി ടൗണും , നാദാപുരത്തങ്ങാടിയും പക്ഷിയുടെ അക്ഷിയിലൂടെന്നവണ്ണം കാണാം . അകലെ കടല്‍സീമയുടെ നീലരേഖ . രാത്രിയായിരുന്നുവെങ്കില്‍ പുറങ്കടലിലേക്കുപോകുന്ന മുക്കുവന്‍മാരുടെ യമഹവഞ്ചികളിലെ റാന്തല്‍വെളിച്ചം കാണാമായിരുന്നു . നന്തിയിലെ ലൈറ്റ്ഹൗസില്‍ നിന്നുമുള്ള ഇടവിട്ടുള്ള വെളിച്ചക്കീറും കാണാമായിരുന്നു . ഇപ്പോള്‍ നട്ടുച്ചയാണല്ലോ . ഇപ്പോള്‍ കാണാനാവുന്നത് മുകുന്ദന്‍ കഥകളില്‍ പ്രതിപാദ്യമായ ജനിമൃതികള്‍ക്കിടയിലെ ഇടവേളകളില്‍ ആത്മാക്കള്‍ തുമ്പികളായി വട്ടമിട്ടുപറക്കുന്ന വെള്ളിയാങ്കല്ലിന്റെ തലപ്പ് മധ്യാഹ്നപ്രഭയില്‍ വെട്ടിത്തിളങ്ങുന്നത് മാത്രമാണ് .                        നിങ്ങളുടെ ആത്മസ...

ഫ്ലാറ്റ്ജീവിതം

                              “ കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല . അതിന്റെ ചക്രങ്ങള്‍ ചരിച്ചുകൊണ്ടേയിരിക്കും . മുന്നോട്ടുതന്നെ .”                  ഒരു തത്വജ്ഞാനിയെപ്പോലെ സാരംഗി പറഞ്ഞുനിര്‍ത്തിയപ്പോള്‍ ഗംഗാതീര്‍ത്ഥിന്റെ കണ്ണുകളില്‍ കുസൃതിച്ചിരി മിന്നി . പൊടുന്നനെ അവന്‍ വാ പൊത്തിപ്പിടിച്ച് ചിരിയടക്കാന്‍ വയ്യാതെന്നവണ്ണം കനത്ത ചില്ലുപാളിയില്‍ മുഖംചേര്‍ത്ത് പുറത്തേക്ക് കണ്ണുനട്ടു . മഞ്ഞുകണങ്ങള്‍ ചാലുകളായി ഒലിച്ചിറങ്ങിയ ഗ്ലാസ്ഭിത്തിയിലൂടെ താഴേക്ക് നോക്കിയാല്‍ മഞ്ഞില്‍മൂടി മങ്ങിയതെങ്കിലും നഗരക്കാഴ്ച ഏതാണ്ട് മുഴുവനായിക്കാണാം . അതിനോളം ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നുരണ്ടെണ്ണം കൂടെമാത്രമേ ആ ഇടത്തരം നഗരത്തിലുണ്ടായിരുന്നുള്ളൂ .                  " നീയെന്നെ പരിഹസിക്കുകയാണോ ?”  ...

സൂര്യയാത്രയുടെ വിസ്മയച്ചെപ്പ് - കുട്ടികളുടെ ശാസ്ത്ര നോവൽ

സൂര്യയാത്ര-കുട്ടികളുടെ ശാസ്ത്ര നോവല്‍ ആരംഭിക്കുന്നു അദ്ധ്യായം - 1 നോവൽ വായിക്കുന്നതിനായി click ചെയ്യുക. അത്ഭുത പുസ്തകം തേടി .